വടകര പച്ചക്കറിമുക്ക് മേപ്പയിൽ മുരിയോടൻ കണ്ടിയിൽ രമേശന് ചലനശേഷി നഷ്ടപ്പെട്ട കാൽ നൂറ്റാണ്ടിന്റെ ജീവിതപ്രയാസങ്ങളെക്കുറിച്ചായിരുന്നില്ല പറയാനുണ്ടായിരുന്നത്. ഭംഗിയേറിയ സ്വർണാഭരണങ്ങൾ നിർമിച്ചു നൽകിയിരുന്ന രമേശനിന്ന് ഈർക്കിൽ കൊണ്ടുള്ള മനോഹര വസ്തുക്കളുടെ നിർമാണത്തിലാണ്.
വല്ലഭന് പുല്ലും ആയുധമെന്നു പറയുന്നതുപോലെ പൊന്നിന്റെ നിറമായതുകൊണ്ടാകാം ഈർക്കിലുകളുപയോഗിച്ച് ശംഖും നിലവിളക്കും മിനാരവും വാൽക്കിണ്ടിയും തൂക്കുവിളക്കുമൊക്കെയായി നൂറിൽപരം വസ്തുക്കളുടെ വിവിധ രൂപങ്ങൾ ഇയാളുടെ മാന്ത്രിക വിരലുകളിൽ പിറന്നത്. വേദനകളെയോ മാരക രോഗത്തെയോ പഴിച്ചിരിക്കാൻ താനൊരുക്കമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ 49കാരൻ.
തളർച്ചയിലേക്കു പോയ ജീവിതം
നന്നായി പഠിക്കുമായിരുന്നെങ്കിലും കുലത്തൊഴിലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് എട്ടാം ക്ലാസിൽ പഠനമുപേക്ഷിച്ച് അച്ഛനും മുത്തച്ഛൻമാരുടെയും പാതയിലേക്ക് രമേശനും എത്തിച്ചേർന്നത്. 14ാം വയസ്സിൽ സ്വർണപ്പണിയിലേക്കിറങ്ങി. വ്യത്യസ്ത രൂപങ്ങളിലും ഭംഗിയിലും ആഭരണങ്ങൾ നിർമിച്ചുകൊടുത്തിരുന്ന രമേശന് 24ാം വയസ്സിലാണ് വലതു തോളിന് കഠിനമായ വേദന അനുഭവപ്പെടുന്നത്.
ജോലിയുടെ ഭാഗമായിട്ടായിരിക്കുമെന്ന് ആദ്യം കരുതി. വൈദ്യനെ സമീപിച്ചപ്പോൾ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും പറഞ്ഞു. വലതു കൈയിലെ വേദന ക്രമേണ അരയിലേക്കും വലതു കാലിലേക്കും അരിച്ചിറങ്ങി. ഒടുവിൽ ഇരു കാലുകളുടെയും ചലനശേഷി പൂർണമായി നഷ്ടപ്പെടുന്ന രീതിയിൽ, സന്ധികൾ മുറുകുന്ന കഠിനവേദനയിൽ പേരറിയാത്ത രോഗത്തിന് രമേശൻ അടിമയായി.
2014ലെ ഒരു ക്രിസ്മസ് രാത്രിയിൽ ജ്യേഷ്ഠന്റെ മകൾ സൂര്യനന്ദക്ക് നക്ഷത്രം ഉണ്ടാക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടിടത്തുനിന്നാണ് ഈർക്കിൽ രൂപങ്ങൾ പിറക്കുന്നത്. ഈറ്റയും മുളയും കമ്പിയുമുപയോഗിച്ചാണ് പൊതുവേ നക്ഷത്രങ്ങൾ നിർമിക്കാറ്. എന്നാൽ, രമേശന്റെ കണ്ണിൽ ആദ്യമുടക്കിയത് മുറ്റത്ത് ചിതറിക്കിടന്ന കുറെ ഈർക്കിലുകളായിരുന്നു.
നിർമാണത്തിനുശേഷം ഇതിനു മുകളിൽ വർണക്കടലാസുകൾ ഒട്ടിക്കാനാണ് തീരുമാനിച്ചത്. എന്നാൽ പണി പൂർത്തിയായതോടെ ഈർക്കിൽ നക്ഷത്രം എല്ലാവർക്കും ഒരു കൗതുക വസ്തുവായി. ഭംഗിയേറിയ അതിനു മുകളിൽ ഇനി കൂടുതലൊന്നും ചെയ്യരുതെന്ന് മറ്റുള്ളവർ പറഞ്ഞു. പിന്നീട് എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോൾ ഈർക്കിൽകൊണ്ട് പലരൂപങ്ങളും നിർമിക്കാൻ തുടങ്ങി.
ആദ്യമൊക്കെ ഒരു കൗതുകത്തിന് തുടങ്ങിയ ഈ പ്രവൃത്തി പിന്നീട് ഉറക്കം നഷ്ടപ്പെട്ട രാത്രികളെയും എല്ലുകൾ നുറുങ്ങുന്ന വേദനകളെയും മനസ്സും ശരീരവും തളർത്തുന്ന അവസ്ഥകളെയും അതിജീവിക്കാനുള്ളൊരു മരുന്നായി മാറുകയായിരുന്നു. വേദന കൂടുന്തോറും ഓരോ വസ്തുവും നിർമിക്കാനെടുക്കുന്ന സമയവും കൂടുമെന്ന് രമേശൻ പറയുന്നു.
ശംഖ്, നിലവിളക്ക്, വാൽക്കിണ്ടി, നക്ഷത്രം, കുത്തുവിളക്ക്, മിനാരം, ഗാന്ധിജി, യേശു തുടങ്ങി രമേശന്‍റെ കരവിരുതിൽ പിറന്ന വസ്തുക്കളുടെ പട്ടികക്ക് നീളമേറെയുണ്ട്. ഒരു മീറ്റർ ഉയരമുള്ള നിലവിളക്കും മിനാരവുമാണ് നിർമിച്ചവയിൽ ഏറ്റവും വലുത്. നിലവിളക്ക് പൂർത്തിയാക്കാൻ നാലുമാസവും മിനാരത്തിന് ഏകദേശം അഞ്ചുമാസവും വേണ്ടിവന്നു.
പഴുത്തു നീണ്ട തെങ്ങോലയുടെ ഈർക്കിലുകളാണ് നിർമാണത്തിന് ഉപയോഗിക്കാറ് . ഇത് ചീകിയെടുത്ത് വീണ്ടും ഉണക്കുന്നു. മഴക്കാലത്തെ വൈറസ്ബാധയെ തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈർക്കിലുപയോഗിച്ചുള്ള ഒരു വസ്തു നിർമിക്കാൻ ഏകദേശം 7-10 മണിക്കൂർ വരെ സമയമെടുക്കുമെന്ന് രമേശൻ പറഞ്ഞു. ചിലത് പൂർത്തീകരിക്കാൻ മാസങ്ങൾ വേണ്ടിവരും.
പ്രധാനമായും നാലു സാധനങ്ങളാണ് ഉപയോഗിക്കുന്നത് -ഈർക്കിൽ, പശ, ടൈൽസ്, നിറം മങ്ങാതിരിക്കാനും പൂപ്പൽ ബാധ ഒഴിവാക്കാനുമുള്ള ഒരുതരം ദ്രാവകം.
ഈർക്കിൽ രൂപങ്ങളിലൂടെ ഗിന്നസ് റെക്കോർഡ് നേടുകയായിരുന്നു രമേശന്റെ ലക്ഷ്യം. അതിനായി ഒരു മീറ്റർ ഉയരത്തിലുള്ള തൂക്കുവിളക്ക് നിർമിച്ചു. എന്നാൽ ഗിന്നസ് വിഭാഗത്തിൽ ഈർക്കിൽരൂപങ്ങൾ ഉൾപ്പെടില്ലെന്ന് ഒടുവിലാണറിയുന്നത്. അതേസമയം, യൂനിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ (യു.ആർ.എഫ്) ഏഷ്യൻ റെക്കോഡ് വിഭാഗത്തിലേക്ക് ചങ്ങലയോടെയുള്ള നിലവിളക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഞരമ്പുകൾ തുളക്കുന്ന വേദനകൾക്കിടയിലും കലയെ കൈവിടാതെ സ്നേഹിക്കുകയാണ് രമേശൻ. താൻ നിർമിക്കുന്ന കരകൗശാല വസ്തുക്കൾ വിറ്റഴിക്കാൻകഴിഞ്ഞാൽ ചികിത്സക്കും ഉപജീവനത്തിനുമുള്ള തുക ലഭിക്കുമെന്ന് ഇയാൾ പറയുന്നു. സ്റ്റാളുകളിലും എക്സിബിഷൻ സെന്ററുകളിലും കരകൗശല വസ്തുക്കൾ എത്തിച്ചു നൽകാൻ ശ്രമിച്ചിരുന്നു.
എന്നാൽ കാലുകളുടെ ചലനശേഷി നഷ്ടമായ തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആയുർവേദവും അലോപ്പതിയും ഹോമിയോയുമൊക്കെയായി വർഷങ്ങളുടെ ചികിത്സ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായിട്ടില്ല. സന്ധിവാതമാണെന്നാണ് ഡോക്ടർമാർ ഒടുവിൽ വിധിയെഴുതിയത്. പരസഹായം ഇല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ.
പിതാവ് കണ്ണൻ 30 വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മ നാരായണി രണ്ടു വർഷം മുമ്പ് അന്തരിച്ചതോടെ സഹോദരൻ രവീന്ദ്രനും കുടുംബത്തിനുമൊപ്പമാണ് താമസം. ഓട്ടോ ഡ്രൈവറാണ് രവീന്ദ്രൻ. അതിൽനിന്ന് കിട്ടുന്ന വരുമാനമുപയോഗിച്ചാണ് രമേശന്റെ ചികിത്സക്കുൾപ്പെടെ പണം കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.