കളമശ്ശേരി: പ്രിയപ്പെട്ട വിദ്യാർഥിയെ അവനേറെ ഇഷ്ടപ്പെട്ട നാടോടിനൃത്തവും മോഹിനിയാട്ടവും പഠിപ്പിക്കാൻ യൂട്യൂബിലും മറ്റും നോക്കി നൃത്തം പഠിച്ച കഥയുണ്ട് തിരുവനന്തപുരം അമരവിള കാരുണ്യ റെസിഡൻഷ്യൽ സ്പെഷൽ സ്കൂൾ അധ്യാപകരായ ജിജിനും മനോജിനും അപർണക്കും പറയാൻ.
വെറും അഞ്ചു മാസംകൊണ്ട് ഏറെ കഷ്ടപ്പെട്ട് പഠിച്ചെടുത്ത ഡാൻസുമായി പ്രിയ ശിഷ്യൻ എസ്. അജീഷ് മോഹിനിയാട്ടത്തിലും നാടോടിനൃത്തത്തിലും ജൂനിയർ വിഭാഗത്തിൽ ഒന്നാമതെത്തിയപ്പോൾ അവരുടെ ഹൃദയം അഭിമാനത്താൽ നിറയുകയായിരുന്നു.
ഈ വർഷം സ്കൂളിൽ ചേർന്ന അജീഷിന് നൃത്തത്തിലുള്ള താൽപര്യം കണ്ടറിഞ്ഞ് ഡാൻസ് ടീച്ചറെ നിയോഗിച്ചിരുന്നു സ്കൂളുകാർ. എന്നാൽ, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന അജീഷിന് പലചുവടുകളും ഓർമയിൽ നിൽക്കാൻ പ്രയാസമായിരുന്നു. സമയപ്രശ്നം ചൂണ്ടിക്കാട്ടി പരിശീലക ഇടക്ക് നിർത്തിപ്പോയി. ഇതോടെ വിഷമത്തിലായ ഇവനെ നൃത്തം പഠിപ്പിക്കാൻ അതിന്റെ ബാലപാഠം അറിയാത്ത മൂന്ന് അധ്യാപകരും യൂട്യൂബ് വിഡിയോ കണ്ടുതുടങ്ങുകയായിരുന്നു.
11 വയസ്സായ അജീഷിനെ പഠിപ്പിച്ചെടുക്കാൻ ഏറെ സമയമെടുത്തെങ്കിലും മറവിയെ വെല്ലുന്നതായിരുന്നു അവന്റെ താൽപര്യമെന്ന് ഒപ്പം വന്ന ജിജിനും മനോജും പറയുന്നു. സിനിമാറ്റിക് ഡാൻസ് ഇഷ്ടമുള്ള, പാട്ടുകാരനും കൂടിയായ അജീഷിന് പ്രിയതാരമായ വിജയിക്കൊപ്പം ഡാൻസ് കളിക്കുകയെന്നതാണ് ആഗ്രഹം.
മൂക്കിലെ ദശക്ക് ബുധനാഴ്ച ശസ്ത്രക്രിയ കഴിഞ്ഞ് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കഴിയുന്ന മാതാവ് ലാലിയെയാണ് വിജയവാർത്ത ആദ്യം വിളിച്ചറിയത്. നെയ്യാറ്റിൻകര ചെങ്കലിലാണ് വീട്. മേസ്തിരിയായ സുനിൽകുമാറാണ് പിതാവ്. സഹോദരൻ സുനീഷും നൃത്തം ചെയ്യാറുണ്ട്. അജീഷിനുവേണ്ട കോസ്റ്റ്യൂം ഉൾപ്പെടെ എല്ലാം സ്കൂളിലെ അധ്യാപകർ തുക സമാഹരിച്ചാണ് കണ്ടെത്തുന്നത്.
മോഹിനിയാട്ടം സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടത് തൃശൂർ ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിങ് സെന്ററിലെ പി.എം. മെജോയാണ്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നയാളാണെങ്കിലും കലാപരമായ കഴിവുകളിൽ ഇതൊന്നും മെജോക്ക് തടസ്സമാകുന്നില്ല.
അധ്യാപിക സിസ്റ്റർ സുജിതക്കൊപ്പമെത്തിയാണ് കളമശ്ശേരിയിൽനിന്ന് വിജയമധുരം മെജോ പങ്കിട്ടത്. സ്കൂളിലെ വൊക്കേഷനൽ വിഭാഗത്തിലുള്ള ഈ യുവാവ് ബുക്ക് ബൈൻഡിങ്, ലേബലിങ്, കവർ മേക്കിങ് തുടങ്ങിയവയിലൂടെ സ്കൂളിൽനിന്നു തന്നെ വരുമാനമുണ്ടാക്കുന്നു.
ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന മെജോയുടെ മാതാവ് മേരിക്കും മകന്റെ പ്രകടനം കാണാനെത്താനായില്ല. ടാക്സ് കൺസൾട്ടന്റായ മൈക്കിളാണ് പിതാവ്. ഇരട്ട സഹോദരിയായ മീനയും സമാന വെല്ലുവിളി നേരിടുന്നയാളാണ്. നൃത്താധ്യാപകനായ ചന്തുവിന്റെ കീഴിലാണ് മെജോയുടെ പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.