വാരാണസിയിലെ പൊള്ളുന്ന പകലിൽ അതിസുരക്ഷാവലയത്തിൽ ആയിരുന്നു ഗ്യാൻവാപി മസ്ജിദും പരിസരവും. രണ്ടായിരത്തിലധികം പൊലീസ്-സി.ആർ.പി.എഫ് കാവലിലും ഇരുന്നൂറോളം സി.സി.ടി.വി നിരീക്ഷണത്തിലുമാണ് പ്രദേശം. പുറത്തുനിന്ന് എത്തുന്നവരെ ശ്രദ്ധിക്കാൻ പ്രത്യേക സംഘവും. പഴയകാല ചിത്രങ്ങളിൽ വിശാലമായ സ്ഥലത്ത് മസ്ജിദും കാശി വിശ്വനാഥ ക്ഷേത്രവും നിൽക്കുന്നതായിരുന്നു. എന്നാലിന്ന് ആ കാഴ്ച മറഞ്ഞിരിക്കുന്നു. കമ്പിവേലിക്കെട്ടുകൾക്കുള്ളിൽ, ആളുകൾക്ക് പ്രവേശനമില്ലാത്ത ഒരു പുരാതന കെട്ടിടമായി ഗ്യാൻവാപി മാറിക്കഴിഞ്ഞു. ചുറ്റും വിശാല മുറ്റമുള്ള മസ്ജിദ് കൂട്ടിലടക്കപ്പെട്ടതുപോലെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. നാലാൾ ഉയരത്തിലുള്ള കനത്ത ഇരുമ്പുവേലി ചുറ്റും കെട്ടിയാണ് പള്ളിയെ ക്ഷേത്രത്തിൽനിന്ന് മാറ്റിനിർത്തിയിരിക്കുന്നത്. അതിനു മുകളിൽ മുള്ളുവേലിയും. ഇരുമ്പുവേലിയും പള്ളിയും തമ്മിലുള്ള അകലം പലയിടത്തും ഒരുമീറ്റർ പോലുമില്ല.
മസ്ജിദ് നിൽക്കുന്ന ലാഹോരി തോലയിലെ പള്ളിയുടെ മുൻവശത്തെ രണ്ടു വഴികളും പൂർണമായും അടച്ചിട്ടിരിക്കുന്നു. പ്രധാന റോഡിൽനിന്ന് നോക്കിയാൽ നേരത്തേ ഗ്യാൻവാപി കാണാമായിരുന്നു. ഇപ്പോൾ പള്ളിയുടെ കാഴ്ച മറയ്ക്കുംവിധം ക്ഷേത്രത്തിന്റെ നാലാം നമ്പർ ഗേറ്റിനോടനുബന്ധിച്ച് വലിയ പ്രവേശന കവാടവും അനുബന്ധ കെട്ടിടങ്ങളും പണിതിട്ടുണ്ട്. പിൻവശത്ത് ഗംഗ ഭാഗത്തേക്ക് കിടക്കുന്ന വഴി നേരത്തേ അടച്ചുപൂട്ടിയതാണ്.
ആത്മീയാന്വേഷകരുടെ സംഗമഭൂമിയായ കാശിയിന്ന് അശാന്തമായ ഒരു തർക്കസ്ഥലമായി മാറിയിരിക്കുന്നു. പള്ളി നിർമിച്ചത് ക്ഷേത്രം പൊളിച്ചാണെന്ന, അപ്രതീക്ഷിതമായി ഉന്നയിക്കപ്പെട്ട അവകാശത്തർക്കം ഇവിടെ ഭയം സൃഷ്ടിക്കുകയാണ്. തോളിൽ കൈയിട്ട് നടന്നവരിന്ന് പരസ്പരം തലയുയർത്തി നോക്കാൻ പോലും മടിക്കുന്നു. അത്രയും ഭയം ഇവർക്കുള്ളിൽ നിറഞ്ഞിരിക്കുന്നു. പള്ളിയുടെയും ക്ഷേത്രത്തിന്റെയും പേരിൽ തങ്ങളുടെ ജന്മനാട് തർക്കസ്ഥലമായി മാറുന്നതു കണ്ട് നിസ്സഹായരായി നിൽക്കുകയാണ് സാധാരണക്കാരായ മനുഷ്യർ.
പള്ളിക്കുള്ളിൽ കണ്ടത്
പള്ളി ഭാരവാഹികൾക്കൊപ്പമാണ് ഗ്യാൻവാപി മസ്ജിദിൽ കയറാൻ അവസരം ലഭിച്ചത്. പുറത്തുനിന്ന് വരുന്നവർക്ക് മുമ്പത്തെപ്പോലെ അത്ര എളുപ്പം പള്ളിയിൽ കയറാൻ സാധിക്കില്ല. പള്ളിയുടെ മേലുള്ള അവകാശ തർക്കം കോടതി കയറിയതു മുതലാണ് ഇത്രയധികം സുരക്ഷയും നിയന്ത്രണവും. പൊലീസിന് സംശയം തോന്നുന്നവരെ പിടികൂടി ചോദ്യം ചെയ്യും. പള്ളിയിലേക്കും കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കും പ്രവേശിക്കുന്നതിന് ഇപ്പോൾ ഒരു വഴി മാത്രമാണ് ഉള്ളത്. മറ്റുവഴികൾ എല്ലാം അടച്ച് പൊലീസ് നിയന്ത്രണത്തിലാക്കി. ആ വഴികളിലേക്ക് എത്തിനോക്കാൻ പോലും സാധിക്കില്ല. ഇടവഴികളിൽ പോലും പൊലീസ് നിറഞ്ഞിരിക്കുന്നു.
കാശി വിശ്വനാഥ കോറിഡോറിന്റെ ഭാഗമായി നിർമിച്ച നാലാം ഗേറ്റിലൂടെയാണ് പള്ളിയിലേക്കും ക്ഷേത്രത്തിലേക്കും പ്രവേശിക്കുന്നതും തിരികെ ഇറങ്ങുന്നതും. അതുകൊണ്ട് തന്നെ മുഴുസമയ പൊലീസ് -സി.ആർ.പി.എഫ് കാവൽ ഗേറ്റിനു മുന്നിലുണ്ട്. പള്ളിയിൽ നമസ്കാര സമയത്ത് മൊബൈൽ ഫോണോ സ്മാർട്ട് വാച്ചോ കൊണ്ടുപോകാൻ അനുവാദമില്ല. പുറത്തെ ലോക്കറിൽ സൂക്ഷിച്ചിട്ടുവേണം പള്ളിയിൽ കടക്കാൻ. പള്ളിയുടെയും പരിസരത്തിന്റെയും ചിത്രങ്ങളും വിഡിയോകളും പകർത്താതിരിക്കാനാണ് ഈ വിലക്ക്. നാലാം ഗേറ്റിൽ പൊലീസിന്റെ കർശനമായ രണ്ടു പരിശോധനയുണ്ട്. സംശയം തോന്നിയാൽ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ളവ കാണിക്കണം. നാലാം ഗേറ്റ് കടന്നാൽ ആദ്യം കാണുന്നത് പള്ളിയുടെ പിറകുവശം. 200 മീറ്റർ നടന്നാൽ പ്രവേശന കവാടമായി. ഈ കവാടത്തിലും കർശന പരിശോധനയാണ്. ഈ പരിശോധനയും പൂർത്തിയാക്കിയാണ് പള്ളിയിൽ കയറിയത്.
പള്ളിയിലെ ആദ്യ കാഴ്ച ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന സ്ഥലത്തിന് ചുറ്റും സി.ആർ.പി.എഫുകാർ തോക്കുംപിടിച്ച് നിൽക്കുന്നതാണ്. ഒരുവശത്ത് മൂന്നു സി.ആർ.പി.എഫുകാരെയാണ് അണിനിരത്തിയിരിക്കുന്നത്. നമസ്കാരത്തിനു മുമ്പ് വുദു അഥവാ അംഗശുദ്ധി വരുത്തുന്നതിനായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് ശിവലിംഗം കണ്ടെത്തിയെന്നു പറഞ്ഞതോടെ കോടതി സീൽ ചെയ്തത്. ഇതോടെ വുദുയെടുക്കാനുള്ള സ്ഥലം ഇല്ലാതായി. ഇപ്പോൾ വലിയ വീപ്പകളിൽ വെള്ളം നിറച്ചുവെച്ച് അതിൽനിന്ന് വുദു എടുക്കണം. സീൽ ചെയ്ത ഭാഗത്തേക്ക് അധികനേരം നോക്കാൻ പോലും സാധിച്ചില്ല. സുരക്ഷ ജീവനക്കാർ മാറാൻ ആവശ്യപ്പെട്ടു. ഇവർക്ക് താമസിക്കാനുള്ള ടെന്റും പള്ളിക്കകത്ത് നിർമിച്ചിട്ടുണ്ട്. ഇടക്ക് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധനയുമുണ്ടാകും.
ചെറിയ ശബ്ദത്തിലാണ് ബാങ്ക് വിളിക്കുന്നത്. പള്ളിയുമായി തൊട്ടുരുമ്മി നിൽക്കുന്നതിനാൽ ക്ഷേത്രത്തിലെ ശബ്ദവും പള്ളിക്കകത്ത് കേൾക്കാം. അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളായെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. പള്ളിയുടെ മുകളിലൂടെ പടർന്ന മുൾപ്പടർപ്പുകൾ അവിടെത്തന്നെ കരിഞ്ഞുതൂങ്ങിക്കിടക്കുന്നു. പലഭാഗങ്ങളിലും ഇഷ്ടികകൾ കൊഴിഞ്ഞു ചുമരിൽ ദ്വാരം വീണു. മേൽക്കൂരയിൽനിന്ന് ഇഷ്ടികകൾ അടർന്നു. ചില ഭാഗങ്ങൾ തകർന്നു. ചുമരുകളിൽ പെയിന്റിങ് പൊളിഞ്ഞ് മഴയും വെയിലും കൊണ്ട് കറുത്ത് ഇരുണ്ടുകിടക്കുന്നു. താഴെ പാഴ്വസ്തുക്കൾ നിറഞ്ഞിട്ടുണ്ട്. അതിനിടയിലും പ്രതാപത്തിന്റെ പ്രൗഢി കൈവിടാതെ ഗ്യാൻവാപിയുടെ കൂറ്റൻ മുഗൾകാല മിനാരങ്ങൾ തലയുയർത്തിനിൽക്കുന്നു. ക്ഷേത്രത്തിന്റെ ഏതുഭാഗത്തുനിന്ന് നോക്കിയാലും ഈ മിനാരങ്ങൾ ഇന്നും കാണാം. കാഴ്ചകൾ കണ്ട് പള്ളിയിൽനിന്ന് തിരിച്ചിറങ്ങുമ്പോൾ മുന്നിലായി പുതുതായി സ്ഥാപിച്ച പ്രതിഷ്‌ഠകൾ കാണാമായിരുന്നു.
'കണ്ടെത്തിയത്
ശിവലിംഗമല്ല,
ജലധാരയാണ്'
ഞങ്ങൾ കാണാത്ത, പരിശോധിക്കാത്ത ഒരിടവും പള്ളിക്കുള്ളിലില്ല. പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന സർവേ സംഘത്തിന്റെ വാദം പൂർണമായും തെറ്റാണ്. അത് ജലധാരയാണ്. പഴയ വീടുകളിലും പള്ളികളിലും ഇത്തരം ജലധാരകളുണ്ട്. ഇത് അത്തരത്തിലുള്ള ഒന്നാണ്. സിമന്റുകൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്നും ഗ്യാൻവ്യാപി പള്ളിയുടെ ചുമതലയുള്ള അൻജുമാൻ ഇൻതിസാമിയ മസ്‌ജിദ് കമ്മിറ്റി ജോയന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീൻ പറഞ്ഞു. പള്ളിയുടെ പടിഞ്ഞാറൻ മതിലിൽ കാണുന്നതും കാണാത്തതുമായ വിഗ്രഹങ്ങളുണ്ടെന്നും മതിലിന്റെ ചില ഭാഗങ്ങൾ ക്ഷേത്രത്തിന്റെ രൂപഘടനയുള്ളതാണെന്നുമാണ് ഹരജിക്കാരുടെ വാദങ്ങളിലൊന്ന്. വാരാണസി സിവിൽ കോടതിയിൽ അഞ്ചു സ്ത്രീകൾ നൽകിയ ഹരജിയിൽ ഇക്കാര്യം പറയുന്നുണ്ട്. എന്നാൽ, അത് ക്ഷേത്രമോ അതിന്റെ അവശിഷ്ടങ്ങളോ അല്ലെന്നും സയ്യിദ് മുഹമ്മദ് യാസീൻ പറയുന്നു. അതിനു താഴെയുള്ളത് നൂറു വർഷത്തിലധികം പഴക്കമുള്ള രണ്ടു ഖബറുകളാണ്. ഈ ഖബറിൽ അടക്കം ചെയ്യപ്പെട്ടവരുടെ ബന്ധുക്കൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
അക്കാലത്തെ വാരാണസിക്കാരായ തച്ചന്മാർ ഇവിടെ ലഭ്യമായ നിർമാണ വസ്തുക്കൾ ഉപയോഗിച്ച് ഇവിടെയുള്ള പണിക്കാരാൽ പൂർത്തിയാക്കിയ പള്ളിക്ക് മറ്റെന്ത് രൂപമാണുണ്ടാകുകയെന്ന് യാസീൻ ചോദിക്കുന്നു. ഗ്യാൻവാപിയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ തങ്ങൾ നേരിട്ടിട്ടുണ്ട്. ആദ്യമായാണ് ഒരു കേസ് ഇത്രയധികം മാധ്യമശ്രദ്ധ നേടുന്നതെന്നും യാസീൻ പറയുന്നു.
നിലവറ തുറന്നു പരിശോധിക്കണമെന്ന് ചിലർ ബഹളംവെക്കുന്നുണ്ട്. അവർ എവിടെ വേണമെങ്കിലും പരിശോധിക്കട്ടെ, അവർക്ക് കണ്ടെത്താൻ അവിടെ വിഗ്രഹങ്ങളൊന്നുമില്ല. ഞങ്ങളൊന്നും ഒളിപ്പിച്ചിട്ടില്ല, ഗ്യാൻവാപി എക്കാലത്തും പള്ളി മാത്രമാണ്.
ഗ്യാൻവാപി വിഷയം ദേശീയ പ്രശ്നമാക്കാൻ തങ്ങൾക്ക് താൽപര്യമില്ല. അങ്ങനെയാകണമെന്ന താൽപര്യം സംഘ്പരിവാറിന്റേതാണ്. വിവാദങ്ങൾക്കു പിന്നിൽ വി.എച്ച്.പി അടക്കമുള്ള സംഘടനകളുണ്ട്. ഈ കേസ് പ്രാദേശിക വിഷയമാണ്. ഇവിടെത്തന്നെ തീർപ്പാക്കാനാണ് തങ്ങൾക്ക് താൽപര്യം. ഇവിടത്തെ ഹിന്ദുക്കളുമായി ഒരു പ്രശ്നവുമില്ല. പ്രശ്നം കോടതിയിൽ തീർക്കാനാവുമെന്ന് വിശ്വാസമുണ്ട്. ക്ഷേത്രത്തിന്റെ വികസനത്തിനായി പള്ളിയുടെ സ്ഥലം വിട്ടുകൊടുത്തവരാണ് ഞങ്ങൾ. കാശി വിശ്വനാഥ കോറിഡോറിനായും സ്ഥലം മുസ്ലിംകൾ വിട്ടുനൽകി. എല്ലാ തെളിവുകളും അനുകൂലമായതിനാൽ കേസ് വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ജൂലൈ നാലിനാണ് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. പ്രാദേശിക കോടതികളിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ വിജയിക്കുംവരെ നിയമ പോരാട്ടം നടത്താനാണ് തീരുമാനം. സുപ്രീംകോടതിയിൽനിന്ന് നീതി ലഭിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നുമുണ്ട്. ബാബരി മസ്ജിദിന്റെ അവസ്ഥ ഗ്യാൻവാപിക്ക് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രവും വർത്തമാനവും
'അയോധ്യ സിർഫ് ജാൻ കി ഹെ, കാശി മഥുര ബാക്കി ഹെ' (അയോധ്യ സൂചനയാണ്, കാശിയും മഥുരയും ബാക്കിയുണ്ട്). ബാബരി മസ്ജിദ് തകർത്തശേഷം സംഘ്പരിവാർ ഉയർത്തിയ ഈ മുദ്രാവാക്യത്തിനു പിന്നാലെയാണ് ഗ്യാൻവാപി മസ്ജിദിനുമേൽ അവകാശവാദം ഉയർന്നത്.
1669ലാണ് മുഗൾ ചക്രവർത്തി ഔറംഗസീബ് പള്ളി നിർമിച്ചത്. അന്നു മുതൽ ഇന്നുവരെ നമസ്കാരം നടക്കുന്നുണ്ട്. പിന്നെയും നൂറുവർഷത്തിലധികം കഴിഞ്ഞ് 1780ലാണ് ഇന്ദോർ രാജ്ഞി അഹല്യ ഹോൽകർ പള്ളിക്ക് തൊട്ടടുത്ത് കാശി വിശ്വനാഥ ക്ഷേത്രം നിർമിക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രം നിൽക്കുന്ന പ്രദേശങ്ങൾ അനവധി ക്ഷേത്രങ്ങൾ നിറഞ്ഞ പ്രദേശമായി മാറുന്നതെല്ലാം പിന്നെയും ഏറെക്കഴിഞ്ഞും. പള്ളിയുടെ മേലുള്ള അവകാശവാദത്തിന് 86 വർഷം പഴക്കമുണ്ട്. നിലവിൽ എട്ടു കേസുകളാണ് ഗ്യാൻവാപിയുടെ അവകാശവാദമുന്നയിച്ച് കോടതിയിലുള്ളത്.
ക്ഷേത്രഭൂമി കൈവശപ്പെടുത്തിയാണ് പള്ളി നിർമിച്ചതെന്ന് അവകാശപ്പെട്ട് 2019ൽ വിജയ് ശങ്കർ രസ്തോഗിയെന്നയാൾ വാരാണസി സിവിൽ കോടതിയെ സമീപിച്ചിരുന്നു. പള്ളി ക്ഷേത്രം തകർത്ത് നിർമിച്ചതാണെന്ന് ബോധ്യമാകാൻ ആർക്കിയളോജിക്കൽ സർവേ നടത്തണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. തുടർന്ന് സർവേ നടത്താൻ അതേ വർഷം ഏപ്രിലിൽ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി അശുതോഷ് തിവാരി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ അൻജുമാൻ ഇൻതിസാമിയ കമ്മിറ്റിയും ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിൽ അലഹബാദ് ഹൈകോടതി സർവേ തടഞ്ഞു. ഇതിനു പിന്നാലെയാണ് വാരാണസിയിൽ സ്ഥിരതാമസമാക്കിയ ഡൽഹി സ്വദേശികളായ ലക്ഷ്മി ദേവി, സീത സാഹു, രാഖി സിങ്, മഞ്ജു വ്യാസ്, രേഖ പദക് എന്നീ അഞ്ചു സ്ത്രീകൾ, പള്ളിക്കുള്ളിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ദൃശ്യമായതും അല്ലാത്തതുമായ വിഗ്രഹങ്ങൾ മുമ്പാകെ പൂജ നടത്തണമെന്ന ആവശ്യവുമായി സിവിൽ കോടതിയിൽ ഹരജി ഫയൽ ചെയ്യുന്നത്. ഇപ്പോഴത്തെ വിവാദമായ അഭിഭാഷക സർവേ നടന്നത് ഈ ഹരജിയിലാണ്.
2019 മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാശി വിശ്വനാഥ കോറിഡോറിന് തറക്കല്ലിടുന്നത്. 600 കോടിയുടെ പദ്ധതിയാണ് കാശി വിശ്വനാഥ് കോറിഡോർ. ഇതിനായി കാശി വിശ്വനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള 45,000 ചതുരശ്ര അടി ഭൂമി ഏറ്റെടുക്കണം. ചുറ്റുമുള്ള 300 വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചുനീക്കണം. ഈ 45,000 ചതുരശ്ര അടിക്കുള്ളിലാണ് ഗ്യാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്. പദ്ധതിയുടെ രൂപരേഖ വിഡിയോയിൽ പള്ളിയുണ്ടായിരുന്നില്ല. പള്ളി നിന്ന സ്ഥലത്തെ ക്ഷേത്രത്തിന്റെ ഭാഗമായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതായത്, ക്ഷേത്രത്തിന്റെ വികസനപദ്ധതിയിൽ പള്ളി നിന്ന ഭൂമികൂടി ഉൾപ്പെടുത്തിയാണ് പദ്ധതി തയാറാക്കിയത്. രാമക്ഷേത്രത്തിനുശേഷം അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഹിന്ദുവോട്ടുകൾ ഏകീകരിക്കാനുള്ള പ്രചാരണായുധമായി ബി.ജെ.പി ഇതിനെ ഉപയോഗിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം സ്നേഹിച്ച് ഒത്തൊരുമയോടെ ജീവിച്ചിരുന്ന നാടിന്റെ സമാധാനമാണ് ചിലർ തകർക്കാൻ ശ്രമിക്കുന്നതെന്ന് പ്രദേശവാസിയായ ഗോകുൽ റാം പറയുന്നു. എന്നാൽ, ഇതൊക്കെ പുറത്തുപറയാൻ താൻ ഉൾെപ്പടെയുള്ള ആളുകൾക്ക് ഭയമാണെന്നും റാം പറയുന്നു.
1991ലെ പ്ലേസ് ഓഫ് വർഷിപ് ആക്ട് നിലവിലുള്ളതിനാൽ ഗ്യാൻവാപി പള്ളി കൈവശപ്പെടുത്താനുള്ള നീക്കം ഫലംകാണാൻ പോകുന്നില്ലെന്ന് അൻജുമാൻ ഇൻതിസാമിയ കമ്മിറ്റിയുടെ അഭിഭാഷകൻ അഭയ്നാഥ് യാദവ് പറയുന്നു. അതുകൊണ്ടു തന്നെ ഈ കേസിൽ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും സമാനമായ കേസിൽ ഉത്തർപ്രദേശ് വഖഫ് ബോർഡിനുവേണ്ടി ഹാജരായ അഭയ് നാഥ് യാദവ് പറഞ്ഞു. പ്രദേശത്തെ മുസ്ലിംകളും പ്ലേസ് ഓഫ് വർഷിപ് ആക്ട് തങ്ങളെ രക്ഷിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.