ദുബൈ: റമദാനിൽ സമയമറിയിച്ച് മുഴങ്ങുന്ന പരമ്പരാഗത പീരങ്കികൾ ഇത്തവണ എമിറേറ്റിൽ ഏഴിടങ്ങളിൽ മുഴങ്ങും. ദുബൈ പൊലീസാണ് റമദാന് മുന്നോടിയായി ഇക്കാര്യമറിയിച്ചത്. ആയിരക്കണക്കിന് സന്ദർശകർ പീരങ്കികൾ മുഴക്കുന്നത് കാണാനായി എത്താറുണ്ട്. പരമ്പരാഗത അറബ് സാംസ്കാരിക ചിഹ്നമെന്ന നിലയിൽ വിദേശികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമുണർത്തുന്ന കാഴ്ചയാണിത്.ഇത്തവണ മൊബൈൽ പീരങ്കിയും ദുബൈ പൊലീസ് രംഗത്തിറക്കുന്നുണ്ട്. ഇത് 13 ഇടങ്ങളിൽ സ്ഥാപിക്കും. എക്സ്പോ സിറ്റി ദുബൈ, ഡമാക് ഹിൽസ്, വിദ ക്രീക്ക് ഹാർബർ, ബുർജ് ഖലീഫ, മിർദിഫ് ഡൗൺടൗൺ, ഫെസ്റ്റിവൽ സിറ്റി, ഹത്ത ഗസ്റ്റ് ഹൗസ് എന്നീ ഏഴു സ്ഥലങ്ങളിലാണ് പീരങ്കികൾ സ്ഥാപിക്കുക. ഏറ്റവും പ്രധാനപ്പെട്ട പീരങ്കി എക്സ്പോ സിറ്റി ദുബൈയിലാണ് സ്ഥാപിക്കുക. മൊബൈൽ പീരങ്കി 13 നിശ്ചിത സ്ഥലങ്ങളിൽ രണ്ടു ദിവസം വീതമാണ് പ്രവർത്തിക്കുക.
അൽ സത്വ ബിഗ് മോസ്കിൽനിന്ന് തുടങ്ങി ബുർജ് ഖലീഫ, നാദ അൽ ശിബ, അൽ ഗഫ് വാക്, ഉമ്മു സുഖൈം മജ്ലിസ്, സഅബീൽ പാർക് എന്നീ സ്ഥലങ്ങൾ വഴി ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിൽ അവസാനിക്കുന്ന രീതിയിലാണ് മൊബൈൽ പീരങ്കി പ്രവർത്തിക്കുക.അറബ്, ഇസ്ലാമിക രീതിയനുസരിച്ച് പീരങ്കി പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക സംഘത്തെ ദുബൈ പൊലീസ് ഓരോ കേന്ദ്രങ്ങളിലും സംവിധാനിക്കും. റമദാനിൽ ടി.വി ചാനൽ വഴി റമദാൻ പീരങ്കി മുഴങ്ങുന്നത് സംപ്രേക്ഷണം ചെയ്യുമെന്നും പൊലീസ് ഓപറേഷൻ അഫയേഴ്സ് അസി. കമാൻഡന്റ് മേജർ ജനറൽ അബ്ദുല്ല അൽഗൈഥി പറഞ്ഞു. 1960കളിൽ ഉപയോഗിച്ച രണ്ട് വിന്റേജ് ഫ്രഞ്ച് പീരങ്കി ഇത്തവണയും ഉപയോഗിക്കുന്നുണ്ട്.
റമദാൻ മാസപ്പിറവി കാണുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അധികൃതർ വെളിപ്പെടുത്തി. മാസപ്പിറവി തെളിഞ്ഞാൽ രണ്ടു പ്രാവശ്യം പീരങ്കികൾ മുഴങ്ങും.
പിന്നീട് ഓരോ ദിവസവും ഇഫ്താർ സമയത്തും ഈദുൽ ഫിത്ർ നിർണയിക്കപ്പെട്ടാലും പീരങ്കികൾ മുഴങ്ങും. പെരുന്നാൾ ദിവസം രാവിലെയും രണ്ടു തവണകളിലായി മുഴക്കാറുണ്ട്. ഓരോ പീരങ്കിയുടെയും ശബ്ദം 10കി. മീറ്റർ ദൂരത്തുവരെ കേൾക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.