ഗസ്സയിലെ കാഴ്ചകൾ ലോകത്തിനായി പകർത്തുന്ന മാധ്യമപോരാളികളുണ്ട്. തങ്ങൾ അനുഭവിക്കുന്നത് ലോകം അറിയണമെന്ന നിർബന്ധമുള്ളവർ. അവരിലൊരാൾ ഫോട്ടോഗ്രാഫർ മുഹമ്മദ് സഅ്നൂൻ. ചോരയിലും കണ്ണീരിലും മുക്കിയെഴുതിയ അദ്ദേഹത്തിന്റെ നേർക്കുറിപ്പുകളിലൂടെ...
ആകാശത്തുനിന്ന് തീമഴ ഏതുനിമിഷവും താഴേക്ക് പതിച്ചേക്കാമെന്ന ഭയം. ഓരോ ശ്വാസമിടിപ്പിലും മരണത്തിന്റെ മണം. ഉറ്റവരുടെ, പ്രിയപ്പെട്ടവരുടെ ജീവനറ്റ ശരീരങ്ങൾ കണ്ട് മനസ്സ് മരവിച്ചവർ. ഫലസ്തീനിൽ ഗസ്സയിലെ കാഴ്ചകൾ ലോകത്തിനായി പകർത്തുന്ന പോരാളികളുണ്ട്; മാധ്യമപോരാളികൾ. തൊട്ടടുത്ത നിമിഷം എന്ത് എന്നറിയില്ലെങ്കിലും തങ്ങൾ അനുഭവിക്കുന്നത് ലോകം അറിയണമെന്ന നിർബന്ധമുള്ളവർ. അവരിലൊരാൾ ഫോട്ടോഗ്രാഫർ മുഹമ്മദ് സഅ്നൂൻ. പടമെടുപ്പിൽ അന്താരാഷ്ട്ര ജേതാവായ 37 കാരൻ ജാഫ സ്വദേശി. 15 വർഷത്തിലധികമായി വാർത്താചിത്ര മേഖലയിൽ. ഒരു സാധാരണ കുടുംബത്തിൽ 12 മക്കളിൽ നാലാമനായി ജനനം. പിതാവിന് കടുത്ത ശ്വാസകോശ രോഗങ്ങളെ തുടർന്ന് 10 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ സഅ്നൂനിന്റെ ചുമലിൽ വന്നുചേർന്നു. ‘‘തെരുവുകളിൽ മറ്റു കുട്ടികൾ കളിക്കുമ്പോൾ ഹൃദയം നുറുങ്ങും.
കുട്ടിക്കാലത്തിന്റെ നല്ലൊരു ഭാഗവും നഷ്ടപ്പെട്ടിരുന്നു. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ വീടുകൾ പെയിന്റ് ചെയ്യാനും അലങ്കാരപ്പണികൾക്കും പോകും. ഭക്ഷണമോ വെള്ളമോ ഇല്ല, പണം മാത്രം കിട്ടും. അത് ഒന്നും ചെയ്യാതെ അങ്ങനെ തന്നെ പിതാവിന്റെ കൈകളിൽ ഏൽപിക്കും’’-സഅ്നൂന്റെ ബാല്യസ്മൃതി ഇങ്ങനെ.
വൈകിയായിരുന്നു സ്കൂൾപഠനം ആരംഭിച്ചത്. മിക്ക ക്ലാസുകളിലും തോറ്റു പഠിച്ചു. ബിരുദ പഠനത്തിന് ഒരുങ്ങിയപ്പോൾ ഡിസൈൻ, മീഡിയ വിഭാഗത്തിൽ താൽപര്യം തോന്നി. അടുത്ത സുഹൃത്തായ ഒരു ഫോട്ടോഗ്രാഫർ പഴയ കാമറ നൽകി. അതോടെ ആഗ്രഹങ്ങൾ ഫോട്ടോഗ്രഫിയിലേക്ക് മാറി. ‘‘ഫോട്ടോഗ്രഫി പഠിക്കാനായി നിരവധി വഴികൾ തേടി. ഒരു അവസരവും പാഴാക്കാതെ അത് പഠിച്ചെടുത്തു. വളരെയധികം ഗവേഷണങ്ങൾക്ക് ശേഷം എന്നിലെ ഫോട്ടോഗ്രാഫറെ സ്വയം പരുവപ്പെടുത്തിയെടുത്തു’’ -പാഷനെക്കുറിച്ച് സഅ്നൂൻ.
കരിയറിന്റെ തുടക്കത്തിൽ, 19ാം വയസ്സുമുതൽ നിരവധി അന്താരാഷ്ട്ര ഫോട്ടോഗ്രഫി അവാർഡുകൾ നേടി. അതിലൊന്നായിരുന്നു ‘ഫലസ്തീൻ ഹീറോ ഓഫ് ഫോട്ടോഗ്രഫി’. 2022ൽ യു.എ.ഇയിലെ ഷാർജയിൽ വെച്ച് അവാർഡ് ഏറ്റുവാങ്ങി. മികച്ച ഫോട്ടോജേണലിസ്റ്റായി അറിയപ്പെടുക എന്നത് മാതാപിതാക്കളുടെ സ്വപ്നമായിരുന്നു. ‘ഈ ജോലി അപകടം നിറഞ്ഞതാണ്. ജോലിയുടെ തുടക്കത്തിൽ എന്റെ വയറിലും നെഞ്ചിലും മിസൈൽ കൊണ്ട് ഗുരുതരമായി പരിക്കേറ്റിരുന്നു. അവ എന്റെ മുഖത്ത് മായ്ക്കാത്ത പാടുകൾ അവശേഷിപ്പിച്ചു. ശസ്ത്രക്രിയ ഇേപ്പാഴും ബാക്കി കിടക്കുകയാണ്.
ഉപരോധിത ഗസ്സയിൽ സഅ്നൂനിന് മറ്റിടങ്ങളിലേക്ക് പോകാനായില്ല. അതുകൊണ്ടു ഗസ്സയും അവിടത്തെ ജനജീവിതവുമായിരുന്നു ആ ഫോട്ടോകളിലെ നേർക്കാഴ്ചകൾ.
‘‘കയർ ഉപയോഗിച്ച് ഒരു കുട്ടി ഉയർന്നുചാടിക്കളിക്കുന്നതാണ് എന്റെ ഇഷ്ടചിത്രം. അതിന്റെ പിറകിൽ യുദ്ധത്തിൽ തകർന്ന ഒരു കെട്ടിടം കാണാം. ആ ചിത്രം ഇവിടത്തെ ശക്തിയും മനക്കരുത്തും കാണിച്ചുനൽകുന്നു. മരണത്തിനപ്പുറവും ജീവിതമുണ്ടെന്ന യാഥാർഥ്യം. അത് യഥാർഥ ഗസ്സയെ കാണിച്ചുനൽകുന്നു’’-ഇഷ്ടചിത്രങ്ങളിലൊന്നിനെക്കുറിച്ച് സഅ്നൂൻ പറയുന്നു. ഒരു മാസത്തിലേറെയായി ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിനിടെ ജീവൻ പണയംവെച്ചും യാഥാർഥ്യങ്ങൾ പുറത്തറിയിക്കാൻ പരിശ്രമിക്കുകയാണ് മുഹമ്മദ് സഅ്നൂൻ ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകർ. ഓരോ ദിവസവും പകർത്തുന്ന ചിത്രങ്ങൾ ചെറു വിവരണങ്ങളോടെ അന്തർദേശീയ മാധ്യമത്തിന് അയച്ചുനൽകും. ചോരയിലും കണ്ണീരിലും മുക്കിയെഴുതിയ ആ നേർക്കുറിപ്പുകളിലൂടെ:
ഇസ്രായേൽ സൈന്യം നിരവധി കെട്ടിടങ്ങൾ ആക്രമിച്ചുകഴിഞ്ഞു. സുരക്ഷിതമാണെന്ന് കരുതിയ തങ്ങളുടെ വീടുകൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ ഉൾപ്പെടെ. ഗസ്സയിലുടനീളം നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. ഖാൻ യൂനുസ്, അൽ ബുറൈജ്, അസ്സൈത്തൂൻ തുടങ്ങി ബൈത് ഹനൂൻ, ബൈത് ലാഹിയ പ്രദേശങ്ങളും ആക്രമണത്തിന് ഇരയായി.
സെൻട്രൽ ഗസ്സയിലെ അൽ റിമാൽ നാമാവശേഷമായിരിക്കുന്നു. നിരപരാധികളായ കുഞ്ഞുങ്ങളും പൗരന്മാരും ഉൾപ്പെടെ നിരവധിപേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തകസംഘം നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അതിലേറെയാണ് കാണാതായവരുടെ കണക്കുകൾ. വൈദ്യുതിയും ഇന്റർനെറ്റും നിലച്ചതോടെ എത്രപേർ കൊല്ലപ്പെട്ടുവെന്ന കൃത്യമായ കണക്കുകളോ മറ്റു വിവരങ്ങളോ ഒന്നും ലഭ്യമല്ല. അൽശിഫ ആശുപത്രി മോർച്ചറിയിൽ തിരിച്ചറിയപ്പെടാതെ നിരവധി മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. പരിക്കേറ്റ നിരവധിപേർക്ക് അവരുടെ കുടുംബങ്ങളെ നഷ്ടമായിരിക്കുന്നു. ആശുപത്രി കിടക്കയിൽ പരിക്കേറ്റുകഴിയുന്നവർക്ക് സമീപം ആശ്വസിപ്പിക്കാൻപോലും ആരെയും കാണാൻ കഴിയില്ല. എല്ലാവരും ഒറ്റക്ക്.
12ഒക്ടോബർ ഇത് അവസാന സന്ദേശമാവാം
ഗസ്സയിലെ പ്രധാന പവർ പ്ലാന്റ് അടച്ചുപൂട്ടി. അൽശിഫ ആശുപത്രിയിലായിരുന്നു രാത്രി മുഴുവൻ. ഉടൻതന്നെ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടേക്കാം. ഗസ്സയിലെ എല്ലാ കെട്ടിടങ്ങളും തകർന്നുകഴിഞ്ഞു. നിരവധിപേർ സ്വന്തം വീടുപേക്ഷിച്ച് തെരുവിലേക്കിറങ്ങി. അനേകം പേർ അൽശിഫ ആശുപത്രിയിൽ അഭയം തേടിക്കഴിഞ്ഞു. സുരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആളുകൾ ആശുപത്രികളിലും യു.എന്നിന്റെ കേന്ദ്രങ്ങളിലും അഭയംപ്രാപിക്കുന്നത്. ഭക്ഷണമില്ല, വെള്ളമില്ല, ഒന്നുമില്ല. സാഹചര്യം വളരെ മോശമാണ് ഇപ്പോൾ. എനിക്ക് അറിയില്ല, ഇതൊരുപക്ഷേ എന്റെ അവസാന സന്ദേശമായിരിക്കും. ഗസ്സയെ പിന്തുണക്കണം, ഗസ്സയെ സഹായിക്കണം.. ലോകത്തോട് മുഴുവൻ ഞാൻ അപേക്ഷിക്കുന്നു. ചിലപ്പോൾ ലോകത്തിലെ ആരുമായും എനിക്ക് ബന്ധപ്പെടാൻ കഴിഞ്ഞെന്നുവരില്ല. കാരണം, ഇവിടെ വൈദ്യുതിയില്ല, ഇന്റർനെറ്റില്ല. സാഹചര്യം വളരെ മോശമായി തുടരുന്നു. ദയവായി ഗസ്സയെ സഹായിക്കണം. ഈ സന്ദേശം ലോകമെമ്പാടും അറിയിക്കണം.
എല്ലാം തകർന്നുകിടക്കുന്നു. മരണത്തിന്റെ മണമാണ് എവിടെയും. കൂട്ടക്കൊലയുടെ മണമാണ് എല്ലായിടത്തും. ഇസ്രായേൽ ബോംബാക്രമണത്തിന്റെയും ഉപരോധത്തിന്റെയും ദുരന്തങ്ങൾ ഫലസ്തീൻ ജനത അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് പേർ മരിക്കുകയും അതിലേറെ പേർ മുറിവേറ്റവരായി കഴിയുകയും ചെയ്യുന്ന ഇവിടെ പലായനത്തിന്റെ ഭീകരതകളും തുടങ്ങിക്കഴിഞ്ഞു. 2.3 ദശലക്ഷം വരുന്ന ജനസംഖ്യയിൽ പത്തുലക്ഷം പേർ ഇതുവരെ വീടും നാടും ഉപേക്ഷിച്ച് പെരുവഴിയിലിറങ്ങി. പരിസരപ്രദേശങ്ങളെല്ലാം തകർന്ന് തരിപ്പണമായി മാറിയിരിക്കുന്നു. പലരും അവക്കിടയിൽനിന്ന് പ്രിയപ്പെട്ടവരെ തിരഞ്ഞുകൊണ്ടിരിക്കുന്നു.
18 ഒക്ടോബർ ഗസ്സയെ തളർത്തി ആശുപത്രി ആക്രമണം
ഗസ്സയിലെ അൽഅഹ്ലി ആശുപത്രി ക്രൂരമായ ബോംബാക്രമണത്തിന് ഇരയായി. ഒക്ടോബർ 17ന് നടന്ന ആക്രമണത്തിൽ 500ലധികം പേർ കൊല്ലപ്പെട്ടതായും 300ലേറെ പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ദശാബ്ദത്തിനിടെ ആശുപത്രികൾക്ക് നേരെ ഇസ്രായേൽ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. സുരക്ഷിതമെന്ന് കരുതി ആശുപത്രിയിൽ അഭയം തേടിയവരാണ് കൊല്ലപ്പെട്ടവർ.
അൽജസീറ ഗസ്സ ബ്യൂറോ ചീഫും സഹപ്രവർത്തകനുമായ വാഇൽ ദഹ്ദൂഹിന്റെ കുടുംബത്തിന് അവസാന യാത്രയയപ്പു നൽകാനെത്തി. മധ്യ ഗസ്സ സിറ്റിയിലെ നുസൈറാത് പ്രദേശത്തെ അഭയാർഥി ക്യാമ്പിന് നേരെയായിരുന്നു ഇസ്രായേൽ വ്യോമാക്രമണം. ദഹ്ദൂഹിന്റെ ഭാര്യയും മകനും മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടു. അദ്ദേഹത്തെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ അൽ അഖ്സ ആശുപത്രിയിലെത്തി.
ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടങ്ങിയതുമുതൽ ഏകദേശം 20 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ജോലിക്കിടെയായിരുന്നു ചിലർ കൊല്ലപ്പെട്ടതെങ്കിൽ മറ്റു ചിലർ വീട്ടിൽവെച്ചായിരുന്നു. വലിയ കെട്ടിടങ്ങൾ, റോഡുകൾ, ബേക്കറികൾ തുടങ്ങി ജനങ്ങൾ കൂടിച്ചേരുന്നിടങ്ങളിലെല്ലാം ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നു. ഗസ്സയിൽ സുരക്ഷിതമായ ഒരു സ്ഥലം പോലും ഇല്ല, ഒറ്റ റോഡും. തെക്കൻ ഗസ്സയിലേക്ക് മാറിത്താമസിക്കാൻ പൗരൻമാരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇസ്രായേൽ സൈന്യം അവിടെയും വലിയ കെട്ടിടങ്ങൾ ലക്ഷ്യംവെച്ചുകഴിഞ്ഞു. അവിടെനിന്നും ജനങ്ങൾ ഒഴിഞ്ഞുപോയിത്തുടങ്ങിയിരിക്കുന്നു. ഇസ്രായേലിന്റെ വ്യോമാക്രമണത്തിനു പിന്നാലെ പരിക്കേറ്റ നിരവധി പേർ നസർ ആശുപത്രിയിലേക്ക് അഭയം തേടിയെത്തി. ആശുപത്രിക്ക് ചുറ്റുമുള്ള നിരവധി വീടുകളാണ് ഇത്തവണ വ്യോമാക്രമണത്തിന് ഇരയായത്.
ആക്രമണം നടന്ന പ്രദേശത്ത് മെഡിക്കൽ സംഘവും സിവിൽ ഡിഫൻസും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നു. വ്യോമാക്രമണത്തിൽ തകർന്ന വീടുകൾക്കുള്ളിൽ കുടുങ്ങി മരിച്ചവരാണ് അധികവും. ഇന്ധന-ജലക്ഷാമം ഗസ്സയിലെ പ്രധാന പ്രശ്നങ്ങളിലൊന്നായി ഇപ്പോഴും തുടരുന്നു. ദിവസങ്ങളായി ഇവിടെ വൈദ്യുതി പൂർണമായും നിലച്ചു. അവശ്യസേവനങ്ങൾ, ബേക്കറികൾ തുടങ്ങിയവക്കു നേരെ തുടരത്തുടരെ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ‘ഗസ്സ മുനമ്പിൽ സുരക്ഷിത സ്ഥലമില്ല, റോഡുമില്ല’.
ഖാൻ യൂനുസിൽ ഒരു പെൺകുട്ടിയുടെ വീട് പൂർണമായി തകർന്നതിനെ തുടർന്ന് പരിക്കേറ്റ നിലയിൽ അവളെ ആശുപത്രിയിലെത്തിച്ചു. മുഖം പൂർണമായും തകർന്നു, കാഴ്ചയും നഷ്ടപ്പെട്ടു. ചിത്രങ്ങളെടുക്കുന്നതിനിടെ അവളെ ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ‘മുഖത്ത് നിറയെ പൊടി നിറഞ്ഞിരിക്കുന്നതിനാൽ അവർക്ക് (ആരോഗ്യപ്രവർത്തകർക്ക്) അത് തുടച്ചുമാറ്റണം’ എന്ന് അവളോട് പറഞ്ഞു. ‘നിങ്ങൾ എവിടെയാണ്?’ എന്നായിരുന്നു അവളുടെ ചോദ്യം. ഞാൻ നിന്റെ തൊട്ടടുത്തുണ്ടെന്ന് അവളെ അറിയിച്ചു.
36 മണിക്കൂർ, ഒക്ടോബർ 26, 27 തീയതികളിൽ ഗസ്സ ഒറ്റപ്പെട്ടു. ഇസ്രായേലിന്റെ ബോംബാക്രമണവും അധിനിവേശവും മൂലം ഗസ്സയിലെ സെല്ലുലാർ, ഇന്റർനെറ്റ് സേവനങ്ങളും നിലച്ചു. ആംബുലൻസ് വിളിക്കാനോ ബന്ധുക്കളുമായി സംസാരിക്കാനോ വിവരങ്ങൾ കൈമാറാനോ ആർക്കും കഴിഞ്ഞില്ല. പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത മണിക്കൂറുകൾ. സേവനങ്ങൾ പുനഃസ്ഥാപിച്ചെങ്കിലും വിവരവിനിമയം അപ്രാപ്യമായി തുടരുകയാണ്. അന്താരാഷ്ട്ര മാധ്യമപ്രവർത്തകർക്ക് ഗസ്സ പ്രവേശനത്തിന് ഇസ്രായേലും ഈജിപ്തും വിലക്കേർപ്പെടുത്തിയിരുന്നു. ഇസ്രായേലി വ്യോമാക്രമണത്തിൽ 26 ഫലസ്തീൻ മാധ്യമപ്രവർത്തകർ ഇതുവരെ കൊല്ലപ്പെട്ടു. വാർത്താവിനിമയ ബന്ധം പുനഃസ്ഥാപിച്ചതോടെ മാധ്യമങ്ങൾക്ക് ചിത്രങ്ങൾ അയച്ചുനൽകുന്നത് തുടരുന്നു.
3നവംബർ എത്രകാലം ഈ മൃതദേഹങ്ങൾ നീക്കംചെയ്യും?
വടക്കൻ ഗസ്സയിലെ അൽശാദി അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരിക്കുന്നു. നിറഞ്ഞുകവിഞ്ഞതായിരുന്നു അൽശാദി അഭയാർഥി ക്യാമ്പ്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. അവരെ രക്ഷിക്കാൻ ശ്രമിക്കുകയാണ് പ്രദേശവാസികൾ. വൈദ്യുതിയില്ലാത്തതിനാൽ ജനറേറ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നീക്കംചെയ്യലായിരുന്നു പ്രധാന രക്ഷാദൗത്യങ്ങളിലൊന്ന്. ആക്രമണത്തിൽ അതിജീവിച്ചവരെ കണ്ടെത്താൻ ഏറെ വൈകി. കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ് അവിടെ. ‘എത്ര നാൾ ഗസ്സയിൽ ഞങ്ങളിങ്ങനെ മൃതദേഹങ്ങൾ തിരഞ്ഞും നീക്കംചെയ്തും ജീവിക്കും? നിങ്ങൾ ഞങ്ങളെ നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ഒന്നു നിർത്തൂ’’- സഹോദരിയെ നഷ്ടപ്പെട്ട ഒരാൾ കെഞ്ചിപ്പറഞ്ഞു. ഈ പ്രദേശത്തെ മനുഷ്യവാസ ഇടങ്ങളെല്ലാം പൂർണമായി തകർന്നുകഴിഞ്ഞു. ഇനിയൊന്നും ബാക്കിയില്ല.
6നവംബർ സുഹൃത്തും കുടുംബവും കൊല്ലപ്പെട്ടു
സെൻട്രൽ ഗസ്സയിലെ അൽമഗാസി അഭയാർഥി ക്യാമ്പിലെ ചിത്രങ്ങളാണിവ. ഇസ്രായേൽ ലക്ഷ്യംവെച്ച തകർന്നുകിടക്കുന്ന നിരവധി കെട്ടിടങ്ങൾ ഇവിടെ കാണാം. അൽഅഖ്സ ആശുപത്രിയിലെ ചിത്രങ്ങളും വ്യത്യസ്തമല്ല.
ശനിയാഴ്ച രാത്രി അൽമഗാസി ക്യാമ്പിലെ വ്യോമാക്രമണത്തിൽ ഫോട്ടോ ജേണലിസ്റ്റായ എന്റെ സുഹൃത്ത് മുഹമ്മദ് അൽഅലൂലും കുടുംബവും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. അലൂലിന്റെ അഞ്ചുമക്കളിൽ നാലുപേരും മരിച്ചു. ഭാര്യയും ഒരു വയസ്സായ മകനും മാത്രമാണ് രക്ഷപ്പെട്ടത്.
10നവംബർ ഇവിടെ ഞങ്ങളുറങ്ങുന്നു
ഗസ്സ നഗരത്തിൽ മാധ്യമപ്രവർത്തകർ പലയിടത്തായാണ് താമസം. ആശുപത്രികളാണ് പ്രധാന കേന്ദ്രം. ഞാനടക്കം പലർക്കും വീടുകൾ നഷ്ടപ്പെട്ടു. ഖാൻ യൂനുസിലെ നസ്ർ ആശുപത്രിയിൽ മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ ടെന്റിലാണ് ഇപ്പോൾ എല്ലാവരും. വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയ ലളിതമായ ചില വിശേഷ ആനുകൂല്യങ്ങൾ ഇവിടെ ലഭിക്കും. എന്നാൽ ഗസ്സയിലെ മറ്റു ഭാഗങ്ങളിൽ ഈ സൗകര്യങ്ങൾ ലഭ്യമല്ല. സാധാരണക്കാർക്ക് ഇവിടെ ഭക്ഷണമോ വെള്ളമോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ല.
ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി. കുടിവെള്ളം കിട്ടാനില്ല, കുളിക്കാൻ, ടോയ്ലറ്റിൽ പോകാൻ പോലും വെള്ളമില്ല. യുദ്ധത്തിന്റെ 34ാം ദിവസവും ഞങ്ങൾ ടെന്റുകളിൽ ജോലി തുടരുന്നു. ഖാൻ യൂനുസ്, ദൈറൽ ബലാ, സെൻട്രൽ മനാഖ്, റഫ എന്നിവിടങ്ങളിൽ തുടരത്തുടരെ വീടുകൾക്കുനേരെ ആക്രമണം. ഞങ്ങളുടെയെല്ലാം കുടുംബങ്ങൾ ഗസ്സക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. വൈദ്യുതിയോ മറ്റു സംവിധാനങ്ങളോ ലഭ്യമല്ലാത്തതിനാൽ കുടുംബവുമായി ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.