ഫേസ്ബുക്ക് സ്ക്രോൾ ചെയ്ത് പോകുമ്പോഴൊരിക്കലെങ്കിലും നിങ്ങളുടെ ശ്രദ്ധയൊരു ചെറുകഥയിലുടക്കിയിരിക്കും. വായിക്കാൻ ഇത്തിരി വരികൾ മാത്രമുള്ള എന്നാൽ ഒത്തിരി വായിക്കാതെ അറിയാവുന്ന കഥ. ഇത്തരം കഥകളെഴുതുന്നൊരെഴുത്തുകാരിയുണ്ടിവിടെ.
എറണാങ്കുളം സ്വദേശിനിയായ ബീന മുഹമ്മദ്. ടീച്ചറായും, റിസപ്ഷനിസ്റ്റായുമൊക്കെ യു.എ.ഇയിൽ 13 വർഷത്തോളം ജോലി ചെയ്ത ബീനയുടെ ഒഴിവുസമയങ്ങൾ ഇത്തരം ചെറുകഥകൾക്കുള്ളതാണ്. അവ കുറിച്ചും തിരുത്തിയും തന്റെ സോഷ്യൽ മീഡിയ വായനക്കാർക്ക് പ്രിയപ്പെട്ടതാക്കാനുള്ള തിരക്കിലാവും ബീന. ലോകത്തിലെ ഏറ്റവും വലിയ സാഹിത്യപുസ്തകമെന്ന ഗിന്നസ് റെക്കോർഡ് ലഭിച്ച പുസ്തകത്തിൽ ബീനയുടെ രചനയുമുണ്ട്.
കഥയുടെ ആശയം ഉള്ളിൽ വിരിഞ്ഞു തുടങ്ങിയാൽ ബീനയൊരു പേനക്കും പേപ്പറിനും വേണ്ടിത്തിരയും. ചിലവരികൾ അങ്ങിങ്ങായി കോറിയിടും. പിന്നീടവ ജീവൻതുടിക്കുന്ന കഥകളായി മാറുന്നതും കാണാം. കഥകൾ കഴിയുന്നത്ര ചെറുതായിരിക്കാനും, കഥയിലെ ഉൾനാമ്പ് നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിച്ചുള്ള എഡിറ്റിങ്ങാണു പിന്നെ. എഴുതിയത് തിരുത്തി തിരുത്തി വായനക്കാർക്കിഷ്ടപ്പെടുന്ന രീതിയിലാക്കിയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്.
വളരെ ചുരുങ്ങിയ വരികളിലെഴുതുന്നത് കൊണ്ട് തന്നെ ബീനയുടെ കഥകൾ വായനക്കാർക്കേറെ പ്രിയപ്പെട്ടവയാണ്. പുസ്തകമെടുത്ത് വായിക്കാൻ ഇന്ന് ആർക്കും ഒട്ടും സമയമില്ല. പക്ഷെ കഥയൊന്ന് ചുരുക്കിയെഴുതിയിരുന്നെങ്കിൽ വായിക്കാമായിരുന്നു എന്നാലോചിച്ചിട്ടുണ്ടാകും നിങ്ങൾ. ഒരു പുസ്തകം നിറയെയുള്ള നോവൽ വായിച്ച ഒരു സുഖം, അതാണ് ബീനയുടെ കുഞ്ഞു കുഞ്ഞു കഥകൾ വായനക്കാരിലേക്കെത്തിക്കുന്നത്.
കോളജ് പഠനകാലത്താണ് ബീന കഥകൾ എഴുതിത്തുടങ്ങുന്നത്. ആദ്യമായി എഴുയുതിയ കഥ ഒരു മാഗസിനിലേക്ക് അയച്ചിരുന്നെങ്കിലും അത് പ്രസിദ്ധീകരിച്ചില്ലായിരുന്നു. ചെറുകഥാകൃത്തും മാധ്യമം മാഗസിൻ എഡിറ്ററുമായ പി.കെ പാറക്കടവിന്റെ ശൈലിയിലാണ് ബീനയുടെ കഥകൾക്കെന്ന് ഒരിക്കലൊരു സുഹൃത്ത് പറയുകയും അദ്ദേഹത്തിന്റെ ഒരു പുസ്തകം വായിക്കാനായി നൽകുകയും ചെയ്തിരുന്നു. പിന്നീട് മക്കളൊക്കെ വളർന്ന് വലുതായതിന് ശേഷമാണ് ബീന എഴുതിയ കഥകൾ ഫേസ്ബുക്ക് വഴി പോസ്റ്റ് ചെയ്ത് തുടങ്ങിയത്. ഫേസ്ബുക്ക് ഗ്രൂപ്പുകളിലും മറ്റും ബീനയെഴുതിയ കുഞ്ഞു കുഞ്ഞു കഥകൾക്ക് വായനക്കാരേറെയാണ്.
ആക്ഷേപഹാസ്യങ്ങളും, ചെറുകഥകളും, കവിതകളും തുടങ്ങി ഒത്തിരി എഴുതിയിട്ടുണ്ട്. പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ബീനയുടെ കഥകൾ സോഷ്യൽ മീഡിയ വായനക്കാർക്ക് പ്രിയപ്പെട്ടതാണ്. ഒറ്റമൈന, സമാന്തരം, അപരിചിതം, പനനൊങ്ക്, പ്രവചനം തുടങ്ങിയ കഥകളാണ് ബീനയെഴുതിയതിൽ ഏറെ പേർ വായിച്ചതും നല്ല അഭിപ്രായങ്ങളറിയിച്ചതും.
കാത്തിരിപ്പ്, പ്രണയം, ജപമാല, മയിൽപീലി, കാഴ്ച്ച, അനശ്വരം, ചില മരണ ചിന്തകൾ തുടങ്ങിയ ആക്ഷേപഹാസ്യങ്ങളും ഡിജിറ്റൽ വായനക്കാരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ചെറുകഥകൾ മാത്രമല്ല ബീനയുടെ പേനത്തുമ്പിൽ നിന്ന് വിരിഞ്ഞത്. കവിതകളുമുണ്ട്. കടൽ, മൗനം തുടങ്ങിയ ഗദ്യ കവിതകളും ബീനയെഴുതിയിട്ടുണ്ട്. ഭർത്താവ് മുഹമ്മദ് ഇബ്രാഹിമിനൊപ്പം ഷാർജയിലായിരുന്നു താമസം. ഇപ്പോൾ 13 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ കൂടാനുള്ള ഒരുക്കത്തിലാണ് ബീന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.