ദേശങ്ങൾ ചരിത്രം സ്വയം പറയുമ്പോൾ

കോളനിയാനന്തര രീതിശാസ്ത്ര പ്രതലത്തിൽനിന്ന്​ മലബാറിന്‍റെ രാഷ്ട്രീയചരിത്രം നിരന്തര പുനർവായനക്ക്​ വിധേയമാകുന്ന ഘട്ടമാണിത്​. കൊളോണിയൽ-ദേശീയവാദ ചരിത്രകാരന്മാർ മുൻവിധികളോടെയും നിക്ഷിപ്ത താൽപര്യങ്ങളോടെയും രചിക്കുകയും പിന്നീട്​ സ്ഥാപനവത്​കരിക്കപ്പെടുകയും ചെയ്ത ആഖ്യാനങ്ങളോടുള്ള കലഹമായാണ്​ അവ വികസിക്കുന്നത്​. മലബാർ എന്ന ഭൂമിശാസ്ത്ര പ്രതലത്തെ സ്ഥൂല സ്വഭാവത്തിൽ അന്വേഷിക്കുന്ന ഇത്തരം പഠനങ്ങളെ പരിപൂരകമാക്കുന്ന പ്രവണതയാണ്​, ദേശചരിത്ര രചന. ​ മലബാറിലെ വ്യത്യസ്ത ദേശങ്ങൾ അവയുടെ ചരിത്രം സ്വയം സംസാരിച്ചു തുടങ്ങുന്നത്​ ചരിത്രരചനയിലെ അപകോളനീകരണ ഉദ്യമങ്ങളെ തീർച്ചയായും ശക്​തിപ്പെടുത്തും.

ആ നിരയിലേക്ക്​ ചേർത്തുവെക്കാവുന്ന സമീപകാല രചനയാണ്​ നെല്ലിക്കുത്ത്​ അബ്​ദുറഹ്​മാൻ മുസ്​ലിയാരുടെ ‘ആലി മുസ്​ലിയാരുടെയും വാരിയംകുന്നന്‍റെയും നാട്; അത്തൻകുരിക്കളുടെയും’ എന്ന പുസ്തകം. ഏറനാട്ടിലെ മഞ്ചേരിക്കടുത്ത പയ്യനാട്​-നെല്ലിക്കുത്ത്​ പ്രദേശങ്ങളുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ചരിത്രമാണ്​ ഈ ബൃഹദ്​ ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം. മലബാറിന്‍റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്​ നായകത്വം വഹിച്ച നാല്​​ ധീരപോരാളികൾക്ക്​ ജന്മം നൽകിയ മണ്ണാണ്​ നെല്ലിക്കുത്തും പയ്യനാടും-അത്തൻ കുരിക്കൾ, അത്തൻ മോയിൻ കുരിക്കൾ, ആലി മുസ്​ലിയാർ, വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി എന്നിവർ.

ബ്രിട്ടീഷുകാർ മലബാറിന്‍റെ രാഷ്ട്രീയ അധികാരം പിടിച്ച ആദ്യഘട്ടത്തിൽത്തന്നെ അതിനെതിരെ കലഹമുയർത്തിയ നാട്ടുമൂപ്പന്മാരിൽ പ്രധാനിയായിരുന്നു അത്തൻ കുരിക്കൾ. മപ്പാട്ടുകരയിൽ ബ്രിട്ടീഷ്​ സേനയോട്​ നേരിട്ടുള്ള യുദ്ധത്തിലാണ്​ അദ്ദേഹം രക്​തസാക്ഷിയാകുന്നത്​. അദ്ദേഹത്തിന്‍റെ മകൻ കുഞ്ഞിമുഹമ്മദ്​ കുരിക്കൾ 1817ൽ ബ്രിട്ടീഷ്​ വിരുദ്ധ പോരാട്ടത്തിൽ രക്​തസാക്ഷിയായി. പേരമകൻ അത്തൻ മോയിൻ കുരിക്കളാണ്​ 1849ലെ മഞ്ചേരി യുദ്ധത്തിന്​ നായകത്വം വഹിച്ചതും രക്​തസാക്ഷിത്വം വരിച്ചതും. കുരിക്കൾ കുടുംബത്തിന്‍റെ പിന്നീടങ്ങോട്ടുള്ള അധിനിവേശ ഭരണകൂടത്തോടുള്ള ഒത്തുതീർപ്പിന്‍റെ ചരിത്രവും ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നുണ്ട്​. ആലി മുസ്​ലിയാർ, വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി എന്നിവരുമായി ബന്ധപ്പെട്ട ഒട്ടേറെ പുതിയ വിവരങ്ങൾ പുസ്തകം തുടർന്ന്​ നൽകുന്നു. ​

മതം, രാഷ്ട്രീയം, കല, സംസ്കാരം, വൈദ്യം, വ്യാപാരം, വ്യവസായം തുടങ്ങി പ്രദേശത്തിന്‍റെ സർവതോമുഖമായ ചരിത്രമാണ്​ തുടർന്നുള്ള അധ്യായങ്ങളിൽ. സയ്യിദ്​ വംശത്തിന്‍റെ ചരിത്രം, രാഷ്ട്രീയ കക്ഷികൾ, തെരഞ്ഞെടുപ്പ്​ ചരിത്രം, മതസംഘടനകൾ, സ്കൂളുകൾ, കലാകാരന്മാരും അവരുടെ സംഭാവനകളും, സംഗീത പാരമ്പര്യം എന്നിങ്ങനെ ഒരുദേശം സാംസ്കാരികമായി കൈവരിച്ച ഔന്നത്യത്തിന്‍റെ സൂക്ഷ്മമായ അടയാളപ്പെടുത്തലുകളായി പുസ്തകം വികസിക്കുന്നുണ്ട്​. മമ്പുറം സയ്യിദ്​ അലവി തങ്ങളുടെ ശിഷ്യനായ ബൈത്താൻ മുസ്​ലിയാരുമായി ബന്ധ​പ്പെട്ട ചരിത്രം, മിൻഹാജുൽ ആബിദീൻ എന്ന ​ ഗ്രന്ഥം രചിച്ച അഹമ്മദ്​ ബിൻ ഹുസൈൻ, ജീവിതാവസാനം വരെ ചരിത്രാന്വേഷകനായി അലഞ്ഞ എ.പി. മുഹമ്മദ്​ മുസ്​ലിയാർ തുടങ്ങിയവരെക്കുറിച്ച വിവരണം ഏറെ ശ്രദ്ധേയമാണ്​. ​മാപ്പിള ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ അപൂർവ ഗ്രന്ഥങ്ങളും സൂക്ഷിപ്പുകളും സംരക്ഷിക്കുകയും അവ ശേഖരിക്കാനായി നാടുനീളെ അലയുകയും ചെയ്യുന്ന വ്യക്​തിയാണ്​ ഗ്രന്ഥകാരൻ അബ്​ദുറഹ്​മാൻ മുസ്​ലിയാർ. ഗ്രന്ഥകാരന്‍റെ ദീർഘവും കഠിനവുമായ അന്വേഷണ സപര്യയുടെ അടയാളപ്പെടുത്തലായി പുസ്തകം മാറുന്നുണ്ട്​.

ചരിത്രരചനയെ സൂക്ഷ്​മവും കുറ്റമറ്റതുമാക്കുന്നതിൽ പ്രാദേശിക ചരിത്രരചനകൾക്ക് വലിയ പങ്കുണ്ട്. മുഖ്യധാര ചരിത്രരചനകളിലെ വിടവുകൾ നികത്തുന്നതും വിട്ടുപോകലുകളെ പൂരിപ്പിക്കുന്നതും പലപ്പോഴും അവയാണ്​. ചരിത്ര സന്ദർഭങ്ങളെ സൂക്ഷ്മമായി സമീപിക്കാൻ സാധിക്കുന്നതിനൊപ്പം സ്ഥല നാമങ്ങൾ, വ്യക്തി നാമങ്ങൾ, കുടുംബ നാമങ്ങൾ എന്നിവയിലെ കൃത്യത അവക്ക് ഉറപ്പുവരുത്താനാകും. സംഭവങ്ങളുടെ നേർസാക്ഷികളിൽനിന്നോ അവരുടെ പിൻതലമുറയിൽനിന്നോ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നു എന്നതാണ് അതിന്‍റെ കാരണം. മുഖ്യധാര ചരിത്രരചനകളെ തിരുത്തുന്ന, അട്ടിമറിക്കുന്ന പല വസ്തുതകളും ഇത്തരം രചനകളിലൂടെ പുറത്തുവരാറുണ്ട്. ചരിത്രത്തിലെ വക്രീകരണങ്ങളെയും മുൻവിധികളെയും തിരുത്താനും തമസ്കരിക്കപ്പെട്ട ചരിത്ര യാഥാർഥ്യങ്ങളെ പുറത്തുകൊണ്ടുവരാനും അവക്ക് സാധിക്കും. ആ രീതിയിലുള്ള തിരുത്തൽ/പൂരിപ്പിക്കൽ സ്വഭാവം പ്രകടിപ്പിക്കുന്ന പുസ്തകമാണ്​ ഇത്​. 

Tags:    
News Summary - Book review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.