"അയിശൂ"

ന്താ

ഇന്ന് പനോന്തരേല്‍ ഒരു പയറ്റുണ്ട്, മ്മടെ രാമെഷ്ണന്‍ ചെട്ടിയാര്ടെ,

ഇന്നലെ മുതുവനക്കണ്ടി അന്ത്രൂണ്ടേതേനും, നാളെ ഒന്ന്ണ്ട് ലോറീല് ചെരട്ട കൊണ്ടൊവ്ന്നേ അവുള്ളാന്‍റെത്, ഇങ്ങനെ പോയാല് എന്‍റെ നടുമുറിയും അയിശുവേ"

പണപ്പയറ്റിന്‍റെ ക്ഷണക്കത്ത് കിട്ടിയാല്‍ കൂറയരിച്ച നാപ്പത് പേജിന്‍റെ വരയുള്ള നോട്ടുബുക്കുമെടുത്ത് കോതടി മടക്കിവെച്ച് നടുവിലറയിലെ നടുവില്‍ വിടവുള്ള മരക്കട്ടിലില്‍ ബാപ്പയുടെ ഒരു ഇരിപ്പുണ്ട്.

കിട്ടിയ പണത്തിന്‍റെ അക്കങ്ങളില്‍ ഇത്തിരികൂടി കൂട്ടിചേര്‍ത്ത് തിരിച്ചു കൊടുക്കുന്നതിന്‍റെ വഴി അന്വേഷിക്കുന്നിടത്തായിരിക്കും ഉമ്മയുടെ ചായയും കൊണ്ടുള്ള വരവ്. ആ വരവില്‍ കേട്ടതാണ് പണപ്പയറ്റില്‍ ജീവിതം കരപിടിക്കുന്നവരുടെ മേല്‍വിലാസം.

വടക്കേ മലബാറില്‍ പ്രത്യേകിച്ചും വടകര, കുറ്റ്യാടി, തൊട്ടില്‍പാലം,ആയഞ്ചേരി, വില്ല്യാപ്പള്ളി, പേരാമ്പ്ര തുടങ്ങിയ പ്രദേശങ്ങളില്‍ ആയിരത്തി തൊള്ളായിരത്തി അറുപതിന് മുന്‍പേ പണപ്പയറ്റ് നിലവിലുണ്ടായിരുന്നു. മക്കളുടെ കല്യാണ ആവശ്യാര്‍ത്ഥം അല്ലെങ്കില്‍ വീട് കെട്ടാന്‍, അതുമല്ലെങ്കില്‍ ജീവിതപ്രാരാബ്ധങ്ങളില്‍ നിന്ന് തല്‍ക്കാലത്തേക്ക് കരകയറാനുള്ള ഏതെങ്കിലും ഒരു ശ്രമത്തില്‍ പണം ആവശ്യമായി വന്നാല്‍ പരസ്പരം സഹായിക്കുന്ന ഒരു നാടന്‍ രീതിയായിരുന്നു പണപ്പയറ്റ്.

അഞ്ചും പത്തും പതിനഞ്ചും ചേര്‍ത്തുവെച്ചാല്‍ കൂടുന്ന മടിയില്‍ കനമില്ലാത്തൊരു സംഖ്യ ആശ്വാസം നല്‍കുന്ന ജീവിതങ്ങള്‍ക്ക് അക്കാലത്ത് അതൊരു വലിയ അനുഗ്രഹമായിരുന്നു. വടകരയിലെ നെടുങ്ങാടി ബേങ്കും അർബ്ബന്‍ ബേങ്കും സാധാരണക്കാരന്‍റെ ആവശ്യത്തിന് കടംകൊടുക്കുന്ന ഇടമായിരുന്നില്ല. പൊന്ന് പണയം വെച്ചാല്‍ കിട്ടുന്നതല്ലാതെ പണത്തിന് മാറ്റൊരു വഴിയും ഇല്ലാത്തോര്‍ക്ക് പണപ്പയറ്റായിരുന്നു ആശ്രയം.

ഒരു ക്ഷണക്കത്ത് എഴുതിയോ അച്ചടിച്ചോ പരിചയക്കാര്‍ക്കും കൂടെ തൊഴില്‍ എടുക്കുന്നവര്‍ക്കും കുടുംബക്കാര്‍ക്കും എത്തിച്ച് കൊടുക്കും. ദൂരങ്ങളില്‍ എത്തിക്കാന്‍ സൗഹൃദ ബന്ധങ്ങളായിരുന്നു അന്നത്തെ കൊറിയര്‍, അന്നത്തെ ദിവസം എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ കൊടുക്കേണ്ട കാശ് ആള് വഴി എത്തിച്ച് കൊടുക്കുന്നതും പതിവായിരുന്നു. കാളവണ്ടിക്കാലത്ത് തുടങ്ങിയതാണ്‌ ഈ മനോസഹകരണസ്ഥാപനം, അന്ന് ബ്ലേഡ് പലിശക്ക് കടം കൊടുക്കുന്നവരുണ്ടെന്ന് ഞങ്ങടെ പ്രദേശത്ത് നാട്ടുവര്‍ത്താനത്തില്‍ പോലും ആരും പറഞ്ഞ് കേട്ടിട്ടില്ല.

പണപ്പയറ്റിന്‍റെ കത്ത് കിട്ടിയാല്‍ സന്തോഷം എനിക്കാണ്. സാധാരണക്കാരന്‍റെ പയറ്റാണെങ്കില്‍ ഒരു കേക്കും മൈസൂര്‍ പഴവും മിച്ചറും ചായയും കിട്ടും. ഇത്തിരി കാശുള്ള ടീമിന്‍റെതാണെങ്കില്‍ ഇറച്ചിക്കറിയും പൊറാട്ടയും അടിച്ചുമാറാം. ബാപ്പയുടെ കൈയില്‍ നിന്ന് കാശും വാങ്ങി പോയി പയറ്റ് കഴിഞ്ഞു വന്നാല്‍ ഉമ്മ ചോദിക്കും.

"ഇന്നെന്താ കോള് കിട്ടിയേ"

ഞാന്‍ കൈ മണപ്പിച്ചു നോക്കാന്‍ പറയും .

ഒരു മണോം ല്ല, ഇന്നും മിച്ചറും കായും തന്നെ ല്ലേ.

"ഏട്യേനും"

തെരുവത്ത് റാഹത്ത് ഹാളില്.

തെരുവത്തെ ഇബ്രാനാജിന്‍റെ പയറ്റാണെങ്കില്‍ കൈക്ക് ഇറച്ചിക്കറിയുടെ മണം ഒറപ്പാ,,,, അല്ലെങ്കില്‍ അബുഹാജിക്കാന്‍റെ പണപ്പയറ്റ് ഉണ്ടാവണം.

അടക്കാതെരുവില്‍ റാഹത്ത് ഹാളായിരുന്നു പണപ്പയറ്റ് കേന്ദ്രം. ഉച്ച രണ്ട് മണിയാവുമ്പോള്‍ ജലീലിന്‍റെ മൈക്കില്‍ നിന്ന് പാട്ടുയരും. ഹാളിന് മുമ്പില്‍ വര്‍ണ്ണക്കടലാസ് കൊണ്ട് ഒരു ഡെക്കറെഷനുണ്ട്. തൊട്ടടുത്ത് ഇന്നയാളുടെ പണപ്പയറ്റണെന്ന് ചോക്ക് കൊണ്ട് എഴുതിവെച്ച ഒരു ബോര്‍ഡും കാണാം.

ഏത് ചായക്കടയിലും പയറ്റ് ഏര്‍പ്പെടുത്താം. ഒന്നുകില്‍ മുളിയന്‍ നാണുവേട്ടന്‍റെ കട, അല്ലെങ്കില്‍ ചാത്തുവച്ഛന്‍റെ ചായക്കട അതുമല്ലെങ്കില്‍ റാഹത്ത് ഹാള്‍. വരുന്നവര്‍ക്ക് ചായകുടിക്കുവാനും പണക്കണക്ക് എഴുതാന്‍ ഒരാള്‍ക്കിരിക്കാനും മാത്രം സ്ഥലം ഉണ്ടായാല്‍ മതി. ബാപ്പയുടെ പണപ്പയറ്റ് നടക്കുമ്പോള്‍ ഞാനായിരിക്കും കണക്കെഴുത്ത്. മേശയുടെ തട്ടില്‍ ഒന്നിച്ച് കുറെ നോട്ടുകള്‍ കാണുന്ന ഒരു ദിനമാണത്.

എന്‍റെ ചെറുപ്രായത്തില്‍ എണ്ണിതിട്ടപ്പെടുത്താന്‍ മാത്രം നോട്ടുകള്‍ കണ്ടത് ഇങ്ങനെയുള്ള ദിവസങ്ങളില്‍ മാത്രമായിരുന്നു. രാത്രി പത്ത് മണിയാവുമ്പോള്‍ പയറ്റ് തീരാനാവും. എസ് കെ ഇബ്രായിക്ക സമാവര്‍ കെടുത്തട്ടെയെന്നു ചോദിച്ചാല്‍ അറിയാം ഇനി ആരും വരാനില്ലായെന്ന്. ചായയടി നിന്നാല്‍ പിന്നെ കണക്ക് കൂട്ടി കാശൊപ്പിച്ച് വീട്ടിലേക്ക് പോവും.

വടക്കാഞ്ചേരിക്കാരന്‍ കുമാരന്‍ ആശാരി വീടിനടുത്തുള്ള മാണിയമ്മയുടെ ചായക്കടയുടെ മുകളിലെ വാടക മുറിയിലായിരുന്നു താമസം. ദൂരെനിന്നും വന്ന് വടകരയില്‍ ജോലി ചെയ്യുന്ന അയാളുടെ കൂടെ തൃശൂരില്‍ നിന്നും പാലക്കാട് നിന്നും വന്ന പണിക്കാരും ഉണ്ടായിരുന്നു. തൃശൂരിൽ നിന്നുള്ളവർ മരപ്പണിക്ക് പേരും പെരുമയുമുള്ളവരാണ്. എന്‍റെ തറവാട് വീട് പണിതത് തൃശൂരിൽ നിന്നും വന്ന രാജന്‍ ആശാരിയായിരുന്നു.

"വീട്ടില്‍ നല്ല പ്രാരാബ്ധമുണ്ട്, ഗള്‍ഫില്‍ പോയാല്‍ നല്ല പണികിട്ടും മാണിയമ്മേ, പക്ഷെ വിസക്ക് കൊടുക്കാന്‍ കാശില്ല."

കുമാരന്‍ ആശാരി മാണിയമ്മക്ക് നേരെ വേദനയുടെ ചിപ്ലിയുന്തി.

എല്ലാ,,,തലമുറിയന്‍റെ മോനെ ഇനിക്കൊരു പയറ്റ് കഴിച്ചൂടെന്ന് മാണിയമ്മ.

അമ്മ ഇങ്ങിനെയാണ് ഞങ്ങളെ സ്നേഹക്കൂടുതല്‍ കൊണ്ട് തലോടുന്നത്. ആ സ്വാതന്ത്ര്യം പുത്തൂര്‍ നാട്ടില്‍ അവര്‍ക്ക് ഉള്ളത്പോലെ വേറെയാര്‍ക്കുമില്ല.

അങ്ങിനെ കുമാരന്‍ ആശാരിയും പണപ്പയറ്റ് കത്ത് അച്ചടിപ്പിച്ചു. ഇന്നേവരെ അയാള്‍ ഒരാള്‍ക്കും ഒരു രൂപ പോലും കൊടുത്തിട്ടില്ല. ഇയാള്‍ക്ക് പയറ്റിയാല്‍ പണം തിരിച്ചു കിട്ടുമോന്നു നാട്ടാര്‍ക്കും ഉറപ്പില്ല.

ഇരമ്പം പെയ്യുന്ന മഴക്ക് താഴെ മേല്‍പ്പുരയുടെ കഴുക്കോല്‍ നിരത്തിയവന് ഹൃദയത്തിന്‍റെ ഒരു കൈമടക്ക്, ഒരു സ്നേഹക്കരുതല്‍. പണപ്പയറ്റില്‍ അയാളെ പണം ചേര്‍ത്ത് പിടിച്ചപ്പോള്‍ വടക്കാഞ്ചേരിയിലെ ഒരു കുടുംബത്തിന്‍റെ ദാരിദ്യത്തിന് താഴ് വീണ സീലടിച്ച വിസ കടല്‍ കടന്നുവന്നു. കുമാരന്‍ ആശാരി ബഹറൈനിലേക്ക് പോയി.

വര്‍ഷങ്ങള്‍ കടന്നുപോയി,

പില്‍ക്കാലങ്ങളില്‍ പണപ്പയറ്റ് കുറഞ്ഞു കുറഞ്ഞു വന്നു. മക്കള്‍ വലുതായപ്പോള്‍ അവരൊക്കെ പഠിപ്പ് ഉള്ളവരായപ്പോള്‍ പലരും കടല്‍ കടന്നു പണക്കാരായപ്പോള്‍ പണപ്പയറ്റ് അഭിമാനത്തിന് നിരക്കാത്തതായി.

ഞാനും വളര്‍ന്നു, എന്‍റെ പണപ്പയറ്റിന്‍റെ കോള് വലിച്ചു കയറ്റുന്ന വയറും തളര്‍ന്നു.

ബാപ്പയുടെ മയ്യത്ത് മുന്നില്‍ വെച്ച് പള്ളി ഇമാം മയ്യത്ത് നമസ്കരിക്കാന്‍ പിന്നില്‍ നിന്നവരുടെ മുഖത്തേക്ക് നോക്കിപ്പറഞ്ഞു.

"ഈ മയ്യത്തിന്‍റെ പേരിലുള്ള എല്ലാവിധ ബാധ്യതകളും പണപ്പയറ്റടക്കം കൊടുക്കാനുള്ളതിന്‍റെയെല്ലാം ഉത്തരവാദിത്തം അവരുടെ മക്കള്‍ ഏറ്റെടുത്തിരിക്കുന്നു"

ബാധ്യതയുടെ ഭാരം ഇല്ലാതെവേണം ഒരാള്‍ മണ്ണില്‍ മറമാടുവാന്‍. മണ്ണിലേക്കിറങ്ങിപ്പോവുന്നവന്‍റെ നെഞ്ച് കൊടുക്കാനുള്ള കാശിന്‍റെ കണക്ക് കൊണ്ട് കനപ്പെടരുത്. ഇമാം ഞങ്ങള്‍ക്ക് പറഞ്ഞ് തന്ന നാളേക്കുള്ള പാഠത്തിലൂടെ നിസ്കാരത്തിലേക്ക് നീങ്ങി. പലരുടെയും ജീവിതത്തിന് താങ്ങും തണലുമായ രണ്ടിന്‍റെയും അഞ്ചിന്‍റെയും നോട്ടുകള്‍ കൊണ്ടാണ് മുന്നില്‍ ഒരാളെ കഫന്‍ ചെയ്ത് കിടത്തിയിരിക്കുന്നത്. അയാള്‍ ഒന്നും കൊണ്ട്പോയില്ല. നാല്പത് പേജിന്‍റെ കൂറയരിച്ച കണക്ക് ബുക്കില്‍ ജീവിതം കുറിച്ചിട്ടതല്ലാതെ അവര്‍ക്ക് ഒന്നും സ്വന്തമായിട്ടുണ്ടായിരുന്നില്ല കൊണ്ട്പോവാന്‍. 

Tags:    
News Summary - bucker aboo's write up about panappayattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.