ഷനോജ് ആർ.ചന്ദ്രൻ

അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്

തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനഞ്ചാമത് അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഷനോജ് ആർ.ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ എന്ന പുസ്തകം അർഹമായി. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ഇ.സന്തോഷ്കുമാർ ചെയർമാനും സി.എസ്.ചന്ദ്രിക, വി.കെ.കെ രമേഷ്, ഡോ. രോഷ്നി സ്വപ്ന എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരത്തെടുത്തത്.

ആഖ്യാനചാരുത കൊണ്ട് സമ്പന്നമായ ഏഴു കഥകളുടെ സമാഹാരമാണിത്. കുട്ടനാടും അയല്‍പ്രദേശങ്ങളുമാണ് മിക്കവാറും എല്ലാ രചനകളുടെയും ഭൂമിക എന്നുണ്ടെങ്കിലും അവ സൂക്ഷ്മതലത്തില്‍ ചിത്രീകരിക്കുന്നത് മാനുഷികമായ അവസ്ഥകളുടെ അതിവിശാലമായ പരിസരത്തെയാണ്. അതിരുകളില്‍ നിലകൊള്ളുന്ന സമൂഹത്തിന്റെ മുറിവുകള്‍ ആവിഷ്‌ക്കരിക്കുന്നതിനായി കഥാകൃത്ത് തന്റെ ദേശത്തിന്റെ മിത്തുകളേയും ചരിത്രത്തെയും സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

മണ്ണില്ലാത്തതുകൊണ്ട് ഒറ്റമുറിയില്‍ ഒരു മൃതദേഹം അടക്കം ചെയ്യുകയും അതിനുമേല്‍ നവദമ്പതികള്‍ക്കായുള്ള മണിയറ ഒരുക്കുകയും ചെയ്യുന്ന മനുഷ്യരുടെ കഥയാണ് 'മീന്റെ വാലേല്‍ പൂമാല.' അത് മരണത്തെയും കവിഞ്ഞു മുന്നോട്ടുപോകുന്ന ജീവിതത്തിന്റെ സഞ്ചാരത്തെ ചിത്രീകരിക്കുന്നു. 'കാലൊടിഞ്ഞ പുണ്യാളന്‍' എന്ന കഥയില്‍ വിശ്വാസവും ജീവിതവും കൂടിക്കലരുന്നതു നാം കാണുന്നു. നഷ്ടബോധത്തെക്കുറിച്ചുള്ള ഒരു വ്യസനസങ്കീര്‍ത്തനം പോലെ രചിക്കപ്പെട്ട ഈ കഥ സമീപകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും മികച്ച കഥകളിലൊന്നാണ്. 'ആമ്പല്‍പ്പാടത്തെ ചങ്ങാടം,' 'കുളിപ്പുരയിലെ രഹസ്യം,' 'അരയന്നം' എന്നീ കഥകളില്‍ രതിയുടെ മോഹിപ്പിക്കുന്ന പക്ഷികള്‍ നിര്‍ത്താതെ ചിറകടിക്കുന്നതു കേള്‍ക്കാം.

അയത്‌നലളിതമായൊരു ഗദ്യം ഷനോജിന്റെ ആസ്തിയാണ്. സങ്കടഭരിതമായ നര്‍മ്മം അതിന്റെ അടിയൊഴുക്കായി ഭവിക്കുന്നു. കഥാപാത്രചിത്രീകരണങ്ങളിലെ മികവാണ് 'കാലൊടിഞ്ഞ പുണ്യാള'നിലെ എല്ലാ കഥകളേയും വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. നമുക്ക് ഏറെ പരിചിതരാണെന്നു തോന്നുമ്പോഴും ഷനോജിന്റെ കഥകളിലെ മനുഷ്യരില്‍ അനന്യമായ ചില സ്വഭാവസവിശേഷതകള്‍ കാണാന്‍ സാധിക്കും.

സജീവമായ നമ്മുടെ കഥാരംഗത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ശേഷിയുള്ള 'കാലൊടിഞ്ഞ പുണ്യാളന്‍' എന്ന കഥാസമാഹാരം, മലയാളചെറുകഥയുടെ ആകാശങ്ങളെ ദീപ്തവും വിശാലവുമാക്കിയ സി.വി ശ്രീരാമന്‍ എന്ന വലിയ എഴുത്തുകാരന്റെ പേരിലുള്ള അയനം- സി.വി ശ്രീരാമന്‍ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.

2024 ആഗസ്റ്റ് 30 വെള്ളി വൈകീട്ട് അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പുരസ്കാരം സമർപ്പിക്കും. ഇ.സന്തോഷ്കുമാർ, സി.എസ്.ചന്ദ്രിക,വിജേഷ് എടക്കുന്നി, പി.വി.ഉണ്ണികൃഷ്ണൻ, ഹാരീഷ് റോക്കി  എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - C.V Sreeraman Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.