ഗൃഹാതുരത ഉണർത്തി ഫുജൈറ പൈതൃക ഗ്രാമം

യു.എ.ഇ യിലെ പഴയ കാല ജീവിത രീതിയെ കുറിച്ചും കാർഷിക വൃത്തിക്കായി ഉപയോഗിച്ച വിവിധ മാതൃകകളെ കുറിച്ചും പുതു തലമുറക്ക്​ മനസ്സിലാക്കാനും പഠിക്കാനും സാധിക്കുന്ന രീതിയില്‍ ആണ് ഫുജൈറയിലെ പൈതൃക ഗ്രാമം സ്ഥാപിച്ചിട്ടുള്ളത്. ആറായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിച്ചിട്ടുള്ള ഈ ഗ്രാമം ഫുജൈറ മുദബ് സ്പ്രിങ്​ പാര്‍ക്കിന്‍റെയും മുദബ് ഡാമിന്‍റെയും ഇടയില്‍ ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്.

ഒരു കൊച്ചു ഗ്രാമം പോലെയാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. പണ്ടുകാലത്തെ കുടിലുകളും മലമ്പ്രദേശത്ത് നിര്‍മിച്ചിരുന്ന വീടുകളുടെ മാതൃകകളും തനതു രൂപത്തില്‍ തന്നെ നിര്‍മിച്ചു വെച്ചിട്ടുണ്ട്. അന്നത്തെ കാലത്ത് കാര്‍ഷികാവശ്യത്തിനായി കാളകളെ ഉപയോഗിച്ച് വലിച്ചുകൊണ്ട് പ്രവര്‍ത്തിപ്പിച്ചിരുന്ന വെള്ളം കോരി യന്ത്രവും മറ്റും സന്ദർശകർക്ക്​ രസകരമായ അതേസമയം വിജ്ഞാനപ്രദവുമായ കാഴ്ചയാണ് സമ്മാനിക്കുക.

അന്നത്തെ അറബികളുടെ പ്രധാന തൊഴില്‍ മേഖലയായിരുന്ന മത്സ്യബന്ധനവുമായി ബന്ധപെട്ട ഒട്ടനവധി സമാഗ്രികളും ബോട്ടുകളും ഉൾപ്പെടുത്തി ഒരു കടല്‍ തീരത്തിന്‍റെ മാതൃകയിൽ നിർമിച്ചിരിക്കുന്ന പവലിയൻ ഏറെ സന്ദർശകരെ ആകർഷിക്കുന്ന ഒന്നാണ്​.

ആ കാലഘട്ടത്തെ പലചരക്കു കട (ഗ്രോസ്സറി ഷോപ്പ്), മരപ്പണി കട, ബേക്കറി ഷോപ്പ്, തയ്യൽ കട (ടൈലര്‍ ഷോപ്പ്) , കമ്മാരസംഘം (ബ്ലാക്ക്സ്സ്മിത്ത് ഷോപ്പ്), ഔഷധ ഷോപ്പ് (ഹെര്‍ബല്‍) തുടങ്ങിയവയുടെ മാതൃകകള്‍ വളരെയേറെ കൗതുക മുണര്‍ത്തുന്ന കാഴ്ചകള്‍ ആണ്.

ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം 6.30 വരെയും വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ വൈകീട്ട് 6.30 വരെയും ആണ് ഇങ്ങോട്ടുള്ള പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക് അഞ്ചു ദിര്‍ഹം ആണ് ഇങ്ങോട്ടുള്ള പ്രവേശന ഫീ.

Tags:    
News Summary - Fujairah Heritage Village evokes nostalgia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.