ഉത്തർപ്രദേശിലെ ഹാഥ്റസിൽ ജനങ്ങൾ തിരക്കു കാരണം വായുകിട്ടാതെ മരിച്ചതല്ല. അപ്രതീക്ഷിതമായി കെട്ടിടംവീണ് അതിനടിയിൽപെട്ട് പരിക്കേറ്റതല്ല. ആത്മീയസമ്മേളനം കഴിഞ്ഞ് പുറത്തു കടക്കാനുള്ള തിരക്കിൽപെട്ട് തളർന്ന് വീണതല്ല. അപകടകാരണം ഭോലെ ബാബ എന്ന പ്രിയ ആൾദൈവം ചവിട്ടിയ മണ്ണ് ഒരുതരി സ്വന്തമാക്കാനുള്ള മത്സരത്തിനിടയിൽ സംഭവിച്ചതാണ്. ബാബ ചവിട്ടിയ മണ്ണ് ചെറിയ പാക്കറ്റുകളിൽ പ്രസാദമാക്കി വിതരണം ചെയ്യാനുള്ള സംവിധാനം സംഘാടകർ ഒരുക്കിയിരുന്നെങ്കിൽ, എത്ര സമയവും ക്യൂ നിന്ന് അത് സ്വന്തമാക്കാൻ ബാബാ ഭക്തരായ പാവപ്പെട്ട മനുഷ്യർ തയാറാകുമായിരുന്നു. അതിനൊരവസരം നൽകാതെ ബാബ ചവിട്ടിയ മണ്ണ് സ്വന്തമാക്കാനുള്ള ഭ്രാന്തമായ മത്സരത്തിലേക്ക് സ്വന്തം ഭക്തരെ ബാബയും സത്സംഗമത്തിന്റെ സംഘാടകരും തള്ളിവിട്ടത്, ഒരു തത്ത്വത്തിന്റെ പേരിലും ന്യായീകരിക്കാനാവില്ല. ഒരു വിധേനയും സംഭവിക്കാൻ പാടില്ലാത്ത ഇത്തരമൊരു ദുരന്തം സംഭവിച്ചാൽ പിന്നെ മനുഷ്യത്വം ചോർന്നുപോയിട്ടില്ലെങ്കിൽ അവർക്ക് ചെയ്യാൻ കഴിയുമായിരുന്ന പ്രാഥമിക കാര്യം, ദുരിതനിവാരണ പ്രവർത്തനത്തിൽ പങ്കാളികളാവുക എന്നുള്ളതാണ്. ഭോലെ ബാബയും സമാന്തര പൊലീസ് എന്നു വിളിക്കാവുന്ന അദ്ദേഹത്തിന്റെ സന്നദ്ധപ്രവർത്തകരും ഒരുമിച്ചുനിന്ന് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനുള്ള ശ്രമങ്ങളിൽ വ്യാപൃതരാവുകയും ചെയ്തിരുന്നെങ്കിൽ, അതൊരു ഒന്നാന്തരം മാനുഷിക പ്രവർത്തനമായി മാറുമായിരുന്നു! അതിനുപകരം ആൾദൈവവും സംഘവും സ്ഥലത്തുനിന്നും തൽക്ഷണം മുങ്ങുകയാണുണ്ടായത്. നിർഭാഗ്യകരമായ ബസപകടമോ മറ്റോ ഉണ്ടായ ഒരു സ്ഥലത്തുനിന്ന് അടിപേടിച്ച് ഒരു ൈഡ്രവർ താൽക്കാലികമായി മുങ്ങുന്നതു പോലെയല്ല, യഥാർഥത്തിൽ അത്ഭുത കഴിവുകളൊന്നുമില്ലെങ്കിലും അതൊക്കെ ഉണ്ടെന്ന് നടിക്കുന്ന ഭരണത്തിലും മാധ്യമങ്ങളിലും വൻ സ്വാധീനമുള്ള ഒരാൾദൈവം മുങ്ങുന്നത്. നമ്മുടെ നാട്ടിൽ മത സമ്മേളനത്തിലും രാഷ്ട്രീയ സമ്മേളനത്തിലുമായിരുന്നു ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം നടന്നിരുന്നതെങ്കിൽ, അവരെക്കുറിച്ച് എന്തൊക്കെ വിമർശനം പറയാമെങ്കിലും നേതാക്കന്മാരും പ്രവർത്തകരും എല്ലാംകൂടി ഈവിധം കൂട്ടത്തോടെ മുങ്ങുമായിരുന്നില്ല. മുങ്ങലും ബാബയുടെ അത്ഭുത കഴിവുകളിലൊന്നാവുമോ?
ഭോലെ ബാബ ആരെയും നേരിട്ട് ഉന്തിത്തള്ളിയിട്ടിട്ടില്ല എന്നർഥത്തിൽ അപകടത്തിൽ ബാബക്ക് നേരിട്ട് പങ്കില്ല എന്നുള്ളത് ശരിയാണ്. എന്നാൽ, ഞാൻ ചവിട്ടിയ മണ്ണിനും എന്റെ തുപ്പലിനും ശരീരത്തിനും നിങ്ങളുടേതിൽനിന്നും വ്യത്യസ്തമായി ഒരു പ്രത്യേകതയുമില്ലെന്ന് ബാബമാർ ഒരൊറ്റതവണ വേണ്ടവണ്ണം അമർത്തി പറഞ്ഞിരുന്നുവെങ്കിൽ, ഒരു യുക്തിയുടെയും നിർദേശങ്ങൾ അനുസരിക്കാത്ത, എന്നാൽ എല്ലാ ബ്രാൻഡിലുംപെട്ട ബാബമാരെ അന്ധമായി അനുസരിക്കുന്ന, മനുഷ്യർക്ക് ഇത്തരമൊരു അപകടം സംഭവിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ഭോലെ ബാബയുടെ പേര് അനിവാര്യമായും കുറ്റവാളി പട്ടികയിൽ ഒന്നാമതായി ചേർക്കേണ്ടതുണ്ടായിരുന്നു. അത് ചെയ്തില്ല. അത് മാത്രമല്ല, സമ്മേളനം നടന്ന പന്തലിലേക്ക് സർക്കാർ ഉദ്യോഗസ്ഥരെയും തിരക്ക് നിയന്ത്രിക്കാൻ സർക്കാർ നിയോഗിച്ച പൊലീസുകാരെയും പ്രവേശിപ്പിച്ചില്ല എന്നുള്ളതും കുറ്റകൃത്യത്തിൽ ഉൾപ്പെടുത്തപ്പെടേണ്ടതാണ്. കോടിക്കണക്കിന് വരുമാനമുള്ള ഇതുപോലുള്ള ഹൈടെക് ആൾദൈവങ്ങളിൽനിന്ന് അപകടത്തിനിരയായവർക്കും ബന്ധുക്കൾക്കുമുള്ള നഷ്ടപരിഹാര തുക മുഴുവനല്ലെങ്കിൽ ഒരുഭാഗമെങ്കിലും സർക്കാർ നിർബന്ധിതമായി വസൂലാക്കേണ്ടതാണ്. നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഏതെങ്കിലും ആത്മീയമൂല്യത്തോട് ചെറിയൊരു ആഭിമുഖ്യമെങ്കിലുമുണ്ടെങ്കിൽ സർക്കാർ ആവശ്യപ്പെടാതെതന്നെ ദുരിതാശ്വാസപ്രവർത്തനത്തിനാവശ്യമായ മുഴുവൻ ചെലവും ഞങ്ങൾ വഹിക്കാമെന്ന് ആൾദൈവങ്ങൾ പ്രഖ്യാപിക്കേണ്ടതാണ്. അതിനുപകരം അവർ ഒളിവിൽ പോവുകയാണ്! വല്ല വിപ്ലവപ്രവർത്തനത്തിന്റെയോ സ്വാതന്ത്ര്യസമരത്തിന്റെയോ ഭാഗമെന്ന നാട്യത്തിലാണവർ ഒളിവിൽ പോയതെന്ന്, ഇപ്പോഴല്ല പ്രതിഷേധത്തിന്റെ ചൂട് കുറയുമ്പോഴുള്ള അവരുടെ ആർഭാടപൂർവമായ അരങ്ങേറ്റം കാണുമ്പോൾ നമുക്ക് മനസ്സിലാവും! ഭോലെ ബാബയുടെ കൈയിൽ എന്തിനും കെൽപുള്ള സുദർശനചക്രം കണ്ടവരുണ്ട്! ആ മുഖത്ത് അഭൗമമായ ദൈവപ്രകാശം പരക്കുന്നതുകണ്ട് പ്രചോദനം കൊണ്ടവരുണ്ട്. സർവ മാറാരോഗങ്ങൾക്കുമുള്ള മരുന്ന് ബാബയിട്ട കോട്ടിനുള്ളിലുണ്ടെന്ന് കളങ്കമില്ലാതെ വിശ്വസിച്ചവരുണ്ട്. മാറിമാറി ഭോലെ ബാബ ധരിക്കുന്ന ബ്രാൻഡഡ് കൂളിങ് ഗ്ലാസിനെക്കുറിച്ചോർത്തുപോലും കോരിത്തരിച്ചവരുണ്ട്. അങ്ങനെ ബാബ ബാബ എന്നു മാത്രം മനസ്സിൽ ധ്യാനിച്ച് അദ്ദേഹത്തിന് സമ്പൂർണമായി സ്വയം സമർപ്പിച്ച ഒരു ദരിദ്രജനതയെയാണ്, അദ്ദേഹം ഒരപകടത്തിൽ കൈയൊഴിഞ്ഞത്. അനുഗ്രഹിക്കാൻ കഴിഞ്ഞില്ലെങ്കിലും അപകടത്തിൽപെട്ടവരെയും മരിച്ചവരുടെ ബന്ധുക്കളെയും ഒന്നാശ്വസിപ്പിക്കുകപോലും ചെയ്യാതെയാണദ്ദേഹം അപ്രത്യക്ഷനായത്.
ഞങ്ങളെല്ലാം ദരിദ്രരാണ്. ഇവിടെയുള്ള ആണുങ്ങൾ ചാരായത്തിൽ ആശ്വാസം കണ്ടെത്തുന്നു. ഞങ്ങൾ പെണ്ണുങ്ങൾ അപ്പോൾ ഇതുപോലുള്ള സത്സംഗമത്തിലും! ആശാദേവിയെന്ന അപകടത്തിൽപെട്ട ഇരയുടെ അയൽക്കാരി അഞ്ജലിയുടെ വാക്കുകളാണിത്. സ്വന്തം ഭക്തരെ പരാജയപ്പെടുത്തിയ ആൾദൈവം എന്ന ഇസ്ഹിതാമിശ്ര ‘ഹിന്ദു’വിലെഴുതിയ പ്രബന്ധത്തിൽനിന്നുള്ള ഉള്ളം പിളർക്കുന്ന വാക്കുകളാണിത്. അതേപ്രബന്ധത്തിൽ, ഒരേ കുടുംബത്തിലെ മൂന്നു തലമുറയിൽപെട്ടവരുടെ ദാരുണമായ അന്ത്യത്തെക്കുറിച്ച് പറയുന്നൊരു ഭാഗമുണ്ട്. വിനോദ്, സഹോദരൻ രാജ് വീർ, ബ്രദർ ഇൻ ലോ കാളീചരൺ എന്നിവരുടെ വേറിട്ട വല്ലാത്തൊരു നിസ്സഹായാവസ്ഥയാണത്. പത്തുവയസ്സുകാരിയായ സ്വന്തം മകൾ ഭൂമി എന്ന് പേരുള്ള കുട്ടിയുടെ ശവസംസ്കാരം നടക്കുകയാണ്. കുറച്ച് സമയം വിനോദ് ശവക്കുഴിയിലേക്കിറക്കിവെച്ച മകളുടെ മുഖാവരണം മാറ്റി, സങ്കടത്തോടെ ആ മുഖം നോക്കിനിൽക്കുകയാണ്. അപ്പോൾ സഹോദരനായ രാജ് വീർ തട്ടിവിളിച്ച്, സമയമധികമില്ലെന്നറിയിച്ച്, അടുത്ത ശവസംസ്കാരത്തെക്കുറിച്ച് ഓർമിപ്പിച്ച് തിരക്കുകൂട്ടുകയാണ്! വിനോദിന്റെ ഭാര്യ രാജ്കുമാരിയെയും അവരുടെ അമ്മ ജയ്മന്തിയെയുംകൂടി ആ കുടുംബത്തിന് സംസ്കരിക്കേണ്ടതുണ്ട്. ഒരേസമയം, വിനോദിന് നഷ്ടമായത് മൂന്നു തലമുറകളെയാണ്. ഹാഥ്റസ് എന്ന ദുരന്തഭൂമിയിൽനിന്ന്, അപകടം നടന്നതിന്റെ ഒരവശിഷ്ടവുമില്ലാതെ സർവവും തുടച്ചുനീക്കികഴിഞ്ഞു. ഒരു പൊട്ടിയ ചെരിപ്പിന്റെ വാറുപോലുമില്ലാതെ! എന്നാൽ, വിനോദടക്കമുള്ളവരുടെ അനാഥമായ തേങ്ങലുകൾ, അവരുടെ നിശ്ശബ്ദനിലവിളിയുടെ ചോരപുരണ്ട പാടുകൾ ആർക്ക് തുടച്ചുമാറ്റാനാവും? അപരിഹാര്യമായ ഇപ്രകാരമുള്ള സങ്കടങ്ങൾക്കു സർക്കാർ പ്രഖ്യാപിക്കുന്ന ഏത് നഷ്ടപരിഹാരങ്ങൾക്ക് പകരംനിൽക്കാനാവും?
വിനോദിന്റെ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും ശവസംസ്കാരങ്ങൾക്കിടയിലെ അന്തിമ ചടങ്ങുപോലും, പതിവിൽനിന്ന് വ്യത്യസ്തമായി ആരുടെയും നെഞ്ചം പൊള്ളിക്കും. മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരിൽ ചിലർ കേരളത്തിൽ വായ്ക്കരിയിടുന്നതിന് പകരമായിട്ടാണെന്ന് തോന്നുന്നു ഹാഥ്റസിൽ, സാരി സമർപ്പിക്കുന്നത്. ജയ്മന്തിദേവിയുടെ മൃതശരീരത്തിൽ മിനിറ്റുകൾക്കകം സമർപ്പിക്കപ്പെട്ടത് ഇരുപത്തിയഞ്ചിലേറെ സാരികളാണ്! ജീവിച്ചിരിക്കുമ്പോൾ ഇതിലൊരെണ്ണം അവർക്ക് കിട്ടിയിരുന്നെങ്കിൽ അവരെത്ര തൃപ്തയാകുമായിരുന്നു എന്നാണ് അപ്പോൾ അയൽവാസിയായ വിനീതദേവി സങ്കടത്തോടെ ചോദിച്ചത്. ജീവിതത്തിലവർക്ക് ആകക്കൂടി ഉണ്ടായിരുന്നത് രണ്ടോമൂന്നോ സാരികൾ മാത്രമായിരുന്നേത്ര! അപ്പോൾ, അത്രയുമെത്തുമ്പോൾ നമ്മളറിയാതെ വൈലോപ്പിള്ളിയുടെ പ്രശസ്തമായ ‘അരിയില്ലാഞ്ഞിട്ട്’ എന്ന കവിത ഓർത്തുപോകും. പട്ടിണികൊണ്ടൊരു പാവം മനുഷ്യൻ മരിക്കുന്നു. അതുവരെ ഒരു നേരത്തെ ഭക്ഷണംപോലും കൊടുക്കാത്തവർ സംസ്കാരച്ചടങ്ങിനാവശ്യമായ സൗകര്യങ്ങൾ ചെയ്യുന്നു. ഒടുവിൽ മൃതദേഹം നിലത്തിറക്കിക്കിടത്തി, കർമം ചെയ്യുന്നയാൾ അയാളുടെ ഭാര്യയോട് ഇത്തിരി ഉണക്കലരി ആവശ്യപ്പെടുന്നു. അപ്പോളവർ പറഞ്ഞത്, ‘അരിയുണ്ടെന്നാലങ്ങോരന്തരിക്കുകയില്ലല്ലോ’ എന്നായിരുന്നു. ആ കണ്ണീർ വാക്യത്തോളം വലുതല്ല ഒരു ഭോലെ ബാബയും!
ഭോലെ ബാബ എന്നും പാൽ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന സൂരജ്പാൽ ഏലിയാസ് നാരായണ സകാർഹരി എന്ന പൊലീസുകാരൻ, ആഗോളവത്കരണ പശ്ചാത്തലത്തിലെ സാമൂഹിക സമ്മർദങ്ങളും ജാതിമേൽക്കോയ്മാ അന്തരീക്ഷവും മുതലെടുത്താണ്, ഹാഥ്റസിലും കാൺപൂരിലുമെല്ലാം ഹൈടെക് ആശ്രമങ്ങൾ സ്ഥാപിച്ച് അമ്പരപ്പിക്കും വിധം വളർന്നത്. ത്യജിക്കുകയെന്ന ആത്മീയതത്വത്തിന്റെ പ്രസിദ്ധമായ അടിത്തറ പൊളിച്ചുകൊണ്ടാണ്, മറ്റെല്ലാ ആൾദൈവങ്ങളെപ്പോലെ ഭോലെ ബാബയുടെ നവ ആശ്രമങ്ങളും ഉയർന്നുവന്നത്.
വൃക്ഷങ്ങൾ തൻ ഫലങ്ങൾ ഭുജിക്കില്ല/ സംഭരിക്കില്ല നദിജലവും തനിക്കായി/ ഇതുപോൽ സന്യാസികൾ ജനിക്കും/ അവർക്കെന്നും ജീവിതം പരസേവ എന്ന് ഭക്തിപ്രസ്ഥാന നായകനായ കബീർ സാക്ഷ്യപ്പെടുത്തിയതൊന്നും ഭോലെ ബാബ മോഡൽ ഹൈടെക് ഭക്തിക്ക് ബാധകമല്ല. ഭക്തി ആശ്രമം സത്സംഗമം എന്നതൊക്കെ അവരെ സംബന്ധിച്ചിടത്തോളം സ്വന്തം നെറ്റിയിലൊട്ടിച്ച പരസ്യങ്ങളാണ്. അല്ലായിരുന്നുന്നെങ്കിൽ നിസ്സഹായരായ, അവരെ വിശ്വസിച്ചെത്തിയ മനുഷ്യർക്ക് നേരിട്ട അപകടത്തിൽനിന്ന് ഇപ്രകാരം അവർ ഒളിച്ചോടുകയില്ലായിരുന്നു. അതിനുപകരം എവിടേക്കോ മുങ്ങിയശേഷം ഈ രക്തത്തിൽ തനിക്കൊരു പങ്കുമില്ലെന്ന് ഒരു ചങ്കിടിപ്പുമില്ലാതെ, ഒരു ചളിപ്പുമില്ലാതെ വിളിച്ചു പറയുകയാണ് ബാബ ചെയ്തത്! മരിച്ചവരുടെ കുഴിമാടങ്ങൾക്കരികെനിന്ന് പരേതാത്മാക്കളുടെ മോക്ഷത്തിനുവേണ്ടി ഒരു പ്രാർഥനക്കെങ്കിലും പ്രതീകാത്മകമായി അദ്ദേഹം നേതൃത്വം നൽകിയിരുന്നെങ്കിൽ, സങ്കടങ്ങളുടെ കൊടും ഇരുട്ടിലും കുറച്ചെങ്കിലും പ്രകാശം അവിടെ പരക്കുമായിരുന്നു. അതുണ്ടായില്ല. മനുഷ്യർ എത്ര നിലവിളിച്ചിട്ടും ബാബയുടെ ലോകത്തുനിന്ന് മാനുഷികമായ ഒരു പ്രതികരണവും ഉണ്ടായില്ല. കനത്ത പ്രതിഷേധം ഉണ്ടാവുന്നില്ലെങ്കിൽ ഉറപ്പ്, അവിടെനിന്ന് ഇനി പ്രത്യേകിച്ച് ഒന്നുമുണ്ടാവാനും പോകുന്നില്ല!
മുമ്പൊക്കെ ഒരാശ്രമം എന്ന് കേൾക്കുമ്പോൾ വിശ്വാസികൾ അതിന്റെ പവിത്രതയെക്കുറിച്ചോർത്തും, അതിലത്ര വിശ്വാസികളല്ലാത്തവരും മതരഹിതരും അതിന്റെ കാവ്യാത്മക ലാളിത്യത്തെക്കുറിച്ചോർത്തും കോരിത്തരിക്കുമായിരുന്നു. എന്നാലിപ്പോൾ ഭോലെ ബാബ മോഡൽ നവആഡംബര ആശ്രമങ്ങളിൽനിന്നും ലാളിത്യം മാത്രമല്ല, ഒരപകടസന്ദർഭത്തിൽ പുലർത്തേണ്ട സാമാന്യ മര്യാദപോലും അപ്രത്യക്ഷമായിരിക്കുന്നു. കഞ്ഞിപാർച്ചയും സൗജന്യചികിത്സയും ധൂർത്തമാംവിധം സദുപദേശങ്ങളും നൽകുമ്പോഴും, മൗലികമായി മനുഷ്യർക്കാവശ്യമുള്ള മനുഷ്യപ്പറ്റ് അതിൽനിന്നും ചോർന്നുപോയിരിക്കുന്നു. സ്വന്തം വിളക്കാവാനുള്ള പരിശീലനമല്ല, നിർമലരാവാനുള്ള നിർദേശമല്ല, സ്വന്തം കാലിനടിയിലെ മണ്ണ് വാരുംവിധം മനുഷ്യരെ അടിമകളാക്കാനുള്ള പരോക്ഷ നിർബന്ധങ്ങളാണ്, നിർബന്ധങ്ങളൊന്നുമില്ലെന്ന മട്ടിൽ നടപ്പാക്കപ്പെടുന്നത്! ഹാഥ്റസിൽ നടന്ന ദുരന്തംപോലും ഭോലെ ബാബയുടെ ആഗ്രഹപ്രകാരം നടന്നതാണെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അടിമക്കൂട്ടങ്ങൾ സത്യത്തിൽ ഹാഥ്റസിൽ ഇപ്പോൾ നടന്ന ദുരന്തത്തേക്കാൾ വലിയ സാമൂഹിക ദുരന്തമാണ്. നിരവധിപേർ മരിച്ചു. അത് സംഭവിക്കേണ്ടതായിരുന്നു. ബാബയുടെ ഇച്ഛയാണിത്. മരിക്കേണ്ടവർ വീട്ടിലായാലും മരിക്കും. ബാബയെ ഭയപ്പെടുകയും ആരാധിക്കുകയും ചെയ്താൽ രക്ഷപ്പെടും. ആളുകൾ വീഴാൻ തുടങ്ങിയതോടെ വേദിവിടുന്നവർ രക്ഷപ്പെടുമെന്ന് ബാബ പറഞ്ഞിരുന്നു എന്ന ബാബഭക്തന്റെ ഹാഥ്റസ് ദുരന്താനന്തര സന്ദേശം പങ്കുവെക്കുന്നത് ക്രൂരവും ലജ്ജാകരവുമായ തൊമ്മി മാനസികാവസ്ഥയാണ്. കേവലം മൺതുരുമ്പിൽ കിടപ്പൂ ദേവലോകം തുറക്കും താക്കോൽ എന്ന് മുമ്പ് വൈലോപ്പിള്ളി. അത് എക്കാലത്തെയും ആത്മബോധമുള്ള മണ്ണിന്റെ മക്കൾക്കുള്ള അഭിവാദ്യമായിരുന്നു. എന്നാലിപ്പോൾ ഹാഥ്റസിലെ ഭോലെ ബാബയുടെ കാൽപാദം പതിഞ്ഞ മണ്ണ്, കുഴിമാടങ്ങളിലേക്കുള്ള ഒരു നിസ്സഹായജനതയുടെ വീഴ്ചയായി മാറുകയാണുണ്ടായത്.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.