പോർചുഗീസുകാർക്കെതിരെ പോരാടി വീരമൃത്യു വരിച്ച 17 ധീരരുടെ കഥ രാമന്തളിക്ക് പറയാനുണ്ട്. ചരിത്രം വലിയ രീതിയിൽ രേഖപ്പെടുത്താതെ പോയ ഒരു നാടിന്റെ പോരാട്ടചരിത്രം പറയുകയാണ് ലേഖകൻ.പയ്യന്നൂരിനെയും രാമന്തളിയെയും വേർതിരിക്കുന്നത് കവ്വായി കായലാണ്. കായലിന്റെ കൈവഴിയായ പുന്നക്കടവ് പുഴക്കു കുറുകെയുള്ള പാലം കടന്നാൽ രാമന്തളിയായി. പാലത്തിൽനിന്ന് തെക്കുഭാഗത്തേക്ക് നോക്കിയാൽ രാമന്തളിയുടെ ചരിത്രനിർമിതിയുടെ അടയാളമായി നീണ്ടുനിവർന്നു...
പോർചുഗീസുകാർക്കെതിരെ പോരാടി വീരമൃത്യു വരിച്ച 17 ധീരരുടെ കഥ രാമന്തളിക്ക് പറയാനുണ്ട്. ചരിത്രം വലിയ രീതിയിൽ രേഖപ്പെടുത്താതെ പോയ ഒരു നാടിന്റെ പോരാട്ടചരിത്രം പറയുകയാണ് ലേഖകൻ.
പയ്യന്നൂരിനെയും രാമന്തളിയെയും വേർതിരിക്കുന്നത് കവ്വായി കായലാണ്. കായലിന്റെ കൈവഴിയായ പുന്നക്കടവ് പുഴക്കു കുറുകെയുള്ള പാലം കടന്നാൽ രാമന്തളിയായി. പാലത്തിൽനിന്ന് തെക്കുഭാഗത്തേക്ക് നോക്കിയാൽ രാമന്തളിയുടെ ചരിത്രനിർമിതിയുടെ അടയാളമായി നീണ്ടുനിവർന്നു കിടക്കുന്ന ഏഴിമല കാണാം. പഴന്തമിഴ് പാട്ടുകളിലെ നന്നനും പിന്നീട് മൂഷകരാജാക്കന്മാരും വാണ വിശാലമായ രാജ്യത്തിന്റെ തലസ്ഥാനം. പഴന്തമിഴ് കവികളായ പരണരും അഴിശ്ശിയും മഹാകാവ്യങ്ങൾ രചിച്ച മണ്ണ്. ഇബ്നു ബത്തൂത്തയുൾപ്പെടെയുള്ള സമുദ്രസഞ്ചാരികളുടെ ഹൃദയത്തിൽ ഇടംനേടിയ ചരിത്രഭൂമിക. ഏഴിമലയുടെ വിശേഷണങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. വർത്തമാനകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രത്തിലൂടെ അതങ്ങനെ ചരിത്രം നിർമിച്ചുകൊണ്ടേയിരിക്കുന്നു.
അറബിക്കടലിൽനിന്ന് റാഞ്ചിയെടുത്ത കുളിർക്കാറ്റ് മാത്രമല്ല, സഹസ്രാബ്ദങ്ങൾക്കു പിന്നിൽനിന്ന് തുടങ്ങിയ ചരിത്രവും സംസ്കാരവുംകൂടി കുറെയധികം സംഭാവനകൾ രാമന്തളിക്കു നൽകുന്നുണ്ട് ഈ ഏഴു മലനിരകൾ. പ്രകൃതി അതിന്റെ സമസ്ത സൗന്ദര്യവും നൽകി അണിയിച്ചൊരുക്കിയ പ്രദേശംകൂടിയാണ് മല. കരയിൽനിന്ന് കടലിലേക്കിറങ്ങി നിൽക്കുന്ന ഏഴിമല നാവിക അക്കാദമിയിലൂടെ വർത്തമാനകാലത്തും പ്രൗഢി നിലനിർത്തി വിരാജിക്കുന്നുണ്ട്.
പുന്നക്കടവ് പാലം കടന്ന് രാമന്തളിയിലെത്തിയാൽ തൽക്കാലം ഏഴിമലയുടെ മനോഹര കാഴ്ചയോട് വിടപറയാം. ഇവിടെനിന്നാണ് കടലും കായലും കരയും സല്ലപിക്കുന്ന ചരിത്രഭൂമികയായ രാമന്തളിയുടെ വടക്കെ അതിർത്തിയിലുള്ള വടക്കുമ്പാട് ഭാഗത്തേക്ക് പോകേണ്ടത്. രാമന്തളിയുടെ മണ്ണിന് സ്വതവേ ഇളംചുവപ്പാണ്. ഇന്ത്യയിൽ വൈദേശിക അധിനിവേശത്തിനെതിരെയും മതവൈരത്തിനെതിരെയും ആയുധമെടുത്ത് പോരാടിയ 17 ധീരന്മാരുടെ ചോര വീണ് ഒഴുകിയൊടുങ്ങിയതുകൊണ്ടായിരിക്കാം മണ്ണിന് ഇപ്പോഴും ചുവപ്പുരാശിയെന്ന് വിശ്വസിക്കാനാണ് തോന്നിയത്. പേക്ഷ, ചരിത്രം ഈ രക്തവർണം കാണാതെ പോയി എന്നത് ഒരു ദുഃഖസത്യം.
പറങ്കികൾ താവളമടിച്ച കോട്ടപ്പറമ്പ്
ഇല്ലാത്ത കഥകൾ മെനഞ്ഞും മിത്തുകളെ യാഥാർഥ്യവത്കരിച്ചും ചരിത്രം വികലവത്കരിക്കപ്പെടുകയും ചെയ്യുന്നതാണ് സമകാലിക ഇന്ത്യയിലെ ‘സത്യം’. ഇല്ലാക്കഥകൾ പാടി അവയെ നാടിന്റെ ചരിത്രത്തോടൊപ്പം ചേർത്തുനിർത്തിയ മുഖ്യധാരാ ചരിത്രകാരന്മാർ മുമ്പേ വെട്ടിമാറ്റിയ കഥ രാമന്തളിക്കു പറയാനുണ്ട്. രാമന്തളിയുടെ അഥവാ ഏഴിമലയുടെ വൈദേശിക അധിനിവേശത്തിനെതിരെ നടന്ന ആദ്യ ചെറുത്തുനിൽപിന്റേതാണ് ആ കഥകൾ. വടക്കുമ്പാട്ടെ തൊട്ടുരുമ്മി നിൽക്കുന്ന ജുമാമസ്ജിദിനും ക്ഷേത്രത്തിനും സമീപത്തെ കോട്ടപ്പറമ്പിലെ മൺതരികൾപോലും ആ ചരിത്രം ഇപ്പോഴും വിളിച്ചുപറയുന്നുണ്ട്. നാട്ടുകാർ മണ്ണു കിളക്കുമ്പോഴും മറ്റും ഇരുമ്പുപകരണങ്ങളിൽ തട്ടി ശബ്ദമുണ്ടാക്കുന്ന പീരങ്കി ഉണ്ടകളിലൂടെ, തുരുമ്പെടുത്ത് മണ്ണിനോട് ചേർന്നുനിൽക്കാൻ തയാറെടുക്കുന്ന വാളുകളിലൂടെ, മറ്റ് ആയുധങ്ങളിലൂടെ... ഇതിന് പുറമെ കോട്ടപ്പറമ്പിന്റെ പേരിലുമുണ്ട് അതിന്റെ ശേഷിപ്പ്.
കോട്ടപ്പറമ്പിൽനിന്ന് പലപ്പോഴായി കണ്ടെടുത്ത പീരങ്കിയുണ്ടകളും വാളും
പോർചുഗീസുകാർ കോട്ട പണിത സ്ഥലമാണത്രെ കോട്ടപ്പറമ്പ്. എന്നാൽ, കോട്ട പണിയാനെത്തിയ പറങ്കികൾക്ക് അതെളുപ്പമായിരുന്നില്ലെന്നും അതിന് നാടും പറങ്കിപ്പടയും വലിയ വില കൊടുക്കേണ്ടിവന്നുവെന്നുമുള്ള ചരിത്രം പലർക്കും അറിയില്ല. അഥവാ അറിഞ്ഞവർ അത് ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയി. കേരളത്തിലെ ചില ചരിത്രകാരന്മാരെങ്കിലും പലപ്പോഴും അത്യുത്തര കേരളത്തെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്താറുണ്ട്. അത്തരമൊരു മാറ്റിനിർത്തിയ ചരിത്രമാണ് രാമന്തളിയുടേത്.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 333 വർഷം മുമ്പേ രാമന്തളിയിൽ വിദേശികൾക്കെതിരെ പോരാട്ടം നടന്നിരുന്നു. 1524ൽ പോർചുഗീസുകാർക്കു നേരെയായിരുന്നു അത്. 1498ൽ വാസ്കോ ഡ ഗാമ ഇന്ത്യൻ തീരത്ത് എത്തിയപ്പോൾ ആദ്യം ദൃഷ്ടിയിൽപ്പെട്ട ഇന്ത്യൻ ഭൂപ്രദേശം ഏഴിമലയായിരുന്നു. വാസ്കോഡ ഗാമയുടെ രണ്ടാം വരവിൽ താവളമുറപ്പിച്ചത് ഏഴിമല രാമന്തളിയിലായിരുന്നു. ഈ സന്ദർഭത്തിലാണ് പോരാട്ടം നടന്നത്. അക്കാലത്ത് കേരളത്തിൽ ജീവിച്ച പണ്ഡിതൻ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ അറബിയിൽ രചിച്ച കേരളത്തിന്റെ പ്രഥമ ചരിത്രഗ്രന്ഥമെന്ന വിശേഷണമുള്ള ‘തുഹ്ഫത്തുൽ മുജാഹിദീനി’ലാണ് ഗാമയുടെ അനുയായികളും നാട്ടുകാരും തമ്മിൽ രാമന്തളിയിൽ നടന്ന പോരാട്ടത്തെ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, പിന്നീടു വന്ന ചരിത്രകാരന്മാരെല്ലാം ഈ സംഭവത്തെ വെട്ടിനിരത്തുകയായിരുന്നു. ഗാമ ഇന്ത്യൻ തീരത്തോടടുക്കുമ്പോൾ ആദ്യം കണ്ട പ്രദേശം ഏഴിമലയായിരുന്നുവെന്ന സത്യവും പലരും പറയാറില്ല. എന്നാൽ, കണ്ണൂരും ഏഴിമലയും കേന്ദ്രീകരിച്ചായിരുന്നു പോർചുഗീസുകാരുടെ പടനീക്കമെന്ന് ഇന്ത്യയിലെ പോർചുഗൽ വൈസ്രോയി ആയിരുന്ന അൽബുക്കർക്കിന്റെ മകൻ ബ്രാസ് ഡ അബൂക്കർ രചിച്ച ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാമന്തളി ജുമാമസ്ജിദിന്റെയും പൂമാല ഭഗവതി ക്ഷേത്രത്തിന്റെയും കവാടങ്ങൾ
1524ൽ ഏഴിമലയിൽ പോർചുഗീസുകാരുമായി മുസ്ലിംകൾ യുദ്ധംചെയ്തുവെന്ന് രേഖപ്പെടുത്തിയ ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന ചരിത്രഗ്രന്ഥത്തിൽ വിവരിച്ച രാമന്തളിയിലെ പോരാട്ടത്തെക്കുറിച്ച് പഠിക്കാനോ അത് മറ്റ് സമാന ചരിത്രവസ്തുതകളോടൊപ്പം ചേർത്തുനിർത്താനോ ഉള്ള ശ്രമം അടുത്തകാലം വരെ ഉണ്ടായില്ല. ഏഴിമലയുടെ താഴ്വരയായ രാമന്തളിയിൽ അന്ന് മുസ്ലിം കുടുംബങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. മുസ്ലിംകളെ അഥവാ അറബി കച്ചവടക്കാരെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെത്തിയ പറങ്കികൾ രാമന്തളിയിൽ താവളമുറപ്പിച്ചത് തദ്ദേശവാസികളായ മുസ്ലിം കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയായി. മറ്റെല്ലായിടങ്ങളിലുമെന്നപോലെ ഗാമയുടെ അനുയായികളുടെ ഇസ്ലാമികവിരുദ്ധത ഇവിടെയും പ്രകടമായിത്തുടങ്ങി. ക്രൂരത കൂടിയതോടെ പറങ്കിപ്പടയോട് പൊരുതാൻതന്നെ മുസ്ലിം സമുദായം തീരുമാനിച്ചു. കേരള മുസ്ലിംകളുടെ ആത്മീയ നേതാവായിരുന്ന ഹസ്റത്ത് സൈനുദ്ദീൻ മഖ്ദൂമിന്റെ ആഹ്വാനവും ഇവിടെ പ്രചോദനമായിട്ടുണ്ടാകാം.
10 കുടുംബങ്ങളിൽനിന്നായി 17 യുവാക്കളായിരുന്നു പോരാളികൾ. ഇവരുടെ നായകനായി പടനയിച്ചത് പോക്കർ മൂപ്പർ. പടനായകനു പുറമെ പരി, ഖലന്തർ, പരി, കുഞ്ഞിപ്പരി, കമ്പർ, അബൂബക്കർ, അഹ്മദ്, ബാക്കിരി ഹസൻ, ചെറിക്കാക്ക തുടങ്ങി 10 യോദ്ധാക്കളുടെ പേരുകളാണ് ഇപ്പോൾ അറിയപ്പെടുന്നത്. എന്നാൽ, 17 പേരുടെ മഖ്ബറ രാമന്തളി ജുമാമസ്ജിദിന് മുന്നിൽ സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് 17 പോരാളികൾ ഉണ്ടായിരുന്നതായി ഉറപ്പിക്കാൻ കാരണം.
വൃദ്ധജനങ്ങളെയും സ്ത്രീകളെയും കുട്ടികളെയും സമീപഗ്രാമങ്ങളായ കുഞ്ഞിമംഗലം, പടന്ന, തൃക്കരിപ്പൂർ എന്നീ പ്രദേശങ്ങളിലേക്ക് മാറ്റിയതിനുശേഷമായിരുന്നു യുദ്ധം തുടങ്ങിയത്.പരിമിതമായിരുന്നു രാമന്തളിക്കാരുടെ ആയുധബലവും ആൾബലവും. എന്നാൽ, അത്യാധുനിക ആയുധവും ആളുമുള്ള പറങ്കിപ്പടയിലെ നിരവധി പേരെ കാലപുരിക്കയക്കാൻ അവർക്കായി. മരണം വരെ 17 പേരും പോരാടി. ഒടുവിൽ 17 പേരെയും പറങ്കികൾ വെട്ടിനുറുക്കി സമീപത്തെ കിണറ്റിലെറിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്. രാമന്തളിയിൽ ജനിച്ചുവളർന്ന ഇവരുടെ കുടുംബപരമ്പരയിൽപെട്ടവരാണ് ഇന്നത്തെ മുസ്ലിംകളിൽ ഭൂരിഭാഗവും. പ്രദേശത്തെ മുസ്ലിം തറവാടുകളിൽ ഒന്നാം തറവാട് എന്നറിയപ്പെടുന്ന കുട്വൻപീടിക തറവാട്ടിലെ അംഗമായിരുന്നു പടനായകനായ പോക്കർ മൂപ്പർ. പടയാളികളുടെ പന്ത്രണ്ടോളം തറവാടുകൾ ഇന്നും അതേ പേരിൽ അറിയപ്പെടുന്നു എന്നതും ശ്രദ്ധേയം.
ചരിത്രം വീണ്ടെടുത്ത അധ്യാപകൻ
‘തുഹ്ഫത്തുൽ മുജാഹിദീനി’ൽ ഏഴിമലയിൽ 1524ൽ നടന്ന പോരാട്ടത്തെക്കുറിച്ച് പരാമർശമുണ്ടെങ്കിലും ഇതേക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ഉണ്ടായിട്ടില്ല. നാട്ടിൽ തലമുറകളായി പ്രചരിച്ചുവന്ന ചില നേർച്ചപ്പാട്ടുകളിലും മറ്റും പോരാട്ടകഥകൾ സ്ഥാനംപിടിച്ചിരുന്നു. എന്നാൽ, ഇതെല്ലാം മിത്തുകളായും അന്ധവിശ്വാസങ്ങളായും മാത്രം പരിഗണിക്കപ്പെട്ടു. പോരാളികൾ മുസ്ലിംകളായതും അരികുവത്കരണത്തിനുള്ള കാരണമായിരുന്നിരിക്കാം.
വർഷംതോറുമുള്ള 17 ശുഹദാ മഖാം ഉറൂസിൽ മാത്രമായി ഒതുങ്ങി രാമന്തളിയുടെ നൂറ്റാണ്ടുകൾ പിന്നിട്ട പോരാട്ടചരിത്രം.എന്നാൽ, ഒന്നര പതിറ്റാണ്ട് മുമ്പ് 17 ഖബറിടങ്ങളുടെയും ചരിത്രം തേടിയിറങ്ങിയത് റിട്ട. അധ്യാപകനും എഴുത്തുകാരനുമായ, അടുത്തകാലത്ത് മരണപ്പെട്ട, രാമന്തളിയിലെ കെ.കെ. അസൈനാർ മാസ്റ്ററായിരുന്നു. പറഞ്ഞുകേട്ട യുദ്ധത്തെയും പാടിക്കേട്ട പോരാളികളെയും കണ്ടെത്താൻ ‘തുഹ്ഫത്തുൽ മുജാഹിദീനി’ന്റെ ഒറ്റവരിയിൽ ഒതുങ്ങിയ പോരാട്ടചരിത്രത്തിന്റെ പിൻബലത്തോടെയായിരുന്നു അന്വേഷണം. ഒടുവിൽ അസൈനാർ മാസ്റ്റർ മിത്തിൽനിന്നും അന്ധവിശ്വാസത്തിൽനിന്നും മോചിപ്പിച്ച് ഏഴിമലയുടെ പ്രാന്തപ്രദേശമായ രാമന്തളിയെ രക്തംകൊണ്ടു ചുവപ്പിച്ച പോരാട്ടത്തെ ചരിത്രത്തിലേക്ക് പിടിച്ചുയർത്തി. 2006ൽ പ്രസിദ്ധീകരിച്ച ‘ചരിത്രം തമസ്കരിച്ച പോരാട്ടം’ എന്ന പുസ്തകത്തിലൂടെയാണ് മാസ്റ്റർ മണ്ണടിഞ്ഞ ചരിത്രത്തെ വീണ്ടെടുത്തത്. 2014ൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ച ‘തുഹ്ഫത്തുൽ മുജാഹിദീൻ’ ബഹുഭാഷാ വിവർത്തനത്തിന്റെ ദേശീയതല പ്രകാശനം രാമന്തളിയിൽ നടന്നത് മാസ്റ്ററുടെ ചരിത്രയാത്രയുടെ വലിയ അംഗീകാരമായി വിലയിരുത്താം.
ഏഴിനാട് സമുദ്രത്തിലേക്ക് തള്ളിനിൽക്കുന്ന ഒരു ശൈലപ്രദേശമാകയാൽ വളരെ അകലെനിന്ന് കാണാം. ഇന്ത്യയുടെ കരയിൽ ആദ്യമായി കണ്ട സ്ഥലം ഇതാണെന്ന് വാസ്കോ ഡ ഗാമ പറഞ്ഞതായും ഇതൊരു തന്ത്രപ്രധാനമായ സ്ഥലമായതിനാൽ അവിടെയൊരു കോട്ട കെട്ടേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം മനസ്സിൽ കുറിച്ചിട്ടതായും വേലായുധൻ പണിക്കശ്ശേരി ‘കേരളചരിത്രത്തിന്റെ ഉള്ളറകളിലേക്ക്’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാമ ഗവർണർ ജനറലായശേഷം എ.ഡി 1524ൽ ആണ് ആഗ്രഹം നിറവേറ്റിയതെന്നും അദ്ദേഹം പറയുന്നു. രാമന്തളിയിലെ പോരാട്ട ചരിത്രത്തിന് ഈ നിരീക്ഷണം കൂടുതൽ സാധൂകരണം നൽകുന്നുണ്ട്.
ഈ പ്രദേശത്തുവെച്ചു തന്നെയാണ് ഹജ്ജ് കഴിഞ്ഞുവരുന്നവരെ ഗാമ കപ്പൽ ആക്രമിച്ച് കൊലപ്പെടുത്തിയതും. എ.ഡി 1502 ഒക്ടോബർ രണ്ടിനായിരുന്നു ആ സംഭവം നടന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 435 പേരാണ് ഹജ്ജ് യാത്രാസംഘത്തിലുണ്ടായിരുന്നത്. ഗാമയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവിൽ കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണ് കപ്പൽ കണ്ടത്. കോഴിക്കോട്ടെ വർത്തക പ്രമുഖനായിരുന്ന ഖാജാ ഖാസിമിന്റെ അനുജൻ ഖാജാ സയ്യിദിന്റേതായിരുന്നു കപ്പൽ. ഈജിപ്ത് സുൽത്താന്റെ പ്രതിനിധിയായി കോഴിക്കോട്ടേക്ക് പുറപ്പെട്ട ജാവർബേഗും കപ്പലിലുണ്ടായിരുന്നുവത്രെ. കപ്പലിലുണ്ടായിരുന്ന എല്ലാവരെയും മൃഗീയമായി കൊലപ്പെടുത്തിയാണ് കൊള്ള നടത്തിയത്. ഇതിനു തുടർച്ചയായിരുന്നു 1524ൽ നടന്ന രാമന്തളിയിലെ പോരാട്ടവും.
ഖബറിൽ നിശ്ശബ്ദമായുറങ്ങുന്നുണ്ട് 17 പോരാളികളും. ഇവിടെനിന്ന് പലപ്പോഴായി ലഭിച്ച പടക്കോപ്പുകളും വാളുകളും ഖബറിടത്തിനരികിൽ കണ്ണാടിക്കൂട്ടിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഖബറിടവും ആയുധങ്ങളും കണ്ട് ചരിത്രനിലമായ കോട്ടപ്പറമ്പിലൂടെ തെക്കോട്ട് തിരിച്ചിറങ്ങുമ്പോൾ പലദിക്കുകളിലേക്കുമായി നീണ്ടുപോകുന്ന പരിഷ്കാരം തീണ്ടാത്ത നിരവധി നാട്ടുവഴികൾ കാണാം. ഈ വഴികളിലൂടെ നടക്കുമ്പോൾ പോക്കർ മൂപ്പനും പരിയും അബൂബക്കറുമൊക്കെ അറിയാതെ മനസ്സിലേക്ക് കടന്നുവരുന്നു. ചരിത്രം രചിച്ചവരായിരുന്നു 17 പോരാളികളും. അധിനിവേശപോരാട്ടത്തിന് വിത്തിട്ടവർ. പക്ഷേ, ആ ഖബറിടങ്ങളെ ആരാധനയുടെ പരിമിതിയിൽ തളച്ചിട്ട് അവരുടെ പിന്മുറക്കാരും ചരിത്രത്തോട് കാണിച്ചത് പൊറുക്കാനാവാത്ത നീതികേട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.