പൊന്നാനി: മഴക്കാലമായാൽ പൊന്നാനി നഗരസഭ ലൈബ്രറിയിലെത്തുന്നവർ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. കാൽ തെന്നിവീഴാൻ എല്ലാ സാധ്യതയുമുണ്ട്.ഓരോ വായനദിനം കടന്നുപോകുമ്പോഴും ഉറൂബിന്റെ പേരിലുള്ള ഈ ലൈബ്രറിയുടെ അറ്റകുറ്റപണികൾ കടലാസിൽ മാത്രമാണ്. നഗരസഭ വാർഷികപദ്ധതിയിൽ പല തവണ തുക വകയിരുത്തിയിരുന്നു. ലൈബ്രറിക്ക് പുതിയ കെട്ടിടം നിർമിക്കുമെന്നും അറ്റകുറ്റപണി ഉടൻ നടത്തുമെന്നുമുള്ള പ്രഖ്യാപനങ്ങളും നടത്തി.
എന്നാൽ, ഒന്നും നടപ്പാകാത്തതിനാൽ ഉറൂബ് ലൈബ്രറി നാശത്തിന്റെ വക്കിലാണ്. മഴ പെയ്താൽ വെള്ളം ചോർന്നൊലിക്കുകയാണ്. കഴിഞ്ഞ വർഷത്തെ മഴയിൽ ലൈബ്രറിയിലുണ്ടായിരുന്ന ഷേക്സ്പിയർ സമ്പൂർണ കൃതികൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ നശിച്ചു. ശോച്യാവസ്ഥയിലായ ടോയ് ലറ്റ് അറ്റകുറ്റപണി നടത്താൻ പോലും അധികൃതർ തയാറാവുന്നില്ലെന്നാണ് പരാതി.
നഗരസഭയിലെ രണ്ടാം വാർഡിൽ പൊന്നാനി ടൗണിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ ലൈബ്രറിയുടെ പ്രവർത്തന സമയം ഉച്ച മുതൽ വൈകുന്നേരം വരെ മാത്രമാണ്. മുഴുവൻ സമയമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായിട്ടില്ല.നേരത്തെയുണ്ടായിരുന്ന മാഗസിനുകൾ ഉൾപ്പെടെ നിർത്തലാക്കുകയും ചെയ്തു.
1997 ൽ പഴയ പൊന്നാനി നഗരസഭ ഓഫിസിന് സമീപത്തായി പ്രവർത്തനമാരംഭിച്ച ലൈബ്രറിയിൽ ദിനംപ്രതി 150 ലേറെ പേരാണ് എത്തിയിരുന്നത്.എന്നാൽ, ശോച്യാസ്ഥ മൂലം അഞ്ചോ ആറോ പേർ മാത്രമാണ് ഇപ്പോൾ എത്തുന്നത്. സാംസ്കാരിക സമുച്ചയമായി തുടങ്ങിയ കെട്ടിടത്തിന് കീഴിൽ സാഹിത്യവേദി, കലാവേദി തുടങ്ങിയവയും പ്രവർത്തിച്ചിരുന്നു. ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയിൽ ഒരു താൽക്കാലിക ജീവനക്കാരി മാത്രമാണുള്ളത്.
പിൻഭാഗത്ത് പ്രവർത്തിച്ചിരുന്ന ഐ.സി.ഡി.എസ് കെട്ടിടം ഒഴിവാക്കി ലൈബ്രറി നവീകരണത്തിന് പദ്ധതി തയാറാക്കിയിരുന്നു. 6.43 ലക്ഷം രൂപ ചെലവിൽ വികസനം, പുതിയ അലമാരകൾ സ്ഥാപിക്കൽ, ആവശ്യമായ പുസ്തകങ്ങൾ, സാംസ്കാരിക പരിപാടികൾ നടത്തുന്ന ഹാൾ എന്നിവ ഒരുക്കുമെന്നായിരുന്നു വാഗ്ദാനം.അക്കാദമിക് പഠനകേന്ദ്രത്തിനാവശ്യമായ സഹായം ലഭ്യമാക്കുമെന്നും ഇ ലൈബ്രറി സ്ഥാപിച്ച് പൊതുസേവനങ്ങൾ നൽകുമെന്നുമുള്ള പ്രഖ്യാപനവും കടലാസിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.