സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കൽ എന്ന നിലയിലാണ് പൊതുവിൽ സ്വാഗത പ്രസംഗങ്ങൾ പ്രസക്തമാവുന്നത്. സുഹൃത്തുക്കളേ എന്ന സ്വാഗത പ്രഭാഷകന്റെ ആ ഒരൊറ്റ വിളിയോടെ സദസ്സ് നിശ്ശബ്ദമാവും. വേദിയിലിരിക്കുന്നവരെ പരിചയപ്പെടുത്തിയും അത്യാവശ്യമെങ്കിൽ അവരെയൊന്ന് നന്നായി പ്രശംസിക്കുകയും ചെയ്യുന്നതോടെ സ്വാഗതപ്രസംഗം അവസാനിക്കുകയും ചെയ്യും. അതൊരിക്കലും അധികം നീളുന്നത് സദസ്സ് സഹിക്കില്ല. എന്നാൽ അപൂർവം ചില സ്വാഗത പ്രസംഗങ്ങൾ, ഇതിൽനിന്ന് വ്യത്യസ്തമായി സമ്മേളനലക്ഷ്യം സംഗ്രഹിച്ച് അവതരിപ്പിക്കുന്ന, അന്വേഷണാത്മക ആവിഷ്കാരങ്ങളായി തീരും. സദസ്സും ആ അർഥത്തിൽതന്നെ അതിനെ സ്വീകരിക്കുകയും ചെയ്യും.
ആവിധമുള്ള അന്വേഷണാത്മക സ്വാഗതപ്രഭാഷണത്തിന്റെ ഗംഭീര ആമുഖമായി മാറിയ ഒന്നാണ് 1924 മാർച്ച് 1, 2 തീയതികളിൽ ആലുവയിലെ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തെ അഭിമുഖീകരിച്ച് സത്യവ്രതസ്വാമികൾ നിർവഹിച്ച സ്വാഗതഭാഷണം. അതിലെ ഓരോ വാക്കിലും വിടർന്നത് സൗഹൃദത്തിന്റെ സുഗന്ധമാണ്. തർക്കത്തിന് ബർക്കത്തില്ല. ഒരുമക്ക് ഒമ്പതല്ല അതിലുമെത്രയോ ബർക്കത്ത് ഉണ്ട് എന്നതിലാണത് നിർവൃതമായത്. അതോടൊപ്പം, ആ സ്വാഗതഭാഷണത്തിലെ ആശയങ്ങളോട് യോജിക്കാനെന്നപോലെ വിയോജിക്കാനുള്ള അവകാശവും, അതുൾക്കൊണ്ടു.
വരാനിരിക്കുന്ന ഏതൊക്കെയോ വിപത്തുകൾക്കെതിരെ സാംസ്കാരിക കേരളം പതിറ്റാണ്ടുകൾക്കുമുമ്പേ പുലർത്തിയ പ്രബുദ്ധതയുടെ പ്രകടനപത്രികയായി മാറിയ ആ പ്രഭാഷണത്തിൽ പൊതുവിൽ നവോത്ഥാനത്തിന്റെ ആശയങ്ങളാണ് ആവർത്തിക്കപ്പെട്ടത്. ശ്രീനാരായണഗുരു ആവിഷ്കരിച്ച കവിതാമത കാഴ്ചപ്പാടിന്റെ സൗമ്യദീപ്ത മധുരമാണ് സത്യവ്രതസ്വാമികളുടെ വാക്കുകളിൽ ഒത്തൊരുമിച്ച് നൃത്തംവെച്ചത്. പരസ്പരം മനസ്സിലാക്കാതെ അകന്ന് ജീവിക്കുമ്പോഴുണ്ടാകുന്ന മുൻവിധികൾ മാറ്റിവെച്ച്, അടുപ്പം ആഘോഷിക്കാനാണത് ആഹ്വാനം ചെയ്തത്.
സ്വയം പറയാനും, അതോടൊപ്പം അത്രതന്നെ പ്രാധാന്യത്തോടെ മറ്റുള്ളവരെ കേൾക്കാനും തയാറാവേണ്ടതിന്റെ ആവശ്യകതയാണതിൽ ത്രസിച്ചത്. അഗാധമായ അന്വേഷണങ്ങൾക്ക് ഊർജംപകരുന്ന സർഗാത്മക മൗനത്തിന്റെ മാസ്മരിക ലോകങ്ങളിൽവെച്ച്, ഒന്നും പ്രത്യേകിച്ച് പറയാതെതന്നെ എല്ലാവരും എല്ലാം മനസ്സിലാക്കുന്ന ഒരവസ്ഥയെയാവണമത് കിനാവ് കണ്ടത്. പലമതസാരവുമേകം എന്ന കാഴ്ചപ്പാടിന് പലവിധേന കരുത്ത് പകരാനുള്ള, ഊർജമാണ് അത് ഉൽപാദിപ്പിച്ചത്.
‘ഒന്നിനോടൊന്നൊരു മതവും പൊരുതി ജയിപ്പത് അസാധ്യം’ എന്ന എക്കാലവും മാനവികത കാത്തുസൂക്ഷിക്കേണ്ട മഹാസന്ദേശമാണതിൽ നിറഞ്ഞത്. മാനവരാശിയുടെ പൊതുസ്വത്തായി പരിഗണിക്കേണ്ട മഹാതത്ത്വങ്ങളെ സ്വകാര്യസ്വത്താക്കി സങ്കുചിതമാക്കുന്നതിനെതിരെയുള്ള കരുതലാണതിലെ ഓരോ വാക്കിൽനിന്നും സിന്ദാബാദ് വിളിച്ചത്. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ആ സ്വാഗതപ്രസംഗം, അഭിമാനകരമായൊരു സാംസ്കാരിക ആവിഷ്കാരത്തിന്റെ നിറപ്പൊരുളായി പ്രകാശം ചൊരിഞ്ഞ് ഇന്നും നിലകൊള്ളുന്നത്, കാലുഷ്യത്തിന്റെ കാലത്ത് സൗഹൃദം കിനാവ് കാണുന്ന ആരെയും ആവേശഭരിതമാക്കും.
സത്യത്തിൽ വിവേകാനന്ദന്റെ പ്രശസ്തമായ 1893ലെ ഷികാഗോയിലെ സർവമത സമ്മേളനത്തിലെ പ്രസംഗത്തേക്കാൾ, സാഹോദര്യമാനദണ്ഡം മാത്രംവെച്ച് പരിശോധിച്ചാൽ മുന്നിൽനിൽക്കുന്നത് ഗുരുവിന്റെ മാർഗനിർദേശകത്വത്തിന്റെ ഭാഗമായി സത്യവ്രതസ്വാമികൾ 1924ൽ സർവമതസമ്മേളന ലക്ഷ്യം സംഗ്രഹിച്ച് നടത്തിയ ശ്രദ്ധേയമായ ആ സ്വാഗതപ്രസംഗമാണ്.
ഹിന്ദുമതസ്പർശമുള്ള അപൂർവം പ്രയോഗങ്ങൾ അതിലുണ്ടെങ്കിലും, മൃദുതലത്തിലുള്ള അന്യമത വിമർശനംപോലും അതിലില്ല. എന്നാൽ, വിവേകാനന്ദസ്വാമിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രഭാഷണത്തിൽ, ശ്രദ്ധേയമായ, മനുഷ്യത്വത്തിന്റെയാകെ ശിരസ്സ് ഉയർത്തിപ്പിടിക്കാനാവശ്യമായ നിരവധി ആശയങ്ങൾ ഉജ്ജ്വലമായി അവതരിപ്പിക്കപ്പെട്ടപ്പോഴും, അതുമായി ഇടയുന്ന ഋഷീശ്വരന്മാരുടെ നാടിനെക്കുറിച്ചുള്ള തൻപോരിമ, ഒരുതരം വിശ്വഗുരു വാദം കാണാനാവും. പടിഞ്ഞാറിന്റെ അതിശീഘ്ര ചരിത്രഗതിയിൽ സ്തംഭിച്ചുപോയ ചിന്തകരുടെ, പിൽക്കാലത്ത് ഓറിയന്റലിസം എന്ന പേരിൽ പ്രസിദ്ധമായ വിമർശനരഹിത പൗരസ്ത്യപ്രണയം വിവേകാനന്ദപ്രഭാഷണത്തിൽനിന്നും കണ്ടെടുക്കാൻ പ്രയാസമില്ല.
ഒരേ വിഷയത്തെക്കുറിച്ചാണെങ്കിൽപോലും രണ്ടു സന്ദർഭങ്ങളിൽ രണ്ട് വ്യക്തികൾ നടത്തുന്ന പ്രഭാഷണങ്ങളിൽ വ്യത്യാസങ്ങളെന്നപോലെ സാമ്യങ്ങളുമുണ്ടാവും. എന്നാൽ, സൗഹാർദം എന്ന മൗലികമായ ആശയം മാത്രം മാനദണ്ഡമായെടുത്താൽ, പല പ്രകാരങ്ങളിൽ ലോകശ്രദ്ധ അർഹിക്കുന്ന വിവേകാനന്ദസ്വാമികളുടെ ഷികാഗോ പ്രഭാഷണത്തേക്കാൾ മുന്നിലാണ്, ചുരുങ്ങിയത് അക്കാര്യത്തിലെങ്കിലും സത്യവ്രതസ്വാമികളുടെ ഏതർഥത്തിലും വേറിട്ടുനിൽക്കുന്ന സ്വാഗതപ്രസംഗം. സർവമത സമ്മേളനത്തിലെ ആ സ്വാഗതപ്രസംഗം സമ്മേളനത്തിന്റെ നയപ്രഖ്യാപനവും തുടർന്നുവരുന്ന പ്രഭാഷണങ്ങളെ ആഴത്തിൽ സ്വാധീനിക്കുംവിധം സർഗാത്മകവുമായിരുന്നു.
കാലപ്പഴക്കംകൊണ്ടും, ശീലംകൊണ്ടും വൈകാരികമായ സമർപ്പണതീവ്രതകൊണ്ടും ആത്മാർഥമായും സ്വന്തം മതം േശ്രഷ്ഠമെന്ന് കരുതുന്നതുകൊണ്ടും സാധാരണഗതിയിൽ വന്നുചേരാവുന്ന സ്വമതസ്ഥാപനവ്യഗ്രതകളെ സ്വയം ചെറുത്തുതോൽപിക്കാനുള്ള പ്രചോദനേസ്രാതസ്സെന്ന നിലയിലാണ് പ്രസ്തുത സ്വാഗതപ്രസംഗം പതിവ് സ്വാഗതപ്രസംഗ പരമ്പരകളിൽനിന്ന് വേറിട്ടുനിൽക്കുന്നത്. പ്രസ്തുത പ്രസംഗത്തിലെ അവസാനഭാഗം രണ്ടർഥങ്ങളിൽ അതീവശ്രദ്ധേയവും തുടർ അന്വേഷണങ്ങൾ ആവശ്യപ്പെടും വിധം അഗാധവുമാണ്. സ്വാമി വിവേകാനന്ദന്റെ ശങ്കരാചാര്യ വിമർശവും, മഹാത്മാ ബുദ്ധന്റെ ആശയങ്ങളുടെ വിപുലീകരണവുമാണ് പ്രസ്തുത ഭാഗത്ത് കാണുന്നത്.
ശങ്കരാചാര്യരുടെയും വിവേകാനന്ദസ്വാമികളുടെയും കാഴ്ചപ്പാടിനപ്പുറമുള്ളൊരു വിസ്തൃതിയിലാണ് ആ സ്വാഗതപ്രസംഗം അവസാനിക്കുന്നതെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. ആ പ്രസംഗത്തിൽനിന്ന്: ബുദ്ധമുനിയുടെ ഹൃദയവും ശങ്കരാചാര്യരുടെ ബുദ്ധിയും ചേർന്നെങ്കിലല്ലാതെ ഭാരതീയരുടെ മതം പൂർണമാകില്ലെന്നാണ് വിശ്വവിഖ്യാതനായ സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളത്. എന്നാൽ, ഹിന്ദുവിന്റെ ജ്ഞാനവും ബുദ്ധന്റെ കരുണയും ക്രിസ്തുവിന്റെ സ്നേഹവും മുഹമ്മദിന്റെ സാഹോദര്യവും ചേർന്നെങ്കിലല്ലാതെ ലോകശാന്തിക്ക് ഉപയുക്തമായ മനുഷ്യജാതിയുടെ മതം പൂർണമാകയില്ലെന്നാണ് ശ്രീനാരായണ പരമഹംസൻ സിദ്ധാന്തിക്കുന്നത്. സങ്കുചിത ദേശീയതയെകൂടിയാണ് സത്യവ്രത സ്വാമികൾ ഈയൊരു വാക്യത്തിലൂടെ ചോദ്യവിധേയമാക്കിയത്.
ശങ്കരാചാര്യരേക്കാൾ ബുദ്ധനെയും, ശങ്കരാചാര്യർക്കും വിവേകാനന്ദനും ഒപ്പം ശ്രീനാരായണ ഗുരുവിനെയും പ്രതിഷ്ഠിച്ച് സംവാദനൈതികത നിലനിർത്തിക്കൊണ്ടാണ് ആ സ്വാഗതപ്രസംഗം അവസാനിക്കുന്നത്. ഗുരുവിന്റെ സ്തോത്രകൃതികളിലുള്ള ഒരാശയവും പ്രഭാഷണത്തിൽ കടന്നുവന്നില്ലെന്നുള്ളതും ജാതിലക്ഷണംപോലുള്ള പ്രബോധനകൃതിയിലും ‘ആത്മോപദേശശതകം’ പോലുള്ള ദാർശനിക കൃതികളിലുമുള്ള ആശയങ്ങളാണ്, പ്രഭാഷണത്തിൽ ആവർത്തിക്കപ്പെടുന്നതെന്നുള്ളതും എടുത്തുപറയേണ്ടതില്ലാത്തവിധം വ്യക്തമാണ്.
ശാരീരികവും മാനസികവുമായ രോഗവിമുക്തിയെക്കുറിച്ചുള്ള പ്രസ്തുതപ്രഭാഷണത്തിലെ താരതമ്യത്തിലൂടെ ചികിത്സയുടെ മതനിരപേക്ഷതയാണ് തെളിയുന്നത്. വളരെ പ്രഗല്ഭരായിട്ടും മാമി വൈദ്യരെപ്പോലെയുള്ള മഹാന്മാരായ വൈദ്യപ്രതിഭകൾക്ക് അയിത്തം കൽപിച്ച് മാറ്റിനിർത്തിയതിനെതിരെയുള്ള പരോക്ഷ വിമർശനംകൂടിയാണ് ആ വൈദ്യതാരതമ്യത്തെ തിളക്കമുള്ളതാക്കുന്നത്. മാമിവൈദ്യരുടെ പേര് സത്യവ്രതസ്വാമികളുടെ പ്രഭാഷണത്തിലൊരിടത്തുമില്ല. ചികിത്സക്ക് ജാതി-മത വിവേചനമില്ലെന്ന പൊതുതത്ത്വമാണ്, ജാതി ഇന്ത്യയിൽ, അതുണ്ടായിരുന്നുവെന്ന് അറിഞ്ഞുകൊണ്ടുതന്നെ, പരനിന്ദ കടന്നുവരാത്തവിധം, ഒരൽപം പരിഹാസത്തോടെ ആ സ്വാഗതപ്രസംഗത്തിൽ കാണുന്നത്. വാചസ്പതി ടി.സി. പരമേശ്വരൻ മൂസതിന്റെ അമരകോശം പാരമേശ്വരീ വ്യാഖ്യാനത്തിന് വടക്കുംകൂർ രാജരാജവർമ എഴുതിയ അവതാരികയിലെയും ടി.സി. പരമേശ്വരൻ മൂസതിന്റെതന്നെ ആമുഖോപന്യാസത്തിലെയും അമരസിംഹനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ബുദ്ധമതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടും, സത്യവ്രതസ്വാമികളുടെ സ്വാഗതപ്രസംഗത്തിലെ ചികിത്സകളെക്കുറിച്ചുള്ള ഭാഗവും ചേർത്തുവെച്ചു നോക്കുമ്പോൾ, ആ സ്വാഗതപ്രസംഗത്തിലെ ജാതിവിമർശനം വ്യക്തമാവും.
വടക്കുംകൂർ ബുദ്ധമതക്കാരനായ അമരസിംഹനെ ബ്രാഹ്മണനായാണ് അടയാളപ്പെടുത്തുന്നത്. അതിനുപറഞ്ഞ ന്യായമോ വിചിത്രവും! അദ്ദേഹം ബുദ്ധമതക്കാരനെന്നു കാണിക്കുവാൻ വേണ്ടി പറഞ്ഞുവരുന്ന ഐതിഹ്യങ്ങൾ കൃത്രിമങ്ങളും ദുർബലങ്ങളും ആകുന്നു. ഹിന്ദുമതവിശ്വാസം കുറയുന്നവനും ബുദ്ധമതഭക്തനും ആയ ഒരാൾക്കു നിർമിക്കാവുന്നതല്ല അമരം. അതിലെ പദങ്ങൾ ശ്രുതിസ്മൃതി പുരാണാദികളോട് ബന്ധപ്പെട്ടിരിക്കുന്നവയാണ് (വടക്കുംകൂർ).വടക്കുംകൂർ പറയുന്നതാണ് നേരെങ്കിൽ നമുക്ക് മഹാന്മാരായ ഗുണ്ടർട്ടിനെയും അർണോസു പാതിരിയെയും വരെ എഴുതിത്തള്ളേണ്ടി വരും!
ശങ്കരാചാര്യരും അമരസിംഹനുമായുള്ള സംവാദത്തിൽ, ശങ്കരാചാര്യർ വിജയിക്കുക മാത്രമല്ല, തുടർന്ന് തോറ്റ അമരസിംഹൻ പട്ടിണികിടന്ന് മരിക്കുകയും ചെയ്തുവേത്ര! സത്യത്തിൽ സംവാദത്തിൽ തോറ്റാൽ ഒരാൾ മരിക്കുകയല്ല, തുടർസംവാദം നിർവഹിക്കാൻ കൂടുതൽ കരുത്താർജിച്ച് ജീവിക്കുകയാണ് വേണ്ടത്. അതാണ് വാദിക്കാനും ജയിക്കാനുമല്ലെന്ന സർവമത സമ്മേളന മുദ്രാവാക്യത്തിന്റെ പൊരുൾ! അപ്പോൾപിന്നെ ഇവിടെ സംഭവിച്ചതെന്താണ്? വേദാന്തമത സ്ഥാപകനായ ശ്രീശങ്കരാചാര്യ സ്വാമികൾ ഈശ്വരദർശനാർഥം, അമരസിംഹൻ ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടിയ കോവിലിൽ വന്നിരുന്നപ്പോൾ, കോവിലിന്റെ വാതിൽ അടച്ചിരുന്നു. അതുകണ്ടു ശങ്കരാചാര്യർ ഒരു ശ്ലോകം ചൊല്ലി. ഈ ശ്ലോകം ചൊല്ലിക്കഴിഞ്ഞപ്പോൾ പശുപതിതന്നെത്താൻ പ്രത്യക്ഷനായി.
അതിനുശേഷം ഈശ്വരദർശനം കഴിച്ചു സ്വാമികൾ മടങ്ങി, അമരസിംഹനെ കണ്ട് അദ്ദേഹവുമായി വാദം നടത്തി. അമരസിംഹൻ ഒരു തിരശ്ശീലക്കുള്ളിലും സ്വാമികൾ പുറത്തും നിന്നായിരുന്നു വാദം നടത്തിയത്. വാദം ഒരുവാരം മുഴുവൻ നടന്നു. എന്നാൽ, ജയമോ പരാജയമോ ആർക്കും ഉണ്ടായില്ല. അപ്പോൾ സംശയംതോന്നി ആചാര്യസ്വാമികൾ തിരശ്ശീല നീക്കി നോക്കിയപ്പോൾ അമരസിംഹൻ ഒന്നും മിണ്ടാതെ നിൽക്കുന്നതായും ഒരു കുടത്തിൽ ആവാഹിച്ചുവെച്ച സരസ്വതി സംസാരിക്കുന്നതായും കണ്ടു. ഉടനെ സ്വാമികൾ എടീ പാപി! നീ എന്നെ ഉപേക്ഷിച്ച് ഒരു ബൗദ്ധനെ സ്വീകരിച്ചിരിക്കുന്നുവോ? എന്നു ചോദിച്ചപ്പോൾ സരസ്വതി അവിടെനിന്നു മറഞ്ഞു. പിന്നെയുണ്ടായ വാദത്തിൽ അമരസിംഹൻ തോൽക്കുകയും, അമരസിംഹൻ ലജ്ജകൊണ്ട് പട്ടിണികിടന്ന് മരിക്കുകയും ചെയ്തു. അതിനുശേഷം എല്ലാവർക്കും ഉപകാരമുള്ള അമരഗ്രന്ഥമൊഴികെ അമരസിംഹ കവിയുടെ മറ്റുള്ള ഗ്രന്ഥങ്ങളെല്ലാം തീയിട്ടു ചുട്ടു.
ജൈന-ബൗദ്ധ മതസ്ഥന്മാരാൽ ഉണ്ടാക്കപ്പെട്ടതായ അമരകോശം, അഷ്ടാംഗ ഹൃദയം, അഷ്ടാംഗ സംഗ്രഹം എന്നീ ഗ്രന്ഥങ്ങളുടെ ഗുണാധിക്യം നിമിത്തം അവയെ പരിശീലിക്കാതിരിപ്പാനോ തള്ളി നിർത്തുവാനോ വൈദികന്മാർക്ക് കഴിവുണ്ടായിരുന്നില്ല. അതിനാൽ പരിശുദ്ധമായ ഏകാദശീവ്രതദിവസം ഈവക ഗ്രന്ഥങ്ങൾ, അന്യമതക്കാരുടെ കൃതികൾ വായിച്ചുപോകരുതെന്ന് അവർ ഒരു വ്യവസ്ഥ ചെയ്തുവെച്ചു. (അമരകോശം: ടി.സി. പരമേശ്വരൻ മൂസത്). ആശയസംവാദത്തിൽപോലും ജാതിമേൽക്കോയ്മ കെട്ടിവെച്ച ഈ ഹിംസയെയാണ്, സർവമത സമ്മേളനം പൊളിച്ചത്.
ഇനി സത്യവ്രതസ്വാമികളുടെ ഇതുമായി പരോക്ഷമായെങ്കിലും ബന്ധപ്പെട്ട പ്രസംഗഭാഗംകൂടി കാണുക, അപ്പോൾ ഇപ്പറഞ്ഞ കാര്യം വ്യക്തമാവും. അതിങ്ങനെയാണ്. രോഗി തനിക്ക് ശമനം കിട്ടുന്ന ഏതുതരം ചികിത്സാരീതിയും അതിന്റെ ഉത്ഭവം നോക്കാതെയും, അത് രൂപപ്പെടുത്തിയവരുടെ അവകാശവാദങ്ങൾ പരിഗണിക്കാതെയും സ്വീകരിക്കും. മരുന്ന് വരുന്നത് ആഫ്രിക്കയിൽനിന്നാണോ ആർഷഭാരതത്തിൽനിന്നാണോ എന്നതൊന്നും അവർക്കൊരു പ്രശ്നവുമല്ല. ശത്രുരാജ്യമെന്നോ മിത്രരാജ്യമെന്നോ ഉള്ള പരിഗണനപോലും മരുന്നുകാര്യത്തിൽ രോഗികൾക്ക് ഉണ്ടാവില്ല. ഏത് മതക്കാരുടേതായാലും മരുന്ന് നന്നായാൽ മതി എന്നാവും അവർ കരുതുക! ഈയൊരാശയമാണ് ആ സ്വാഗതപ്രസംഗത്തിൽ സത്യവ്രതസ്വാമികളും വ്യക്തമായി പറഞ്ഞത്.
പാശ്ചാത്യരായ ൈക്രസ്തവ ഭിഷഗ്വരന്മാരുടെ ചികിത്സാസമ്പ്രദായമാണ് അലോപ്പതി എന്നുള്ള വിചാരത്താൽ അത് പഠിക്കുന്നതിനോ പ്രയോഗിക്കുന്നതിനോ ഒരു ഹിന്ദു ഭിഷഗ്വരൻ മടിക്കുന്നില്ല. അതുപോലെതന്നെ ആര്യവൈദ്യം ഹിന്ദുക്കളുടെ വൈദ്യം ആണെന്ന് പറഞ്ഞ് വയസ്കര മൂസിന്റെ ചികിത്സയെ ക്രിസ്ത്യാനികൾ ആരും ഉപേക്ഷിക്കുന്നില്ല. അഷ്ടാംഗ ഹൃദയം ഒരു ബൗദ്ധഗ്രന്ഥമായതുകൊണ്ട് ഏകാദശിക്ക് വായിച്ചുകൂടാ എന്ന് മലയാള ബ്രാഹ്മണർ ഒരു കടുത്ത ഭ്രഷ്ട് അതിന് കൽപിച്ചിട്ടുണ്ടെങ്കിലും അവർ അഷ്ടാംഗ ഹൃദയം വായിക്കാതെയോ വായുമുട്ടൽ വരുന്നത് ഏകാദശിനാളിലാണെങ്കിൽ അന്ന് ധന്വന്തരി ഗുളിക സേവിക്കാതെയോ ഇരിക്കുന്നില്ല (സത്യവ്രതസ്വാമികൾ).
സർവമതസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് േശ്രഷ്ഠനായൊരു ന്യായാധിപനായ സദാശിവ അയ്യരാണ്. ജാതിയിൽ ബ്രാഹ്മണൻ, സ്വാഗതപ്രസംഗത്തിൽ ഒരൊറ്റയാളെ മാത്രമേ പ്രത്യേകമായി, അതും ജാതിപറഞ്ഞ് പുകഴ്ത്തുന്നുള്ളൂ, അത് അധ്യക്ഷനെയാണ്. ശ്രീനാരായണ പരമഹംസരുടെ ആശ്രമസമീപം അധ്യാത്മാനവും ന്യായബുദ്ധിയും തികഞ്ഞ ഏതാദൃശനായ ഒരു മഹാബ്രാഹ്മണന്റെ അധ്യക്ഷതയിൽ നടക്കുന്ന ഈ മഹാസദസ്സ് ഒരു ബ്രഹ്മസദസ്സ് തന്നെയാണ്.
ഏതെങ്കിലും ഒരു ജാതിമതവിഭാഗത്തെയല്ല, മേൽക്കോയ്മ സൃഷ്ടിക്കുന്ന ജാതിപ്രത്യയശാസ്ത്രത്തെയാണ് സത്യവ്രതസ്വാമികൾ വിമർശിക്കുന്നതെന്ന് ഇതിൽനിന്നും വ്യക്തമാണ്. ഒരു പ്രത്യേക ജാതി ജന്മനാ മികച്ചവർ, എന്ന മികവ്-ജീർണതാ സിദ്ധാന്തമാണ് ഇവിടെ ചോദ്യവിധേയമാവുന്നത്. അതോടൊപ്പം അമരസിംഹനോടും ബുദ്ധമതത്തോടുമുള്ള ജാതിപ്പക, രോഗം വരുമ്പോഴെങ്കിലും അവരുടെയിടയിൽനിന്നും താൽക്കാലികമായെങ്കിലും ഇല്ലാതായതോർത്തുള്ള ഗുരുവിന്റെ ചിരിയിലാണ് ആ പ്രഭാഷണം ഭാവികാലത്തിനുകൂടിയുള്ള സ്വാഗതം മുൻകൂറായി ആശംസിച്ചിരിക്കുന്നത്. മത-ജാതി സങ്കുചിതത്വരോഗത്തിനുള്ള പലമരുന്നുകളിൽ ഒന്നാണ്, മുള്ളില്ലാത്ത ചിരിയെന്ന് ഗുരു പലതവണ അനുഭവപ്പെടുത്തിയിട്ടുണ്ട്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.