ശബരിമല: ശരണമന്ത്രങ്ങൾ ഉരുക്കഴിക്കുന്ന മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. തീർഥാടനത്തിന് തുടക്കം കുറിച്ച് തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയാണ് വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് നട തുറന്നത്.
രാവിലെ എട്ട് മണിയോടെ തന്നെ പമ്പ മണപ്പുറത്തെ ക്യൂ കോംപ്ലക്സുകൾ തീർഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. പമ്പയിൽ നിന്നും ഉച്ചക്ക് ഒരു മണി മുതൽ തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിട്ടു. നട തുറക്കുന്ന വേളയിൽ ദർശന ഭാഗ്യം കാത്തുള്ള തീർഥാടകരുടെ നിര മരക്കൂട്ടം വരെ നീണ്ടിരുന്നു. നട തുറന്ന് സോപാനത്തിലെ മണി മുഴക്കി ശ്രീകോവിലിൽ നെയ് വിളക്ക് തെളിച്ചതോടെ ശരണാരവം ഉച്ചസ്ഥായിയിലായി. തുടർന്ന് ശ്രീകോവിലിൽ നിന്നുള്ള അഗ്നി പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിലേക്ക് പകർന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായി.
നിയുക്ത ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരാണ് ആദ്യം പടി കയറിയത്. പിന്നാലെ തീർഥാടകരെ കടത്തിവിട്ടു. തുടർന്ന് കലശം പൂജിച്ച് അഭിഷേകം ചെയ്ത് നിയുക്ത മേൽശാന്തിമാരുടെ അവരോഹണ ചടങ്ങ് നടന്നു. ശ്രീകോവിൽ പ്രവേശിച്ച നിയുക്ത മേൽശാന്തിമാർക്ക് തന്ത്രി കണ്ഠര് രാജീവര് മൂല മന്ത്രം ചൊല്ലി നൽകി.
തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് മണ്ഡല- മകരവിളക്ക് കാലയളവിൽ ദർശന സമയം 18 മണിക്കൂറാക്കാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച തീർഥാടകരാണ് ദർശനം നടത്തിയത്. ശനിയാഴ്ച വെർച്ചൽ ക്യൂ മുഖേന 70,000 തീർഥാടകരാണ് ബുക്ക് ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം പമ്പ മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്. തീർഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യില്‍ കരുതണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.
70,000 ഭക്തരെ വെര്‍ച്വല്‍ ക്യൂ വഴിയും 10,000 പേരെ സ്‌പോട്ട് ബുക്കിങ് വഴിയും സന്നിധാനത്തേക്ക് കടത്തിവിടാനാണ് ദേവസ്വം ബോർഡിന്‍റെ നിലവിലെ തീരുമാനം. വരുന്ന ഒരാഴ്ച കാലത്തേക്ക് വെർച്ചൽ ക്യൂ വഴിയുള്ള ബുക്കിങ് പൂർത്തിയായിട്ടുണ്ട്. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ, ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു, എ.ഡി.ജി.പി എസ്. ശ്രീജിത്ത് തുടങ്ങിയവർ നട തുറക്കുന്ന വേളയിൽ ദർശനത്തിന് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.