മലബാർ സമരപോരാളിയായിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ 'ഖിലാഫത്ത് സ്മരണകൾ'ക്കു പിന്നിൽ അന്നത്തെ ഒരു പന്ത്രണ്ടുകാരനുണ്ടായിരുന്നു. മോഴിക്കുന്നത്തിന്റെ ഭാര്യാസഹോദര പുത്രൻ നീലകണ്ഠൻ. വള്ളിക്കുന്ന് എടശ്ശേരി ഇല്ലത്തെ ഇപ്പോഴത്തെ കാരണവർ കൂടിയാണ് ഇന്ന് ഈ എഴുപത്താറുകാരൻ. ദേശീയ അവാർഡ് നേടിയ അധ്യാപകനും വോളിബാൾ താരവും വായനശാലാപ്രവർത്തകനും സംഘാടകനുമൊക്കെയാണ് നീലകണ്ഠൻ നമ്പൂതിരി മാഷ്. മലബാർ സമരത്തെപ്പറ്റി അദ്ദേഹത്തിന് കൃത്യമായ നിലപാടുകളുമുണ്ട്. നോവലിസ്റ്റ് റഹ്മാൻ കിടങ്ങയം മലബാർ സമരം പശ്ചാത്തലമാക്കി രചിച്ച 'അന്നിരുപത്തൊന്നില്' എന്ന നോവലിൽ മോഴിക്കുന്നത്തിന്റെ ജീവിതവും വിശദമായി എഴുതിയിട്ടുണ്ട്. അത് വായിച്ചാണ് നീലകണ്ഠൻ മാഷ് അദ്ദേഹത്തെ വിളിക്കുന്നത്. അങ്ങനെയാണ് ഞങ്ങൾ വള്ളിക്കുന്നിലെ എടശ്ശേരി ഇല്ലത്തെത്തുന്നത്. ഇനി മാഷ് തന്നെ പറയട്ടെ...
ജയിൽമോചിതനായ ശേഷം മോഴിക്കുന്നത്തിന് ഒരു ഇല്ലത്തുനിന്നും വിവാഹം നടന്നില്ല. 'മാപ്പിളയുടെയും ചെറുമെൻറയും കൂടെ ജയിലിൽ കിടന്നവൻ, പോത്തിറച്ചി തിന്നുന്നവൻ' എന്നൊക്കെയായിരുന്നു ആരോപണം. വള്ളത്തോൾ ഒരിക്കൽ സമാശ്വസിപ്പിച്ചു, 'എന്നാൽ നമ്പൂതിരിയല്ലാത്ത ജാതിയിൽനിന്ന് പെണ്ണ് നോക്കിയാലോ?' എന്ന്. പേക്ഷ, നമ്പൂതിരി സമുദായത്തിൽനിന്നുതന്നെ വിവാഹംകഴിക്കണമെന്നത് മോഴിക്കുന്നത്തിന് വാശിയായിരുന്നു. 1932ൽ വള്ളിക്കുന്ന് എടശ്ശേരി ഇല്ലത്തെ സാവിത്രിയെയാണ് അദ്ദേഹം പിന്നീട് വേളി കഴിച്ചത്. മോഴിക്കുന്നത്തിന് വിവാഹമാലോചിച്ച് ഇല്ലത്തേക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചെന്നു. അന്ന് അച്ചമ്മ (ശ്രീദേവി അന്തർജനം) ചോദിച്ചുവത്രേ 'ഗാന്ധിജിയുടെയും നെഹ്റുവിന്റെയും കൂടെ ജയിലിൽ കിടന്ന ആളാണോ?' എന്ന്. വന്നവർ പറഞ്ഞു; 'അല്ല, അവർ വേറെ ജയിലിലായിരുന്നു. ഇദ്ദേഹം ബെല്ലാരിയിലാ കിടന്നത്'.
'എന്തായാലും അവരൊന്നും മോഷണം നടത്തിയല്ലല്ലോ ജയിലിൽ പോയത്. നാടിനുവേണ്ടി അല്ലേ? നാടിെൻറ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ പങ്കെടുത്ത് ജയിലിൽ പോയവന് എെൻറ മകളെ കല്യാണം കഴിച്ചുകൊടുക്കാം' അച്ചമ്മ ഉറപ്പിച്ചു. അച്ഛമ്മയുടെ ഭർത്താവ് (മുത്തച്ഛൻ) മധുരയിൽവെച്ച് വസൂരി വന്ന് മരിച്ചതാണ്. അന്ന് മക്കൾ ചെറുതാണ്.
സമുദായം മോഴിക്കുന്നത്തിന് കൽപിച്ച ഭ്രഷ്ട് മാറ്റാൻ പിഴയൊടുക്കിയാൽ സാധിക്കുമെന്ന് ഇ.എം.എസിന് തോന്നുകയും അദ്ദേഹം ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ മോഴിക്കുന്നത്ത് സമ്മതിച്ചില്ല. ഭ്രഷ്ടൊക്കെ കാലാന്തരത്തിൽ മാറിക്കൊള്ളുമെന്നായിരുന്നു നിലപാട്. വിവാഹ കാർമികത്വത്തിന് ആരും വരാൻ തയാറായില്ല. പിന്നീട് പുരോഗമനവാദിയായ ചോലനമ്പൂതിരി വന്നാണ് കർമങ്ങൾ നടത്തിക്കൊടുത്തത്. ഇൗ വിവാഹേത്താടെ വള്ളിക്കുന്നിലെ എടശ്ശേരി ഇല്ലം 'മാപ്പിള ഇല്ല' മായി മാറി.
മോഴിക്കുന്നത്തിന്റെ വിവാഹസന്ദർഭവും വിപ്ലവകരമായിരുന്നു. ഇല്ലത്തെ പണിക്കാർക്കും മാറു മറക്കാനവകാശമില്ലാത്ത കീഴാള സ്ത്രീകൾക്കുമെല്ലാം ബ്ലൗസും റൗക്കയും വാങ്ങിയാണ് അദ്ദേഹം വന്നത്. ഓലക്കുട മാറ്റി ശീലക്കുടയാക്കി. അതെല്ലാം വിതരണം ചെയ്തു. കീഴാളരെ ബ്ലൗസ് ധരിപ്പിച്ചത് അന്ന് വലിയ സംഭവംതന്നെയായിരുന്നു. കല്യാണ ഘോഷയാത്രയും എടുത്തുപറയേണ്ടതാണ്. കല്യാണം കഴിഞ്ഞ് ജാഥയായി വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ വരെ വലിയ ഒരു ജനക്കൂട്ടം കൂടെയുണ്ടായിരുന്നു. മാപ്പിളയും ചെറുമനും നായരും തിയ്യരുമെല്ലാം ഒരുമിച്ച് അതിൽ ചേർന്നു.
മോഴിക്കുന്നത്തുമായുള്ള ബന്ധത്തിന് ശേഷമാണ് അന്യാധീനപ്പെട്ട പല ഭൂമിയും എടശ്ശേരി ഇല്ലത്തിന് തിരിച്ചുകിട്ടുന്നത്. ഖിലാഫത്തിൽ പോയ ആൾ തിരിച്ചുവന്നിരിക്കുന്നു എന്നതിനാൽ കുടിയാൻമാർ ഇല്ലത്തേക്കുതന്നെ ഭൂമി വിട്ടുകൊടുത്തു. 1932ൽ വള്ളിക്കുന്നിൽ കോൺഗ്രസ് കമ്മിറ്റി ഉണ്ടാക്കിയതും മോഴിക്കുന്നത്താണ്. അച്ഛനെ പഠിപ്പിക്കാൻ പട്ടാമ്പിയിലേക്ക് കൊണ്ടുപോയതും അദ്ദേഹം തന്നെ.
നീലകണ്ഠൻ മാഷ് തുടർന്നു... 'ഞാൻ പരപ്പനങ്ങാടി ഹൈസ്കൂളിൽ പഠിക്കുന്ന കാലം. എനിക്കന്ന് 12 വയസ്സ്. നടന്നാണ് സ്കൂളിൽപ്പോക്ക്. കെ.എസ്.യു പ്രവർത്തകനാണ്അന്ന്. വഴിയിൽ ചില ഹിന്ദുത്വ മനോഭാവക്കാർ എന്നോട് ചോദിച്ചു. 'നിങ്ങളൊക്കെ കെ.എസ്.യുവിലാണെന്ന് കേട്ടു. അതെന്തേ? ഹിന്ദുക്കളെ രക്ഷിക്കാനുണ്ടാക്കിയ പാർട്ടിയിൽ ചേർന്നൂടേ? മാപ്പിളമാർ ഖിലാഫത്ത് കാലത്ത് പിടിച്ചെടുത്തതാണ് മമ്പുറത്തെ പള്ളി. അത് ശിവക്ഷേത്രമായിരുന്നു. അതൊക്കെ തിരിച്ചെടുക്കാൻ നിങ്ങൾ ഞങ്ങളോടൊപ്പം ചേരണം' എന്ന്. ഞാൻ കൂട്ടുകാരൻ അബ്ദുല്ലത്തീഫിന്റെ കൂടെ പോയി മമ്പുറം പള്ളി കണ്ടതുകൊണ്ട് ആ നുണ വിശ്വസിച്ചില്ല. ചെറിയ സംവാദമുണ്ടായി. ഞാൻ ചോദിച്ചു, 'ഖിലാഫത്തിൽ പിടിച്ചെടുത്ത ഒരൊറ്റ അമ്പലം കാണിച്ചുതരാമോ?' എന്ന്.
'എന്നാൽ പിന്നെ അതിനുമുമ്പെപ്പോഴെങ്കിലുമായിരിക്കും' എന്നായി അവർ. എനിക്ക് അവരെ വെല്ലുവിളിക്കാനുള്ള ധൈര്യം ഉണ്ടായത് മോഴിക്കുന്നത്തുമായുള്ള സമ്പർക്കം കാരണമാണ്. ഞാൻ വാരാന്ത്യങ്ങളിൽ പട്ടാമ്പിയിൽ അമ്മാവന്റെ വീട്ടിലേക്ക് പോകും. അവിടെയുള്ള ഏട്ടന്മാരാണ് എെൻറ കൂട്ട്. സംശയങ്ങൾ മുഴുവൻ അമ്മാവനോട് ചോദിക്കും. ഹിന്ദുത്വവാദികൾ എന്നോട് സംസാരിച്ചത് ഞാൻ മോഴിക്കുന്നത്തിനോട് പങ്കുവെച്ചിരുന്നു. 'ഖിലാഫത്ത് കാല സ്മരണകൾ' പെട്ടെന്ന് എഴുതണമെന്ന് അദ്ദേഹത്തിന് തോന്നാൻ അത് കാരണമായിട്ടുണ്ട്. സമുദായ സൗഹാർദം നിലനിൽക്കാൻ ചില കാര്യങ്ങൾ തുറന്നുപറയണമെന്നും കരുതിയിട്ടുണ്ടാവണം. വരുംതലമുറക്കായി ചരിത്രത്തിലെ ചില സന്ദർഭങ്ങൾ ഓർമിപ്പിക്കേണ്ടതിന്റെ രാഷ്ട്രീയ പ്രസക്തിയാണ് അദ്ദേഹത്തെ ഗ്രന്ഥരചനക്ക് പ്രേരിപ്പിച്ചത്.
മോഴിക്കുന്നത്തിന്റെ മക്കളായ നീലകണ്ഠനും സാവിത്രിയും അമ്മാവന്റെ ഓർമകൾ എഴുതിവെക്കാൻ സഹായിക്കുമായിരുന്നു. ഞാനുള്ളപ്പോൾ ഞാനായി പ്രധാന എഴുത്തുകാരൻ. 'ഉണ്ണി നമ്പൂതിരി'യുടെ പഴയ ലക്കങ്ങൾ നോക്കും. അധ്യായങ്ങളുടെ ഘടനയിൽ ചില്ലറ മാറ്റങ്ങൾ വരുത്തും. ഇങ്ങനെ പല പണികളുണ്ടായിരുന്നു എനിക്ക്. 1964 വരെ മൂന്ന് വർഷം ഇത് തുടർന്നു. ഞാൻ വള്ളിക്കുന്നിലേക്ക് പോകുമ്പോൾ അമ്മാവൻ മക്കളെ കൊണ്ട് എഴുതിപ്പിക്കും. വാരാന്ത്യത്തിൽ പട്ടാമ്പിയിൽ വരുമ്പോൾ ബാക്കി ഞാൻ ചെയ്യും. ഈ നിരന്തരയാത്രക്കിടയിൽ ഡിഗ്രിപഠനം അൽപം ഉഴപ്പി. അന്ന് അദ്ദേഹം പറഞ്ഞത് അക്ഷരംപ്രതി എഴുതിക്കൊടുക്കുകയാണ് ചെയ്തിരുന്നത്. തിരുത്താനുള്ള ചരിത്ര ജ്ഞാനം എനിക്കില്ലല്ലോ. എന്നെക്കൊണ്ട് നെഹ്റുവിന്റെ 'ഡിസ്കവറി ഓഫ് ഇന്ത്യ' വായിപ്പിച്ചിരുന്നു. ഡിക്ഷണറി പോലും നോക്കാതെ ആ പഴയ നാലാം ക്ലാസുകാരൻ അർഥങ്ങൾ പറഞ്ഞുതരും. നല്ല അറിവും ഓർമശക്തിയുമായിരുന്നു. അങ്ങനെ ഗ്രന്ഥരചനക്ക് ആവശ്യമായതെല്ലാം എഴുതിത്തീർത്തു. അച്ചടിക്കാൻ പരിചയക്കാരനായ നോർമൻ പ്രിൻറിങ് പ്രസുടമ അച്യുതൻ നായർക്ക് ഒരെഴുത്തെഴുതി വെച്ചു അമ്മാവൻ. 'കൊണ്ടുപോയി കൊടുക്കണം' എന്ന് പറഞ്ഞ ആ രാത്രിയാണ് അവിചാരിതമായി മരണം അദ്ദേഹത്തെ തേടിയെത്തിയത്. ഹൃദയസ്തംഭനമായിരുന്നു.
ഈ ഗ്രന്ഥം തയാറാക്കിത്തീരുന്നതുവരെ അദ്ദേഹത്തോട് പല വിഷയങ്ങളും സംസാരിക്കാൻ അവസരമുണ്ടായി. പുസ്തകരൂപമായ ഗ്രന്ഥം കാണാൻ പക്ഷേ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല. എന്റെ അച്ഛൻ പറഞ്ഞത് പ്രകാരം ഞാനും നീലകണ്ഠനും കെ.പി. കേശവമേനോന്റെ അടുത്തുപോയി കൈയെഴുത്തുപ്രതി വായിക്കാൻ കൊടുത്തു. മേനോൻ പറഞ്ഞു; 'എഴുതിയത് നൂറുശതമാനം ശരിയാണ്. ഞങ്ങൾക്ക് ചില പ്രശ്നങ്ങൾ പറ്റിയതായി ഇതിൽ വിമർശനമുണ്ട്. ആ ഭാഗം ഒഴിവാക്കാം. ചരിത്രത്തിൽ വിഡ്ഢിത്തം പറ്റാത്തതായി ആരാണുള്ളത്?'. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആ ഭാഗം ഒഴിവാക്കിയാണ് പിന്നീട് പ്രസിദ്ധീകരിച്ചത്.നവകേരള കോ-ഓപറേറ്റിവ് പ്രസിനെ ഏൽപ്പിച്ചു.
'ഖിലാഫത്ത് സ്മരണകൾ' 1965ൽ പ്രസിദ്ധീകരിച്ചു. ഖിലാഫത്തിനെക്കുറിച്ചുള്ള ഒരു അനുഭവസ്ഥെൻറ ഓർമകൾ എന്ന പ്രാധാന്യം പുസ്തകത്തിനുണ്ട്. ആദ്യം അച്ചടിച്ച ആയിരം കോപ്പിയും ഒറ്റ കോപ്പി ഇല്ലാത്തവിധം ചെലവായിപ്പോയി. എന്റെ കൈയിലുണ്ടായിരുന്ന ഏക കോപ്പി പോലും ടി. ദാമോദരൻ വന്ന് തിരക്കഥ എഴുതാൻ കൊണ്ടുപോയി. കേരളസാഹിത്യ അക്കാദമി 1993ൽ പുസ്തകം പുനഃപ്രസിദ്ധീകരിച്ചു. 3000 കോപ്പി ഇറക്കി. അതിനുശേഷം മാതൃഭൂമിയാണ് പ്രസിദ്ധീകരണത്തിന് തയാറായത്. ഇപ്പോൾ ആറാം പതിപ്പിൽ എത്തിനിൽക്കുന്നു. കെ.കെ.എൻ. കുറുപ്പ് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴി മാറ്റാൻ അനുവാദം വാങ്ങിച്ചു. എന്റെ സുഹൃത്തുകൂടിയായ എസ്.എം. മുഹമ്മദ് കോയ ആണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. യാദൃച്ഛികമായിരിക്കാം, പണിപൂർത്തിയായ അന്ന് അദ്ദേഹവും മരിച്ചു.
മോഴിക്കുന്നത്ത് സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങിയിട്ടില്ല. മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗമായും ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അക്കാലത്ത് ഒരു സംഭവമുണ്ടായി. പി.കെ. ബ്രദേഴ്സ് പ്രസിദ്ധീകരിച്ച ഒരു പുസ്തകം അന്ന് മലബാർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗീകരിച്ചിരുന്നു. കമ്മിറ്റി അംഗമായ ടി.സി. നാരായണൻ നമ്പ്യാർ പി.കെ. ബ്രദേഴ്സിൽനിന്ന് ലഭിച്ച അഞ്ചു രൂപ ഭാര്യക്ക് മണിയോർഡർ ചെയ്തത് തെളിവായെടുത്ത് കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞ് വിവാദമുണ്ടായി. ഇതറിഞ്ഞ മോഴിക്കുന്നത്ത് ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയിലിൽ പോകാൻ തയാറായി. അദ്ദേഹം അങ്ങനെ വാങ്ങിയിട്ടുണ്ടെങ്കിൽ ഡിസ്ട്രിക്ട് ബോർഡംഗം എന്ന നിലക്ക് ഞാനും ശിക്ഷക്കർഹനാണ് എന്നായിരുന്നു വാദം. ഇതിെൻറ പേരിൽ ഒരു ദിവസം ലോക്കപ്പിൽ കിടക്കുകയും ചെയ്തു. ഇങ്ങനെയുള്ള ധീരമായ നിലപാടുകൾ മോഴിക്കുന്നത്തിെൻറ ജീവിതത്തിൽ ധാരാളം കാണാം.
കെ.പി. കേശവമേനോനും കോഴിപ്പുറത്ത് മാധവമേനോനും മാപ്പിളമാരെക്കണ്ട് സംസാരിക്കാൻ വന്ന ഒരു സംഭവം മോഴിക്കുന്നത്ത് പറഞ്ഞതായി ഓർക്കുന്നു. കുതിരവണ്ടിയിൽ പാറക്കടവ് വരെ എത്തി. പള്ളിയിൽനിന്ന് ഒരാൾ തോണിയുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. അയാൾ പറഞ്ഞു. 'നിങ്ങൾ ഇപ്പോൾ മാപ്പിളമാരുടെ അടുത്തേക്ക് പോകാത്തതാണ് നല്ലത്. അവർ നിങ്ങൾക്കെതിരായി തിരിഞ്ഞിട്ടുണ്ട്' എന്ന്. അങ്ങനെ നേതാക്കൾ തിരിച്ചുപോയി. തോണിക്കാരൻ നേരെച്ചെന്ന് മാപ്പിളമാരുടെ അടുത്തുപോയി പറഞ്ഞു.
'കേശവമേനോനും കൂട്ടരും വന്നില്ല. മാപ്പിളമാരുടെ അടുത്തേക്ക് വരാൻ അവർക്ക് താൽപര്യമില്ലത്രേ!' എന്ന്. തോണിക്കാരൻ ബ്രിട്ടീഷുകാരുടെ ഏജന്റായിരുന്നു. അവർക്കു വേണ്ടിയാണ് ഈ പണി ചെയ്തത്. ഇത്തരം ധാരാളം സംഭവങ്ങൾ ബ്രിട്ടീഷുകാർ മുൻകൈയെടുത്തു നടത്തിയിരുന്നു. തമ്മിൽ തല്ലിക്കുന്ന അവരുടെ ആ പദ്ധതിയാണ് ഇന്നും ഇവിടെ പുകയുന്നത്. ഹിന്ദു-മുസ്ലിം വീടുകൾ കൊള്ളയടിക്കാൻ ബ്രിട്ടീഷുകാർ ഒരു സംഘത്തെത്തന്നെ രൂപപ്പെടുത്തിയിരുന്നു. ഇതെല്ലാം ജനങ്ങൾ മാപ്പിളപ്പോരാളികളുടെ പേരിൽ വരവുവെച്ചു. മാപ്പിളമാരെയും ഖിലാഫത്തുനേതാക്കളെയും പലരും അക്കാലത്തുതന്നെ തെറ്റിദ്ധരിക്കാൻ ഇതു കാരണമായിരുന്നു. അപ്പോൾപ്പിന്നെ ഇന്നത്തെ കാര്യം പറയേണ്ടതുണ്ടോ?
ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ ഉണ്ടായ ഹിന്ദു-മുസ്ലിം മൈത്രി ബ്രിട്ടീഷുകാരെ അത്രമാത്രം അലോസരപ്പെടുത്തിയിരുന്നു. സമരം പൊളിക്കാൻ അവർ സർവ കരുക്കളും നീക്കി. ഇതുകൂടാതെ സവർണ ജന്മിമാരുടെ ചോറ്റുപട്ടാളവും അക്രമങ്ങളുമായി ഇറങ്ങി. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായ ഖിലാഫത്ത് സമരം കൊടുമ്പിരികൊണ്ടപ്പോൾ ചിലർ അച്ചടക്കം വെടിഞ്ഞ് നിയന്ത്രണാതീതരായി നീങ്ങിയതോടെ അനിഷ്ടസംഭവങ്ങൾ നടന്നിട്ടുണ്ടെന്നും മോഴിക്കുന്നത്ത് പുസ്തകത്തിൽ നിരീക്ഷിക്കുന്നു.
ശാഖകളിലൂടെയുള്ള നുണപ്രചാരണങ്ങൾ ആണ് പല സവർണഗൃഹങ്ങളിലും പിൽക്കാലത്ത് ഹിന്ദു വിരുദ്ധമാണ് ഈ സമരം എന്ന ധാരണ ഉണ്ടാവാൻ കാരണം. കേട്ടുകേൾവിയാണ് പ്രചരിച്ചത്. എല്ലാ പള്ളികളും മുമ്പ് അമ്പലങ്ങൾ ആയിരുന്നുവെന്നും അമ്പലങ്ങൾ കാലംകൊണ്ട് കേടുവന്നാലും അത് മാപ്പിളമാരും ടിപ്പുവും ചെയ്തതാണെന്നും നുണക്കഥകൾ മെനഞ്ഞു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ പ്രവർത്തനം ഹിന്ദുത്വവാദികൾ ഫലപ്രദമായി ആവർത്തിച്ചു. ആ വിഭജനസ്വരം ഇന്നും തുടരുന്നു. അത് ദേശീയ വാദികളെയും പുരോഗമനവാദികളെയുമെല്ലാം സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. മോഴിക്കുന്നത്തിെൻറയും എം.പി. നാരായണ മേനോെൻറയുമെല്ലാം ജീവിതം കൂടെക്കൂടെ പറഞ്ഞുകൊണ്ടേ നമുക്കീ വെറുപ്പിന്റെ പ്രചാരകരെ മറികടക്കാനാകൂ.
(തയാറാക്കിയത്: ഡോ. വി. ഹിക്മത്തുല്ല)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.