തിരുവനന്തപുരം: ശിവഗിരിയിലെ ചരിത്രസമാഗമത്തിന് ഇന്നേക്ക് ഒരു നൂറ്റാണ്ട്. മനുഷ്യസ്നേഹം മതമാക്കി, മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ശ്രീനാരായണ ഗുരുവും കവിതയും ചിന്തയുംകൊണ്ട് വിശ്വപൗരനായ രവീന്ദ്രനാഥ ടാഗോറും തമ്മിലുള്ള സംഗമം നടന്നത് 1922 നവംബർ 15ന്. വിശ്വാഭാരതി സർവകലാശാല സ്ഥാപിക്കുന്നതിന് ധനസമാഹരണത്തിനായാണ് തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമയുടെ ക്ഷണപ്രകാരം ടാഗോർ 1922 നവംബർ ഒമ്പതിന് തിരുവനന്തപുരത്തെത്തിത്. ഈ യാത്രാവേളയിൽ ശിവഗിരിയും സന്ദർശിക്കണമെന്ന് ഡോ. പൽപ്പുവും സ്വാമി ശിവപ്രസാദും കത്തെഴുതിയതിനെ തുടർന്നായിരുന്നു കൂടിക്കാഴ്ച. ടാഗോറിന്റെ സന്ദർശന വിവരത്തിന്റെ കമ്പിസന്ദേശം എത്തിയതോടെ വിപുല ഒരുക്കമാണ് ശിവഗിരിയിലുണ്ടായത്. കുമാരനാശാനും ഡോ.പൽപ്പുവുമടക്കം വിശ്വകവിയെ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു. ഉച്ചക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ടാഗോർ ആറ്റിങ്ങൽ മുസാവരി ബംഗ്ലാവിൽ വിശ്രമിച്ച ശേഷമാണ് വർക്കലയിലേക്ക് തിരിച്ചത്. വഴിനീളെ സ്വീകരണമേറ്റുവാങ്ങി അലങ്കരിച്ച പല്ലക്കിലായിരുന്നു പ്രയാണം. മകൻ യതീന്ദ്രനാഥ ടാഗോർ, മരുമകൾ പ്രോതിമ, സെക്രട്ടറി സി.എഫ്. ആൻഡ്രൂസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഗുരു ഈസമയം വൈദികമഠത്തിലെ വിശ്രമമുറിയിലേക്ക് പ്രവേശിച്ച് കതകടച്ചിരുന്നു. ടാഗോർ എത്തുന്നുവെന്ന അറിയിപ്പല്ലാതെ കൃത്യസമയം പറഞ്ഞിരുന്നില്ല. ടാഗോറിന് കാത്തിരിക്കേണ്ടി വരുമോ എന്ന അങ്കലാപ്പിലായിരുന്നു കുമാരനാശാനും പൽപ്പുവുമടക്കം. ഇതിനിടെ ടാഗോറെത്തി. ശാരദാമഠത്തിന് മുന്നിലെ അേശാകമരച്ചുവട്ടിൽ ടാഗോൾ ഷൂസുകൾ അഴിച്ചുവെച്ചു. ആശാനും പൽപ്പുവും ചേർന്ന് അദ്ദേഹത്തെ ഹാരമണിയിച്ച് സ്വീകരിച്ചു. ടാഗോർ പർണശാലയുടെ മുന്നിലെത്തിയ സമയംതന്നെ ഗുരു വാതിൽ തുറന്ന് പുറത്തേക്കുവന്നു. 'ഒ ഗ്രേറ്റ് സെയിന്റ്' എന്നായിരുന്നു കൈകൂപ്പി ടാഗോറിന്റെ ആദ്യ പ്രതികരണം. തുടർന്ന് വൈദികമഠത്തിന്റെ വരാന്തയിൽ തയാറാക്കിയ ഇരിപ്പിടത്തിലേക്ക്.
'അങ്ങയെ സന്ദർശിച്ചതോടെ എന്റെ ഹൃദയത്തിന് വല്ലാത്ത മാറ്റം സംഭവിച്ചതുപോലെ' എന്ന് ടാഗോറിന്റെ ആമുഖം. ഗുരുമുഖത്ത് ചെറുപുഞ്ചിരി. 'കേരളം ഇന്ന് ഭ്രാന്താലയമല്ല, ആരാധനാലയമാണ്. രാജ്യത്തിന് ഇവിടം മാതൃകയാണ്...' ടാഗോറിന്റെ സുഹൃത്ത് കൂടിയായ സ്വാമി വിവേകാനന്ദന്റെ ഭ്രാന്താലയം പരാമർശം ഉള്ളിൽ വെച്ച് ഗുരുവിന്റെ മറുപടി. ജനങ്ങളുടെ കണ്ണ് തുറപ്പിക്കാൻ അങ്ങ് ഇനിയും പ്രവർത്തിക്കണമെന്ന് ടാഗോർ. കണ്ണ് തുറന്നുതന്നെയാണെങ്കിലും അവർ കാണുന്നില്ല' എന്ന് മറുപടി. ഇത്തരത്തിൽ ദാർശനിക വർത്തമാനങ്ങളിൽ കൂടിക്കാഴ്ച നീണ്ടു. കരിക്കും തെങ്ങിൻ പൊങ്ങും കശുവണ്ടിയുമടക്കം പ്രകൃതിദത്ത ലഘുഭക്ഷണമാണ് ടാഗോറിന് നൽകിയത്. ഇത്രയും കാലത്തിനിടയിൽ ഇത്രയും രുചികരമായ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് മടങ്ങും മുമ്പ് ടാഗോർ പറഞ്ഞു.
നാരായണ ഗുരുവിന് തുല്യനായ ഒരു മഹാത്മാവിനെയും ഞാനിതുവരെ കണ്ടിട്ടില്ല
''ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സന്ദർശിച്ചുവരികയാണ്. ഇതിനിടയിൽ പല മഹാത്മാക്കളെയും ഗുരുക്കന്മാരെയും മഹർഷിമാരെയും കാണാനുള്ള അപൂർവ സൗഭാഗ്യം എനിക്ക് സിദ്ധിച്ചിട്ടുണ്ട്. എന്നാൽ, ഒരു കാര്യം ഞാനിവിടെ തുറന്നു സമ്മതിക്കുകയാണ്. മലയാളത്തിലെ ശ്രീനാരായണ ഗുരുവിനെക്കാൾ മികച്ചതോ ഗുരുവിന് തുല്യനോ ആയ ഒരു മഹാത്മാവിനെയും ഞാനിതുവരെ കണ്ടിട്ടില്ല. ചക്രവാള സീമക്ക് അപ്പുറത്തേക്ക് നീളുന്ന ആ യോഗനയനങ്ങളും ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ അവിടത്തെ തിരുമുഖവും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല.''
(ടാഗോർ ശിവഗിരിയിലെ സന്ദർശക ഡയറിയിൽ കുറിച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.