തിരുവനന്തപുരം: പലവ്യഞ്ജനങ്ങളുടെയും പച്ചമീനിെൻറയും പച്ചക്കറികളുടെയും മണമുള്ള ചാല മാർക്കറ്റിന് ശുദ്ധ തമിഴ് സാഹിത്യത്തിെൻറ നൈർമല്യം പകർന്നുകൊടുത്ത തമിഴിെൻറ ബേപ്പൂർ സുൽത്താനായിരുന്നു ആ. മാധവൻ. ഉപജീവനത്തിനായി പഴയ ചേരനാട്ടിൽനിന്ന് തിരുവിതാംകൂറിലേക്ക് കൂടിയേറി പാർത്തവരായിരുന്നു മാധവെൻറ മാതാപിതാക്കൾ.
തിരുനൽവേലി സ്വദേശിയായ ആവുടനായകം പിള്ളയുടെയും ചെങ്കോട്ടക്കാരി ചെല്ലമ്മാളിെൻറയും ആറുമകളിൽ ഏറ്റവും ഇളയവനായി 1934ൽ ജനിച്ച ആ. മാധവനെ, തിരുവിതാംകൂറിൽ പത്മനാഭെൻറ നാലുചക്ര ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു അച്ഛെൻറ ആഗ്രഹം.
അന്ന് എട്ടാം ഫോറം പാസാകുന്നവർക്ക് സർക്കാർ ജോലി ലഭിക്കുമെന്ന് മനസ്സിലാക്കിയ ആവുടനായകം മകനെ മലയാളം പഠിപ്പിച്ചു. അങ്ങനെ ചാലയിലെ ൈപ്രമറി സ്കൂളിലും ഹൈസ്കൂളിലുമായി 10 വരെ മലയാളം മുഖ്യവിഷയമായി പഠിച്ചു. പക്ഷേ, മാധവന് തമിഴിനോടായിരുന്നു കൂടുതൽ കമ്പം.
ചാലയിലെ കച്ചവട ജീവിതത്തിനിടെ താനറിഞ്ഞ മനുഷ്യജീവിതങ്ങളെ അവരറിയാതെ തൂലികത്തുമ്പിലൂടെ ഒപ്പിയെടുത്ത് തമിഴ് വായനലോകത്ത് പുത്തൻ പാതക്ക് വഴിവെട്ടുകയായിരുന്നു മാധവൻ. തനിക്ക് ചുറ്റുമുള്ള കേരള -തമിഴ്സംസ്കാരങ്ങളെയും അവരുടെ ഭാഷകളെയും വട്ടാരവഴക്ക് (പ്രാദേശിക ഭാഷാഭേദം) എന്ന പുതിയ കൈവഴിയിൽ പറിച്ചുനട്ട മാധവൻ, തമിഴ്സാഹിത്യത്തിലെ ബേപ്പൂർ സുൽത്താനാകുകയായിരുന്നു.
മലയാളത്തിൽ വൈക്കം മുഹമ്മദ് ബഷീർ എവിടെ പേന താെഴെവച്ചോ അവിടെ നിന്ന് മാധവൻ തുടങ്ങി. ചാലക്കമ്പോളത്തിൽ തനിക്ക് പരിചിതരായവരും കുടുംബക്കാരും സഹോദരങ്ങളുമൊക്കെ ഓരോ നോവലിലും നോവലൈറ്റുകളിലും ചെറുകഥകളിലും മാധവെൻറ നായികയും നായകന്മാരുമായി. തമിഴ്നാട്ടിൽ കൊടുമ്പിരിക്കൊണ്ട ദ്രാവിഡ മുന്നേറ്റയാത്രകളും പ്രസ്ഥാനങ്ങളും മാധവെൻറ അക്ഷരങ്ങളിൽ തീ പകർന്നു.
ഇതോടെ തമിഴ് സാഹിത്യത്തിൽ ആ. മാധവനെന്ന പേര് കൊത്തിവെക്കാൻ കാലത്തിന് അധികകാലം വേണ്ടിവന്നില്ല. മുരശൊലിയിലും ദിനമലരിലുമെല്ലാം മാധവെൻറ ലേഖനകളും ചെറുകഥകളും കത്തിപ്പടർന്നു. വരേണ്യഭാഷയിൽ നിന്ന് സാഹിത്യത്തെ മോചിപ്പിക്കുന്നതിനുള്ള ശുദ്ധികലശമായി ആ കഥകളും ലേഖനങ്ങളും മാറി. മജീദിെൻറയും സുഹറയുടെയും അനശ്വര പ്രണയവും മലയാറ്റൂരിെൻറ യക്ഷിയും മലയാളികൾ മാത്രം അറിഞ്ഞാൽപോരെന്ന് മനസ്സിലാക്കി, മാധവൻ അവയെ തമിഴിലേക്കും പരിഭാഷപ്പെടുത്തി.
മാധവിക്കുട്ടിയുടെ സ്ത്രീപക്ഷ ചിന്തകളും പൊറ്റക്കാട്ടിെൻറ സഞ്ചാരസാഹിത്യങ്ങളും ഉറൂബിെൻറ സുന്ദരികളും സുന്ദരന്മാരും പി.കെ. ബാലകൃഷ്ണെൻറ ഇനി ഞാൻ ഉറങ്ങട്ടെയും കാരൂരിെൻറ സമ്മാനം തുടങ്ങിയ മലയാളത്തിലെ എണ്ണപ്പെട്ട കൃതികളൊക്കെ തന്നെ ചാലയിലെ കുടുസ്സുമുറിയിൽനിന്ന് തമിഴിലേക്ക് പരകായ പ്രവേശം നടത്തിക്കൊണ്ടേയിരുന്നു.
പുനലും മണലും (1974), കൃഷ്ണപ്പരുന്ത് (1980) തൂവാനം (1987) തുടങ്ങിയ നോവലുകളും രണ്ട് നോവലൈറ്റുകളും 500ഓളം ചെറുകഥകളും 150ഓളം ലേഖനങ്ങളും എഴുതിയ മാധവനെ തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകി ആദരിച്ചപ്പോഴും തമിഴ്നാട്ടിലെ ഭാഷാവിദ്യാർഥികൾ മാധവെൻറ 'പേരില്ലാക്കഥകൾ' പഠനവിധേയമാക്കുമ്പോഴും കൈതമുക്ക് അമ്മൻകോവിലിനു പിന്നിൽ തേങ്ങാപ്പുര ലെയിനിലെ മലയാളി കുടുംബങ്ങൾക്കിടയിൽ മാധവൻ ആരുമറിയാതെ ഒതുങ്ങിക്കൂടുകയായിരുന്നു.
2002ൽ ഭാര്യ ശാന്തയെയും 2004ൽ മകൻ ഗോവിന്ദരാജനെയും അർബുദം കവർന്നതോടെ മാധവൻ പേന താഴെവെച്ചു. മകൻ പോയതോടെ കച്ചവടം നിർത്തി. വീട്ടിൽ സ്വയം ഒരു തടങ്കൽ സൃഷ്ടിച്ച് എഴുത്തിന് അദ്ദേഹം വിലങ്ങിട്ടു.
ഇതിനിടയിലാണ് പുറംലോകം കാണാതെ കിടന്ന അച്ഛെൻറ ലേഖനങ്ങളും ചില കുറിപ്പുകളും മക്കളായ കലാ സെൽവിയും മലർ െസൽവിയും കണ്ടെടുക്കുന്നതും പുസ്തകമാകുന്നതിനായി തമിഴ്നാട്ടിലെ പ്രമുഖ പബ്ലിക് ഗ്രൂപ്പായ രാജേശ്വരി ഗ്രൂപ്പിന് കൈമാറിയതും. 374 പേജ് വരുന്ന ആ തോന്ന്യാക്ഷരങ്ങളായിരുന്നു 2015ൽ കേന്ദ്രസാഹിത്യ പുരസ്കാരം ലഭിച്ച 'ഇലക്കിയ ചുവടുകൾ'.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.