മലയാളത്തിൻ്റെ മരണം പ്രവചിച്ച കവിതകളും പ്രഭാഷണങ്ങളും കേരളത്തിൻ്റെ സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നൊരു സന്ദർഭത്തിലാണ് മലയാള ഐക്യവേദി രൂപീകരിക്കപ്പെടുന്നത്. ഹയർസെക്കൻഡറി സിലബസിൽ ഭാഷാസാഹിത്യ പഠനത്തിന് പ്രാധാന്യം കുറയ്ക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നടന്ന സാംസ്കാരിക പ്രതിരോധമാണ് മലയാളവേദി എന്ന പേരിൽ പലയിടങ്ങളിലും കൂട്ടായ്മകൾ രൂപീകരിക്കപ്പെടാനുള്ള ആദ്യ പ്രകോപനം. അതിനെ ചെറുത്തുനിൽക്കാൻ സാധിച്ചെങ്കിലും ബിരുദ പുനഃസംഘാടനത്തിലും സാഹിത്യപഠനത്തിന് പ്രാധാന്യം കുറയുന്ന ഘട്ടത്തിൽ വീണ്ടും പ്രക്ഷോഭവുമായി മലയാളം വേദികൾ വീണ്ടും രംഗത്ത് വന്നു.
ഇങ്ങനെ മലയാളത്തിനെതിരായ നീക്കം പലനിലകളിൽ ഉണ്ടായപ്പോഴാണ് മാതൃഭാഷ എന്ന നിലയിൽ മലയാളത്തിന്റെ അവസ്ഥ പൊതുവിൽ എന്ത് എന്ന ചർച്ച ഉയർന്നു വന്നത്. വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, ഭരണം, നീതിന്യായം, വികസനം, പരിസ്ഥിതി പഠനം,മാധ്യമ രംഗം തുടങ്ങിയ മേഖലകളിൽ കൂടി മലയാളത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കുകയും അതിനായി രൂപീകരിക്കപ്പെട്ട വിവിധ മലയാള വേദികൾ 2009 നവം: 15 ന് വടകരയിൽ സമ്മേളനം ചേർന്ന് മലയാളം ഐക്യവേദി രൂപീകരിക്കുകയും ചെയ്യുന്നത്.
ലോകത്ത് വികസനരംഗത്തും സാമൂഹ്യ പുരോഗതിയിലും മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ മാതൃഭാഷാധിഷ്ഠിത വിദ്യാഭ്യാസവും ഭരണവും നടക്കുന്ന രാഷ്ട്രങ്ങളാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മലയാളം എന്ന ഭാഷയോടുള്ള കേവലമായ സ്നേഹമല്ല, മാതൃഭാഷ എന്ന നിലയിലുള്ള അതിൻറെ അസ്തിത്വത്തിലാണ് ശ്രദ്ധയോന്നത് എന്ന് സമ്മേളനം വ്യക്തമാക്കി. കേരളത്തിലെ ന്യൂനപക്ഷ ഭാഷകളായ കന്നട, തമിഴ് എന്നിവയ്ക്കും വിവിധ ഗോത്രവർഗ്ഗങ്ങളുടെ മാതൃഭാഷകൾക്കും മലയാളം എന്നപോലെതന്നെ കേരളത്തിൽ പുലരാനും അഭിവൃദ്ധിപ്പെടാനുമുള്ള അവകാശമുണ്ടെന്ന് സമ്മേളനം അർത്ഥ ശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി.
ഭാഷ മരിക്കുകയല്ല, ജനതയുടെ ഉദാസീനതയും ഭരണകൂടത്തിന്റെ അന്യഭാഷാശ്രിതത്വവും ചേർന്ന ഭാഷയെ കൊല്ലുകയാണ് ചെയ്യുന്നത് എന്നും അതൊരു ജനതയേയും സംസ്കൃതിയും ഇല്ലാതാക്കുമെന്നും സമ്മേളനം വിലയിരുത്തി. നിരന്തര സമരങ്ങളുടെയും ആശയപ്രചാരണങ്ങളുടെയും ഒന്നര പതിറ്റാണ്ട് പിന്തിരിഞ്ഞു നോക്കുമ്പോൾ അഭിമാനകരമായ നിരവധി നേട്ടങ്ങൾ മലയാളത്തിന് സ്വായത്തമായിട്ടുണ്ട്.
2) ബിരുദം അടിസ്ഥാന യോഗ്യതയായ തൊഴിൽ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ മാതൃഭാഷകളിൽ കൂടി ലഭിക്കും വിധം കേരള പി. എസ്. സിയിൽ ഇടപെടാൻ കഴിഞ്ഞു.
3) മലയാളത്തിലെ വിജ്ഞാന പോഷണത്തിന് വൈജ്ഞാനിക വിഷയങ്ങളിൽ മലയാളത്തിൽ ഉന്നത പഠനവും ഗവേഷണവും സാധ്യമാകും വിധം മലയാളം സർവകലാശാല യാഥാർത്ഥ്യമായി.
4) ഡി.എൽ.എഡ് കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള എൽ പി /യു പി അധ്യാപക പരീക്ഷയിൽ നിന്നും എടുത്തുമാറ്റിയിരുന്ന മലയാളഭാഷയിലെ അറിവ് പരിശോധിക്കുന്ന ചോദ്യങ്ങൾ തിരികെ സ്ഥാപിക്കാൻ കഴിഞ്ഞു. എന്നാൽ ഈ കാലയളവിൽ ഒരു മാതൃഭാഷ എന്ന നിലയിൽ മലയാളം വലിയ തിരിച്ചടികൾ കൂടി നേരിടുന്നുണ്ട് എന്നത് കാണാതിരിക്കാനാവില്ല.
ഈ കഴിഞ്ഞ നവംബറിൽ ഭരണഭാഷ വാരാചരണത്തിന്റെ ഭാഗമായി വിപുലമായ വിധം ഭരണഭാഷാരംഗത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മലയാളം ഐക്യവേദി സംഘടിപ്പിച്ച ഓൺലൈൻ ക്യാംപെയിൻ മുഖ്യധാരാ മാധ്യമങ്ങളും ഭരണകർത്താക്കളും ശ്രദ്ധിക്കുകയുണ്ടായി. ഈ കാലയളവിൽ മലയാളം ഐക്യവേദി നടത്തിയ പ്രക്ഷോഭങ്ങളിലും പ്രചരണ പരിപാടികളിലും നിവേദന സമർപ്പണങ്ങളിലും പങ്കാളികളായ മുഴുവൻ മനുഷ്യരെയും സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു. തുടർന്നുള്ള നാളുകളിലും ഒപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ... മലയാള ഐക്യവേദി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.