യു.എ. ഖാദർ എന്ന എഴുത്തുകാരനെക്കുറിച്ചും ഖാദർക്ക എന്ന കുടുംബ സുഹൃത്തിനെക്കുറിച്ചും ഒരുപാട് ഓർമകളുണ്ട് മനസ്സിൽ. 'ഉസ്സുങ്ങാൻറകത്ത് അബ്ദുൽ ഖാദർ സ്വസ്ഥം; കഥയെഴുത്ത്' എന്നപേരിൽ വലിയ ഒരു ഇൻറർവ്യൂ 2009 ലെ മാധ്യമം വാർഷികപ്പതിപ്പിൽ അദ്ദേഹവുമായി നടത്തിയത് ഓർക്കുന്നു.
പഴയ ബർമയിൽ പോയ മലയാളി, നമുക്ക് വലിയ അരപ്പട്ടയും കള്ളിമുണ്ടും സ്വർണപ്പല്ലുമാണ്. ഉസ്സുങ്ങാൻറകത്ത് മൊയ്തീൻകുട്ടി ഹാജിയുടെ ചിത്രം ഞാൻ കണ്ടത് ഇങ്ങനെയൊന്നുമല്ല. കോട്ടും ഷൂസും തുർക്കിത്തൊപ്പിയുമായി സുന്ദരനായൊരാൾ. മൊയ്തീൻകുട്ടി ഹാജിയുടെ ഇടതുവശത്ത് ഒരു കൊച്ചു പയ്യൻ; മകൻ- അവെൻറ ഉമ്മ ബർമ്മക്കാരി മാമൈദി. ഏഴുവയസ്സുവരെ അവൻ ഓടിനടന്നത് രംഗൂണിലെ ഐരാവതി തീരത്തുള്ള ബില്ലിൻ ഗ്രാമത്തിലൂടെ. പഗോഡ എന്നറിയപ്പെടുന്ന ഉത്സവപ്പറമ്പുകളിലെ ഉത്സവാഘോഷങ്ങളാണ് അവെൻറ ശൈശവകാല ഓർമ. രണ്ടാംലോക യുദ്ധത്തിൽ അഭയാർഥിയായി പലായനം ചെയ്യുന്നു മൊയ്തീൻകുട്ടി ഹാജി. യാത്രയിൽ കുട്ടി ഒരു ബാധ്യതയായതിനാൽ അഭയാർഥി ക്യാമ്പിൽ കുട്ടിയെ ഉപേക്ഷിക്കൂ എന്ന് ബന്ധുക്കൾ. ഉപ്പ, അബ്ദുൽഖാദർ എന്ന ആ കുട്ടിയെ ഉപേക്ഷിച്ചില്ല. പിന്നീട് ആ കുട്ടി കൊയിലാണ്ടിയിലെത്തുന്നു.
ആ കുഞ്ഞിനെ പിൽക്കാലത്ത് യു.എ. ഖാദർ എന്ന പേരിൽ കേരളം നെഞ്ചിലേറ്റി. മലയാളം അമ്മഭാഷ അല്ലാത്ത അദ്ദേഹം മലയാളത്തിൽ ഒട്ടേറെ നോവലുകളുടെയും കഥാസമാഹാരങ്ങളുടെയും ലേഖനസമാഹാരങ്ങളുടെയും കർത്താവായി. വടക്കേ മലബാറിെൻറ കഥകളെഴുതിയ ഖാദറിെൻറ കഥകളിലെ ഫോക്ലോർ വിഷയമാക്കി ഡോക്ടറേറ്റ് എടുത്തത് തെക്കുനിന്നുള്ള ഡോ. റീജ. പിന്നീട് യൂനിവേഴ്സിറ്റികളിൽ വിദ്യാർഥികൾ ഗവേഷണം നടത്തി ഖാദർ കഥകളിൽ.
വർഷങ്ങൾക്കുമുമ്പ് ഒരു ചാനലിനുവേണ്ടി ആ പരിപാടിയുടെ ചാർജ് വഹിച്ചിരുന്ന അനന്തപത്മനാഭെൻറ (പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ പത്മരാജെൻറ മകൻ) നിർബന്ധം മൂലം ഖാദർ കഥകളുടെ പശ്ചാത്തലം തേടി യു.എ. ഖാദറിനോടൊപ്പം കുറെ സഞ്ചരിച്ചിട്ടുണ്ട്. അമ്പലങ്ങൾ, പള്ളികൾ, ഖാദർക്കയുടെ തറവാട്, ചാലിയത്തെരുവ്, സർപ്പക്കാവ് ഇവിടങ്ങളിലൊെക്ക നടന്നായിരുന്നു ചിത്രീകരണം. ദേശത്തിലേക്ക് ഇത്രയേറെ വേരുകളാഴ്ത്തിയ മറ്റൊരു എഴുത്തുകാരനെ നമുക്ക് ചൂണ്ടിക്കാണിക്കാനാവില്ല. ഖാദർ തന്നെ എെൻറ ചോദ്യത്തിനുത്തരമായി പറഞ്ഞു: എെൻറ എഴുത്ത് യുക്തിസഹമല്ല. യുക്തിക്കതീതമാണ് എല്ലാ കാര്യങ്ങളും. ബാല്യം ഇല്ല എന്നു പറഞ്ഞതുപോലെ ഇല്ലാത്ത ബാല്യം ഉണ്ടാക്കാൻവേണ്ടിയാണ് എല്ലാത്തിലേക്കും മുഴുകുന്നത്. ഉദാഹരണത്തിന് സർപ്പക്കാവ്. അതിെൻറ എല്ലാ വിശദാംശങ്ങളിലേക്കും പോകുന്നത് ബാല്യം തേടിയാണ്. കൊരയങ്ങാട് തെരുവ്, തെരുവിനടുത്ത വീടുകൾ, അതിനടുത്ത അമ്പലങ്ങൾ എന്നിവക്കിടയിലൂടെ കൈത്തറികളുടെ ശബ്ദത്തിനിടയിലൂടെ കുട്ടിക്കാലത്ത് ഒറ്റയ്ക്കൊരു നടത്തമുണ്ട്''.
ആധുനികത കേരളത്തിൽ അരങ്ങുതകർത്തപ്പോൾ, കടംവാങ്ങിയ ദർശനങ്ങളിൽ മുഖംമിനുക്കി എഴുത്തുകാർ രംഗത്തുവന്ന് ആനുകാലികങ്ങളിൽ നിറഞ്ഞുനിന്നപ്പോൾ, രചനകളുടെ കാര്യത്തിൽ ഉറച്ച നിലപാടുകളുമായി നിലകൊണ്ട എഴുത്തുകാരനായിരുന്നു യു.എ. ഖാദർ. ചെരിപ്പിനനുസരിച്ച് കാലുമുറിക്കുന്ന സ്വഭാവമായിരുന്നില്ല ഈ എഴുത്തുകാരേൻറത്. എന്നും പൊള്ളുന്ന ജീവിതമായിരുന്നു ആവിഷ്കരിച്ചത്. നാട്ടിൽനിന്ന് പിഴുതെടുത്ത, നാട്ടുജീവിതവുമായി ഇണങ്ങുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിേൻറത്. വടക്കേ മലബാറിലെ ഗ്രാമത്തിലെ ജനതയുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളും നിറഞ്ഞുനിൽക്കുന്നു ഖാദർ കഥകളിൽ.
എഴുത്തുജീവിതത്തിൽ സഹ എഴുത്തുകാരിൽനിന്നുള്ള പ്രതികരണങ്ങൾ സഹായകരമായിരുന്നോ എന്നുള്ള ചോദ്യത്തിന് ഖാദർക്ക പറഞ്ഞതോർക്കുന്നു. 'മറ്റെഴുത്തുകാരിൽനിന്നും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, പ്രോത്സാഹനമൊന്നും കിട്ടിയിട്ടില്ല. എം. ഗോവിന്ദനും വൈക്കം മുഹമ്മദ് ബഷീറും ടി. പത്മനാഭനും മാത്രമാണ് പ്രോത്സാഹിപ്പിച്ചത്'.
സൗന്ദര്യംകൊണ്ടും തേൻറടംകൊണ്ടും ആണുങ്ങളെ അടിയറവു പറയിപ്പിക്കുന്ന പെണ്ണുങ്ങൾ ഖാദറിെൻറ ഇഷ്ടകഥാപാത്രങ്ങളാണ്. മാധവി, കെട്ടിയവൻ തട്ടാൻ ചന്തുക്കുട്ടിയോട് പറയുന്നു: ''ഉള്ളത് നക്കി ചെലക്കാണ്ട് കെടന്നോളീൻ. കപ്പ മാന്തിക്കണ്ട. എനിക്കിഷ്ടംപോലെ കൂറി നടേത്ത്വ, കണക്ക് എഴുതിക്വേ ചെയ്യും. ചോദിക്കാനും പറയാനും നിങ്ങളാരാ? പുതുപ്പണം വാഴുന്നോരോ? തച്ചോളി േമപ്പയിൽ തേനക്കുറുപ്പോ? ''(തട്ടാൻ ഇട്ട്യേമ്പി). വടക്കൻ പാട്ടുകളും നാടൻ ശൈലികളും ഖാദറിനെ സ്വാധീനിച്ചിട്ടുണ്ട്്. ആ കഥകളിൽ മണ്ണിെൻറ ഗന്ധമുണ്ട്. ചരിത്രകാരന്മാർ ഗ്രാമചരിതം പറയുംപോലെ ചൊടിയും ചുരയുമുള്ള ഭാഷയിൽ ഖാദർ കഥപറയുന്നു. ''ഖാദറിലെ ചരിത്രകാരൻ ചിത്രകാരനുമാണ്. ചിത്രങ്ങളിലൂടെ മാത്രം ചരിത്രം കാണുേമ്പാൾ ഓർമകൾ കഥകളായും അതിലൂടെ അവ മറ്റുള്ളവരുടെ ഓർമകളിലും അങ്ങനെ ഓർമകളുടെ വലിയൊരു വലയായും പരിണമിക്കുന്നു.'' -ഇ.വി. രാമകൃഷ്ണൻ നിരീക്ഷിക്കുന്നു.
സ്വന്തം മുരിങ്ങാച്ചുവട്ടിൽനിന്ന് ആകാശത്തിലെ നക്ഷത്രങ്ങൾ നോക്കുകയും ജ്വലിക്കുന്ന ആ നക്ഷത്രങ്ങൾ വായനക്കാർക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് യു.എ. ഖാദർ.
പുക്കാറത്ത്, ചേപ്ര, പൊത്തന, കൊരച്ച്, തോയൻ, പോയത്തം, നിറവടിയാക്കുക -ഇങ്ങനെ ഇത്രയേറെ നാടൻവാക്കുകൾ ഉപയോഗിച്ച എഴുത്തുകാർ ഏറെയില്ല. വാെമാഴിയുടെ, പഴമൊഴിയുടെ എഴുത്തുകാരനാണ് യു.എ. ഖാദർ.
വ്യക്തിപരമായി ഒരുപാട് ഓർമകളുണ്ട് ഖാദർക്കയുമായി ബന്ധപ്പെട്ട്. ബാംഗ്ലൂരിലേക്കും മറ്റും ഒന്നിച്ച് നടത്തിയ യാത്രകൾ. എെൻറ കല്യാണം കഴിഞ്ഞ ഉടനെ ഖാദർക്കയുടെ വീട്ടിൽവെച്ചു തന്ന സൽക്കാരം. ഞങ്ങളുടെ വീട്ടിൽ എന്തു വിശേഷങ്ങളുണ്ടായാലും ഖാദർക്ക ഭാര്യ ഫാത്തിമെത്തയും കൂട്ടിവരും. ഖാദർക്കയുടെ വിയോഗം ഏറ്റവുമടുത്ത ഒരു ബന്ധുവിെൻറ വേർപാടുപോലെ മനസ്സിൽ നീറ്റലുണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.