‘രണ്ടാമൂഴം’ ആദ്യ പേജിൽ എം.ടിയുടെ കൈയൊപ്പ് (ഇൻസെറ്റിൽ ആരോൺ)

ആരോൺ നിധിപോലെ സൂക്ഷിക്കുന്നു, മലയാളത്തിന്‍റെ സുകൃതത്തിന്‍റെ കൈയൊപ്പ്

ഇന്ന് വായനദിനം

തൃശൂർ: പോസ്റ്റ്മാൻ കനമുള്ള കവർ കൊണ്ടുവന്നപ്പോൾ ചിറയ്ക്കൽ ആരോൺ ആൽവിൻ എന്ന ഒമ്പതാം ക്ലാസുകാരന് അത്ഭുതമായിരുന്നു. വല്ലപ്പോഴുമാണ് പോസ്റ്റ്മാൻ തപാലുമായി എത്താറ്. എനിക്കാരാണ് അയക്കാൻ എന്ന ജിജ്ഞാസയോടെ കവർ പൊട്ടിച്ചപ്പോൾ എം.ടിയുടെ 'രണ്ടാമൂഴം'.

പുസ്തകം തുറന്നപ്പോൾ 'ബെസ്റ്റ് വിഷസ്', എം.ടി. വാസുദേവൻ നായരുടെ കൈയൊപ്പും. വിശ്വസിക്കാൻ പറ്റിയില്ല. ലോകം മുഴുവൻ ആരാധിക്കുന്ന എഴുത്തുകാരൻ തനിക്കുവേണ്ടി കുറിച്ച വാക്കുകൾ. ''എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു...നല്ല സന്തോഷം തോന്നി''- ആരോൺ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. 'രണ്ടാമൂഴം' വായിച്ചുകഴിഞ്ഞപ്പോൾ രണ്ട് പുറത്തിലൊതുക്കിയ ആസ്വാദനക്കുറിപ്പ് എഴുതി പുസ്തകച്ചട്ടയിൽ കണ്ട അഡ്രസിൽ അയച്ചുകൊടുത്തിരുന്നു. ആരോടും പറഞ്ഞില്ല, ആരെയും കാണിച്ചില്ല. അതിനുള്ള മറുപടിയായിരുന്നു അന്നത്തെ തപാലിൽ എത്തിയത്.

പഴുവിൽ സെന്‍റ് ആന്‍റണീസ് സ്കൂൾ വിദ്യാർഥിയായ ആരോൺ കോവിഡ്കാലത്തെ വീട്ടിലടച്ചിരുപ്പിൽ വായിച്ചുതീർത്തതായിരുന്നു 'രണ്ടാമൂഴം'. വൈകാതെ ആസ്വാദനക്കുറിപ്പ് എഴുതിത്തീർത്തു. തനിക്കുപോലും കാണിച്ചുതന്നില്ലെന്ന് പിതാവ് ആൽവിൻ പറയുന്നു. വീട്ടിൽതന്നെ ചെറിയ ലൈബ്രറിയുണ്ട്. വായനയോട് ചെറുപ്പം മുതലേ താൽപര്യമുള്ള ആരോണിന് എം.ടിയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. എം.ടിയുടെ മറ്റ് ചില പുസ്തകങ്ങളും ആരോൺ വായിച്ചിട്ടുണ്ട്. പിതാവ് ആൽവിൻ വാച്ചുകട നടത്തുകയാണ്. മാതാവ്: ജോളി.

Tags:    
News Summary - Aaron keeps it like a treasure, the signature of MT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.