തൃശൂർ: ഒരു മതവും മതപണ്ഡിതനും അക്രമവും കൊലയും ആവശ്യപ്പെടുന്നില്ലെന്നും സ്നേഹവും സൗഹാർദവുമാണ് അവരെല്ലാം പ്രചരിപ്പിക്കുന്നതെന്നും എം.ടി. വാസുദേവൻ നായർ. യഥാർഥ മതവിശ്വാസികൾ ഇത്തരം പ്രവണതകൾക്കെതിരെ പൊരുതണം. അക്രമത്തിന്റെ ഭാഷ എല്ലാവരും കൈവെടിയണം. എല്ലാ മതങ്ങൾക്കും ഒരു താത്ത്വികമായ ഭാവവും തത്ത്വചിന്തയുമുണ്ട്. അതാണ് സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ തെക്കേമഠത്തിന്റെ ശങ്കരപത്മം പുരസ്കാരം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതിയിൽനിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.ടി.
ഭാരതിയാരുടെ നാലുവരി അറിയാത്തൊരു കുട്ടി തമിഴ്നാട്ടിലും ടാഗോറിന്റെ നാലുവരി അറിയാത്ത കുട്ടി ബംഗാളിലും ഉണ്ടാകില്ല. പക്ഷേ, ആശാന്റെയും വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും കവിതകൾ നമ്മുടെ കുട്ടികൾക്കറിയില്ല. നമുക്ക് നമ്മുടെ അടിത്തറപോലും അറിയാത്ത ദയനീയ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. പണ്ട് കവിതകൾ മനഃപാഠം പഠിച്ച് പരീക്ഷ എഴുതേണ്ട സാഹചര്യമായിരുന്നെങ്കിൽ ഇന്ന് പരീക്ഷതന്നെ ആവശ്യമില്ലെന്ന നിലയിലാണ് കാര്യങ്ങൾ.
കുട്ടികൾ മത്സരിച്ചുതന്നെ പഠിക്കണമെന്നും അതിനെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഥയും കവിതയുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. അത് നമ്മുടെ പാഠ്യപദ്ധതിയിലും വേണം. ഭാഷ നമ്മുടെ ഉള്ളിലുണ്ടാകണമെങ്കിൽ കഥയും കവിതയും ഉള്ളിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ.പി. വിജയകൃഷ്ണൻ, തെക്കേമഠം മാനേജർ വടക്കുമ്പാട് നാരായണൻ, കൗൺസിലർ പൂർണിമ സുരേഷ്, കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. കെ. മുരളീധരൻ, കുന്നം വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.