ആലപ്പുഴ: പുസ്തകങ്ങളുടെ കലവറയായ 'ഹോം' ലൈബ്രറിയിൽനിന്ന് ഏത് മേഖലയിലെയും പുസ്തകങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും എടുത്തുകൊണ്ടുപോകാം. അതിന് വിലക്കുകളില്ല. സാധാരണ ഗ്രന്ഥശാലകളിലേതുപോലെ പേരുകളും എഴുതിവെക്കാറില്ല. സമയക്രമവും നിശ്ചയിച്ചിട്ടില്ല. അവ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ നശിപ്പിക്കാതെ മറ്റൊരാൾക്ക് വായനക്കായി കൈമാറണമെന്ന ഉപദേശം മാത്രമാണുള്ളത് -ഇത് ആലപ്പുഴ കൈതവന മംഗലത്ത് ആന്‍റണി എം.ജോണിന്‍റെ (62) വീട്ടിലെ ലൈബ്രറിയുടെ മാത്രം പ്രത്യേകതയാണ്.
പരിചയക്കാർ, പ്രായമുള്ളവർ, അയൽവാസികൾ, വിദ്യാർഥികൾ, കുട്ടികൾ ഇവരൊക്കെയാണ് ഇവിടുത്തെ പ്രധാന ഉപഭോക്താക്കൾ. സമൂഹത്തിൽ വായന പടർത്തുന്നതിനൊപ്പം പ്രയാസപ്പെടുന്നവരെ സഹായിക്കാനും ചില പദ്ധതികളുമുണ്ട്. 13 വയോധികർക്ക് എല്ലാമാസവും ഒന്നാംതീയതി 300 രൂപ വീതം നൽകുന്ന പെൻഷൻ പദ്ധതിയാണിത്. ഏഴുവർഷമായി മുടക്കം വരുത്തിയിട്ടില്ല. വിധവയായ ഒരു സ്ത്രീയും കൂടെ പഠിച്ച രണ്ടുപേരും ഇതിൽ ഉൾപ്പെടുന്നുണ്ട്. പ്രായം കാരണം എത്താനായില്ലെങ്കിൽ തുക വീട്ടിലെത്തിച്ചുനൽകും. അല്ലെങ്കിൽ ആദിവസം ആരെയെങ്കിലും പറഞ്ഞുവിട്ടാൽ മതി. വായനയുടെ മഹത്വം തിരിച്ചറിഞ്ഞാണ് ജേക്കബ് ജോൺ ആന്‍ഡ് കമ്പനിയിലെ റിട്ട. ജനറൽ മാനേജർ ആന്‍റണി എം.ജോണിന്‍റെ 'ഹോം' ലൈബ്രറിയുടെ പ്രവർത്തനം.
നാട്ടുവെളിച്ചമായ ലൈബ്രറിക്ക് പിന്നിൽ പഠനകാലത്തും അല്ലാതെയും പുസ്തകങ്ങളോട് തോന്നിയ പ്രണയമാണ്. സ്കൂളുകളിൽ സംവദിക്കാൻ വിളിച്ചാലും സ്കൂൾതല കലാപരിപാടികളിൽ വിജയിച്ചവർക്ക് സമ്മാനം ചോദിച്ചെത്തിയാലും ആദ്യം അവർക്ക് മുന്നിലേക്ക് നീട്ടുന്നത് പുസ്തകങ്ങളായിരുന്നു. കുട്ടികൾക്ക് ആവശ്യമായ പുസ്തങ്ങൾ ഏതെന്ന് കണ്ടെത്തിയാണ് സമ്മാനം നൽകിയിരുന്നത്. ആ ശീലം പിന്നീട് ട്രെൻഡായി മാറിയപ്പോൾ വീട്ടിലെ പുസ്തകശേഖരത്തിന്‍റെ വലിപ്പവും കൂടി.
2000 മുതലാണ് വീട്ടിൽ പുസ്തകങ്ങൾ വാങ്ങി സൂക്ഷിക്കുന്ന ലൈബ്രറിക്ക് തുടക്കമിട്ടത്. 22വർഷമായി പുതുതായി വിപണിയിൽ ഏത് പുസ്തകം ഇറങ്ങിയാലും അതിന്‍റെ ഒരുകോപ്പി വാങ്ങും. നിലവിൽ വിവിധ മേഖലകളിലെ 2500ലധികം പുസ്തകങ്ങളുണ്ട്. അത് മുതിർന്നവരും അയൽവാസികളും വീട്ടിൽ പരിചയം പുതുക്കാൻ എത്തുന്നവർക്കും എടുത്തുകൊണ്ടുപോകാം. വേറെ ആരെങ്കിലും ചോദിച്ചാൽ അത് കൊടുത്തേക്കണം എന്ന നിബന്ധന മാത്രമാണുള്ളത്. ആ രീതിയിൽ കുറേ പുസ്തകങ്ങൾ നഷ്ടമായെങ്കിലും കുറ്റബോധമില്ലെന്ന് ആന്‍റണി 'മാധ്യമ'ത്തോട് പറഞ്ഞു.
1984-1985 കാലഘട്ടത്തിൽ എം.ജി സർവകലാശാല യൂനിയന്‍റെ ആദ്യ ചെയർമാനായിരുന്നു ആന്‍റണി എം.ജോൺ. അന്നത്തെ തെരഞ്ഞെടുപ്പിൽ വി.ഡി. സതീശനെയാണ് പരാജയപ്പെടുത്തിയത്. ഭാര്യ: എലിസമ്പത്ത് ജോൺ. 2012ൽ ക്രിക്കറ്റ് കളിക്കിടെ കുഴിയിൽവീണ് മൂത്തമകൻ ആന്‍റണി എം.ജോൺ ജൂനിയർ മരിച്ചിരുന്നു. തിരുവനന്തപുരത്ത് അനുജന്‍റെ വീട്ടിൽ അവധിയാഘോഷിക്കാൻ പോയപ്പോഴായിരുന്നു സംഭവം. സാമൂഹിക പ്രവർത്തക തെരേസ ജോൺ മംഗലത്ത് രണ്ടാമത്തെ മകളാണ്. ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജിൽ ബിരുദ പഠനത്തിനിടെ സോഷ്യൽ സർവിസ് ലീഗിന്‍റെ പ്രഥമ വനിത പ്രസിഡന്‍റായിരുന്നു. 2015ൽ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള സി.എഫ്. ആൻഡ്രൂസ് പുരസ്കാരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആണ് സമ്മാനിച്ചത്. ബിഹാർ നളന്ദ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ തെരേസ ജോൺ അമേരിക്കയിലെ ഷികാഗോയിൽ എം.ബി.എ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.