തൃശൂർ: സംഗീതം, നാടകം, നൃത്തം തുടങ്ങിയ മേഖലകളിലെ ഈടുവെപ്പുകൾ വരുംതലമുറക്ക് കാണാനും പഠിക്കാനും ഉതകുന്ന പെര്‍ഫോമിങ് ആര്‍ട്‌സ് മ്യൂസിയം ഈ വര്‍ഷംതന്നെ കേരള സംഗീത നാടക അക്കാദമിയില്‍ സ്ഥാപിക്കാൻ 50 ലക്ഷം രൂപ അനുവദിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കലാകാരന്മാര്‍ക്ക് പ്രതികരണശേഷി വേണമെന്നും ഭരിക്കുന്ന കക്ഷി ഏതെന്ന് നോക്കാതെ കാര്യങ്ങള്‍ ധീരമായി പ്രകടിപ്പിക്കണമെന്നും കേരള സംഗീത നാടക അക്കാദമി പുരസ്‌കാരസമര്‍പ്പണം നിർവഹിച്ച് സംസാരിക്കവേ മന്ത്രി പറഞ്ഞു.
സംഗീത നാടക അക്കാദമിയില്‍ അഫിലിയേറ്റ് ചെയ്ത എല്ലാ കലാകാരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. അവശ കലാകാരന്മാരുടെ സംരക്ഷണത്തിന് മാവേലിക്കരയില്‍ ഒരു കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ മികവുതെളിയിച്ച മൂന്നു പേര്‍ക്ക് ഫെലോഷിപ്പും 17 പേര്‍ക്ക് അവാര്‍ഡും 22 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരവും മന്ത്രി സമര്‍പ്പിച്ചു. കലാകാരന്മാരുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നവീകരിച്ച വെബ്‌സൈറ്റിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കരിവെള്ളൂര്‍ മുരളി, വൈസ് ചെയര്‍മാന്‍ പി.ആർ. പുഷ്പവതി, നിര്‍വാഹക സമിതി അംഗം ടി.ആര്‍. അജയന്‍ എന്നിവര്‍ സംസാരിച്ചു.
കെ.ടി. മുഹമ്മദ് തിയറ്ററില്‍ പുല്ലൂര്‍ സജുചന്ദ്രനും സംഘവും അവതരിപ്പിച്ച വാദ്യമേളത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. പുരസ്‌കാര ജേതാക്കള്‍ പ്രത്യേക സംഗീത പരിപാടി അവതരിപ്പിച്ചു. സംഗീതജ്ഞന്‍ ശരത്ത്, ഗായകരായ എന്‍. ശ്രീകാന്ത്, പന്തളം ബാലന്‍, നിസ അസീസി എന്നിവര്‍ ആലപിച്ചു. പ്രകാശ് ഉള്ള്യേരി കീബോര്‍ഡിലും എന്‍. സമ്പത്ത് വയലിനിലും ഹംസ വളാഞ്ചേരി ഹാര്‍മോണിയത്തിലും തൃശൂര്‍ കൃഷ്ണകുമാര്‍ ഇടക്കയിലും ഷോബി കഹോനിലും അകമ്പടി സേവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.