അ​​രു​​ന്ധ​​തി റോ​​യി​​

നിലപാടുകൾ തുറന്ന് പറഞ്ഞ് അരുന്ധതി റോയി

‘‘നിലപാട് സ്വീകരിക്കാൻ ധൈര്യമുണ്ടോ ഇല്ലയോ എന്നതിലല്ല കാര്യം. എഴുത്തുകാരാണെങ്കിൽ നിങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ എഴുതണം. അല്ലെങ്കിൽ ‘എഴുത്തുകാരാകുന്നത്’ നിർത്തണം.’ ’നിലപാടുകൾ തുറന്നുപറയുന്നു അരുന്ധതി റോയി

‘എന്നെ വളർത്തി വലുതാക്കിയ, സംസാരത്തിനിടെ ശല്യപ്പെടുത്തും മുമ്പ് ‘എക്‌സ്‌ക്യൂസ് മീ’ എന്നു പറയാൻ പഠിപ്പിച്ച, സ്വന്തം ഇഷ്‌ടത്തിനു പോകാൻ അനുവദിക്കാൻ മാത്രം വാത്സല്യത്തോടെ എന്നെ സ്‌നേഹിച്ച എന്റെ അമ്മ മേരി റോയിക്ക്...’ -‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ’ അമ്മ മേരി റോയിക്ക് സമർപ്പിച്ച് അരുന്ധതി റോയി ഇങ്ങനെ എഴുതി. മാൻ ബുക്കർ പുരസ്കാരം നേടിയ വിഖ്യാത കൃതി ‘ദ ഗോഡ് ഓഫ് സ്മാൾ തിങ്സി’ന്റെ മലയാള പരിഭാഷയാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ. കോട്ടയം ജില്ലയിലെ അയ്മനം എന്ന ഗ്രാമമാണ് കഥാപശ്ചാത്തലം. എസ്ത, റാഹേൽ, അമ്മു... സാഹിത്യലോകം നെഞ്ചേറ്റിയ കഥാപാത്രങ്ങൾ അങ്ങനെ നീളും. സ്വന്തം കുടുംബമായിരുന്നു ‘ഗോഡ് ഓഫ് സ്മാൾ തിങ്സി’ന്റെ പശ്ചാത്തലം; പ്രധാന കഥാപാത്രമായ അമ്മു അമ്മയായ മേരി റോയിയും.

അയ്മനം ഗ്രാമത്തിലായിരുന്നു അരുന്ധതിയുടെ കുട്ടിക്കാലം. ഈ വിഖ്യാത നോവലിന്റെ കഥാപശ്ചാത്തലം ഇവിടെയായതും അതുകൊണ്ടുതന്നെ. 1989ൽ ‘ഇൻ വിച് ആന്നീ ഗിവ്സ് ഇറ്റ് ടു ദോസ് വൺസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചാണ് അരുന്ധതി റോയ് സാഹിത്യലോകത്തേക്കെത്തിയത്. പിന്നീട് ഇലക്ട്രിക് മൂൺ എന്ന ചിത്രത്തിനും നിരവധി ടെലിവിഷൻ പരിപാടികൾക്കും തിരക്കഥ രചിച്ചു. സാമൂഹിക പ്രവർത്തനങ്ങൾ കരുത്താക്കി മാറ്റിയ രണ്ട് വനിതകൾ; അതാണ് മേരി റോയി എന്ന അമ്മയും അരുന്ധതി റോയ് എന്ന മകളും. നർമദ പ്രക്ഷോഭം, ആണവ പരീക്ഷണം, മുത്തങ്ങ സമരം തുടങ്ങി നിരവധി ജനകീയ വിഷയങ്ങളിൽ അരുന്ധതി റോയ് നിലപാട് വ്യക്തമാക്കി. അരുന്ധതി റോയിയെ അതുകൊണ്ടുതന്നെ എക്കാലത്തും വിവാദങ്ങൾ പിന്തുടർന്നിരുന്നു. നിലപാട് സ്വീകരിക്കാൻ ധൈര്യമുണ്ടോ ഇല്ലയോ എന്നതിലല്ല കാര്യം. എഴുത്തുകാരാണെങ്കിൽ നിങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ എഴുതിയില്ലെങ്കിൽ എഴുത്തുകാരനാകുന്നത് നിർത്തണം എന്നാണ് അരുന്ധതി റോയിയുടെ അഭിപ്രായം. നിലപാടുകൾ തുറന്നുപറയുന്നു, അരുന്ധതി റോയ്.

കുട്ടിക്കാലത്തെ ഓർമകൾ

കുട്ടിക്കാലത്ത് വളരെയധികം പ്രയാസങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അമ്മയും അച്ഛനും ഡിവോഴ്സായശേഷം അമ്മയോടൊപ്പം ഊട്ടിയിലായിരുന്നു ഞാനും സഹോദരനും കഴിഞ്ഞത്. അന്ന് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നു. അന്നെനിക്ക് നാലോ അഞ്ചോ വയസ്സ് മാത്രമായിരുന്നു. അവിടെ കണക്ക് പഠിപ്പിച്ചിരുന്നത് ഒരു മിഷനറി ടീച്ചറായിരുന്നു. മിസ് മിറ്റൻ എന്നായിരുന്നു അവരുടെ പേര്. അഞ്ചും അഞ്ചും പത്താണെന്നും അഞ്ചും രണ്ടും ഏഴാണെന്നുമൊക്കെ വിരലിൽ എണ്ണി പഠിച്ചുകൊണ്ടിരുന്ന എന്നോട് അഞ്ചും ഏഴും എത്രയാണെന്ന കുഴപ്പിക്കുന്ന ചോദ്യം അവർ ചോദിച്ചു. അത് എന്‍റെ വിരലുകൾകൊണ്ട് എണ്ണി പൂർത്തിയാക്കാൻ അറിയില്ലായിരുന്നു. ഞാൻ എന്‍റെ കാൽ വിരലുകൾ കൂടി കൂട്ടി എണ്ണി ഉത്തരം പറഞ്ഞു.

എങ്ങനെയാണ് ശരിയായ ഉത്തരം കിട്ടിയതെന്ന് അവർ ചോദിച്ചപ്പോൾ ഞാൻ ആകെ പേടിച്ചുപോയി. എന്‍റെ തലകൊണ്ട് ചെയ്തുവെന്ന മറുപടിയാണ് ഞാൻ നൽകിയത്. എന്‍റെ കണ്ണിൽ സാത്താനെ കാണാമെന്നായിരുന്നു അവർ അപ്പോൾ മറുപടി നൽകിയത്. അധ്യാപികയായ അമ്മ എന്നോട് ആദ്യമായി എന്തെങ്കിലും എഴുതാൻ പറഞ്ഞപ്പോൾ ഞാൻ ആദ്യമെഴുതിയത് ‘ഐ ഹേറ്റ് മിസ് മിറ്റൻ’ എന്നായിരുന്നു. അവരെ കാണുമ്പോൾ എനിക്ക് കീറത്തുണിയാണ് ഓർമവരുക. അങ്ങനെയാണ് ഞാൻ നിങ്ങളുടെ നിക്കർ കീറി (യുവർ ട്രൗസേഴ്സ് ആർ ടോൺ) എന്നെഴുതിയത്.

ഷില്ലോങ്ങിലായിരുന്നു എന്‍റെ ജനനം. എനിക്ക് രണ്ടുവയസ്സായപ്പോഴാണ് മാതാപിതാക്കൾ വേർപിരിയുന്നതും ഞാനും അമ്മയും ഊട്ടിയിലെത്തുന്നതും. അവിടെ വെച്ചാണ് മിസ് മിറ്റനുമായുള്ള സംഭവം നടന്നത്. പിന്നീട് കേരളത്തിലേക്ക് വന്നു. അയ്മനം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് പിന്നീട് വളർന്നത്. ഞാൻ പാതി ബംഗാളിയാണെങ്കിലും അച്ഛനെക്കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. 22വയസ്സുവരെ അച്ഛനെ കണ്ടിരുന്നില്ല. കുട്ടിക്കാലം മുതലേ വ്യക്തിത്വം ചോദ്യംചെയ്യപ്പെട്ടിരുന്നു. അയ്മനത്തും കോട്ടയത്തും എന്നെയും എന്‍റെ ചേട്ടനെയും വിലാസമില്ലാത്ത പിള്ളേരെന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്. തറവാടില്ലാത്ത, അച്ഛനില്ലാത്ത പിള്ളേരെന്ന ടാഗായിരുന്നു അവർ പതിച്ചുതന്നത്. അതിനാൽത്തന്നെ ഒന്നിനോടും ഞങ്ങൾക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല.

ശബ്ദമില്ലാത്തവരായി ആരുമില്ല

ശബ്ദമില്ലാത്തവരുടെ ശബ്ദമാകുകയെന്ന വിശേഷണത്തോടെയാണ് ഞാൻ പലപ്പോഴും പലയിടത്തും സ്വീകരിക്കപ്പെടാറുള്ളത്. എന്നാൽ, ഇത്തരമൊരു വിശേഷണംതന്നെ തെറ്റാണ്. ശബ്ദമില്ലാത്തവർ എന്ന ആശയമില്ല. മനഃപൂർവം അടിച്ചമർത്തപ്പെട്ടവരും ശബ്ദമില്ലാതിരിക്കാൻ സ്വയം തീരുമാനിച്ചവരും മാത്രമാണുള്ളത്. അതിനാൽ ശബ്ദമില്ലാത്തവരുടെ ശബ്ദമാകുകയെന്ന് പറയുന്നത് എനിക്ക് വ്യക്തിപരമായി ഇഷ്ടമില്ല. ജാതിയുടെയും വ്യക്തിത്വത്തിന്‍റെയും വലിയ മതിൽക്കെട്ടിനകത്താണ് ഇന്ത്യൻ സമൂഹം ജീവിക്കുന്നത്. അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽനിന്നാണെങ്കിൽ നിങ്ങളുടെ വ്യക്തിത്വം എപ്പോഴും ചോദ്യം ചെയ്യപ്പെടും. വ്യക്തിത്വത്തെക്കുറിച്ചും ജാതിയെക്കുറിച്ചും ആശങ്കാകുലരായ വലിയ മതിൽക്കെട്ടിനകത്തുള്ള സമൂഹമാണ് ഇന്ത്യയിലുള്ളത്. ഞാൻ ആ മതിൽക്കെട്ടിൽ ഉൾപ്പെടാത്തവരിലൊരാളായിരുന്നു. ചെറുപ്പകാലം മുതലേ അനുഭവിച്ചതാണ് ഇത്തരം കാര്യങ്ങൾ. അധ്യാപികയായ അമ്മ സ്കൂൾ തുടങ്ങി. അവരുടെ സ്കൂൾ പെൺകുട്ടികൾക്ക് സ്വർഗമായിരുന്നു. 1916ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ച നിയമത്തിനെതിരെ പോരാട്ടം നടത്തി. പെൺമക്കൾക്കും പിതൃസ്വത്തിൽ തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്കാണ് അവരുടെ പോരാട്ടം വഴിയൊരുക്കിയത്. അത്തരത്തിൽ ഞാൻ കണ്ടതിൽവെച്ച് ഏറ്റവും അസാധാരണായ സ്ത്രീ എന്‍റെ അമ്മയാണ്. അതിനു കാരണം അവർ ഒരു നല്ല അമ്മയായിരുന്നില്ല (great mother) എന്നതാണ്. അങ്ങനെയാണ് 17വയസ്സുള്ളപ്പോൾ ഞാൻ വീടു വിട്ടുപോകുന്നത്.

അവർ വേദനിപ്പിക്കുമ്പോൾ, അടിക്കുമ്പോൾ, ചീത്തപറയുമ്പോൾ അങ്ങനെയെല്ലാമാണ് ഞാൻ എഴുതിത്തുടങ്ങിയത്. അവരുടെ വേദനിപ്പിക്കുന്ന വാക്കുകൾ ഭർത്താവിൽനിന്നും സഹോദരങ്ങളിൽനിന്നും പിതാവിൽനിന്നുമെല്ലാം കിട്ടിയതായിരിക്കാം. ഒരു കാര്യം മറ്റുള്ളവരുടെ കാഴ്ചപ്പാടിലൂടെ തിരിച്ചറിയാൻ ശ്രമിക്കുമ്പോഴാണ് നിങ്ങളൊരു എഴുത്തുകാരനായി മാറുന്നത്. മറ്റുള്ളവരെ മനസ്സിലാക്കുന്നത് നിർത്തിയാൽ, മറ്റുള്ളവരുടെ പ്രശ്നങ്ങളെ മനസ്സിലാക്കാനോ അവരോട് താദാത്മ്യം പ്രാപിക്കാനോ ശ്രമിച്ചില്ലെങ്കിൽ സാഹിത്യത്തിന്‍റെ അടിസ്ഥാനംതന്നെ നമുക്ക് നഷ്ടമാകും.

ഒന്നിലും ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല

കേരളമാണോ ഡൽഹിയാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ; അങ്ങനെ ഒരു പ്രത്യേക സ്ഥലത്ത് മാത്രമായി ഒതുങ്ങിനിൽക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. കേരളത്തെ വളരയെധികം ഇഷ്ടപ്പെടുന്നുണ്ട്. കോട്ടയത്ത് പോകുമ്പോൾ പഴയകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ച് ഓർമവരും. അതിനാൽ ഇവിടെനിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ചായിരുന്നു അന്ന് എപ്പോഴും ചിന്തിച്ചിരുന്നത്. ഞാൻ എന്ന വ്യക്തി മനഃപൂർവം എവിടെയും സ്വന്തമായി നിലകൊള്ളാൻ ഇഷ്ടപ്പെടുന്നില്ല. എല്ലായിടത്തും പോകുന്നു. അവിടത്തെ കാര്യങ്ങളെക്കുറിച്ചെഴുതുന്നു. എഴുത്തുകാരിയെന്ന നിലയിൽ ഏറ്റവും വലിയ റോയൽറ്റിയും അതുതന്നെ. ദക്ഷിണാഫ്രിക്കയിലോ ബസ്തറിലോ കശ്മീരിലോ ബ്രസീലിലോ പോയാലും ഞാൻ അവരെക്കുറിച്ചാണെഴുതിയതെന്ന് പറയാം. അവരെനിക്ക് ഭക്ഷണവും മറ്റെല്ലാം നൽകും. അത്തരത്തിലുള്ളതാണ് എന്‍റെ ലോകവും സമൂഹവും. അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എല്ലാത്തരം ബന്ധനങ്ങളുടെ കണ്ണികളും പൊട്ടിച്ചെറിയുന്ന, ഒന്നിലും ഒതുങ്ങാൻ ആഗ്രഹിക്കാത്തതാണ് എന്‍റെ മനസ്സ്.

അനുഭവം എഴുതിയില്ലെങ്കിൽ എഴുത്ത് നിർത്തുക

ഇന്നത്തെക്കാലത്ത് എഴുത്തുകാർ ഉൾപ്പെടെയുള്ള പലരും ജാതിയെക്കുറിച്ചോ അനാചാരങ്ങളെക്കുറിച്ചോ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചോ തുറന്നുപറയാൻ മടിക്കുകയാണ്. അനീതികൾക്കെതിരെ നിലപാട് സ്വീകരിക്കാതെ സ്വന്തം യുക്തിയോട് തന്നെ നേരുകേട് കാണിക്കുന്നത് വർധിച്ചുവരുകയാണ്. ഇത്തരത്തിൽ യുക്തിപരമായി സത്യസന്ധത പുലർത്താതിരിക്കുകയെന്നത് സാഹിത്യമേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഞാൻ രാഷ്ട്രീയ കുടുംബത്തിലോ ആക്ടിവിസ്റ്റ് കുടുംബത്തിലോ ജനിച്ചതല്ല. ഓരോ തവണയും ഞാൻ പറഞ്ഞ കാര്യങ്ങൾ അവർ എതിർത്തപ്പോൾ അവർ അവരോട് തന്നെ നീതിപുലർത്താത്തവരായി മാറുകയാണ്. സത്യസന്ധത പുലർത്തുകയെന്നത് അടിസ്ഥാനപരമാണ്. ഭൗതികമായ സത്യസന്ധത. നേര്, ആത്മാർഥത, സ്വന്തം ചുറ്റുപാടിനോടുള്ള അനീതികൾക്കെതിരായ നിലപാട് സ്വീകരിക്കൽ എന്നിവയൊക്കെ ചെയ്യുമ്പോൾ ഒരുപാട് ആളുകൾ അതെല്ലാം പാടേ മറക്കുകയാണ്.

നിലപാട് സ്വീകരിക്കാൻ ധൈര്യമുണ്ടോ ഇല്ലയോ എന്നതിലല്ല കാര്യം. എഴുത്തുകാരാണെങ്കിൽ നിങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ എഴുതിയില്ലെങ്കിൽ എഴുത്തുകാരനാകുന്നത് നിർത്തണം. നോൺ ഫിക്ഷൻ എഴുതുമ്പോൾ മനസ്സ് പലവട്ടം ഒന്നും എഴുതേണ്ട എന്ന് പറയാറുണ്ട്. ഒന്നും എഴുതേണ്ട മറ്റാരെങ്കിലും ചെയ്യട്ടെയെന്നും തോന്നാറുണ്ട്. എന്നാൽ, അനുഭവിച്ചതും അറിഞ്ഞതുമായ കാര്യങ്ങളോർത്ത് മനസ്സിലുണ്ടാകുന്ന തിരയിളക്കത്തിൽനിന്ന് എഴുതണമെന്ന ആഗ്രഹമുണ്ടാകും. അതിനാൽ മനസ്സിനോട് എഴുതേണ്ട എന്നുപറഞ്ഞ് പലതവണ നൽകിയ ഉറപ്പിന്‍റെ ലംഘനം കൂടിയാണ് എന്‍റെ നോൺ ഫിക്ഷൻ എഴുത്തുകൾ. നമ്മെത്തന്നെ അടിച്ചമർത്താൻ ശ്രമിച്ചാൽ എഴുത്തുതന്നെ ഇല്ലാതാകും. സമൂഹത്തിലിന്ന് പറയാൻ പറ്റാത്ത കാര്യങ്ങളാണ് കൂടുതലുള്ളത്. നേരെയായാലും വളഞ്ഞവഴിയായാലും പറയാനുള്ളത് പറയണം. അല്ലാതെ മിണ്ടാതിരുന്നാൽ നമ്മൾ നമ്മളെത്തന്നെയാണ് ഇല്ലാതാക്കുന്നത്. ജീവിതം പൂർണമായും ജീവിച്ചുതീർക്കണം. അല്ലാതെ വ്യാജ മൂല്യങ്ങളിൽ അല്ല ജീവിക്കേണ്ടത്. ജീവിതം പൂർണതലത്തിൽ ജീവിക്കാൻ വ്യാജ കുടുംബ മൂല്യങ്ങളോ വ്യാജ സുഹൃത്തുക്കളോ വ്യാജ പ്രത്യയശാസ്ത്രമോ ഒന്നും വേണ്ട. ഇതിൽ എന്‍റെ കൂടെ ചേരാനാഗ്രഹിക്കുന്നവർക്ക് സ്വാഗതം, അല്ലാത്തവരോട് ഗുഡ്ബൈ എന്നാണ് പറയാനുള്ളത്.

ചിന്തകളെപ്പോലും ഭരണകൂടം പിടിച്ചുകെട്ടുന്നു

1997ൽ ഗോഡ് ഓഫ് സ്മോൾ തിങ്സിന് ബുക്കർ പ്രൈസ് ലഭിച്ചശേഷം ഫിക്ഷൻ എഴുത്തിൽനിന്ന് മാറി നോൺ ഫിക്ഷനിലേക്ക് വന്നതോടെ എഴുത്തുകാരിയെന്ന പട്ടം എന്നിൽനിന്ന് എടുത്തറിയപ്പെടുകയായിരുന്നു. ബുക്കർ സമ്മാനം കിട്ടിയതുകൊണ്ട് അടുത്ത പുസ്തകം ഉടൻ എഴുതുമെന്ന് എനിക്ക് അന്ന് പറയാൻ കഴിയില്ലായിരുന്നു. ബുക്കർ പ്രൈസ് ലഭിച്ചശേഷം നിരവധി മാഗസിനുകളുടെ കവറായി ഞാൻ. എന്നെ എല്ലാവരും പ്രകീർത്തിച്ചു. അതിനുശേഷം 1998ൽ ആണവ പരീക്ഷണം നടന്നു. ഇതോടെ ഞാൻ ഭയപ്പെട്ടു. ശബ്ദിക്കാതിരിക്കുന്നതും ശബ്ദിക്കുന്നതിന് തുല്യമായ രാഷ്ട്രീയ പ്രവർത്തനമാണെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ മിണ്ടാതിരുന്നാൽ അവരുടെ ഭാഗമാണെന്നുവരും. അങ്ങനെ ഞാൻ എന്‍റെ ആദ്യ രാഷ്ട്രീയ ലേഖനം എഴുതി. ‘ദ എൻഡ് ഓഫ് ഇമാജിനേഷൻ’ എന്നപേരിൽ ആണവ പ​​രീ​​ക്ഷ​​ണ​​ത്തി​​നെ​​തി​​രാ​​യി​​രു​​ന്നു ആ ​​എ​​ഴു​​ത്ത്. അ​​തോ​​ടെ​​യാ​​ണ് എ​​ഴു​​ത്തു​​കാ​​രി​​യെ​​ന്ന രാ​​ജ​​കു​​മാ​​രി പ​​ട്ടം എ​​ന്നി​​ൽ​​നി​​ന്ന് എ​​ടു​​ത്തെ​​റി​​യ​​പ്പെ​​ട്ട​​ത്. അ​​തി​​നു​​ശേ​​ഷം ഞാ​​ൻ മ​​ന​​സ്സി​​ലാ​​ക്കു​​ക​​യും കേ​​ൾ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ലോ​​ക​​ത്തി​​ലേ​​ക്ക് മാ​​റി. ബു​​ദ്ധി​​ജീ​​വി​​ക​​ൾ, മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ, സെ​​ലി​​ബ്രി​​റ്റി​​ക​​ൾ തു​ട​ങ്ങി എ​​ല്ലാ​​വ​​ർ​​ക്കും ന​​ഷ്ട​െ​പ്പ​​ടു​ന്നൊ​​രു കാ​​ര്യ​​മാ​​ണ് കേ​​ൾ​​ക്കു​​ക​​യെ​​ന്ന​​ത്. എ​​പ്പോ​​ഴും സം​​സാ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക. അ​​തി​​നാ​​ൽ ഞാ​​ൻ താ​​ഴ്വ​​ര​​ക​​ളി​​ലൂ​​ടെ ന​​ട​​ക്കാ​​നാ​​രം​​ഭി​​ച്ചു. ഓ​​രോ സ്ഥ​​ല​​ത്തെ​​യും കാ​​ര്യ​​ങ്ങ​​ൾ മ​​ന​സ്സി​​ലാ​​ക്കാ​​നും അ​​വ​​രെ കേ​​ൾ​​ക്കാ​​നു​​മാ​​രം​​ഭി​​ച്ചു. ഓ​​രോ കാ​​ര്യ​​വും മ​​ന​​സ്സി​ലാ​​ക്കാ ​ൻ ​തു​​ട​​ങ്ങി. ക​​ശ്മീ​​രി​​ലൂ​​ടെ​​യും ന​​ർ​​മ​​ദ​​യി​​ലൂ​​ടെ​​യും ന​​ട​​ന്നു. അ​തേ​​ക്കു​​റി​​ച്ചെ​​ല്ലാം എ​​ഴു​​താ​​നാ​​രം​​ഭി​​ച്ചു.

ഒാ​​രോ കാ​​ല​​ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി രാ​​ജ്യ​​ത്ത് ന​​ട​​ന്ന പോ​​രാ​​ട്ട​​ങ്ങ​​ളെ​​ല്ലാം അ​​ടി​​ച്ച​​മ​​ർ​​ത്ത​​പ്പെ​​ട്ടു. ഇ​​ന്ന് സ്വ​​ന്തം രാ​​ജ്യ​​ത്ത് ജീ​​വി​​ക്കു​​ന്ന​​വ​​രു​​ടെ പൗ​​ര​​ത്വം​പോ​​ലും ചോ​​ദ്യം​ചെ​​യ്യ​​പ്പെ​​ടു​​ക​​യാ​​ണ്. എ​​ല്ലാ​​വ​​രു​​ടെ​​യും ചി​​ന്ത​​ക​​ൾ പോ​​ലും പി​​ടി​​ച്ചു​​കെ​​ട്ടു​​ക​​യാ​​ണ് ഭ​​ര​​ണ​​കൂ​​ടം. എ​​ല്ലാ​​വ​​രെ​​യും സ്പൈ ​​ചെ​​യ്യു​​ന്ന ഭ​​ര​​ണ​​കൂ​​ട​​മാ​​ണ് ന​​മു​​ക്കു​​ള്ള​​ത്. ന​​മ്മ​​ൾ ന​​മ്മു​​ടെ പ്രാ​​ദേ​​ശി​​ക സം​​സ്കാ​​രം ആ​​ഘോ​​ഷി​​ക്കു​​മ്പോ​​ഴും മു​​ക​​ളി​​ൽ എ​​ന്താ​​ണ് ന​​ട​​ക്കു​​ന്ന​​തെ​​ന്ന് തി​​രി​​ച്ച​റി​​ഞ്ഞി​​ല്ലെ​​ങ്കി​​ൽ ന​​മ്മ​​ൾ​​ക്ക് എ​​ല്ലാം ന​​ഷ്ട​​മാ​​കും. ഇ​​ന്ന് നി​​ർ​​മി​​ത ബു​​ദ്ധി​​ക്ക് പ്രാ​​ദേ​​ശി​​ക സം​​സ്കാ​​ര​​ത്തി​​ന്‍റെ ഉ​​ൾ​​പ്പെ​​ടെ പ​​ക​​ർ​​പ്പ് അ​​തു​​പോ​​ലെ ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്കാ​​നാ​​കും. അ​​തി​​നാ​​ൽ ന​​മ്മ​​ൾ എ​​ല്ലാം അ​​റി​​ഞ്ഞി​​രി​​ക്കേ​​ണ്ട​​തു​​ണ്ട്.

ഫാ​​ഷി​​സ​​ത്തി​​നെ​​തി​​രെ കേ​​ര​​ളം പോ​​രാ​​ടണം

എ​​ല്ലാ​​റ്റി​നെ​​യും അ​​ടി​​ച്ച​​മ​​ർ​​ത്തു​​ക​​യെ​​ന്ന​​താ​​ണ് ഫാ​​ഷി​​സ​​ത്തി​​ന്‍റെ പ്ര​​ധാ​​ന അ​​ജ​ണ്ട. ഹി​​ന്ദി, ഹി​​ന്ദു, ഹി​​ന്ദു​​സ്ഥാ​​ൻ എ​​ന്ന പ്ര​​ച​ാ​ര​​ണം​ത​​ന്നെ അ​​തി​​ന് ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ്. ഏ​​ക മ​​ത ദേ​​ശീ​​യ​​ത എ​​ന്ന ആ​​ശ​​യം ത​​ല​​മു​​റ​​ക​​ളെ ആ​​ത്മ​​ഹ​​ത്യ​​യി​​ലേ​​ക്ക് ന​​യി​​ക്കു​​ന്ന​​തി​​ന് തു​​ല്യ​​മാ​​ണ്. അ​​ങ്ങ​​നെ​​യൊ​​ന്നു​​ണ്ടെ​​ന്ന് ഫാ​​ഷി​​സ്റ്റു​​ക​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യാ​​ണ്. ഇ​​ന്ത്യ​​യെ​​ന്ന​​ത് 100ല​​ധി​​കം മ​​ത​​ങ്ങ​​ളു​​ടെ​​യും സം​​സ്കാ​​ര​​ങ്ങ​​ളു​​ടെ​​യും ഭാ​​ഷ​​ക​​ളു​​ടെ​​യും ഉ​​പ​​ഭൂ​ഖ​​ണ്ഡ​​മാ​​ണ്. ആ ​​ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തെ​​യാ​​ണ് അ​​വ​​ർ ഒ​​രു ഏ​​ക മ​​ത ദേ​​ശീ​​യ​​ത​​യി​​ലേ​​ക്ക് ചു​​രു​​ക്കു​​ന്ന​​ത്. നാ​​സി​​ക​​ളും ഇ​​വ​​രും ത​​മ്മി​​ലു​​ള്ള വ്യ​​ത്യാ​​സ​​മെ​ന്തെ​​ന്നാ​​ൽ, നാ​​സി​​ക​​ൾ മ​​റ്റൊ​​രു ചെ​​റു രാ​​ജ്യ​​ത്തു​​നി​​ന്നെ​​ത്തി അ​​വ​​രു​​ടെ ആ​​ശ​​യം യൂ​​റോ​​പ്പി​​ൽ പ്ര​​ച​​രി​​പ്പി​​ച്ചു. ഇ​​വി​​ടെ ഇ​​ന്ത്യ​​യെ​​ന്ന ബ​​ഹു​​സ്വ​​ര​​ത​​യി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന ഉ​​പ​​ഭൂ​ഖ​​ണ്ഡ​​ത്തെ ചെ​​റി​​യ ആ​​ശ​​യ​​ത്തി​​ലേ​​ക്ക് മ​​ട​​ക്കി​ക്കെ​​ട്ടാ​​നാ​​ണ് ശ്ര​​മി​​ക്കു​​ന്ന​​ത്. അ​​ത് ഏ​​റ്റ​​വും അ​​സം​​ബ​​ന്ധ​​മാ​​യ നീ​​ക്ക​​മാ​​ണ്. ഇ​​തേ​​ക്കു​​റി​​ച്ച് ന​​മ്മ​​ൾ സം​​വ​​ദി​​ക്ക​​ണം, വി​​യോ​​ജി​​ക്ക​​ണം, ഒ​​ന്നി​​ച്ച് പോ​​രാ​​ട​​ണം. ഫാ​​ഷി​​സ​​ത്തി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​ല്ലാ പ്ര​​തി​​കൂ​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​യും നേ​​രി​​ടാ​​നാ​​ക​​ണം. കേ​​ര​​ള​​ത്തി​​ൽ വ​​രു​​മ്പോ​​ൾ ഇ​​വി​​ടെ​​യും ഒ​​രു ഭ​​യ​​ത്തി​​ന്‍റെ മൂ​​ടു​​പ​​ട​​ല​​മു​​ണ്ട്. എ​​ന്നാ​​ൽ, ഡ​​ൽ​​ഹി​​യി​​ൽ ഞ​​ങ്ങ​​ൾ ജീ​​വി​​ക്കു​​മ്പോ​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന ഭ​​യ​​ത്തി​​ന്‍റെ അ​​ത്ര​​വ​​രി​​ല്ല. കൂ​​ടെ​​യി​​രു​​ന്ന സു​​ഹൃ​​ത്തു​​ക്ക​​ളി​​ൽ പ​​ല​​രും ജ​​യി​​ലി​​ലാ​​ണ്. ന​​മ്മ​​ൾ അ​​റി​​യു​​ന്ന ആ​​രു​​വേ​​ണ​​മെ​​ങ്കി​​ലും എ​​പ്പോ​​ൾ വേ​​ണ​​മെ​​ങ്കി​​ലും ചെ​​റി​​യ കാ​​ര്യ​​ങ്ങ​​ൾ​​ക്ക് പോ​​ലും വീ​​ട്ടി​​ലോ പു​​റ​​ത്തോ ആ​​ൾ​​ക്കൂ​​ട്ട ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​കാ​നോ കൊ​​ല്ല​​പ്പെ​​ടാ​​നോ സാ​​ധ്യ​​ത​​യു​​ണ്ട്. കാ​​ര​​ണം സം​​ഘ​​ർ​​ഷ​​ത്തി​​ന്‍റെ സാ​​ധ്യ​​ത അ​​വി​​ടെ വ​​ർ​​ധി​​ച്ചു. ഇ​​തു​​വ​​രെ ഇ​​തി​​നെ കേ​​ര​​ളം പ്ര​​തി​​രോ​​ധി​​ച്ച​​തി​​ൽ സ​​ന്തോ​​ഷ​​മു​​ണ്ട്. ഞാ​​ൻ ക​​രു​​തു​​ന്ന​​ത് കേ​​ര​​ളം ഇ​​പ്പോ​​ഴും സു​​ര​​ക്ഷി​​ത​​മാ​​ണെ​​ന്നാ​​ണ്. കേ​​ര​​ള​​ത്തി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം ബി.​​ജെ.​​പി​​ക്ക് ‘ആ​​ന​​മു​​ട്ട’​യാ​​ണ് ല​​ഭി​​ച്ച​​തെ​​ന്നു​​ള്ള സ​​ന്ദേ​​ശം എ​​ന്നെ വ​​ള​​ര​​യെ​​ധി​​കം സ​​ന്തോ​​ഷി​​പ്പി​​ച്ചു. അ​​വ​​ർ​​ക്ക് സീ​​റ്റു​​ക​​ളൊ​​ന്നും കേ​​ര​​ള​​ത്തി​​ൽ ല​​ഭി​​ക്കാ​​ത്ത​തി​​ൽ ഏ​​റെ അ​​ഭി​​മാ​​നി​​ക്കു​​ന്നു. പ​​ക്ഷേ, ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള പ്ര​​തി​​രോ​​ധം അ​​വ​​ർ നേ​​രി​​ടു​​മ്പോ​​ൾ ഈ ​​സ്ഥ​​ല​​ത്തെ ത​​ക​​ർ​​ക്കാ​​ൻ നോ​​ക്കും. അ​​തി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ന​​മ്മ​​ൾ ത​യാ​​റാ​​യി​​രി​​ക്ക​​ണം. കാ​​ര​​ണം അ​​വ​​ർ അ​​ത്ര​​യും വൈ​​രാ​​ഗ്യ​​മു​​ള്ള​​വ​​രാ​​ണ്. എ​​ന്തൊ​​ക്കെ​​യോ ചി​​ല​​ത് ഇ​​വി​​ടേ​​ക്ക് വ​​രു​​ന്നു​​ണ്ട്; ഈ ​​സ്ഥ​​ലം ത​​ക​​ർ​​ക്കാ​​ൻ. ന​​മ്മ​​ൾ ക​​രു​​തി​​യി​​രി​​ക്ക​​ണം. അ​​തി​​നെ​​തി​​രെ പോ​​രാ​​ടാ​​ൻ നാം ​ഒ​​രു​​ങ്ങ​​ണം.

ജാ​​ഗ്ര​​ത വേ​​ണം

ഫാ​​ഷി​​സ​​ത്തി​​ന്‍റെ കൂ​​ലി​പ്പ​​ട്ടാ​​ള​​മാ​​യി ന​​മ്മു​​ടെ മു​​ഖ്യ​​ധാ​​ര മാ​​ധ്യ​​മ​​ങ്ങ​​ൾ മാ​​റി​ക്ക​​ഴി​​ഞ്ഞു. ഇ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ന് കാ​​ര​​ണം മാ​​ധ്യ​​മ​​ങ്ങ​​ളും ഭ​​ര​​ണ​​കൂ​​ട​​വും തോ​​ളോ​​ടു​​തോ​​ൾ ചേ​​ർ​​ന്ന് പ്ര​​വ​​ർ​​ത്തി​​ച്ച​​തി​​നാ​​ലാ​​ണ്. കോ​​ർ​​പ​​റ്റേ​​റ്റ് മൂ​​ല​​ധ​​നം, വ​​ർ​​ഗീ​​യ​​ത, ഹി​​ന്ദു​​ത്വ എ​​ന്നി​​വ ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തെ​​ക്കു​​റി​​ച്ചാ​​ണ് ഞാ​​ൻ ക​​ഴി​​ഞ്ഞ 20 വ​​ർ​​ഷ​​മാ​​യി എ​​ഴു​​തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ഒ​​ന്നി​​ന് ഒ​​ന്നി​​ല്ലാ​​തെ പ്ര​​വ​​ർ​​ത്തി​​ക്കാ​​നാ​​കി​​ല്ല. അ​​വ​​ർ ഈ ​​ക​​ളി​​യി​​ൽ പാ​​ർ​​ട്ട്ണ​​ർ​​മാ​​രാ​​ണ്. ഡ​​ൽ​​ഹി​​യി​​ൽ ഞ​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​തു​പോ​​ലെ രാ​​ജ്യം ഭ​​രി​​ക്കു​​ന്ന​​ത് നാ​​ലു​​പേ​​രാ​​ണ്. ര​​ണ്ടു​​പേ​​ർ വാ​​ങ്ങു​​ന്നു, ര​​ണ്ടു പേ​​ർ വി​​ൽ​​ക്കു​​ന്നു. കോ​​ർ​​പ​​റേ​​റ്റു​വ​​ത്ക​​ര​​ണം മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ച്ച​​ത് 1990ക​​ളി​​ലാ​​ണ്. ഇ​​പ്പോ​​ൾ അ​​ത് പൂ​​ർ​​ണ​​മാ​​യി. മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ പി​​ടി ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ കൈ​​യി​​ലാ​​യി. സ​മൂ​​ഹ​മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ നി​​യ​​ന്ത്ര​​ണ​​വും അ​​വ​​ർ​​ക്കാ​​യി. അ​​വ​​രാ​​ണി​​പ്പോ​​ൾ സ​​ർ​​ക്കാ​​റി​നാ​​യി ക​​ളി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ ഒ​​രു മാ​​ർ​​ക്ക​​റ്റാ​​ണെ​​ന്ന് മാ​​ധ്യ​​മ​​ങ്ങ​​ൾ ക​​രു​​തു​​ന്നു. വ​​ള​​രെ വ​​ലി​​യ അ​​പ​​ക​​ട​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് നാ​​മു​​ള്ള​​ത്. ഇ​​തി​​ൽ​​നി​​ന്ന് ക​​ര​​ക​​യ​​റാ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ സ​​ഹാ​​യം ന​​മ്മ​​ൾ​​ക്ക് തേ​​ടാ​​നാ​​കി​​ല്ല. അ​​തി​​നാ​​യി ബ​​ദ​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ സാ​​ധ്യ​​ത തേ​​ട​​ണം. തി​​ര​​ഞ്ഞെ​​ടു​​പ്പു സം​​വി​​ധാ​​ന​​ങ്ങ​​ളെ​​യും മാ​​ധ്യ​​മ​​ങ്ങ​​ളെ​​യും ഭ​​ര​​ണ​​കൂ​​ടം അ​​വ​​രു​​ടെ താ​​ൽ​പ​​ര്യ​​ത്തി​​ന​​നു​​സ​​രി​​ച്ച് ഉ​​പ​​യോ​​ഗി​​ക്കു​​ക​​യാ​​ണ്. ബി.​​ജെ.​​പി​​യെ പി​​ന്തു​​ണ​​ക്കു​​ന്ന ‘ക്രി​​സം​​ഘി’​​ക​​ൾ ഇ​​വി​​ടെ​​യു​​ണ്ടാ​​കും. സി​​റി​​യ​​ൻ ക്രി​​സ്ത്യ​​ൻ ബി​​ഷ​​പ്പാ​​ണ് ല​വ് ​ജി​​ഹാ​​ദ് എ​​ന്ന വാ​​ക്കു​​പ​​യോ​​ഗി​​ച്ച​​ത്. ഇ​​വ​​രൊ​​ക്കെ ഒ​​രു കാ​​ര്യ​​മോ​​ർ​​ക്ക​​ണം, ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ മു​​ന്നൂ​​റി​​ല​​ധി​​കം ക്രി​​സ്ത്യ​​ൻ പ​​ള്ളി​​ക​​ൾ​​ക്കു​നേ​​രെ​​യാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. അ​​തി​​നാ​​ൽ നി​​ങ്ങ​​ൾ ചി​​ന്തി​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ളി​​ലും ചെ​​യ്യു​​ന്ന കാ​​ര്യ​​ങ്ങ​​ളി​​ലും സൂ​​ക്ഷ്മ​​ത​​യും ജാ​​ഗ്ര​​ത​​യും പു​​ല​​ർ​​ത്തേ​​ണ്ട​​തു​​ണ്ട്.

എ​​ഴു​​ത്തു​​കാ​​ർ എ​​ഴു​​ത്തു​​കാ​​രാ​​യാ​​ൽ മ​​തി

എ​​ഴു​​ത്തു​​കാ​​ർ എ​​ഴു​​ത്തു​​കാ​​രാ​​യാ​​ൽ മ​​തി. അ​​വ​​ർ ആ​​ക്ടി​വി​​സ്റ്റ് കൂ​​ടി​​യാ​​കേ​​ണ്ട​​തി​​ല്ല. ഞാ​​ൻ ആ​​ക്ടി​​വി​​സ്റ്റ​​ല്ല. ഇ​​ത് പു​​തി​​യ കോ​​ർ​​പ​​റേ​​റ്റു​വ​​ത്ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ണ്ടാ​​യ പു​​തി​​യ വാ​​ക്കാ​​ണ്. എ​​ഴു​​ത്തു​​ക്കാ​​ർ സ​​മൂ​​ഹ​​ത്തി​​ലെ കാ​​ര്യ​​ങ്ങ​​ൾ നി​​ര​​ന്ത​​രം എ​​ഴു​​തി​ക്കൊ​​ണ്ടി​​രു​​ന്ന കാ​​ല​​മു​​ണ്ടാ​​യി​​രു​​ന്നു. നി​​ങ്ങ​​ളൊ​​രു എ​​ഴു​​ത്തു​​കാ​ര​​നാ​​ണ്. എ​​ഴു​​ത്തു​​കാ​ര​​നും ആ​​ക്ടി​​വി​​സ്റ്റും ആ​​കേ​​ണ്ട​​കാ​​ര്യ​​മി​​ല്ല. എ​​ഴു​​ത്തു​​കാ​​ർ വാ​​ണി​​ജ്യ​​വ​​ത്ക​​ര​​ണ​​ത്തി​​ന് വി​​ധേ​​യ​​രാ​​യ​​തോ​​ടെ​​യാ​​ണ് ഇ​​ങ്ങ​​നെ​​യൊ​​രു മാ​​റ്റ​​മു​​ണ്ടാ​​യ​​ത്. പു​​സ്ത​​ക​​ങ്ങ​​ൾ ബെ​​സ്റ്റ് സെ​​ല്ല​​ർ പ​​ട്ടി​​ക​​യി​​ലി​​ടം പി​​ടി​​ക്കാ​​നും കോ​​ർ​​പ​​റേ​​റ്റ് സാ​​ഹി​​ത്യ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​കാ​​നും എ​​ഴു​​ത്തു​​കാ​​ർ ഇ​​റ​​ങ്ങി​​ത്തി​​രി​​ച്ച​​തോ​​ടെ മ​​റ്റു​​ള്ള​​വ​​രെ പ്രീ​​തി​​പ്പെ​​ടു​​ത്താ​​ൻ മാ​​ത്രം എ​​ഴു​​താ​​ൻ തു​​ട​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് ര​​ണ്ടു രീ​​തി​​യി​​ലു​​ള്ള വി​​ശേ​​ഷ​​ണ​​മു​​ണ്ടാ​​യ​​ത്. കാ​​ര്യ​​ങ്ങ​​ൾ തു​​റ​​ന്നെ​​ഴു​​താ​​ൻ ആ​​ക്ടി​​വി​​സ്റ്റ് ആ​​കേ​​ണ്ട കാ​​ര്യ​​മി​​ല്ല. എ​​ഴു​​ത്തു​​കാ​​രി​​യും ആ​​ക്ടി​​വി​​സ്റ്റും എ​​ന്ന് ആ​​ളു​​ക​​ൾ എ​​ന്നെ വി​​ളി​​ക്കു​​മ്പോ​​ൾ തോ​​ന്നു​​ന്ന​​ത് എ​​ന്നെ സോ​​ഫാ ബെ​​ഡ് എ​​ന്ന് വി​​ളി​​ക്കു​​ന്ന പോ​​ലെ​​യാ​​ണ്. ഞാ​​ൻ സോ​​ഫ​​യോ അ​​ല്ലെ​​ങ്കി​​ൽ ബെ​​ഡോ ആ​​ണ്; അ​​ല്ലാ​​തെ ര​​ണ്ടും കൂ​​ടി​​യ​​ല്ല. ഫി​​ക്ഷ​​ൻ എ​​ഴു​​ത്തും നോ​​ൺ ഫി​​ക്ഷ​​ൻ എ​​ഴു​​ത്തും ഒ​​ന്നും എ​​ന്‍റെ തി​​ര​​ഞ്ഞെ​​ടു​​പ്പ​​ല്ല. ക​​ഥ​​ക​​ൾ തി​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത് എ​​ഴു​​ത്തു​​കാ​ര​​ല്ല. ക​​ഥ​​ക​​ളാ​​ണ് എ​​ഴു​​ത്തു​​കാ​​രെ തി​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്. ഏ​​തി​​നോ​​ടാ​​ണ് കൂ​​ടു​​ത​​ൽ ഇ​​ഷ്ട​​മെ​​ന്ന​​ത് പ്ര​​സ​​ക്ത​​മ​​ല്ല.

(മാ​​ന​​ന്ത​​വാ​​ടി ദ്വാ​​ര​​ക​​യി​​ൽ ന​​ട​​ന്ന പ്ര​​ഥ​​മ വ​​യ​​നാ​​ട് സാ​​ഹി​​ത്യോ​​ത്സ​​വ​​ത്തി​​ൽ ‘പ​​റ​​യാ​​ൻ പ​​റ്റു​​ന്ന​​തും പ​​റ​​യാ​​ൻ പ​​റ്റാ​​ത്ത​​തും’ എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ൽ ന​​ട​​ത്തി​​യ സം​​വാ​​ദ​​ത്തി​​ൽ അ​രു​ന്ധ​തി റോ​യ് സം​സാ​രി​ച്ച​തി​ന്റെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു)

Tags:    
News Summary - Arundhati Roy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT