കൊച്ചി: എട്ടു പതിറ്റാണ്ടുകാലം കേരളത്തിെൻറ സാമൂഹിക- സാഹിത്യ മണ്ഡലത്തിൽ നിറസാന്നിധ്യമായി തുടരുന്ന പ്രഫ. സാനു 95െൻറ നിറവിൽ.കേരള സാഹിത്യ രചന മേഖലകളിൽ സാനുമാഷിെൻറ കയ്യൊപ്പ് പതിയാത്ത ഇടങ്ങളില്ലെന്ന് തന്നെ പറയാം. നവോത്ഥാന ചിന്തകളുടെ ധാർമിക മൂല്യങ്ങളാണ് മാഷിെൻറ അസ്ഥിബലം. ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ, ഡോ.പൽപു, കുമാരനാശാൻ തുടങ്ങിയവരുടെയെല്ലാം ജീവിതപാതയുടെ ആഴങ്ങളിലേക്ക് ഇറങ്ങി മുത്തും പവിഴവും കണ്ടെത്തിയപ്പോൾ അദ്ദേഹം ധാർമികതയുടെ കാവലാളായി. നവോത്ഥാനധാരക്കൊപ്പം നിലകൊണ്ട അദ്ദേഹത്തിന് ആധുനിക-ഉത്തരാധുനിക സാഹിത്യ-സാംസ്കാരിക ചിന്തകർക്കൊപ്പം പുതുവഴി വെട്ടാനും കഴിഞ്ഞു.
വൈക്കം മുഹമ്മദ് ബഷീർ, സി.ജെ. തോമസ്, പി.കെ. ബാലകൃഷ്ണൻ തുടങ്ങിയവർക്കൊപ്പായിരുന്നു ആദ്യകാല സാഹിത്യ സഞ്ചാരം. അതേസമയം, എം.ഗോവിന്ദൻ സാഹിത്യചിന്തയിലും അയ്യപ്പപണിക്കർ കവിതയിലും ജി.ശങ്കരപ്പിള്ള നാടകത്തിലും നവീനതയുടെ സന്ദേശവുമായി കലാപം കൂട്ടിയപ്പോൾ അവർക്കൊപ്പവും സാനുമാഷ് ഉണ്ടായി. സാഹിത്യപ്രസ്ഥാനങ്ങളുടെയോ കാലഘട്ടത്തിെൻറയോ പ്രത്യേക പ്രവണതകളുടെയോ ചില്ലുകോട്ടകൾക്കുള്ളിലല്ല സാനുമാഷ്. അദ്ദേഹത്തിെൻറ ചിന്തകൾ നിരന്തരം നവീകരിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയം തനിക്ക് വലിയ ചുമടാണെന്ന് വിലയിരുത്തിയപ്പോഴും തെരഞ്ഞെടുപ്പിൽ മത്സരിച്ച് എം.എൽ.എയായി. ജന്മനാളിൽ ഹാളിൽ കൂടുന്നവരോട് ഓൺലൈൻ വഴി സംസാരിക്കുമെന്ന് മാഷ് 'മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡ് കരുതലായി 95ാം ജന്മദിനത്തിൽ ബുധനാഴ്ച രാവിലെ ഒമ്പതിന് കേക്ക് മുറിക്കൽ ചാവറ ഹാളിൽ നടത്തും. ഓൺലൈനായി നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിക്കും. ജന്മദിനാചരണ കമ്മിറ്റി ചെയർമാൻ മേയർ എം.അനിൽകുമാർ, എം.കെ. സാനു ഫൗണ്ടേഷൻ ചെയർമാൻ പ്രഫ. എം.തോമസ് മാത്യു, ഫാ. തോമസ് പുതുശ്ശേരി, രഞ്ജിത് സാനു തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.