മഡ്രിഡ്: സ്പെയിനിൽ 2021ലെ പ്രീമിയോ പ്ലാനറ്റ ലിറ്റററി പ്രൈസ് പുരസ്കാര ജേതാവായിരുന്നു പ്രമുഖ വനിതാ ക്രൈം നോവലിസ്റ്റായ കാർമൻ മോള. അവാർഡ്ദാന ചടങ്ങിൽ വെച്ച് അവരുടെ പേര് പ്രഖ്യാപിച്ചപ്പോൾ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് മൂന്ന് പുരുഷൻമാർ. കാർമൻ മോളയെന്ന അപരനാമത്തിൽ ക്രൈം നോവലുകൾ എഴുതി പുരസ്കാരങ്ങൾ സ്വന്തമാക്കിയത് മൂന്ന് പുരുഷൻമാരായ എഴുത്തുകാരാണെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് വായനക്കാർ.
അേന്റാണിയോ മെർസെറോ, അഗസ്റ്റിൻ മാർട്ടിനസ്, ജോർജ് ഡയസ് എന്നിവരാണ് കാർമൻമോള എന്ന അപരനാമത്തിൽ നോവലുകൾ എഴുതിയത്. ഒഴിവുസമയങ്ങളിൽ ക്രൈം പുസ്തകങ്ങൾ എഴുതിയ മൂന്ന് കുട്ടികളുടെ അമ്മയായ സർവകലാശാല പ്രഫസറായാണ് കാർമൻ മോളയെ അവതരിപ്പിച്ചത്.
പുസ്തകങ്ങൾ വിറ്റുപോകാനാണ് സ്ത്രീയുടെ നാമം സ്വീകരിച്ചതെന്ന ആരോപണം മൂവരും നിഷേധിച്ചു. 'ഞങ്ങൾ ഒരു സ്ത്രീയുടെ പിന്നിൽ ഒളിച്ചിരുന്നില്ല, ഒരു പേരിന് പിന്നിൽ മറഞ്ഞു. ഒരു സ്ത്രീയുടെ അപരനാമം വെച്ചതുകൊണ്ട് കൂടുതൽ പുസ്തകം വിൽക്കപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് സംശയമുണ്ട്'-മെർസരോ സ്പാനിഷ് പത്രമായ എൽ പായിസിനോട് പറഞ്ഞു.
'നാല് വർഷം മുമ്പാണ് ഞങ്ങളുടെ പ്രതിഭ കൂട്ടിചേർത്ത് ഒരു കഥ പറയാൻ ഞങ്ങൾ മൂന്ന് സുഹൃത്തുക്കൾ തീരുമാനിച്ചത്' -ഡയസ് പറഞ്ഞു. രാവിലെ ആൾജിബ്ര ക്ലാസുകൾ എടുക്കുന്ന സർവകലാശാല പ്രഫസറും മൂന്ന് കുട്ടികളുടെ അമ്മ ഉച്ചക്ക് ശേഷമുള്ള ഒഴിവുസമയങ്ങളിൽ വളരെ അക്രമാസക്തവും ഭയാനകവുമായ നോവലുകൾ എഴുതിയത് ഒരു മികച്ച വിപണന തന്ത്രമാണെന്ന് ആരും ശ്രദ്ധിച്ചില്ലെന്ന് സ്പാനിഷ് പത്രമായ എൽ മുണ്ടോ എഴുതി.
'ഒരു സ്ത്രീയുടെ അപരനാമം ഉപയോഗിക്കുന്നതിനപ്പുറം ഈ വ്യക്തികൾ വർഷങ്ങളായി അഭിമുഖങ്ങൾ നടത്തി. ഇത് പേരു മാത്രമല്ല വായനക്കാരിലും പത്രപ്രവർത്തകരിലും അവർ ഉപയോഗിച്ചിരുന്ന വ്യാജ പ്രൊഫൈലാണ്. അവർ തട്ടിപ്പുകാരാണ്'-വുമൺസ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ അധ്യക്ഷ ബിയാട്രിസ് ജിമെനോ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.