കൊച്ചി: മലയാളത്തിലെ മികച്ച നോവലുകളിൽ പലതും മറുഭാഷകളിലേക്ക് വിവർത്തനം ചെയ്യുമ്പോൾ സൗന്ദര്യം നഷ്ടപ്പെടുന്നുവെന്ന് ഡോ. എം. ലീലാവതി. പ്രദേശിക ഭാഷയിൽ അവതരിപ്പിക്കുമ്പോൾ വായനക്കാരൻ അനുഭവിക്കുന്ന സൗന്ദര്യം ഇതേ കൃതി മറ്റു ഭാഷകളിലേക്ക് മാറ്റുമ്പോൾ ചോർന്നുപോകുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ഖസാക്കിന്റെ ഇതിഹാസം ഒ.വി. വിജയൻതന്നെ ഇംഗ്ലീഷിലേക്ക് പരിവർത്തനം ചെയ്തിട്ടും യഥാർഥ സൗന്ദര്യം നഷ്ടപ്പെടുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2021ലെ ഓടക്കുഴൽ അവാർഡ് എഴുത്തുകാരി സാറാ ജോസഫിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഡോ. ലീലാവതി.
സാറാ ജോസഫിന്റെ 'ബോധിനി' നോവലിനാണ് 30,000 രൂപയും ശിൽപവും ഫലകവും അടങ്ങുന്ന അവാർഡ് കൊച്ചിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചത്. സാറാ ജോസഫിന്റെ 'ആലാഹയുടെ പെൺമക്കൾ' നോവൽ ഖസാക്കിന്റെ ഇതിഹാസത്തിനൊപ്പം നിൽക്കുന്നതാണെന്ന് എം. ലീലാവതി പറഞ്ഞു. എന്നാൽ, ഇങ്ങനെ പറഞ്ഞാൽ പുരുഷന്മാർക്ക് അത്ര ഇഷ്ടപ്പെടില്ല. ആരുടെയും ഇഷ്ടം നോക്കാതെതന്നെ താനിത് പറയും. ഈ നോവൽ മറുഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയാലും സൗന്ദര്യം ചോരുമെന്ന് തന്നെയാണ് കരുതുന്നത്. അതേസമയം, 'ബോധിനി' വിവർത്തനം ചെയ്താലും അതിന്റെ സൗന്ദര്യം നഷ്ടപ്പെടില്ല. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും നോവലിലെ കഥാപാത്രമാണ്. നായിക അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അദ്ദേഹവും പരോക്ഷമായി ഒരു കാരണമാണ്. ഇത്തരത്തിൽ ധൈര്യം കാട്ടിയ നോവലിസ്റ്റിന്റെ അഭിനന്ദിക്കുന്നതായും അവർ പറഞ്ഞു. ഡോ. ഇ.വി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരൻ കെ.ബി. പ്രസന്നൻ സംസാരിച്ചു. രാഹുൽ രാധാകൃഷ്ണൻ അവാർഡിന് അർഹമായ നോവൽ പരിചയപ്പെടുത്തി. ജി. മധുസൂദനൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.