എം.ടി: 2024ന്റെ നഷ്ടം, ഇല്ലാതായത് മലയാളത്തിന്റെ മേൽവിലാസം...

മലയാള സാഹിത്യത്തിന്‍റെ മേൽവിലാസമായിരുന്നു എം.ടി. വാസുദേവൻ നായർ. ലോക സാഹിത്യത്തിലേക്കുള്ള മലയാളത്തിന്‍റെ വാതിലായി എം.ടി. നിലകൊള്ളാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. 2024 ഡിസംബർ 25ന് രാത്രി 9.50ന് മലയാളത്തിന് ആ സർഗപ്രതിഭയെ നഷ്ടമായി. ഇനി ആ മനസിന്‍റെ ഇന്ദ്രജാലത്തിലൂടെ കടന്നുവന്ന സർഗസൃഷ്ടികൾ മലയാളമുള്ളിടത്തോളം കാലം വായനയുടെ ലഹരിയായി തുടരും.

ബഹുമുഖ പ്രതിഭ, തൊട്ടതൊക്കെ പൊന്നാക്കുക എന്നീ പ്രയോഗങ്ങൾ പലയിടത്തായി ഉപയോഗിച്ച് തേയ്മാനം വന്നതാണ്. പക്ഷെ, ആ വാക്ക് തനി തങ്കമായി ചേർന്ന് നിൽക്കുകയാണ് എം.ടി. എന്ന രണ്ടക്ഷരത്തോട്. അതെ, ഈ രണ്ടക്ഷം മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. ഒരു കാലത്തിന്‍റെ ചരിത്രം പഠിക്കാനെന്നോണം, അല്ലാത്തപക്ഷം ഭാഷയുടെ മഹാസൗന്ദര്യത്തെ അറിയാൻ, ജീവിതത്തിന്‍റെ ധർമ്മ സങ്കടങ്ങളെ തൊട്ടറിയാൻ... എല്ലാറ്റിനും എം.ടിയുടെ എഴുത്ത് വഴിയിൽ അക്ഷരമരുന്നുണ്ട്. ഇന്നലകളിലെന്നോണം നാളകളിലും എം.ടി വായന മനസിന്‍റെ മുറിവ് ഉണക്കികൊണ്ടിരിക്കും...

വളർത്തുമൃഗങ്ങളിൽ തുടങ്ങി...

1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോക ചെറുകഥാമത്സരത്തിന്‍റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നതോടെയാണ് എം.ടി. എഴുത്തുവഴിയിൽ കാലുറപ്പിക്കുന്നത്. പീന്നിടിങ്ങോട്ട് മലയാളവും മലയാളിയും കണ്ടത് ആ സർഗപ്രതിഭയുടെ ഉജ്ജ്വലയാത്രയായിരുന്നു.

എം.ടി സാഹിത്യം, കൊതിയോടെ അതിലേറെ ആർത്തിയോടെ വായിച്ചു തീർക്കാൻ മലയാളി മത്സരിച്ചു. ദാർശനികതയുടെ ഭാരമില്ലാതെ നമുക്കിടയിൽ ഒരാളായി നമ്മുടെയെല്ലാം കഥ എം.ടി. എഴുതി. ‘നാലുകെട്ട്’ ഉൾപ്പെടെ ചില രചനകൾ കേരളത്തിന്‍റെ സാമൂഹിക അവസ്ഥയെ കുറിച്ച് കൃത്യമായി ബോധ്യപ്പെടുത്തുകയാണ്. എല്ലാ കൃതികളിലും ആത്മകഥാംശം നിറഞ്ഞു നിന്നു. പ്രണയവും പ്രണയഭംഗവും ആശയും നിരാശയുമെല്ലാം എം.ടി അക്ഷരങ്ങളിലൂടെ ആവാഹിച്ച് മലയാളിക്ക് സമ്മാനമായി നൽകി.

‘പുസ്തകങ്ങൾ കാണാൻകിട്ടാത്ത പ്രദേശത്തു നിന്നാണ് എഴുത്തിനോട് മോഹം തോന്നിയത്. എങ്ങനെയാണ് ഞാൻ എഴുത്തുകാരനായത് എന്നോർക്കുേമ്പാൾ ഇപ്പോഴും അൽഭുതമാണ് തോന്നുന്നതെന്ന്’ എം.ടി പറഞ്ഞിട്ടുണ്ട്. ഏഴ് മൈലിനപ്പുറമാണ് എം.ടിയുടെ സ്കൂൾ. വലുതാകുന്തോറും വായന ലഹരിയായി. കവിതയോടായിരുന്നു ആദ്യ പ്രണയം. വാരാന്ത്യങ്ങളിൽ പൂസ്തകം കടം വാങ്ങാനായി മൈലുകളോളം നടക്കാറുണ്ടായിരുന്നു. രഹസ്യമായി കവിതകളെഴുതാൻ തുടങ്ങിയേപ്പാൾ കവിത വഴങ്ങുന്നില്ലെന്ന നിരാശയായി. പിന്നെ, കഥയുടെ ലോകത്തേക്കായി. അതോടെ, എം.ടി മലയാള സാഹിത്യത്തിന്‍റെ മറുപേരായി. 1958 ൽ പുറത്തു വന്ന ‘നാലുകെട്ട്’ എന്ന നോവൽ അതുവരെ മലയാളിയുടെ വായനാപരിസരങ്ങളിലില്ലാത്ത അനുഭവങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി.

നിറയെ സാധാരണക്കാർ

കരയാനറിയുന്ന, പ്രണയിക്കുേമ്പാഴും പിടിവാശിയില്ലാത്ത, എല്ലാറ്റിനും നിർമമത്വം കാണിക്കുന്ന എം.ടി കഥാപാത്രങ്ങൾ നമ്മളോരുത്തരുമായി. മഹാഭാരതത്തിലെ ഭീമനെ അടിമുടി മാറ്റിമറിക്കുകയാണ് എം.ടിയുടെ രണ്ടാമൂഴം. ആരും കാണാതെ പോയ പ്രണയത്തിനും സ്നേഹത്തിനുമായി ദാഹിക്കുന്ന, സ്വന്തം അസ്തിത്വത്തിൽ പകച്ചു നിൽക്കുന്ന ഭീമൻ എന്ന പച്ച മനുഷ്യനെയാണ് എം.ടി പരിചയപ്പെടുത്തിയത്. ഭീമനെ നായകനാക്കി സൃഷ്ടിച്ച നോവലാണ് രണ്ടാമൂഴം. മഹാഭാരതത്തിൽ എന്നും അർജുനന്റെ നിഴലിലായിരുന്നു ഭീമൻ. പാഞ്ചാലിയെ ജീവനു തുല്യം പ്രണയിച്ച ഭീമൻ. എന്നാൽ ഭീമന്‍റെ കരുത്തുള്ള ശരീരത്തിലെ സ്നേഹം കൊതിക്കുന്ന മനസിനെ ആരും കണ്ടില്ല. അതാണ് എം.ടി തൂലികയിലേക്ക് ആവാഹിച്ചെടുത്തത്.

പ്രണയം അഥവാ കാത്തിരിപ്പിലാണ് എം.ടി മഞ്ഞിലെ വിമലയെ തളച്ചിട്ടത്. അയാൾ വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയിൽ വിമലയിപ്പോഴും ഇരിക്കുകയാണെന്ന പ്രതീതിയിലാണ് നോവൽ അവസാനിക്കുന്നത്. കാത്തിരിപ്പാണീ ജീവിതമെന്ന് മഞ്ഞ് നമ്മെ ബോധ്യപ്പെടുത്തുന്നു.

വായനക്കാരുടെ ഹൃദയത്തിൽ നീറ്റലുണ്ടാക്കുന്ന കഥാപാത്രമാണ് ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ. വേലായുധന്‍റെ ചങ്ങലകളില്‍ അയാളുടെ ഭ്രാന്ത് മാത്രമായിരുന്നില്ല കുരുങ്ങിക്കിടന്നത്. അയാളുടെ സ്വാതന്ത്ര്യം കൂടിയായിരുന്നു. അസ്വസ്ഥകളുടെ ഇരുട്ടിന്‍റെ ആത്മാവായിരുന്നു വേലായുധന്‍.

ഓപ്പോള്‍, കുട്ട്യേടത്തി, അപ്പുണ്ണി എന്നിവ സാധാരണ മനുഷ്യരുടെ ഭയവും വിഹ്വലതയും വരച്ചുകാട്ടിയ സൃഷ്‍ടികളായിരുന്നു.

അങ്കത്തട്ടിലെ ചതിയുടെ ചരിത്രമല്ല, ദു:ഖവും പ്രണയവും നിരാശയുമെല്ലാം ചേര്‍ന്ന രണാങ്കണമായിരുന്നു ചന്തുവെന്ന മനുഷ്യന്‍റെ ജീവിതമെന്ന് എം.ടി കാണിച്ചു തന്നു. ചുരുക്കത്തിൽ വീരപരിവേഷമില്ലാത്ത മനുഷ്യരുടെ നീണ്ട നിരയാണ് എം.ടിയുടെ എഴുത്തിൽ നിറയെ. അറിയാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ, അറിയുന്ന എന്‍റെ നിളാനദിയാണെനിക്കിഷ്ടമെന്ന എം.ടിയുടെ വാക്കുകൾ മാത്രം മതി. ആ എഴുത്ത് ജീവിതത്തിന്‍റെ വഴിയേതെന്നറിയാൻ...

എം.ടിയെന്ന മഹാമൗനം

എം.ടി ഒരു മഹാമൗനമായിരുന്നു. സംസാരത്തിൽ പിശുക്ക് കാണിച്ച എം.ടി എഴുത്തിൽ ധാരാളിയായി. സ്വയം തീർത്ത മൗനത്തിന്‍റെ കവചത്തിനുള്ളിൽ എം.ടി സ്വസ്ഥനായിരുന്നു. താനൊരു മികച്ച പ്രഭാഷകനല്ലെന്നാണ് എം.ടി സ്വയം വിലയിരുത്താറുള്ളത്. ‘പ്രസംഗകലയില്‍ ഞാനൊരു വിദഗ്ധനാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഒഴിഞ്ഞുമാറാന്‍ പറ്റാത്തതുകൊണ്ട് മാത്രം പല വേദികളിലും പ്രത്യക്ഷപ്പെടേണ്ടിവരുന്നു. പ്രസംഗങ്ങളില്‍ ആവര്‍ത്തനങ്ങള്‍ ധാരാളമായി കടന്നുവരും. സാഹിത്യസംബന്ധിയായ കാര്യങ്ങളാണെങ്കില്‍ വിശേഷിച്ചും. സാധാരണ ഗതിയിലെ എന്‍റെ ഒരു വ്യവഹാര ഭാഷയുണ്ട്.

ഞാൻ, എഴുതുന്ന, സംസാരിക്കുന്ന ഭാഷയിൽതന്നെയാണ് പ്രസംഗിക്കാറ്. പ്രസംഗത്തിനായി പ്രത്യേക ഭാഷാശൈലിയൊന്നുമില്ല. അതിനായി പ്രത്യേക ഭാഷയുണ്ടാക്കാനും ശ്രമിച്ചിട്ടില്ല...’. പക്ഷെ, എം.ടിയുടെ വാക്കുകൾ പലപ്പോഴും മൂർച്ചയുള്ളതായി. അത് മലയാളം പലയാവർത്തി അനുഭവിച്ചതാണ്. എം.ടിയെന്ന പത്രാധിപർ, എഴുത്തുവഴിയിലേക്ക് കൊണ്ടുവന്നവർ ഏറെ. അതിലേറെ പേരും സാഹിത്യത്തിന്‍റെ മുഖമായി മാറി. ‘ഈ യാത്ര അവസാനിക്കുന്നില്ല, പാപത്തിന്‍റെ സ്മരണകളുടെ കടവുകളിൽ നിന്നു കടവുകളിലേക്ക്, നഗരത്തിൽ നിന്നു നഗരങ്ങളിലേക്ക്...’ (അജ്ഞാതന്‍റെ ഉയരാത്ത സ്മാരകം). അതെ, മലയാളത്തിന് നഷ്ടമായത് എം.ടിയെന്ന വലിയ മേൽവിലാസമാണ്. ആ കസേര ഒഴിഞ്ഞുതന്നെ കിടക്കും... അത്രമേൽ മഹാമൗനത്തിന്‍റെ കവചത്തിൽ ഇരിപ്പുറപ്പിച്ച പ്രതിഭക്ക് കാലമിനി ജന്മം നൽകുമോ?

Tags:    
News Summary - Malayalams own mt vasudevan nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.