മലയാളഭാഷക്കും സാഹിത്യത്തിനും എം.ടി എന്ന രണ്ടക്ഷരം കുറയുമ്പോൾ, പ്രവാസലോകവും നികത്താനാകാത്ത ആ നഷ്ടത്തിന്റെ ആഘാതത്തിലാണ്. മലയാളികളുടെ കാമനകളെയും പ്രണയാർദ്രതകളെയും വിഷാദത്തെയും അനിതരസാധാരണമായ വൈദഗ്ധ്യത്തോടെയാണ് അദ്ദേഹം ആവിഷ്കരിച്ചത്. കെട്ടുറപ്പുള്ള തിരക്കഥകളിലൂടെ ചലച്ചിത്രലോകത്തിനും അദ്ദേഹം നവഭാവുകത്വം നൽകി.
ഗൾഫ് പ്രവാസികളുടെ ജീവിതം ആദ്യമായി അഭ്രപാളികളിലെത്തിച്ച എഴുത്തുകാരൻ കൂടിയാണ് എം.ടി. വാസുദേവൻ നായർ. ഗൾഫിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ‘വിൽക്കാനുണ്ട് സ്വപ്ന’ങ്ങളുടെ തിരക്കഥ എം.ടിയുടേതായിരുന്നു. ദാരിദ്ര്യത്തിൽനിന്ന് കരകയറാൻ കള്ള ലോഞ്ചിൽ ഗൾഫിലേക്ക് കടൽ കടക്കുന്ന എഴുപതുകളിലെ മലയാളി യുവത്വത്തിന്റെ കഥ തന്മയത്വത്തോടെയാണ് അദ്ദേഹം ആവിഷ്കരിച്ചത്. ആ സാഹിത്യമഹാമേരുവിനെ പ്രവാസലോകത്തെ എഴുത്തുകാരും സാഹിത്യപ്രവർത്തകരും അനുസ്മരിക്കുകയാണ് ഇവിടെ.
എം.ടിയുണ്ടാക്കിയ ഭാവനപ്രപഞ്ചങ്ങളെപ്പറ്റിയും, അത് ഒരുപാട് തലമുറകളെ സാംസ്കാരികമായി ഉത്തേജിപ്പിക്കുന്നതിനെക്കുറിച്ചുമൊക്കെ ഈ ദിവസങ്ങളിൽ ധാരാളം ചർച്ചകൾ നടന്നുകഴിഞ്ഞു. പുസ്തകങ്ങൾ വായിച്ച് എഴുത്തുകാരനോടുള്ള സ്നേഹവും ആരാധനയും അനുവാചകനിൽ വികസിച്ചുവരുന്നത് സാധാരണമാണ്. അത്തരത്തിൽ എം.ടിയോട് ബഹുമാനം കലർന്ന ഒരു ആരാധന ഉണ്ടായിവരുന്നത് കോളജ് കാലഘട്ടത്തിലാണ്.
അന്ന് കോഴിക്കോട് ലോ കോളജ് മാഗസിൻ എഡിറ്റർ ആയിരുന്ന കാലത്ത്, പ്രകാശനത്തിന് എം.ടിയെ കൊണ്ടുവരണമെന്ന് കമ്മിറ്റി കൂടി തീരുമാനിച്ചു. കൂടെയുള്ള അധ്യാപകർ ഒക്കെ വലിയ പിന്തുണയുമായി വന്നു. അദ്ദേഹത്തിലേക്ക് വഴി വെട്ടുവാനായി കോഴിക്കോട്ടെ ഒരു യുവ സാഹിത്യകാരനെ ബന്ധപ്പെട്ടു. ‘നിങ്ങൾ വലിയ അതിമോഹക്കാർ ആണല്ലോ. എം.ടി ഒരു കോളജ് മാഗസിൻ പ്രകാശനം നടത്തുവാനോ’ -അയാൾക്ക് അതിശയം തീരുന്നില്ല. ഞങ്ങൾക്കാണെങ്കിൽ അർഹമല്ലാത്തത് ചോദിച്ചുപോയതിന്റെ ജാള്യവും. ഒടുക്കം അയാൾ മറ്റു പലരുടെയും പേരുകൾ നിർദേശിച്ചു തിരിച്ചയച്ചു.
അന്ന് അയാളിലൂടെ അല്ലാതെ നേരിട്ട് എം.ടിയെ കാണാൻ പോയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ഞാൻ പലവട്ടം ഭാവനയിൽ കണ്ടുനോക്കിയിട്ടുണ്ട്. ആ ഭാവനാ സഞ്ചാരങ്ങൾ ഒക്കെയും അദ്ദേഹത്തിന്റെ വീട്ടുമതിലിനു പുറത്ത് കാലിൽ വിറപൂണ്ടു നിന്നു. സർവർക്കും പ്രാപ്യനല്ല എന്ന സന്ദേശം അദ്ദേഹം നിരന്തരം വമിപ്പിച്ചുകൊണ്ടിരുന്നിട്ടുണ്ട്. ആ നടപ്പിൽ, സംഭാഷണത്തിൽ, ചിരി മാഞ്ഞുകിടക്കുന്ന നോട്ടങ്ങളിൽ, അളന്നുതൂക്കിയ സംസാരങ്ങളിൽ എല്ലാം എം.ടി ഒരു പരുക്കനെയും ധിക്കാരിയെയും കൊണ്ടുനടന്നു. അതിൽ ആർക്കും കുറ്റം പറയാനില്ലാത്തത് അത് എം.ടി ആയതുകൊണ്ടാണ്. ആ പ്രതിഭയുടെ ആഴത്തിന് ആ ഗൗരവം ഒരു അലങ്കാരംപോലെ ആയിരുന്നതുകൊണ്ടാണ്.
ആ ഗൗരവമുഖം എം.ടിക്ക് ഗുണമേ ചെയ്തിട്ടുള്ളൂ. അനാവശ്യകാര്യങ്ങളിൽ ഇടപെടാതെ സ്വന്തം കർമമണ്ഡലത്തിൽ കൂടുതൽ മുഴുകുവാൻ പറ്റി. വിവാദങ്ങളിൽ ചെന്നുചാടി മാധ്യമങ്ങളുടെ ഇരയാകാതെ ജീവിക്കാൻ, കൊല്ലങ്ങളോളം തന്നെ ഭർത്സിച്ചുകൊണ്ടിരുന്ന ശത്രുക്കളെ അവഗണിച്ചു ശിക്ഷിക്കാൻ ഒക്കെ അദ്ദേഹത്തെ സഹായിച്ചത് മനഃപൂർവംതന്നെ സൃഷ്ടിച്ചെടുത്ത ആ പൊതുബോധമാണ്.
മലയാളി അത്ര പെട്ടെന്നൊന്നും ഒരു ഗൗരവക്കാരനെയും അംഗീകരിച്ചിട്ടില്ല. അത് പ്രതിഭ കൊണ്ട് ഒഴിവാക്കപ്പെടാൻ ആവാത്തവിധം അവനെ സ്വാധീനിച്ചിട്ടുള്ളവരോട് മാത്രം അവൻ നൽകുന്ന പരിഗണനയാണ്. അത് വേണ്ടുവോളം കിട്ടിയ അപൂർവം ഒരാളാണ് എം.ടി. മരണം ഒരു യാഥാർഥ്യമായപ്പോഴും, ഉറപ്പായും അദ്ദേഹം ഒരു ചിരിയെ ഗൗരവപ്പൂട്ടിട്ട് കിടക്കുകതന്നെയായിരുന്നിരിക്കണം.
‘‘തങ്ക വജ്ര വൈഡൂര്യ ശേഖരങ്ങൾക്ക് മുകളിൽ അത്രേ കിടപ്പ്; എടുത്തു കളിക്കാൻ ചെമ്പ് തുട്ടു പോലുമില്ല ഗോപുര നടയിൽ’’ എന്ന ഒരേയൊരു നാടകംകൊണ്ട്, എക്കാലത്തെയും മികച്ച നാടകകൃത്തുക്കളായ എൻ.എൻ. പിള്ള, തോപ്പിൽ ഭാസി, കെ.ടി. മുഹമ്മദ് തുടങ്ങിയ യുഗപ്രഭാവന്മാരുടെ നിരയിലെത്തിയതാണ് എം.ടി. കുട്ടിക്കാലത്ത് ഒരേയൊരു തവണ വായിച്ച ഗോപുരനടയിൽ എന്ന നാടകത്തിന്റെ മുകളിലത്തെ സംഭാഷണം ഒരിക്കലും മായാത്ത തരത്തിൽ മനസ്സിൽ തങ്ങിനിർത്താൻ എം.ടിക്ക് കഴിഞ്ഞു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സൃഷ്ടികളുടെ കരുത്ത്.
അത് ആന്തരിക സംഘർഷം ആകാം, ഉൾക്കരുത്താവാം. നിഷേധമാകാം നീതി നിഷേധത്തിനോടുള്ള പ്രതിഷേധം ആകാം, മനുഷ്യനും മാനവികതയും ചേർന്നു നിൽക്കേണ്ടതാണെന്ന വിശ്വാസമാകാം, പ്രകൃതിയോടുള്ള അടങ്ങാത്ത സ്നേഹം ആകാം. അതുകൊണ്ടുതന്നെ കുട്ടിയായും കൗമാരക്കാരനായും യുവാവായും പ്രവാസിയായും ഒക്കെ ജീവിക്കുന്ന ഇടക്കൊക്കെ ആ കഥാപാത്രങ്ങൾ നിരന്തരം കടന്നുവന്ന് ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അത് ‘അക്കൽദാമയിൽ പൂക്കൾ വിരിയുമ്പോൾ’ എന്ന കഥയിൽ 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്ത യൂദാസിന്റെ ആന്തരിക സംഘർഷം സൃഷ്ടിച്ച വേദന ജീവിതത്തിലുടനീളം വായനക്കാരിൽ ധാർമികത ഓർമിച്ചുകൊണ്ടേയിരുന്നു.
എന്നിൽ ആപേക്ഷികമാണെങ്കിലും ശരികൾ സൃഷ്ടിക്കാൻ ആ യൂദാസ് ഒത്തിരി കാരണമായിട്ടുണ്ട്. ഷെർലക് എന്ന കഥ എം.ടിയിൽ നിന്ന് പ്രതീക്ഷിക്കാത്ത കഥയും ഫാന്റസിയുടെ സാധ്യതകൾ എങ്ങനെയാണെന്ന് വരച്ചുകാട്ടിത്തരുന്ന കഥയുമാണ്. പൂച്ചയിൽ ഒരു ജാരനെ തികയുന്ന രഹസ്യാന്വേഷി ഉണ്ടോ എന്ന് സംശയിക്കുന്നതിലൂടെ ഭാവനയുടെ ഏറ്റവും വലിയ തലമാണ് എം.ടി സൃഷ്ടിക്കുന്നത്.
ഏറെ ഇഷ്ടം തോന്നിയ നോവലാണ് മഞ്ഞ്. മലയാളം കണ്ട എക്കാലത്തെയും മഹത്തായ സ്ത്രീപക്ഷ രചനയായിട്ടാണ് സേതുവിന്റെ പാണ്ഡവപുരത്തിനുശേഷം മഞ്ഞ് എനിക്ക് തോന്നിയിട്ടുള്ളത്. കാത്തിരിപ്പിന്റെയും വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയുടെയും ഇടയിൽ കൊഴിഞ്ഞുപോകുന്ന അനേകം സ്ത്രീകളുടെ ചിത്രങ്ങൾ വരച്ചുകാണിക്കാൻ ശ്രമിക്കുന്നതിലൂടെ സ്ത്രീകളുടെ ആന്തരിക സംഘർഷത്തെ വ്യത്യസ്തമാണെങ്കിലും എം.ടിയും സേതുവും എത്രമാത്രം മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. സേതുമാധവനും ഗോവിന്ദൻകുട്ടിയും എം.ടിയുടെ ഭീമനും ഘടോൽകചനും ഒക്കെത്തന്നെ എന്നിൽ സൃഷ്ടിച്ച ചോദ്യങ്ങൾ ഉത്തരങ്ങൾ അസ്വസ്ഥതകൾ എഴുതാനും പറയാനുള്ള ഉൾപ്രേരണകൾ ഒക്കെ വളരെ വലുതുതന്നെയായിരുന്നു.
ഒരിക്കൽ കണ്ടപ്പോൾ സർ സംവിധാനം ചെയ്ത സിനിമകൾ, താരതമ്യേന തിരക്കഥ എഴുതിയ സിനിമയുടെ അത്രയും ആളുകൾ കണ്ടിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോൾ എത്ര മനുഷ്യർ എന്നെ വായിച്ചു, കണ്ടു എന്നതാണ് ഞാൻ അതിൽ കാണുന്ന പ്രാധാന്യം എന്ന് അദ്ദേഹം പറഞ്ഞു. അതെ എം.ടി ഓരോ ആളിലും ഓരോ തരത്തിലാണ് കടന്നുചെല്ലുന്നത്. അതെ, ഒരു പ്രതിഭാശാലിയുടെ തിളക്കത്തോടെ.
എം.ടിയെ വായിച്ചുതുടങ്ങിയിട്ട് 40 വർഷമെങ്കിലും ആകും. എം.ടിയുടെ സിനിമകൾ കണ്ടുതുടങ്ങിയത് അതിലും മുമ്പാണ്. ഇത് വായിക്കുമ്പോൾ ഇതെഴുതുന്നയാൽ മഹത്തായ വായനക്കാരൻ ആണെന്ന് തെറ്റിദ്ധരിക്കരുതേ. കുട്ടിക്കാലത്ത് ആദ്യം കണ്ട ‘ഓപ്പോൾ’ എന്ന സിനിമ കാണാനും ഏതാനും വർഷം കഴിഞ്ഞു കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച രണ്ടാമൂഴം ബാല്യത്തിലേ വായിക്കാനും ഭാഗ്യം ഉണ്ടായ ഒരു സാധാരണക്കാരന് എം.ടി ആരായിരുന്നു എന്നൊരു ചിന്ത പങ്കുവെക്കുന്നു എന്നുമാത്രം.
നേരത്തേ പറഞ്ഞ ബാലന് മഹാഭാരതകഥ തന്നെ പരിചിതമാകുന്നത് ഭീമൻ എന്ന രണ്ടാമൂഴക്കാരന്റെ ആത്മകഥനങ്ങളിലൂടെയാണ്. പിന്നീട് വർഷങ്ങൾക്കിപ്പുറം ആ നോവൽ വായിച്ചപ്പോൾ ജീവിതത്തിന്റെ ആത്യന്തികമായ നിഷ്ഫലതയെയും ബന്ധങ്ങളിലെ സംഘർഷങ്ങളേയുംപറ്റിയുള്ള തത്ത്വചിന്തയെ വായിച്ചറിയാൻ കഴിഞ്ഞു. അതാണ് എം.ടിയുടെ പ്രത്യേകത. പലതരം പ്രായക്കാരായ, പല പശ്ചാത്തലത്തിൽനിന്നു വരുന്ന വായനക്കാർക്ക് പരുവപ്പെടുന്ന എന്തെങ്കിലും അദ്ദേഹത്തിന്റെ കൃതികൾ കരുതിവെച്ചിട്ടുണ്ടാകും.
എം.ടിയുടെ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാൽ, അവരിൽ പലരും തിരസ്കൃതജീവിതങ്ങൾ ഉള്ളവരാണെന്നു കാണാം. കുട്ട്യേടത്തിയാവട്ടെ, സുധക്കുട്ടിയാവട്ടെ, വേലായുധനാകട്ടെ, ഏകാകികളോ വിഷാദികളോ മുറിവേറ്റവരോ ആയിരിക്കും. അതെ എം.ടി തന്നെ കാലത്തിനൊപ്പമോ അതിനു മുന്നേയോ സഞ്ചരിക്കുന്നവരും ഉയിർത്തെഴുന്നേറ്റവരും ആയിരിക്കും. പഞ്ചാഗ്നിയിലെ ഇന്ദിരയെപ്പോലെ.
സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഗ്രാമങ്ങളുടെ പാരമ്പര്യങ്ങൾക്കു നേരെ പിടിച്ച കണ്ണാടി മാത്രമല്ല, ആ വിശ്വാസങ്ങൾക്കു നേരെ വെല്ലുവിളിയുയർത്തിയ പടവാൾ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പല എഴുത്തുകളും. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, പത്രാധിപർ, സംവിധായകൻ, സാമൂഹിക വിമർശകൻ... എങ്ങനെ എത്ര പ്രതിഭകളെയാണ് മലയാളത്തിന് ഒരേ സമയം നഷ്ടമായത്. എത്ര പറഞ്ഞാലും തീരാത്ത എം.ടി സർ മലയാളം ഉള്ളിടത്തോളം കാലം നിലനിൽക്കും. പ്രണാമം.
സാഹിത്യലോകത്ത് ഒരിക്കലും പകരംവെക്കാൻ കഴിയാത്ത, മലയാളത്തെ അത്രമാത്രം സ്നേഹിച്ച പ്രിയ എഴുത്തുകാരൻ ആയിരുന്നു എം.ടി. വാസുദേവൻ നായർ. പ്രവാസലോകത്ത് ഞാൻ വായിച്ച ബുക്കുകളിൽ ‘ഒരു സങ്കീർത്തനംപോലെ’ക്കുശേഷം എന്നെ ഏറെ സ്വാധീനിച്ച കൃതികൾ ആയിരുന്നു എം.ടിയുടെ തിരഞ്ഞെടുത്ത കഥകൾ, ഓപ്പോൾ എന്നിവ.
ഓപ്പോൾ എന്ന് പറഞ്ഞാൽ അപ്പുവിന് ജീവനാണ്. ഓപ്പോൾ എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് ഇംഗ്ലീഷ് ഒക്കെ അറിയാം. അപ്പു ഇനി രണ്ടാം ക്ലാസിലേക്കാണ്. അപ്പുവിന് ഒരുപാട് സംശയങ്ങളുണ്ട്. തൊട്ടടുത്ത വീട്ടിലെ പാട്ടു കേൾക്കുന്ന ആ പെട്ടിയെക്കുറിച്ചു മുതൽ എല്ലാത്തിനെക്കുറിച്ചും സംശയം. ഇതെല്ലാം ചോദിക്കുക ഓപ്പോളിനോടാണ്. ഓപ്പോൾ അപ്പുവിന് കഥകൾ പറഞ്ഞുകൊടുക്കും. അപ്പു അതെല്ലാം നന്നായി ആസ്വദിക്കും. ആരെയും ചിന്തിപ്പിക്കുകയും അതുപോലെത്തന്നെ ഉള്ളലിയിക്കുകയും ചെയുന്ന രീതിയിൽ എം.ടി തന്റെ കഥകൾ ആഴത്തിലും പരപ്പിലും നമുക്ക് മുന്നിൽ അവതരിപ്പിച്ചുതന്നിട്ടാണ് യാത്രയായത്.
സംഭവബഹുലമായ ആ ജീവിതത്തിന്റെ സർവതല സ്പർശിയായ ആഖ്യാനത്തോടൊപ്പം അപൂർവചിത്രങ്ങളും രേഖകളും വിജ്ഞാനപ്രദമായ അനുബന്ധങ്ങളുംകൊണ്ട് സമ്പന്നമാണ് എന്നും എം.ടി. വാസുദേവൻ നായർ. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന് അങ്ങനെ എം.ടി കൈവെച്ച എഴുത്തിന്റെ എല്ലാ മേഖലകളും പൂർണ വിജയം കൈവരിക്കാൻ സാധിച്ചു. മനുഷ്യന്റെ ജീവിതവും അവൻ അനുഭവിക്കുന്ന ചുറ്റുപാടും, അവിടെയുള്ള വേദനയും ഓരോ കഥകളിലും കാണാൻ സാധിക്കും.
ചില പാട്ടുകളെ ചില സ്ഥലങ്ങളെയും സന്ദര്ഭങ്ങളെയുമായി ബന്ധപ്പെടുത്തി മാത്രമേ ഓര്‍ക്കാനോ കേള്‍ക്കാനോ പറ്റാറുള്ളൂ. അതുപോലെ സ്ഥല -സന്ദര്‍ഭങ്ങളെ ബന്ധപ്പെടുത്തി മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഒരു കൃതിയാണ് എം.ടി.യുടെ മഞ്ഞ്. നോവലിന്റെ കഥാപരിസരം നൈനിറ്റാളാണെങ്കിലും ‘മഞ്ഞ്’ എന്നെ കൊണ്ടുപോയത് കൊടൈക്കനാലിലേക്കാണ്. പ്രീഡിഗ്രിക്കാലത്ത് കൊടൈക്കനാലില്‍ ടൂര്‍ പോയി വന്നയുടനെ ‘മഞ്ഞ്’ വായിച്ചതുകൊണ്ടാവാം നോവലിലെ ഓരോ പരിസരവും കൊടൈക്കനാലായി അനുഭവപ്പെട്ടത്.
മഞ്ഞു വീഴ്ച, തണുപ്പ്, സഞ്ചാരികള്‍, തടാകം, ബുദ്ദുവിനെ പോലെ ബോട്ടോടിക്കുന്നവര്, ചെങ്കുത്തായ മരണഗര്‍ത്തം... എല്ലാം കൊടൈക്കനാലില്‍ ഉണ്ടായിരുന്നു. അതു കൊണ്ടുതന്നെ എനിക്ക് ‘മഞ്ഞ്’ കൊടൈക്കനാല്‍ ഓർമയാണ്. ബഹ്റൈനില്‍ സന്ദര്‍ശനത്തിനെത്തിയ എം.ടിയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഗൗരവക്കാരനായ അദ്ദേഹം ചിരിച്ചു. സംസാരിക്കാനും ചിരിക്കാനും പിശുക്ക് കാണിക്കുന്ന എം.ടി അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സ്ഥലങ്ങളെയും ഓർമകളെയും പറ്റി സംസാരിച്ചാല്‍ വാചാലനാകും.
പരിചയപ്പെടുത്തുന്നതിനിടെ വിക്ടോറിയ കോളജിലാണ് പഠിച്ചതെന്ന് പറഞ്ഞപ്പോള്‍ ചോദിക്കാതെത്തന്നെ അവിടത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു. അതേസമയം, ഏതെങ്കിലും വിഷയത്തില്‍ പ്രതികരണം ചോദിച്ചാല്‍ ഒന്നും മിണ്ടിയെന്ന് വരില്ല. എല്ലാ വിഷയത്തിലും പ്രതികരണമറിയിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.
വായന തുടങ്ങിയ കാലം മുതൽ മനസ്സിൽ കുടിയേറിയ അക്ഷര വിസ്മയം. എം.ടിയെന്ന കാലാതിവർത്തി അരങ്ങൊഴിയുമ്പോൾ പകരക്കാരനായി മറ്റൊരാളില്ല എന്നതാണ് യാഥാർഥ്യം. രണ്ടാമൂഴവും മഞ്ഞും പുസ്തകങ്ങളായ് ഒപ്പം കൂട്ടിയെങ്കിലും നിർമാല്യത്തിലെ വെളിച്ചപ്പാടിന്റെ ചിലമ്പൊലികൾ കാതിൽ ഓളം തീർത്തിരുന്നു. ഗ്രാമീണതയുടെ കുളിർമ നിറഞ്ഞ കഥാപശ്ചാത്തലങ്ങളോടൊപ്പം ശക്തമായ കഥാസന്ദർഭങ്ങളും നമുക്ക് പകർന്നുതന്ന് അദ്ദേഹം കാലത്തിനൊപ്പം നടന്നുനീങ്ങി. വായന കഴിഞ്ഞാലും ദിവസങ്ങളോളം കഥയും കഥാപാത്രങ്ങളും കഥാകാരനും ഒപ്പം ചേർന്ന് നടക്കുന്ന കഥയെഴുത്തിന്റെ ഇന്ദ്രജാലം.
കുടുംബപശ്ചാത്തലം ശക്തമായ അവലംബമാക്കുന്ന രീതി അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും മാത്രമല്ല തിരക്കഥകളിലും നമുക്ക് കാണാം. കഥാ പരിസരങ്ങളിൽ പാടവും വയലുകളും തോടും തൊടികളുമെല്ലാം ഒപ്പം സഞ്ചരിക്കുന്നു.
തകർന്നു തുടങ്ങിയ തറവാടുകളുടെ അവശേഷിപ്പുകൾ മുറപ്പെണ്ണിലൂടെയും ഇരുട്ടിന്റെ ആത്മാവിലൂടെയും അദ്ദേഹം പ്രേക്ഷകരിൽ കൊണ്ടെത്തിച്ചു. നാലുകെട്ടും നടുമുറ്റവും ഭഗവതി കുടിയിരിക്കുന്ന മച്ചിൻ പുറവും പത്തായപ്പുരകളും ആഖ്യാനങ്ങളിൽ നിറയുന്നത് ജീവിതപരിസരത്തുനിന്നാണ്. മരണം എന്നൊരു കഥയെഴുതിയ പ്രിയ എഴുത്തുകാരൻ തിരികെ വരുമെന്ന് ഞാൻ എന്റെ മനസ്സിനോട് പലവട്ടം പറഞ്ഞിരുന്നു. എഴുത്തിന്റെ വ്യത്യസ്ത മേഖലകളിൽ അങ്ങേയറ്റം വിരാജിച്ചിരുന്ന സാഹിത്യ വസന്തം ഒടുവിൽ കാലത്തിനൊപ്പം നടന്നുനീങ്ങിയിരിക്കുന്നു.
ഓർമവെച്ച കാലം മുതൽക്കേ ഇത്രയും കണ്ടും കേട്ടും വായിച്ചും സുപരിചിതമായ മറ്റൊരു സാഹിത്യകാരൻ ഇല്ല എന്നുതന്നെ പറയാം. സത്യസന്ധമായി പറയുകയാണെങ്കിൽ ബഷീർ കഴിഞ്ഞാൽ എം.ടിയല്ലാതെ എന്നെ സാഹിത്യലോകത്ത് അത്ഭുതപ്പെടുത്തിയ മറ്റൊരു വ്യക്തിയില്ല. എന്റെ ഗൗരവമായ വായനയുടെ തുടക്കം എം.ടി കൃതികളിൽനിന്നാണ്. അസുരവിത്തും രണ്ടാമൂഴവും മഞ്ഞും ഒക്കെത്തന്നെ.
മനുഷ്യനും പ്രകൃതിയും വൈകാരികതയും നോവും ഒരേപോലെ കെട്ടിക്കിടന്നു നിൽക്കുന്ന ഒരു നാലുകെട്ടായി തോന്നിയിട്ടുണ്ട് എം.ടിയുടെ കഥകൾ. കാലത്തോടൊപ്പം വളരെ വേഗത്തിൽ സഞ്ചരിക്കുന്ന പുരുഷകഥാപാത്രത്തെ മാത്രമല്ല സ്ത്രീ കഥാപാത്രത്തേയും നമുക്ക് കാണാൻ കഴിയും. കുട്ട്യേടത്തിയും വളർത്തു മൃഗവും ഉദാഹരണം. ഒരു രണ്ടാം ഊഴത്തിനു കാത്തുനിൽക്കാതെ മഞ്ഞുരുകുംപോലെ ആ പ്രിയ എഴുത്തുകാരൻ കളമൊഴിഞ്ഞു.
നമ്മുടെ ഇതിഹാസങ്ങളെയും മിത്തുകളെയും ചരിത്രത്തെയുമൊക്കെ തന്റെതായ രീതിയിൽ പുനർവായന നടത്താൻ ധൈര്യം കാണിച്ചു എന്നതാണ് എം.ടി എന്ന എഴുത്തുകാരനെ മറ്റു സാഹിത്യകാരന്മാരിൽനിന്ന് വേർതിരിച്ചുനിർത്തുന്ന ഏറ്റവും വലിയ പ്രത്യേകത. അദ്ദേഹത്തിന്റെ ചെറുകഥകൾ ആർത്തിയോടെ വായിച്ച ഒരു കൗമാരമായിരുന്നു എന്റേത്. വളരെ കുറഞ്ഞ വാക്കുകളിൽ ആശയങ്ങളുടെ മഹാ സാഗരംതന്നെ ഒളിപ്പിച്ചുവെച്ച എം.ടിയുടെ എഴുത്തുശൈലി വായനക്കാരെ വല്ലാതെ ത്രസിപ്പിക്കുന്ന ഒന്നുതന്നെയാണ്.
1958ൽ പുറത്തിറങ്ങിയ നാലുകെട്ടുതന്നെയാണ് എന്റെ എം.ടിയുടെ ഏറ്റവും ഇഷ്ടം നിറഞ്ഞ കൃതി.ഒറ്റപ്പെടലിന്റെ വ്യഥകൾ പൊതിഞ്ഞുനിൽക്കുന്ന അപ്പുണ്ണിയുടെ മനോരഥങ്ങളും, നാലുകെട്ടിനുള്ളിൽ ശ്വാസം കിട്ടാതെ പിടയുന്ന സ്വാതന്ത്ര്യവും, മരുമക്കാത്തയവും, ജാതി വ്യവസ്ഥയുമൊക്കെ ആഴത്തിൽ ഈ മനോഹര സൃഷ്ടി ചർച്ചചെയ്യുന്നുണ്ട്. സ്വാതന്ത്ര്യമാണ് എന്റെ അസ്തിത്വം, അത് നഷ്ടമായാൽ കാനേഷുമാരിക്കണക്കിലെ വെറുമൊരു അക്കം മാത്രമായി ചുരുങ്ങിപ്പോവുമായിരുന്നെന്ന് അദ്ദേഹം ഒരിക്കൽ എഴുതി.
ഫാഷിസത്തിന്റെ കുത്തൊഴുക്കിൽ പൊങ്ങു തടിപോലെ ഇന്ത്യയിൽ എമ്പാടുമുള്ള സാംസ്കാരിക പ്രവർത്തകർ ഒഴുകിപ്പോയപ്പോഴും നിലപാട് തറയിൽ നിലയുറപ്പിച്ചുകൊണ്ട് പലപ്പോഴും എം.ടിക്ക് കലഹിക്കാൻ കഴിഞ്ഞതും ആ സ്വാതന്ത്ര്യം അദ്ദേഹം അവസാനകാലം വരെയും പണയംവെക്കാത്തതുകൊണ്ടുകൂടിയാണ്.
ഞാൻ വായനയുടെ ലോകത്തേക്ക് കടന്നുവരുന്നത് എം.ടി. വാസുദേവൻ നായർ എന്ന അസാമാന്യ പ്രതിഭയുടെ പുസ്തകങ്ങൾ വായിച്ചുകൊണ്ടാണ്. എന്റെ നാട്ടിൽ പണ്ട് ഉണ്ടായിരുന്ന എന്നാൽ ഇപ്പോൾ നഷ്ടപ്പെട്ടുപോയ ഉദയഗിരി വായനശാലയിലെ ചിതലരിച്ച പുസ്തകങ്ങൾക്കിടയിൽനിന്നാണ് ഞാൻ അദേഹത്തെ കണ്ടെത്തിയത്.
ജീവൻ തുടിക്കുന്ന കഥകളാണ് മറ്റുള്ളവരിൽനിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. എം.ടി. വാസുദേവൻ നായർ എന്ന പ്രതിഭയുടെ തൂലിക തുമ്പിൽനിന്ന് പിറവിയെടുത്ത കഥകൾ അനവധിയാണ്. ‘നിന്റെ ഓർമക്ക്’ എന്ന കഥ ഹൃദയസ്പർശിയായിരുന്നു. സിലോണിലായിരുന്ന അച്ഛനെ കാത്തിരിക്കുന്ന കൊച്ച് വാസുദേവനെ ആ കഥയിൽ കാണാം.
സിലോണിൽ യുദ്ധം ഉണ്ടായപ്പോൾ അദ്ദേഹം മടങ്ങിവരുന്നു. അച്ഛൻ വന്നപ്പോൾ കൂടെ കൊണ്ടുവന്ന സിംഹള പെൺകുട്ടി ലീല തന്റെ സഹോദരിയാണെന്ന് വാസു തിരിച്ചറിയുന്നു. അവളുടെ പെട്ടിയിൽ ഉണ്ടായിരുന്ന റബർ മൂങ്ങ കിട്ടാൻ ആശിച്ച ബാല്യം. തനിക്ക് അതുപോലെ ഒന്ന് വേണമെന്ന് ആശിച്ചു ഒടുവിൽ അവൾ തന്റെ അച്ഛനോട് ഒപ്പം തിരിച്ചുപോകും മുമ്പ് ലീല റബർ മൂങ്ങ കൊടുത്തിട്ട് പോകുമ്പോഴുള്ള സന്തോഷം എല്ലാം ആ കഥയിൽ വരച്ചുകാട്ടുന്നു. വർഷങ്ങൾക്കുശേഷം അദ്ദേഹം തന്റെ പെട്ടി തുറക്കുമ്പോൾ അതിൽ പഴയ റബർ മൂങ്ങ കാണുന്നു.
അങ്ങനെ തന്റെ സഹോദരി ലീലയെ പറ്റി ഓർക്കുകയാണ്. അങ്ങനെയാണ് ‘നിന്റെ ഓർമക്ക്’ എന്ന കഥ. നിർമാല്യം, സദയം പോലെ ഉള്ള എന്നും നമ്മൾ ഓർക്കുന്ന കുറെ നല്ല സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അതുല്യനായ മഹാ പ്രതിഭക്ക് ഒരായിരം കണ്ണുനീർ പുഷ്പങ്ങൾ.
‘‘കടന്നുപോയവരുടെയെല്ലാം കാൽപാടുകളിൽ കരിഞ്ഞ പുല്ലുകൾ നിർമിച്ച ഒറ്റയടിപ്പാത നീണ്ടുകിടക്കുന്നു...പ്രിയപ്പെട്ടവരേ തിരിച്ചുവരാൻ വേണ്ടി യാത്ര ആരംഭിക്കുന്നു’’ ‘അസുരവിത്തി’ലെ ഈ വരികളെ ഓർമിപ്പിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി എന്ന രണ്ടക്ഷരം കൊണ്ട് മലയാളഭാഷയെ പുതുക്കിക്കൊണ്ടേയിരുന്ന മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ നമ്മോട് വിടപറഞ്ഞു. വീണ്ടും തിരിച്ചുവരുമെന്നൊന്നില്ല എന്ന വലിയ സത്യം ഉൾക്കൊള്ളാനാവാതെ മലയാളഭാഷയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഓരോ മലയാളിയും ആ മഹാപ്രതിഭ സൃഷ്ടിച്ച കഥാപാത്രങ്ങളോടൊപ്പം യാത്ര തുടരും.
എന്റെ വായനയുടെ വസന്തകാലത്താണ് എം.ടിയുടെ ‘ഇരുട്ടിന്റെ ആത്മാവ്’ വായിക്കുന്നത്. കാലമിത്ര കഴിഞ്ഞിട്ടും ഭ്രാന്തില്ലാതിരുന്നിട്ടും ഭ്രാന്തനായി മുദ്രകുത്തിയ വേലായുധൻ തീർത്ത നോവ് മനസ്സിൽനിന്ന് ഇറങ്ങിപ്പോയിട്ടേയില്ല. ആ മഹാന്റെ എല്ലാ കൃതികളും വായിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരു വായനക്കാരനെന്ന നിലയിൽ എന്നിലെ ഭാഷയെ മിനുസപ്പെടുത്താൻ ആ വായനകളത്രയും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അപ്പുണ്ണിയും ഓപ്പോളും വിമലയും ഗോവിന്ദൻകുട്ടിയും സുമിത്രയും സേതുവും ബാലുവും കുട്ട്യേടത്തിയും അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് വായനയുടെ വസന്തകാലത്ത് എന്നിലേക്കിറങ്ങിവന്നത്. അവരൊക്കെത്തന്നെയും ഇപ്പോഴുമിവിടൊക്കെത്തന്നെയുണ്ട്. മലയാളമുള്ളിടത്തോളം എം.ടി എന്ന രണ്ടക്ഷരത്തിന്റെ കൈപിടിച്ച് ഓരോ വായനക്കാരനും നടന്നുനീങ്ങും. മലയാളത്തിന്റെ അക്ഷരപുണ്യം യാത്രയാകുന്നില്ല. ഞങ്ങൾക്കിടയിലുണ്ട്, മലയാളമുള്ളിടത്തോളം.
മലയാള സാഹിത്യത്തിൽ നാം എല്ലാവരും ഇഷ്ടപ്പെടുന്ന എം.ടി. വാസുദേവൻ നായരുടെ കഥകളിൽ കണ്ണോടിക്കുമ്പോൾ നാം നമ്മുടെത്തന്നെ ജീവിതത്തിൽകൂടി കടന്നുപോവുന്ന പോലെ തോന്നും. എത്ര വായിച്ചാലും മതിവരാത്ത കുറെ നല്ല കഥകൾ നമ്മിലേക്ക് കരുതിവെച്ചാണ് എം.ടി മടങ്ങിയത്. സ്കൂൾ കാലം വായനയോട് ഇഷ്ടം തോന്നി തുടങ്ങിയ കാലങ്ങളിൽ ഏറ്റവും വായിക്കാനിഷ്ടപ്പെട്ടതും എം.ടി കഥകൾ തന്നെയായിരുന്നു. അതുതന്നെയാവാം പിന്നീട് എന്നേയും എഴുത്തിലേക്ക് പതിയെ പതിയെ കൊണ്ടുപോയതും. വാനപ്രസ്ഥം, നാലുകെട്ട്, ചെറിയ ചെറിയ ഭൂകമ്പങ്ങൾ പോലെ കുറെ നല്ല സൃഷ്ടികൾ നമ്മുക്ക് അദ്ദേഹം സമ്മാനിച്ചത്. കുറെ നല്ല സിനിമകളും എം.ടിയുടെ തിരക്കഥയിൽ പിറവികൊണ്ടു.
ആൾക്കൂട്ടത്തിൽ തനിയെ എന്ന സിനിമ ശരിക്കും ജീവിതത്തിന്റെ ഒരേടുതന്നെ ആയിരുന്നു. ഏതൊരു മലയാളിക്കും എം.ടിയുടെ കഥകളോട് എന്തെന്നില്ലാത്ത ഒരു ഇഷ്ടമാണ്. എെന്നയും വളരെയധികം സ്പർശിച്ചിരുന്നു എം.ടി കഥകൾ എന്നത് വലിയൊരു സത്യമാണ്. ലേശമെങ്കിലും എനിക്കും എഴുതാൻ പറ്റുന്നുണ്ടെങ്കിൽ ഈ വലിയ എഴുത്തുകാരന്റെ കഥകൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നമ്മളിൽനിന്നും മറഞ്ഞുപോയെങ്കിലും മറക്കാത്ത കുറെ നല്ല രചനകൾ നമ്മൾക്കായി മാറ്റിവെച്ച് പടിയിറങ്ങിപ്പോയ ആ വലിയ കഥാകാരന്റെ മുന്നിൽ കൂപ്പുകൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.