മനാമ: പ്രവാസിയുടെ അതിജീവനത്തിന്റെ മനസ്സുപൊള്ളിക്കുന്ന അനുഭവങ്ങളുമായി ‘ആടുജീവിതം’ ആഗോള റിലീസിങ്ങിനൊരുങ്ങുമ്പോൾ നോവൽ പിറവിയെടുത്ത സ്ഥലമായ ബഹ്റൈന്, അതിനുപിന്നിലെ സർഗാത്മക നോവിന്റെ വ്യത്യസ്ത കഥയാണ് പറയാനുള്ളത്. ബഹ്റൈനിലെ അമേരിക്കൻ നേവി ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന എഴുത്തുകാരനും സഹൃദയനുമായിരുന്ന സുനിൽ മാവേലിക്കര ജോലി തേടിയെത്തിയ നജീബിനെ പരിചയപ്പെടുന്നതാണ് വഴിത്തിരിവുണ്ടാക്കിയത്. സുഹൃത്തായ ഹുസൈന്റെ സൽമാനിയ സ്റ്റുഡിയോയിൽവെച്ചാണ് ആദ്യമായി നജീബിനെ കണ്ടതെന്ന് സുനിൽ ഓർത്തെടുക്കുന്നു.
ഹുസൈൻ നൽകിയ സ്റ്റുഡിയോയുടെ വിസയിലാണ് നജീബ് എത്തിയത്. ഉപജീവനം തേടിയിരുന്ന നജീബിനെ അമേരിക്കൻ നേവി ആസ്ഥാനത്ത് പാട്ടയും ടിന്നും പെറുക്കുന്ന ജോലി ശരിയാക്കിക്കൊടുക്കുകയായിരുന്നു. ജോലി പ്രയാസമേറിയതാണെന്ന് പറഞ്ഞപ്പോൾ താൻ ഇതിനുമുമ്പു ചെയ്ത ജോലിയോളം പ്രയാസമുള്ള വേറെയൊന്നുമുണ്ടാകില്ല എന്നായിരുന്നു നജീബ് പറഞ്ഞത്.
പിന്നീട് പലപ്പോഴായി നജീബ് ജീവിതാനുഭവങ്ങൾ പറഞ്ഞു. അതുകേട്ട് താൻ ഞെട്ടിത്തരിച്ചെന്ന് സുനിൽ പറയുന്നു. അസ്വസ്ഥമായ മനസ്സുമായി നിരവധി ദിവസങ്ങൾ നടന്നു. അത് സാഹിത്യ സൃഷ്ടിയാക്കിയാൽ ശ്രദ്ധിക്കപ്പെടുമെന്ന് തോന്നി. ആ തോന്നൽ വന്നപ്പോഴാണ് അന്ന് സഹപ്രവർത്തകനായിരുന്ന ബെന്യാമിനോട് അക്കാര്യം പറഞ്ഞത്. സാഹിത്യകാരൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്ന ബെന്യാമിൻ ആദ്യം അതത്ര ഗൗരവത്തിലെടുത്തില്ലെങ്കിലും നജീബിനെ പരിചയപ്പെട്ടപ്പോൾ മനോഭാവം മാറി. ബെന്യാമിന് ജോലിക്കിടെ ഒഴിവുസമയമുണ്ട്. ആ സമയത്ത് ഒരു നോട്ട് പാഡുമായി അലുമിനിയം കാനും പ്ലാസ്റ്റിക് ബോട്ടിലും പെറുക്കുന്ന നജീബിനുപിന്നാലെ അദ്ദേഹം നടക്കും. പൊതുവെ വാചാലനല്ലാത്ത നജീബിനോട് ഓരോന്നും ചോദിച്ചറിയും. നീണ്ട ഒരുവർഷമാണ് ബെന്യാമിൻ ഇതിനായും മറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിനും സമയം ചെലവഴിച്ചത്.
ഒടുവിൽ നോവൽ പൂർത്തിയായപ്പോൾ സുഹൃത്തായ കവി കുഴൂർ വിൽസണാണ് പ്രകാശനം ചെയ്തത്. ബഹ്റൈനിലെ ഒരു ചെറിയ ഹാളിൽ ‘പ്രേരണ’യുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകാശനച്ചടങ്ങ് ലളിതമായിരുന്നു. അന്ന് നിരൂപകരും മറ്റും നോവൽ അത്ര കാര്യമായി എടുത്തിരുന്നില്ല. പിന്നീട് വായിച്ചറിഞ്ഞും ചെവിക്കു ചെവികേട്ടും സാധാരണക്കാരായ വായനക്കാരാണ് നോവലിനെ പ്രസിദ്ധമാക്കിയത്. സാഹിത്യ അക്കാദമി അവാർഡ് കിട്ടിയതോടെ സ്വീകരണങ്ങളുടെ ബഹളമായി. ഇതിനിടെ ഒരു സർജറിക്കു വിധേയനായ ബെന്യാമിന് ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാതെ വന്നു. അപ്പോൾ സുനിൽ മാവേലിക്കരയും നജീബുമാണ് ചടങ്ങുകളിൽ പങ്കെടുത്ത് പുസ്തകത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നത്. പ്രവാസിയുടെ കരളുരുക്കുന്ന ജീവിതാനുഭവങ്ങൾക്കൊപ്പം ബെന്യാമിന്റെ ലളിത സുഭഗമായ ഭാഷയും സർഗാത്മകതയുമാണ് നോവലിനെ ജനകീയമാക്കിയത്. സിനിമയും ജനം ഏറ്റെടുക്കുമെന്ന കാര്യം ഉറപ്പാണെന്ന് സുനിൽ പറയുന്നു. സിനിമയുടെ ഓഡിയോ ലോഞ്ച് അങ്കമാലിയിൽ നടന്നപ്പോൾ ബെന്യാമിൻ ക്ഷണിച്ചതനുസരിച്ച് സുനിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.