അധ്യാപകൻ, ആക്ടിവിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ, നാടകപ്രവർത്തകൻ, സംഘാടകൻ എന്നീ നിലകളിൽ കഴിവുതെളിയിച്ച അമീർ കണ്ടൽ ഇപ്പോൾ എഴുത്ത് മേഖലയിലും തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ്. ‘നിലാവ് പുതച്ച സിംഫണി’ എന്ന ആദ്യ കഥാസമാഹാരത്തിലൂടെ വായനക്കാരുടെ മനസ്സിൽ സ്ഥാനംപിടിച്ചിരിക്കുകയാണ് അദ്ദേഹം. സമൂഹമാധ്യമങ്ങളിൽ കൊച്ചു കൊച്ചു കുറിപ്പുകൾ എഴുതിക്കൊണ്ടാണ് അമീർ കണ്ടൽ എന്ന കഥാകൃത്ത് മലയാള സാഹിത്യ രംഗത്തേക്ക് കടന്നുവരുന്നത്.
ആധുനികതക്കും ഉത്തരാധുനികതക്കും ഒന്നും പിടികൊടുക്കാതെ തന്റേതായ ചില എഴുത്തുവഴികളിലൂടെ സഞ്ചരിക്കുകയാണ് അമീർ കണ്ടൽ എന്ന കഥാകൃത്ത്. നിലാവ് പുതച്ച സിംഫണിയിലെ എല്ലാ കഥകളും വിദ്യാലയ കഥകളാണ്. താൻ നിലകൊള്ളുന്ന ജോലിസ്ഥലത്തെ മാറ്റിക്കൊണ്ടുള്ള എഴുത്ത് തനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ലെന്ന് ഓരോ കഥകളിലൂടെയും വായനക്കാരെ ഓർമപ്പെടുത്തുകയാണ് എഴുത്തുകാരൻ. കഥകൾക്ക് പേരിടുന്നതിലും ഒരു പ്രത്യേക ശ്രദ്ധ നമുക്കു കാണാം.
‘കലി’ എന്ന കഥയാണ് ഏറെ ശ്രദ്ധേയം. അപ്പേരിൽ ഒരു ചലച്ചിത്രം ഉള്ളതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന് ഉറച്ചുവിശ്വസിക്കുന്നു അദ്ദേഹം. ക്ലാസിൽ സ്വൽപം പഠനത്തിലൊക്കെ ശ്രദ്ധിക്കുന്ന അനൂപ് പഠിപ്പിക്കുന്നതിനിടയിൽ ഒരു ചിത്രം വരച്ചതിന് കുട്ടിയോട് ദേഷ്യത്തോടെ പെരുമാറിയതിന്റെ കുറ്റബോധത്താൽ സ്റ്റാഫ് റൂമിൽ ദുഃഖത്തോടെ ഇരിക്കുന്ന ക്ലാസ് ടീച്ചറെ സമാധാനിപ്പിക്കുന്ന സ്റ്റാഫ് സെക്രട്ടറിയുടെ മനോവ്യഥയെ നന്നായി ആവിഷ്കരിച്ചിട്ടുണ്ട് കലി എന്ന കഥയിൽ.
കഥയുടെ ആഖ്യാനം ആസ്വാദ്യം തന്നെയാണ്. സ്ഥലം, കാലം, വ്യക്തി വർണന, ബിംബവത്കരണം ഇതൊക്കെ കഥയിലുൾച്ചേർക്കാൻ പ്രത്യേക സിദ്ധിതന്നെയാണ് അമീറിയൻ കഥകൾക്ക്. സ്കൂൾ പരിസരം, ക്ലാസ് റൂമുകൾ, ഓഫിസ് റൂം, കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ അമീർ കഥകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
‘വിത്ത് ഗുണം’ എന്ന കഥ ഒരു വികൃതിക്കുട്ടനെ വരച്ചുകാണിക്കുന്നു. ക്ലാസിൽ മൂത്രം ഒഴിക്കൽ പതിവാക്കിയ കുട്ടിയെ അധ്യാപകർ കൂട്ടമായി വീട്ടിലേക്ക് അന്വേഷിച്ചുപോകുന്ന രംഗമാണ് കഥയിൽ. ഇതിലും ക്ലാസ് റൂമുകളിലൂടെ, സ്കൂൾ വാരാന്തയിലൂടെ വർണന കടന്നുവരുന്നുണ്ട്. മറ്റൊരു രസകരമായ കഥയാണ് ‘പെരിസ്ട്രോയിക്ക’. അധ്യാപകരുടെ അബദ്ധധാരണയെ കഥയാക്കി ആവിഷ്കരിച്ചിരിക്കുകയാണ് ഇതിലൂടെ. ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലെ ചെറിയ സംഭവമാണ് കഥാതന്തു. ‘ഹിഗ്വിറ്റ’ എന്ന കഥ ഞാൻ കൂടി പങ്കെടുത്ത മാഹിയിലെ ഒരു സാഹിത്യ ക്യാമ്പിനിടയിൽ വീണുകിട്ടിയ സംഭവമാണ്. അത് അദ്ദേഹം മനോഹരമായ ഒരു കഥയാക്കി മാറ്റിയിരിക്കുന്നു.
നിലാവ് പുതച്ച സിംഫണിയിലെ 18 വിദ്യാലയ കഥകളും ഒന്നിനൊന്നു മെച്ചമാണെന്ന് ചുരുക്കിപ്പറയാം. അമീർ കഥകളിലെ ‘മാഷ്’മരികത, അത് വായിച്ചുതന്നെ അനുഭവിക്കണം. അധ്യാപകർക്ക് മാത്രമല്ല എല്ലാവർക്കും ഏത് പ്രായക്കാർക്കും വായിച്ചുപോകാവുന്ന തികച്ചും വായനക്ഷമതയുള്ള പുസ്തകം. ലളിതമായ ഭാഷാശൈലി. ആകർഷകമായ കവർ. എല്ലാം കൊണ്ടും മികച്ച ഒരു കഥാസമാഹാരം. ഈ കഥാകൃത്തിന്റെ അനുഗൃഹീത തൂലികയിൽ നിന്നും അനേകമനേകം കഥകൾ വായനക്കാർക്ക് ലഭ്യമാകുമെന്നതിൽ സംശയമില്ല.
കേവലം ഒരു അധ്യാപകൻ എന്നതിനുമപ്പുറത്താണ് സ്കൂളിലെ അമീർ കണ്ടലിന്റെ പ്രവർത്തനങ്ങൾ. പൊതു സമൂഹത്തിൽ പൊതുവിദ്യാലയത്തിന്റെ മഹത്വം ബോധ്യപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യാൻ സദാ സന്നദ്ധനാണ് അമീർ.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.