ഗീതാഞ്ജലി ശ്രീ

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന പരാമർശമുണ്ടെന്ന് പരാതി; ഗീതാജ്ഞലി ശ്രീയെ ആദരിക്കുന്ന ചടങ്ങ് ഒഴിവാക്കി

ലഖ്നോ: ഇന്‍റർനാഷണൽ ബുക്കർ പുരസ്കാരം നേടിയ ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയെ ആദരിക്കാൻ യു.പിയിലെ ആഗ്രയിൽ സംഘടിപ്പിച്ച പരിപാടി റദ്ദാക്കി. ഗീതാഞ്ജലി ശ്രീക്ക് ബുക്കർ പുരസ്കാരം നേടിക്കൊടുത്ത പുസ്തകമായ 'രേത് സമാധി'യിൽ ഹിന്ദു ദൈവങ്ങൾക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിപാടി ഒഴിവാക്കേണ്ടിവന്നതെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ചയായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്.

ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി'യിൽ ഹിന്ദു ദൈവങ്ങളായ ശിവനും പാർവതിക്കും എതിരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടെന്ന് കാട്ടി കഴിഞ്ഞയാഴ്ച യു.പിയിലെ ഹാഥറസ് സ്വദേശിയായ സന്ദീപ് കുമാർ പഥക് എന്നയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. പുസ്തകത്തിലെ പരാമർശങ്ങൾ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പൊലീസ് മേധാവിയെയും ടാഗ് ചെയ്ത് ഇയാൾ ട്വീറ്റും ചെയ്തിരുന്നു. പുസ്തകം വായിച്ചുനോക്കുമെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമോയെന്ന് അതിനുശേഷം തീരുമാനിക്കുമെന്നുമാണ് പൊലീസ് പറയുന്നത്.


സംഭവം ശ്രദ്ധയിൽപെട്ടതോടെ, തനിക്ക് മാനസികമായി പ്രയാസമുണ്ടായതായും തൽക്കാലം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും ഗീതാഞ്ജലി ശ്രീ സംഘാടകരെ അറിയിക്കുകയായിരുന്നു. ഹാഥ്റസിലെ പരാതിയെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം, ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടന്ന അനുമോദന പരിപാടി തടസ്സപ്പെടുത്താൻ ചില സാമൂഹിക വിരുദ്ധർ ശ്രമിച്ചതായും അവർ പറഞ്ഞു.

തന്‍റെ നോവലിനെ ചിലർ മന:പൂർവം രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്ന് ഗീതാഞ്ജലി ശ്രീ പറഞ്ഞു. ഇന്ത്യൻ പുരാണങ്ങളുടെ പ്രധാന ഭാഗങ്ങളാണ് നോവലിൽ അവതരിപ്പിച്ചത്. അതിനെ അധിക്ഷേപകരമായി കാണുന്നവരുണ്ടെങ്കിൽ, ഇന്ത്യൻ പുരാണ ഗ്രന്ഥങ്ങളെ കോടതിയിൽ വെല്ലുവിളിക്കുകയാണ് ചെയ്യേണ്ടത് -അവർ പറഞ്ഞു.

സാംസ്കാരിക സംഘടനയായ രംഗ് ലീലയും ആഗ്ര തിയറ്റർ ക്ലബും ചേർന്നാണ് എഴുത്തുകാരിയെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ആഗ്രയിലെ ക്ലർക്ക് ശിറാസ് ഹോട്ടലിൽ ശനിയാഴ്ച വൈകീട്ടായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്.

യു.പിയാണ് ഗീതാഞ്ജലി ശ്രീയുടെ ജന്മസ്ഥലമെന്നും മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് അവരെ ആദരിക്കണമായിരുന്നുവെന്നും രംഗ് ലീല വക്താവ് രാംഭരത് ഉപാധ്യായ് പറഞ്ഞു. എന്നാൽ, അതിന് പകരം തങ്ങൾക്ക് പരിപാടി റദ്ദാക്കേണ്ടിവന്നിരിക്കുകയാണെന്നും ഇത് വലിയ നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഡെയ്‌സി റോക്ക്‌വെൽ 'ടോംബ് ഓഫ് സാൻഡ്' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി'ക്കാണ് 2022ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് പുരസ്കാരം ലഭിച്ചത്. ബുക്കർ പുരസ്കാരം നേടിയ ആദ്യത്തെ ഹിന്ദി നോവലാണിത്. ഇന്ത്യ–പാക് വിഭജനകാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന വയോധിക പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ് 'റേത് സമാധി'യുടെ ഇതിവൃത്തം. 

Tags:    
News Summary - Booker Prize winner Geetanjali Shree’s Agra event cancelled over complaint about her novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT