ചെറുതുരുത്തി: സാംസ്കാരിക സ്ഥാപനങ്ങളുടെ ചെലവുകൾ ഇനി മുതൽ സ്വയം കണ്ടെത്തെണമെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ. നൂറിൽ കൂടുതൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ട് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഉത്തരവിറക്കിയിരിക്കയാണ്. സംസ്കാരിക സ്ഥാപനങ്ങൾക്ക് സർക്കാർ ശമ്പളവും പെൻഷനും നൽകില്ലെന്ന് പുതിയ നിലപാട്.
കേരള സാഹിത്യ അക്കാദമി, ചലചിത്ര അക്കാദമി ഉൾപ്പെടെയുള്ള 27 സ്ഥാപനങ്ങൾ തനത് ഫണ്ട് കണ്ടെത്തി മുന്നോട്ട് പോകണമെന്നാണ് സംസ്ഥാന സർക്കാറിന്റെ പുതിയ നിർദേശം. നാളിതുവരെ കേരളത്തിൽ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന 27 സ്ഥാപനങ്ങൾ മുന്നോട്ട് പോയത് സർക്കാർ ഫണ്ടിനെ ആശ്രയിച്ചാണ്. ഇത്, പൊടുന്നനെ നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
കേരള കലാമണ്ഡലത്തിലെ കൂട്ട പിരിച്ചുവിടൽ സാംസ്കാരിക സ്ഥാപനങ്ങളിൽ വരാനിരിക്കുന്ന നടപടികളുടെ സൂചനയാണെന്ന് നിരീക്ഷിക്കുന്നവർ ഏറെയാണ്. തനത് ഫണ്ട് കണ്ടെത്താൻ ഏറെ പരിമിതിയുള്ള സാംസ്കാരിക സ്ഥാപനങ്ങൾ എങ്ങനെ മുന്നോട്ട് പോകുമെന്നതിന് കൃത്യമായ ഉത്തരം പറയാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല.
കേരള കലാമണ്ഡലത്തിൽ നോൺ പ്ലാൻ ഫണ്ടിന്റെ ലഭ്യതക്കുറവുമൂലമാണ് താൽക്കാലിക ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള വൈസ് ചാൻസലറുടെ ഉത്തരവ് രജിസ്ട്രാർ രേഖാമൂലം താൽക്കാലിക ജീവനക്കാർക്ക് അയച്ചുകൊടുത്തത്. 120ഓളം ജീവനക്കാരെ പിരിച്ചുവിട്ടുള്ള ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരികയാണ്.
വിവിധ തസ്തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തതുമൂലം കലാമണ്ഡലത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി താൽക്കാലിക അധ്യാപക-അനധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ, പദ്ധതിയേതര വിഹിതത്തിൽനിന്ന് ആവശ്യമായ തുക ലഭിക്കാത്തതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, താൽക്കാലിക ജീവനക്കാരുടെ സേവനം ഡിസംബർ ഒന്നു മുതൽ ഇനിയൊരു ഉത്തരവുവരെ അവസാനിപ്പിക്കുന്നതായി കാണിച്ചാണ് വൈസ് ചാൻസലറുടെ ഉത്തരവ്. അതേസമയം, ഇത്രയധികം ജീവനക്കാരെ ഒന്നിച്ച് പിരിച്ചുവിട്ടാൽ കലാമണ്ഡലത്തിന്റെ താളംതെറ്റുമെന്ന് മുൻ കളരി ആശാന്മാരും കലാമണ്ഡലം എംപ്ലോയീസ് അസോസിയേഷനും വിദ്യാർഥി യൂനിയനും പറയുന്നു.
ഇക്കാര്യമുന്നയിച്ച് തിങ്കളാഴ്ച കലാമണ്ഡലത്തിൽ വിവിധ സമരങ്ങൾ അരങ്ങേറും. തിങ്കളാഴ്ച മുതൽ താൽക്കാലിക അധ്യാപകർ കളരിയിൽ എത്തിയില്ലെങ്കിൽ 500ല്‍ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കഥകളി മുതൽ നിരവധി കലകൾ താൽക്കാലികമായി നിർത്തേണ്ടിവരും. നേരത്തെ കലാമണ്ഡലത്തിലെ അധ്യാപകർക്ക് പോലും ശമ്പളം മാസങ്ങളോളം വൈകി ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ എല്ലാം താളം തെറ്റാനുള്ള സാധ്യതയാണ് മുൻപിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.