പാരിസ്: ലളിതമായ ഭാഷയിലൂടെ ചരിത്രത്തെ വായനക്കാരുടെ മനസ്സിൽ കുടിയിരുത്തിയ വിഖ്യാത എഴുത്തുകാരനും നോവലിസ്റ്റുമായ ഡൊമിനിക് ലാപിയർ വിടവാങ്ങി. 91 വയസ്സായിരുന്നു. ഫ്രഞ്ചുകാരനായ ഡൊമിനിക് ലാപിയറും അമേരിക്കക്കാരനായ ലാറി കോളിൻസും ചേർന്നുള്ള എഴുത്തിലെ അപൂർവ കൂട്ടുകെട്ട് ഏറെ പ്രശസ്തമാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും അധികാര കൈമാറ്റത്തെയും കുറിച്ച് ഇരുവരും ചേർന്ന് 1975ൽ എഴുതിയ 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' (സ്വാതന്ത്ര്യം അർധരാത്രിയിൽ) ലോക ശ്രദ്ധ നേടിയിരുന്നു. ഇദ്ദേഹത്തിന്റെ യാത്രാവിവരണ ഗ്രന്ഥങ്ങളും ജനപ്രിയമാണ്. 2008ൽ ലാപിയറെ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. മരണവിവരം ഭാര്യ കോൺഷൺ ലാപിയറാണ് അറിയിച്ചത്.
1931ലായിരുന്നു ജനനം. എ ഡോളർ ഫോർ ഒ തൗസന്റ് മൈൽസ് (1949) ആണ് ആദ്യ രചന. ഇന്ത്യയെ അഗാധമായി ഇഷ്ടപ്പെട്ടിരുന്ന ലാപിയറുടെ സിറ്റി ഓഫ് ജോയ് (1985) ബെസ്റ്റ് സെല്ലറായിരുന്നു. കൊൽക്കത്തയിലെ ജീവിതമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. സിറ്റി ഓഫ് ജോയിയെ അവംലംബിച്ച് 1992ൽ സിനിമയുമുണ്ടായി. ഡൊമിനിക് ലാപിയർ, ലോറി കോളിൻസുമായി ചേർന്നെഴുതിയ ഈസ് പാരിസ് ബേണിങ്, ഓർ ഐ വിൽ ഡ്രസ്സ് യു ഇൻ മോണിങ്, ഓ ജറൂസലം, ദി ഫിഫ്ത്ത് ഹോഴ്സ്മാൻ, ഈസ് ന്യൂയോർക്ക് ബേണിങ് എന്നീ പുസ്തകങ്ങൾ അഞ്ചുകോടി കോപ്പികളാണ് വിറ്റത്.
ലോകത്തെ ഞെട്ടിച്ച 1984ലെ ഭോപാൽ വാതക ദുരന്തം ദൃക്സാക്ഷികളുടെ വാക്കുകളിലൂടെ അടയാളപ്പെടുത്തിയ 'ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപാൽ' എന്ന കൃതി ഏറെ വിഖ്യാതമാണ്. ലാപിയറും ജാവിയർ മോറോയും ചേർന്നാണ് ഈ പുസ്തകം എഴുതിയത്. 1990കളിൽ ലാപിയർ മൂന്നു വർഷം ഭോപാലിൽ താമസിച്ച് ഗവേഷണം നടത്തിയാണ് പുസ്തകം തയാറാക്കിയത്. ഇതിൽനിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം വാതക ദുരന്തത്തിലെ ഇരകൾക്ക് സൗജന്യ ചികിത്സ നൽകാൻ ഭോപാലിൽ ആശുപത്രി സ്ഥാപിച്ചു. പ്രൈമറി സ്കൂളും നിർമിച്ചു.
തന്റെ വരുമാനവും വായനക്കാരുടെ സംഭാവനയും വിനിയോഗിച്ച് ഡൊമിനിക് ലാപിയർ ലക്ഷക്കണക്കിന് ക്ഷയരോഗികൾക്കും കുഷ്ഠ രോഗികൾക്കും ചികിത്സ ഒരുക്കിയിരുന്നു. ഫ്രാൻസിന്റെ അമേരിക്കയിലെ കോൺസുൽ ജനറലായിരുന്ന പിതാവിനൊപ്പം 13ാം വയസ്സിൽ അമേരിക്കയിലേക്ക് യാത്രചെയ്ത ഇദ്ദേഹം 18ാം വയസ്സിൽ ഫുൾബ്രൈറ്റ് സ്കോളർഷിപ്പോടെ പെൻസൽവേനിയയിലെ ലാഫെയറ്റി കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.