കേന്ദ്ര സാഹിത്യ അക്കാദമി എമിനന്‍റ് അംഗമായി സി രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ മുതിർന്ന സാഹിത്യകാരന്മാർക്ക് നൽകുന്ന അംഗീകാരമാണ് എമിനന്‍റ് പദവി. എം.ടി വാസുദേവൻ നായരാണ് ഇതിന് മുൻപ് ഈ അംഗീകാരം ലഭിച്ച മലയാളി എഴുത്തുകാരൻ.
നോവലിസ്‌റ്റും ചെറുകഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ സി. രാധാകൃഷ്‌ണൻ 1939 ഫെബ്രുവരി 15ന് ചമ്രവട്ടത്തു ജനിച്ചു. കൊടൈക്കനാൽ ആസ്‌ട്രോഫിസിക്കൽ ഒബ്‌സർവേറ്ററിയിൽ 1961ൽ സയന്റിസ്‌റ്റായി ചേർന്ന അദ്ദേഹം കാലാവസ്‌ഥാ വകുപ്പിന്റെ പുണെ ഓഫിസിൽനിന്ന് 1965ൽ രാജിവച്ച്. ‘സയൻസ് ടുഡെ’യിൽ ചേർന്നു. ലിങ്ക് വാർത്താ പത്രിക, പേട്രിയട്ട് ദിനപത്രം എന്നിവയുടെ അസിസ്‌റ്റന്റ് എഡിറ്റർ, വീക്ഷണം ദിനപത്രത്തിെൻറ പത്രാധിപർ, ഭാഷാപോഷിണി, മനോരമ ഇയർബുക്ക് എന്നിവയുടെ എഡിറ്റർ ഇൻ–ചാർജ്, മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ മീഡിയ കൺസൽട്ടൻറ്, സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാർഡ് (1962), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1988), വയലാർ അവാർഡ് (1990), അബുദാബി ശക്‌തി അവാർഡ് (1988), വിശ്വദീപം അവാർഡ് (1997) എന്നിവ ലഭിച്ചിട്ടുണ്ട്. നിഴൽപ്പാടുകൾ, തീക്കടൽ കടഞ്ഞ് തിരുമധുരം, എല്ലാം മായ്‌ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്‌പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി, മൃത്യോർമാ, അസതോമാ, തമസോമാ, സ്‌ത്രീപർവം, കന്നിവിള, അമൃതം, ഇതിഹാസം, തിരഞ്ഞെടുത്ത ചെറുകഥകൾ, ആലോചനം (ലേഖന സമാഹാരം), നാടകാന്തം (നാടക–കവിതാ സമാഹാരം) എന്നിവയും രചിച്ചിട്ടുണ്ട്. നോവൽ, ചെറുകഥ, ശാസ്‌ത്രം, കവിത, ലേഖനം തുടങ്ങിയ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ സി. രാധാകൃഷ്‌ണൻ രചിച്ചിട്ടുണ്ട്. ‘പ്രിയ’ എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ രാധാകൃഷ്‌ണൻ അഗ്നി, കനലാട്ടം, പുഷ്യരാഗം, ഒറ്റയടിപ്പാതകൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.