എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍.എസ്. മാധവന്

തിരുവനന്തപുരം: സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സർക്കാറിന്‍റെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്. 

രാഷ്ട്രീയവും മനുഷ്യബന്ധങ്ങളും പ്രാദേശികതയുടെ തനതു സൗന്ദര്യവുമെല്ലാം എൻ.എസ്. മാധവന്‍റെ രചനകളെ വേറിട്ടുനിർത്തുന്നതായും 'ശിശു' മുതൽ ആരംഭിക്കുന്ന അദ്ദേഹത്തിന്‍റെ രചനാജീവിതം മലയാള ചെറുകഥയുടെ ഭാവുകത്വപരിണാമത്തെ നിർണ്ണയിക്കുകയും നിർവ്വചിക്കുകയും ചെയ്തിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.

1948 -ൽ എറണാകുളത്ത്‌ ജനിച്ച എൻ. എസ്. മാധവൻ മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളജ്‌, കേരള സർവകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. 1975 -ൽ ഐ.എ.എസ്‌ ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു.

കേരള സാഹിത്യ അക്കാദമി പുരസ്കാരം, മുട്ടത്തുവർക്കി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

സജി ചെറിയാൻ പങ്കുവെച്ച കുറിപ്പ്

2024-ലെ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്

രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാഥാർഥ്യങ്ങളെ സർഗ്ഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എൻ.എസ്. മാധവനാണ് സംസ്ഥാന സർക്കാറിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം ഇത്തവണ ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയവും മനുഷ്യബന്ധങ്ങളും പ്രാദേശികതയുടെ തനതു സൗന്ദര്യവുമെല്ലാം അദ്ദേഹത്തിന്റെ രചനകളെ വേറിട്ടുനിർത്തുന്നു.

ചെറുകഥ എന്ന സാഹിത്യശില്പത്തിന് കരുത്തും കാമ്പും നൽകുന്നതിൽ എൻ.എസ്. മാധവൻ നൽകിയ സംഭാവന നിസ്സീമമാണ്. ചടുലവും ലളിതവും നിശിതവുമാണ് അദ്ദേഹത്തിൻറെ ഭാഷാശൈലി. പ്രാദേശികമായ ക്യാൻവാസിൽ മനുഷ്യാനുഭവത്തിന്റെ പ്രാപഞ്ചികാനുഭവങ്ങളെ കൃതഹസ്തനായ ഈ എഴുത്തുകാരൻ രേഖപ്പെടുത്തി. അതിസങ്കീർണ്ണമായ രചനാശൈലിയോ ദുർഗ്രാഹ്യമായ ആശയങ്ങളോ അദ്ദേഹത്തിന്റെ രചനകളിൽ കാണാനാവില്ല.

'തിരുത്ത്' പോലുള്ള കഥകൾ മലയാളത്തിന് ഗാഢമായ ഒരു പ്രത്യയശാസ്ത്രസൗന്ദര്യോർജ്ജത്തെ പരിചയപ്പെടുത്തി. 'ശിശു' മുതൽ ആരംഭിക്കുന്ന അദ്ദേഹത്തിന്റെ രചനാജീവിതം മലയാളചെറുകഥയുടെ ഭാവുകത്വപരിണാമത്തെ നിർണ്ണയിക്കുകയും നിർവ്വചിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികകാലത്തി ന്റെ ബഹുമുഖമായ സംഘർഷങ്ങളെയും അരികുവത്കരിക്കപ്പെട്ടവരുടെ സന്ദിഗ്‌ധതകളെയും അദ്ദേഹം രചനകൾക്കു വിഷയമാക്കി. അതിസൂക്ഷ്‌മമായ ഭാഷയ്ക്കുള്ളിലേക്ക് ആഴമുള്ള വേരുകളുള്ള വൻമരങ്ങളെ അദ്ദേഹം പറിച്ചുനട്ടു.

ഫിക്ഷനോടൊപ്പം തന്നെ, ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളും കോളങ്ങളും സജീവമായി എഴുതുന്ന എൻ.എസ്. മാധവൻ സമകാലികവിഷയങ്ങളിൽ ഊർജ്ജസ്വലമായി ഇടപെടുന്ന ഒരു സാമൂഹ്യനിരീക്ഷകൻ കൂടിയാണ്. മലയാളസാഹിത്യത്തിലെ ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരിലൊരാളായ എൻ.എസ്. മാധവന് ഈ പുരസ്കാരം നൽകുന്നതിൽ അനല്പമായ ആഹ്ലാദവും അഭിമാനവുമുണ്ട്

Tags:    
News Summary - Ezhuthachan Award NS Madhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-26 07:37 GMT