കോഴിക്കോട്: ആറു പുസ്തകങ്ങൾ റവന്യൂ മന്ത്രി കെ. രാജനെ ഏൽപിച്ച് മലയാളിയുടെ പ്രിയ എഴുത്തുകാരൻ പറഞ്ഞു: ‘‘പുസ്തകങ്ങൾ അതിഥികൾക്ക് സമ്മാനമായി നൽകുമ്പോൾ സന്തോഷം ഇരട്ടിക്കുന്നു...’’ ജനുവരി മൂന്നു മുതൽ ഏഴുവരെ കോഴിക്കോട് ആതിഥേയത്വമേകുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അതിഥികൾക്ക് സമ്മാനമായി നൽകാനാണ് എഴുത്തുകാരിൽനിന്ന് മന്ത്രിയടക്കമുള്ള അധികൃതർ നേരിട്ട് പുസ്തകം തേടിയിറങ്ങിയത്.
‘രണ്ടാമൂഴം’ നോവൽ അടക്കം ആറു പുസ്തകങ്ങളാണ് എം.ടി മന്ത്രിക്ക് കൈമാറിയത്. പുസ്തകം ഏറ്റുവാങ്ങിയ മന്ത്രി എം.ടിക്ക് പുതുവത്സരാശംസ നേർന്നു. 61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന-സമാപന സമ്മേളന ചടങ്ങുകളിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികൾക്ക് കോഴിക്കോട്ടെ 61 സാഹിത്യകാരന്മാർ കൈയൊപ്പിട്ട് നൽകുന്ന പുസ്തകങ്ങളാണ് ഉപഹാരമായി നൽകുക.
എഴുത്തുകാരുടെ വീടുകളിലെത്തി ജനപ്രതിനിധികളും കലോത്സവ കമ്മിറ്റി ഭാരവാഹികളും പുസ്തകങ്ങൾ ഏറ്റുവാങ്ങും. ഈ പരിപാടിയിലെ ആദ്യ പുസ്തകമാണ് എം.ടിയുടെ വീട്ടിൽ ചെന്ന് മന്ത്രിയും സംഘവും ഏറ്റുവാങ്ങിയത്. ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി. ഗവാസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മനോജ്, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. ദീപ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ഭാരതി എന്നിവർ സംബന്ധിച്ചു.
കൗമാര കലോത്സവത്തിന് വേദിയുണരാൻ ഏഴുനാൾ ശേഷിക്കെ മറ്റ് ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. കലോത്സവത്തിന്റെ പ്രമോ വിഡിയോ മന്ത്രി അഹമ്മദ് ദേവർകോവിൽ പുറത്തിറക്കി. ഗെസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു.
കലോത്സവ കമ്മിറ്റി ചെയർമാനും ടൂറിസം- പൊതുമരാമത്ത് മന്ത്രിയുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ. സച്ചിൻ ദേവ് എം.എൽ.എ, ഐ ആൻഡ് പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖർ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. ദീപ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.എ. മുഹമ്മദലി, ജോയന്റ് കൺവീനർമാരായ പി.കെ.എ. ഹിബത്തുല്ല, എൻ.പി. അസീസ്, ജനപ്രതിനിധികൾ, വിവിധ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കലോത്സവത്തിന്റെ പാചകപ്പുര ഉയരുന്നത് ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലാണ്. പാചകപ്പുരയിലേക്ക് ആവശ്യമായ വിഭവങ്ങളുടെ ശേഖരണം തുടങ്ങിക്കഴിഞ്ഞു. കലോത്സവത്തിന്റെ കലവറ നിറ വണ്ടി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ക്രിസ്ത്യൻ കോളേജ് ഹൈസ്കൂൾ പരിസരത്ത് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.