വെള്ളത്തൂവലിലാണ് ഞാൻ ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ അവിടെയായിരുന്നു ജീവിതം. ഇപ്പോൾ 10 വർഷത്തോളമായി കൊൽക്കത്തയിൽ താമസിക്കുന്നു. വെള്ളത്തൂവൽ ഗവ. ഹൈസ്കൂളിലാണ് പഠിച്ചത്. എങ്കിലും ഇടുക്കിയിലെ ഒരുപാട് സ്ഥലങ്ങളൊന്നും കണ്ടിട്ടില്ല.
ഞാൻ എഴുതിത്തുടങ്ങുന്ന കാലത്താണ് ആകാശവാണി ദേവികുളം എഫ്.എം സ്റ്റേഷൻ തുടങ്ങുന്നത്. എെൻറ ആദ്യ കാല രചനകൾ അവതരിപ്പിച്ചത് ഈ നിലയത്തിലാണ്. അവിടെ ആദ്യമായി കഥ വായിച്ചവരിൽ ഒരാൾ. റേഡിയോ നിലയത്തിലേക്ക് പോകുമ്പോഴാണ് ദേവികുളവും മൂന്നാറുമൊക്കെ ആദ്യമായി കാണുന്നത്.
കഥ വായിക്കാൻ ക്ഷണിച്ചുകൊണ്ട് എഫ്.എം സ്റ്റേഷനിൽനിന്നുള്ളതായിരുന്നു എനിക്ക് ലഭിച്ച ആദ്യ ടെലിഗ്രാം. പ്രതിഫലമായി കിട്ടിയ ചെക്ക് മാറാനാണ് ആദ്യം ബാങ്ക് അക്കൗണ്ട് എടുത്തത്. ഇന്ന് ചെറുതെന്ന് തോന്നുമെങ്കിലും അന്ന് ആ പ്രതിഫലം വളരെ വലുതായിരുന്നു. വിദ്യാർഥിയായിരിക്കെ വെള്ളത്തൂവൽ എ.കെ.ജി മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ കഥയെഴുത്ത് മത്സരത്തിൽ സമ്മാനം കിട്ടി. അതെല്ലാം ഒരുപാട് രസമുള്ള ഓർമകളാണ്. എന്നെ ഏറ്റവും ആകർഷിച്ചത് ഇടുക്കിയിലെ ഡാമുകളാണ്. ഇടുക്കി, ചെങ്കുളം, മാട്ടുപ്പെട്ടി, കുണ്ടള, പൊന്മുടി എന്നീ ഡാമുകളെല്ലാം വല്ലാത്തൊരു ഊർജത്തിെൻറ പ്രതീകങ്ങളാണ്. അതിനടുത്ത് നിൽക്കുമ്പോൾ ആ ശക്തി അനുഭവിച്ചറിയാം.
അണകെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിെൻറ അളവ്, അതിെൻറ ആഴം, അത് തുറന്നുവിട്ടാലുണ്ടാകുന്ന കാര്യങ്ങൾ ഇതൊക്കെ ആലോചിക്കുമ്പോൾ അത്ഭുതം തോന്നും. ഞാൻ ജീവിതത്തിൽ കണ്ട വിസ്മയങ്ങളിലൊന്ന് ഇടുക്കി ഡാമാണ്. ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുണ്ടെങ്കിലും ചെറുപ്പത്തിൽ ഇടുക്കി ഡാം തന്ന അമ്പരപ്പ് വേറിട്ടതാണ്.
മനോഹരമാണ് ഇടുക്കിയിലെ സ്ഥലങ്ങൾ. എെൻറ ചെറുപ്പകാലത്ത് യാത്രാസൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കുറവായിരുന്നു. നല്ല സ്കൂളും വായനശാലയുമൊന്നുമില്ല. എന്നാൽ, ശുദ്ധവായുവും ശുദ്ധജലവും ധാരാളമുണ്ടായിരുന്നു. കുടിയേറിപ്പാർത്തവർ കൊണ്ടുവന്ന മിശ്രിത സംസ്കാരത്തിനപ്പുറം ഒരു തനത് സംസ്കാരം ഇടുക്കിക്ക് ഇല്ല ഇന്ന് തോന്നിയിട്ടുണ്ട്. ആചാരങ്ങൾക്കൊന്നും ഒരു ഐക്യമില്ല. അതൊക്കെ എന്നിൽ അക്കാലത്ത് ഏറെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇടുക്കി ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.