'പരമ വിഡ്ഢിയും സ്വജനപക്ഷക്കാരനുമാണ് നിങ്ങൾ'; മലയാളം സർവകലാശാല വി.സിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ദു മേനോൻ

കോഴിക്കോട്: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോളിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരിയും അധ്യാപികയുമായ ഇന്ദു മേനോൻ. മലയാളം സർവകലാശാലയിലെ അധ്യാപക നിയമനത്തിൽ തന്നെ തഴയാൻ വൈസ് ചാൻസലർ മനപൂർവം ശ്രമിച്ചുവെന്നാണ് ഫേസ്ബുക് പോസ്റ്റിലൂടെ ആരോപണമുന്നയിച്ചത്.

തന്‍റെ അക്കാദമിക യോഗ്യതകളും അധ്യാപന പരിചയവും പോസ്റ്റിൽ എടുത്തുപറയുന്നുണ്ട്. നിയമനത്തിന്‍റെ വിജ്ഞാപനം ക്ഷണിച്ചതു മുതൽ തന്നെ അതിനകത്തെ സ്വജനപക്ഷപാതം കൃത്യമായി മനസ്സിലാകുമായിരുന്നു. സംവരണതത്വങ്ങൾ പാലിക്കാതെയാണ് എല്ലാ ഉഡായിപ്പും നടത്തിയിരിക്കുന്നതെന്നും ഇന്ദു മേനോൻ ആരോപിക്കുന്നു.

ഇന്ദു മേനോൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം...

മലയാള സർവ്വകാലാശാല വീസിയ്ക്ക് ഒരു തുറന്ന കത്ത്

-----------------------------------------------------------

മലയാളസർവ്വകലാശാലയിൽ അധ്യാപകതസ്തികയിൽ കുറച്ച് പോസ്റ്റുകൾ വിളിച്ചിരുന്നു. അതിൽ സാഹിത്യരചന, സോഷ്യോളജി, വികസന പഠനം, എന്നിവയിൽ അസോഷിയേറ്റ് പ്രൊഫെസ്സറായും വിവർത്തനപഠനത്തിൽ പ്രൊഫെസർ ത്സ്തികയിലും ഞാൻ അപേക്ഷിച്ചിരുന്നു.

ഒരു വ്യക്തിയുടെ അക്കാദമിക് പെർഫോമെൻസ് ഇൻഡെക്സ്സ്

(ഏപിഐ) ഒക്കെ ഇങ്ങനെ പറയുന്നതിൽ നല്ല അൽപ്പത്തരമുണ്ട്.

പക്ഷെ പറയാതെ വയ്യ. ഞാൻ കേരള സർക്കാറിന്റെ കീഴിലെ അംഗീകൃത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപികയാണ്. ലെക്ചെറർ ഇൻ സോഷ്യോളജി/ആന്ത്രോപ്പോളജി.

17 വർഷമാണ് എന്റെ അധ്യാപന പരിചയം.

മലയാളത്തിലും സോഷ്യോളജിയിലും എനിക്ക് ഡിഗ്രിയുണ്ട്. പിജിയും പിഎച്ച്ഡിയും സോഷ്യോളജിയിലും. മലയാളത്തിൽ പിഎച്ച്ഡി ഗവേഷണം ചെയ്യുന്നുമുണ്ട്. ഡിഗ്രിയ്ക്കും പിജിയ്ക്കും റാങ്ക് ഉണ്ട്. റാങ്കില്ലാത്ത മറ്റു കോഴ്സ്സുകൾക്ക് 80% അധികം എനിക്ക് മാർക്കുമുണ്ട്.

ഇന്ത്യയിലുള്ള നിരവധി യൂണിവേർസിറ്റികളിൽ കീ നോട്ട് അഡ്രെസ്സ്, ക്ലാസ് എടുക്കൽ പരിപാടികൾ ഉണ്ട്. 15 ഓളം വിദേശസർവ്വകലാശാലകളിൽ സോഷ്യോളജി/ ആന്ത്രപ്പോളജി/ റ്റ്രൈബൽ സ്റ്റെഡീസ്സിൽ ക്ലാസ്സുകളും പ്രെസെന്റേഷനുകളുമുണ്ട്.

കഴിഞ്ഞ 21 വർഷമായി 5-6 ഓ യൂണിവേർസിറ്റികളിൽ എന്റെ പുസ്തകങ്ങൾ റ്റെക്സ്റ്റ് ബുക്കുകളാണ്.പിജി, ബിരുദം, എംഫിൽ എന്നിവയിലാണത്. എന്റെ പുസ്തകത്തിൽ പിഎച്ച്ഡികളും എംഫിലുകളും നിരവധിയുണ്ട്.

ജേണലുകളിലും പുസ്തകങ്ങളിലുമായി സോഷ്യോളജി /ആന്ത്രോപ്പോലജിയിൽ 150 ആർട്ടിക്കിളുകൾ ഉണ്ട്.യുജീസ്സി കെയെർ ലിസ്റ്റ്, സ്കൗപ്പസ്സ് ഇൻഡെക്സ്ഡ്, ഹൈ ഇന്ദേക്സ്ഡ് ജേണലുകളും ഇന്റെർനാഷനൽ പബ്ലിഷേർസ്സും ഉണ്ട്. സ്പ്രിങ്ങർ, ആമസോൺ വെസ്റ്റ്ലാൻഡ്, തുടങ്ങി അനവധി അംഗീകൃതപബ്ലിക്ഷേർസ്സ്..

ഇതിനൊക്കെ പുറമെ 20 ഓളം സാഹിത്യരചനയിൽ പുസ്തകങ്ങൾ,500 ഓളം മറ്റു പബ്ലിക്കേഷനുകൾ. അനവധി പ്രൊജെൿറ്റുകൾ, കേന്ദ്ര/കേരള സാഹിത്യാക്കാഡമികൾ നിന്നടക്കമുള്ള പുരസ്കാരങ്ങൾ. 5500 ഓളം വരും എപിഐ മാർക്ക് മൊത്തം 2000 ത്തോളം എന്റെ അക്കാഡമിക്ക്സ്സിലും ബാക്കി സാഹിത്യരചനയിലും

മലയാളം യൂണിവേർസിറ്റിയിലെ വൈസ്ചാൻസലെർ ശ്രീമാൻ അനിൽ വള്ളത്തോളിന് എന്റെ യോഗ്യതകൾ അത്ര രുചിച്ചിട്ടില്ല. വ്യക്തികളെ സ്വാധീനിച്ചും കൈക്കൂലി കൊടുത്തും കാലുനക്കിയും യൂണിവേർസിറ്റികളിൽ കയറിപ്പറ്റുന്നവ്യക്തികൾക്ക് മെറിറ്റിനോട് തോന്നുന്ന ആ ഒരു കലിപ്പുണ്ടല്ലോ അത് അദ്ദേഹത്തിന്റെ ഓരോ പ്രവർത്തിയിലും സുവ്യക്തമായിരുന്നു.

കിർറ്റാഡ്സ് യോഗ്യതയില്ലാത്ത സ്ഥാപനമാണെന്നും അവിടുത്തെ പ്രവർത്തിപരിചയം മലയാളസർവകലാശാല അംഗീകരിക്കില്ല എന്നുമായിരുന്നു ടിയാന്റെ ആദ്യവാദം. എന്റെ അപേക്ഷകൾ പരിഗണിക്കാതെ വെച്ചിരിക്കുന്നതായി അറിഞ്ഞപ്പോൾ ഓഫീസ്സിൽ വിളിയ്ക്കുകയും അന്വേഷിക്കുകയും ചെയ്തു. വൈസ് ചാൻസെലെറുടെ ഓഫീസ്സിൽ നിന്നും എനിക്ക് യോഗ്യതയില്ലെന്നു കട്ടായം പറഞ്ഞു. എനിക്ക് ഇന്റെർവ്യൂവിനു പോകാനാകാത്ത അവസ്ഥ.

യൂജീസിയുടെ നിയമം ചൂണ്ടിക്കാണിച്ച് ഞാൻ സർക്കാരിൽ പരാതി നൽകി. കേരളസർക്കാറിന്റെ ആന്ത്രോപ്പളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് കിർടാഡ്സ്. യുജീസിയുടെ 2018 റെഗുലേഷൻ പ്രകാരം അംഗീകരിക്കപ്പെട്ട ഗവേഷണസ്ഥാപനം. ഇത്തരം ഗവേഷണസ്ഥാപനങ്ങളിലെ അസിസ്റ്റന്റ് പ്രൊഫെസ്സർ തത്തുല്യമായ യോഗ്യതയുള്ള അക്കാഡമിക് റിസർച്ച് പൊസിഷനിലുള്ളവർക്ക് അസോഷിയേറ്റ് പ്രഫെസെർ തസ്തികയ്ക്ക യോഗ്യതയുണ്ടെന്ന് താഴെ സൂചിപ്പിച്ച പ്രകാരം യൂജീസി റെഗുലേഷനിൻ പറയുന്നു.

"iii. A minimum of eight years of experience of teaching and/or research in an academic/research position equivalent to that of Assistant Professor in a University, College or Accredited Research Institution/industry with a minimum of seven publications in the peer reviewed/UGC listed journals and a total research score of Seventy Five (75) as per the criteria given in Appendix III,Table 2."

മാത്രമല്ല കേരളത്തിലെ എല്ലാ യൂണിവേർസിറ്റികളും മറ്റ് ഇന്ത്യൻ യൂനിവേർസിറ്റികളും കിർടാഡ്സ്സിന്റെ എക്സ്പെരിയൻസ്സിനെ പരിഗണിച്ചിട്ടുണ്ട്. കണ്ണൂർ യൂണിവേർസിറ്റി, കാലിക്കറ്റ്, കാലടി, പോണ്ടിച്ചേരി, ഇഗ്നൗ, മൈസൂർ, കാസർഗോഡ് സെന്റ്രൽ, കേരളയൂണിവേർസിറ്റികളിലൊക്കെ കിർടാഡ്സ്സിലെ ലെക്ചറർമാർക്കും ആർഎമാർക്കും ഗവേഷകർക്കടക്കം ജോലി ലഭിച്ചിട്ടുണ്ട്. ഈ വർഷം തന്നെ 2 പേർക്ക് കിട്ടിയിരിക്കുന്നു.

എന്തായാലും പരാതി ഫലം കണ്ടു. സോഷ്യോളജിയ്ക്കും ഡെവെലൊപ്മെന്റ് സ്റ്റെഡീസ്സിനും എനിക്ക് ഇന്റെർവ്യൂ കാർഡ് കിട്ടി.

എഴുത്തുകാരിയായ ഇന്ദു മേനോന് സാഹിത്യരചനയ്ക്ക് യോഗ്യതയില്ലെന്നു അനിൽ വള്ളത്തോളദ്ദേഹം തീരുമാനിച്ചു. ഫിലിം സ്റ്റെഡീസ്സിൽ ഒന്നാം റാങ്ക് ലഭിച്ച വൈസ് ചാൻസെലെറുടെ കാൻഡിഡേറ്റിനു കമ്പാരിറ്റിവ് ലിറ്റെറേച്ചറിലാണ് പിജി. ഫിലോസഫിയിലാണ് പി.എച്ച്ഡി. സിൽപ്പന്തികൾക്ക് യോഗ്യത എന്തായാലും വൈസ് ചാൻസെലെർക്ക് അതു കൊണ്ട് കുഴപ്പമില്ല. മുന്നേ കൂട്ടി അപേക്ഷയിൽ തന്നെ കുത്തിത്തിരിപ്പുകൾ അദ്ദേഹം കയറ്റി വെയ്ക്കും

കുറ്റം പറയരുതല്ലോ ഇന്റെർവ്യൂ ഗംഭീരമായിരുന്നു. പ്രഗത്ഭമതികളും പ്രമുഖരുമടങ്ങുന്ന പാനൽ തന്നെ. വളരെ നന്നായിട്ടു തന്നെ ഞാൻ ചോദ്യങ്ങൾക്കുത്തരം പറഞ്ഞു. രെജിസ്റ്റ്രാർ മാത്രം ചോദ്യങ്ങളില്ല എന്നു പറഞ്ഞൊഴിഞ്ഞു. മാർക്കിടുന്നത് സബ്ജെക്റ്റ് എക്സ്പേർട്ടുകൾ മാത്രം മതിയെന്ന് വിസി പറയുകയും ചെയ്തു. ഇനിയാണ് ഈ സംഘത്തിന്റെ വൃത്തികെട്ട കളി ആരംഭിക്കുന്നത്

എന്നെ മെറിറ്റിനടിസ്ഥാനത്തിൽ പുറത്താക്കൻ കഴിയില്ല എന്നുറപ്പുള്ള ശ്രീ അനിൽ വള്ളത്തോളും രെജിസ്റ്റ്റാർ ഷൈജനും ഒറ്റ പറച്ചിലാണ്.

"ഇന്ദു മേനോൻ റ്റെക്നിക്കലി ക്വാളിഫൈഡ് അല്ല. അവരെ റാങ്ക് ലിസ്റ്റിൽ പരിഗണിക്കേണ്ടതില്ല. അവർക്ക് ക്ലാസ്സ് എടുത്ത് ശീലമില്ല" (എന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ ലെക്ചെറെർ ഇൻ സോഷ്യോളജി ആന്ത്രോപ്പോളജി എന്നാണു മിസ്റ്റെർ വി സി. ഡ്രൈവർ എന്നല്ല.)

യുജിസിയുടെ നിയമങ്ങളോ ഗവേഷണമെന്നാൽ എന്താണ് എന്നോ അധ്യാപനപരിചയം വേണ്ടുവോളമുള്ള വി സിയ്ക്കും രെജിസ്റ്റ്രാർക്കും അറിയില്ല.

റാങ്ക് ലിസ്റ്റ് പൂർത്തിയായ്. ഇനിയിപ്പോൾ ഞാൻ എങ്ങാനും കേസിനു പോയാലോ? പണ്ടെ പേടിക്കൊടലനാണ് ഒപ്പിടണമെങ്കിലൊ തീരുമാനെമെടുക്കണമെങ്കിലോ ആരെങ്കിലും കൈപിടിച്ച് കൊടുക്കണം.

"അങ്ങനെയെങ്കിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താം ഏറ്റവും അവസാനം" അങ്ങനെ എന്നെ എല്ലാ റാങ്കലിസ്റ്റിലും അവസാന കാൻഡിഡേറ്റായിട്ട് ചേർത്തു സ്വന്തം തടി കയിച്ചിലാക്കി.

ഈ വൈസ് ചാൻസെലെർ ഇരുന്ന ഈ രെജിസ്റ്റ്രാർ ഇരുന്ന ഒരു ഇന്റെർവ്യൂവിൽ പോയിരുന്നത് തന്നെ ലജ്ജയുണ്ടാക്കുന്നു. ജോലിയ്ക്കു വേണ്ടി അലയുന്ന മനുഷ്യരുടെ ഗതികേടാണത്. ആ ഇന്റെർവ്യൂവിനു പങ്കെടുത്തല്ലോ ഇത്ര നെറികെട്ടസംഘക്കാർക്കു മുമ്പിൽ ഇരിക്കേണ്ടി വന്നല്ലോ ഓർക്കുമ്പോൾ ഓർക്കുമ്പോൾ ആത്മപുച്ഛവും അറുപുച്ഛവും തോന്നുന്നു.

അക്കാദമികസ്ഥാനങ്ങളിൽ യാതൊരു യോഗ്യതയുമില്ലാത്ത വള്ളത്തോളന്മാർ ഇരിക്കുന്നിടത്തോളം കാലം ഇതൊക്കെയേ നടക്കൂ. വൈസ് ചാൻസെലെർ എന്ന പദവിയ്ക്ക് ഒരു സ്റ്റാറ്റസ് ഉണ്ട്. അതൊരു ബ്ലൂകോളർ ജോലിയല്ല. അക്കാദമിക ജോലിയാണ്.

വിജ്ഞാപന ക്ഷണിച്ചതു മുതൽ തന്നെ അതിനകത്തെ സ്വജനപക്ഷപാതം കൃത്യമായി മനസ്സിലാകുമായിരുന്നു. സംവരണതത്വങ്ങൾ പാലിക്കാതെയാണ് എല്ലാ ഉഡായിപ്പും നടത്തിയിരിക്കുന്നത്. അതിനെതിരെ ആദ്യമേ തന്നെ പരാതികളും പോയിരുന്നു.

അനിൽ വള്ളത്തോളിനോട് കുറച്ച് ചോദ്യങ്ങൾ

ചോദിക്കാനുണ്ട്. മെസേജയച്ചാൽ ടിയാൻ മറുപടി പറയില്ല.

1. ടെക്നിക്കലി ഞാൻ ക്വാളി ഫൈഡ് അല്ല എങ്കിൽ എന്നെ സ്ക്രീനിങ്ങിൽ തന്നെ ഒഴിവാക്കാമായിരുന്നില്ലെ? (ഇന്റെർവ്യൂവിനുള്ള സാമഗ്രികൾ, വരവ് പോക്ക്, താമസം എല്ലാം കൂടി ചിലവായത് 40000 രൂപയ്ക്കടുത്താണ്. ജോലിയ്ക്ക് 4 ലക്ഷം മുതൽ നാൽപ്പതു ലക്ഷം വരെ കൈക്കൂലി കൊടുത്താ മിടുക്കന്മാർ കേറുന്നത് എന്ന ഞായം മനസ്സിൽ വെച്ചാൽ മതി.)

2. ഒരാളെ ഇന്റെർവ്യൂവിനു വിളിച്ച് ഇന്റെർവ്യൂ നടത്തിയ ശേഷമാണോ നന്മമരമേ അയാൾ ടെക്നിക്കലി ക്വാളിഫൈഡ് അല്ല. അയാളെ പരിഗണിക്കേണ്ട എന്ന് പറയുന്നത്? അത് നിയമവിരുദ്ധമല്ലെ?

3)സാഹിത്യരചനയ്ക്ക് എനിക്ക് അടിസ്ഥാന യോഗ്യതയായി എം എ മലയാളം വേണമെന്നു പറഞ്ഞ് എന്നെ പുറത്താക്കിയ താങ്കൾ കമ്പാരിറ്റിവെ ലിറ്റെറേച്ചറിൽ പിജിയുള്ള ആൾക്ക് ഫിലിം സ്റ്റെഡീസ്സിൽ അപ്പോയിന്റ്നൽകിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്?

4) അസോഷിയേറ്റ് പ്രൊഫെസെർ സാഹിത്യരചന തസ്തിക ഈടിബി സംവരണപോസ്റ്റ് അല്ലെ? ഹൈപ്പോതെറ്റിക്കലി നിങ്ങൾ ന്യായം പറയുകയാണ് ഈറ്റീബി പോസ്റ്റ് കേസിലാണ് എങ്കിൽ മൂന്നാമത്തെ പോസ്റ്റെന്ന നിലയിൽ ഓപ്പെൺ കാൻഡിഡേറ്റിനല്ലെ ഇതു നൽകേണ്ടത്?

5) അസിസ്റ്റെന്റ് പ്രൊഫെസ്സർ സാഹിത്യപഠനത്തിനു എന്തിനാണ് കേരളീയ കലകളിൽ അഭിലഷണീയ യോഗ്യത? സാഹിത്യപഠനം മുൻ നിയമനങ്ങളും റോസ്റ്റെറും പ്രകാരം സംവരണ പോസ്റ്റ് അല്ലെ? അതെങ്ങനെയാണ് താങ്കൾ ഓപെൺ പോസ്റ്റ് ആക്കിയത്?

6) അസോഷിയേറ്റ് പ്രൊഫെസെർ മാധ്യമപഠനം യഥാർത്ഥത്തിൽ പട്ടികജാതി സംവരണ പോസ്റ്റ് അല്ലെ? അതാർക്കു വേണ്ടിയാണ് താങ്കൾ ഓപെൺ ആക്കിയത്?

7)ഇന്റെർവ്യൂ ബോർഡിൽ താങ്കൾക്ക് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകാനായി അവരുടെ ഗൈഡുമാരെ ഉൾപ്പെടുത്തിയത് നിയമവിരുദ്ധമല്ലെ?

താങ്കൾക്ക് ഒന്നിനും ഒരു മറുപടിയും ഉണ്ടാവില്ല എന്നെനിക്കറിയാം. യുജിസിയുടെ 2018 ലെ റെഗുലേഷൻ വായിച്ചാൽ പോലും മനസ്സിലാകാത്ത ഒരു പരമ വിഡ്ഡിയും സ്വജനപക്ഷക്കാരനും സിൽപ്പന്തികൾക്ക് വേണ്ടി എന്ത് തെമ്മാടിത്തവും ചെയ്യുന്ന നീതി ബോധമോ നെറിയോ ജനാധിപത്യമോ ഇല്ലാത്ത താങ്കളിൽ നിന്നും ഒരു മറുപടിയും കിട്ടില്ല എന്നെനിക്കറിയാം. പറ്റുമെങ്കിൽ ഒപ്പിടാൻ ചൂണ്ടിക്കാണിച്ചു തരുന്ന ആളുകളോട് ചോദിക്കൂ എന്തെങ്കിലും കുത്തിത്തിരിപ്പുകൾ പറഞ്ഞു തരും.

കുറ്റം പറയരുതല്ലോ എന്റെ റാങ്ക്ലിസ്റ്റിൽ ഒന്നാമതായി വന്നവർ എന്റെ സുഹൃത്തുക്കൾ തന്നെയാണ്. അവർക്ക് കിട്ടിയതിൽ സന്തോഷമേ ഉള്ളൂ. എന്റെ വിഷയം ജോലി കിട്ടിയില്ല എന്നതല്ല. മറിച്ച് എന്നെ മനഃപ്പൂർവ്വം ഒഴിവാക്കാൻ വൈസ് ചാൻസെലെർ കളിച്ച വൃത്തികെട്ട കളിയാണ്. എന്നാലും മെറിറ്റിൽ ഒന്നാമതായി എ പി ഐ റാങ്കുല്ല ഒരാളെ വിളിച്ചു വരുത്തി ഇങ്ങനെ ബുദ്ധിമുട്ടിക്കണ്ടായിരുന്നു. ആദ്യമേ ഒഴിവാക്കിയാൽ മതിയായിരുന്നു.

പലനാൾക്കള്ളൻ ഒരുനാൾ പിടിയിൽ എന്നാണ്. നിങ്ങളുടെ കള്ളത്തരങ്ങളും അഴിമതികളും എന്നെങ്കിലും തെളിവ് സഹിതം പുറത്തു വരും. എല്ലാക്കാലത്തും എല്ലാരെയും വഞ്ചിച്ചും പറ്റിച്ചും അഴിമതി കാണിക്കാൻ കഴിയുകയില്ല. കാറ്റ് വിതച്ചാൽ കൊടുങ്കാറ്റ് കിട്ടും. അവിടെ ജോലി കിട്ടിയവർക്ക് നേർവഴിക്കും അല്ലാതെയും ആശംസകൾ. ഒപ്പം കണ്ടോളൻസ്സും ഇതു പോലെ നെറികെട്ട, വിവരമോ ഗവേഷണമെന്തെന്നറികയോ പോലുമില്ലാത്തവന്മാരുടെ കീഴിൽ വേണമെല്ലോ ഇനി ജോലി ചെയ്യാൻ. ഒരർത്ഥത്തിൽ മി. വിസിയോടെനിക്ക നന്ദിയുണ്ട്. ഒരു നൈതികതയും മൂല്യവുമില്ലാത്ത ഒരു വിവരവും വെള്ളിയാഴ്ചയുമില്ലാത്ത് ഗൂഢസംഘമേലധികാരിക്ക് കീഴിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയതിനു.

എൻബി: കിട്ടാത്ത മുന്തിരി പുളിക്കും എന്നതാണ് എന്റെ പ്രശനം എന്നൊന്നും കേറി പറയരുത്. ഒരാൾക്ക് കൊടുത്തതോ ജോലി ലഭിച്ചതോ അല്ല എന്റെ വിഷയം മറിച്ച് എന്റെ മെറിറ്റിനെ മറികടക്കാനാകാത്തതിനാൽ താനക്ളും സംഘവും നടത്തിയ വൃത്തികെട്ട ഉപജാപവും കള്ളക്കളിയുമാണ്.

Full View

Tags:    
News Summary - indu menon facebook post criticize malayalam university vc anil vallathol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.