ലോക മാതൃഭാഷാ ദിനം; ഈ ദിനവും, ഈ ചരിത്രാനുഭവവും നമുക്ക് പകർന്നു തരുന്ന പാഠങ്ങളെന്തൊക്കെയാണ് ?

പഴയ കിഴക്കൻ പാകിസ്ഥാനിലെ ബംഗാളി മാതൃഭാഷയായ സമൂഹത്തിനു മേൽ ഉറുദു ഔദ്യോഗിക ഭാഷയായി അടിച്ചേൽപ്പിക്കാൻ സർക്കാർ നടത്തിയ നീക്കങ്ങൾക്കെതിരെ വൻ ബഹുജന പ്രക്ഷോഭം ഉയർന്നു വന്നു . ധാക്ക സർവ്വകലാശാല വിദ്യാർഥികളായിരുന്നു പ്രക്ഷോഭത്തി​െൻറ മുൻ നിര.

സൈനിക നീക്കത്തിൽ നിരവധി വിദ്യാർത്ഥികൾ രക്തസാക്ഷിത്വം വരിച്ചതി​െൻറ ഓർമ്മ ദിനമാണ് ഫെബ്രുവരി 21(1952). അതിജീവന പോരാട്ടത്തി​െൻറ വഴികളിൽ നിൽക്കുന്ന ഭാഷകൾ ഈ ദിനം മാതൃഭാഷാ ദിനമായി ആചരിക്കുന്നു . ഈ ദിനവും , ഈ ചരിത്രാനുഭവവും നമുക്ക് പകർന്നു തരുന്ന പാഠങ്ങളെന്തൊക്കെയാണ് ? മതത്തിന്റെ പേരിൽ രൂപീകൃതമായ ഒരു രാഷ്ട്രം ഭാഷയുടെ പേരിൽ വീണ്ടും ഭിന്നിക്കുന്നു . അന്നത്തെ കിഴക്കൻ പാകിസ്ഥാൻ പിന്നീട് ബംഗ്ലാദേശ് ആയി മാറിയതിന് ഊർജ്ജം പകർന്ന പ്രക്ഷോഭമായിരുന്നു അത്. മനുഷ്യന്റെ സ്വത്വബോധങ്ങളിൽ ഭാഷയ്ക്കുള്ള ആഴവും കരുത്തും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്.

വിവിധ ഭാഷാ ഉപദേശീയതകൾ ഉള്ള ഇന്ത്യയിൽ ഇപ്പോഴും രണ്ടു ഭാഷകൾ മാത്രമാണ് ഔദ്യോഗിക ഭാഷകൾ. അതിലൊന്ന് വിദേശ ഭാഷയായ ഇംഗ്ലീഷാണ്. നമ്മുടെ ജനാധിപത്യത്തിന്റെ അന്ത:സത്ത ചോർത്തുന്ന അനുഭവമാണിത്. ഇന്ത്യയേക്കാൾ എത്രയോ കാലം കഴിഞ്ഞ് സ്വതന്ത്രയായ ദക്ഷിണാഫ്രിക്കയിൽ അഞ്ചരക്കോടി ജനങ്ങൾ മാത്രമാണ് ഉള്ളത് .. ഇരുപതിലേറെ ഭാഷകൾ അവിടെ ഔദ്യോഗിക ഭാഷകളാണ്‌.

ഇന്ത്യയിലാവട്ടെ ഹിന്ദിയെ പ്രാദേശിക ഭാഷകൾക്കു മേൽ അടിച്ചേല്പിക്കാനുളള ശ്രമമാണ് നടക്കുന്നത്. പ്രാദേശിക ഭാഷകളുടെ അതിജീവനമെന്നത് പ്രാദേശിക സംസ്കൃതികളുടെ അതിജീവനമെന്ന് കൂടിയാണ് അർത്ഥമാക്കുന്നത്. സാംസ്കാരിക വൈവിധ്യങ്ങളുടെ സമാഹാരമാണ് നാനാത്വങ്ങളുടെ ഇന്ത്യ എന്ന ജനാധിപത്യ ആശയം യാഥാർത്ഥ്യമാകുന്നത് ഈ നാനാത്വങ്ങളുടെ നിലനിൽപ്പിലാണ് അതിന്റെ ആണിക്കല്ലാണ് ഭാഷ.

ഇന്ത്യ അടക്കമുള്ള കോളനിവൽക്കരിക്കപ്പെട്ട രാജ്യങ്ങളിൽ ഇംഗ്ലീഷ് തന്നെയാണ് ഇന്നും വിജ്ഞാനത്തിന്റെയും വികസന സങ്കൽപ്പങ്ങളുടെയും അധികാരത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ഭാഷ. ഇത് ഘട്ടം ഘട്ടമായി പ്രാദേശിക മാതൃഭാഷകളിലേക്ക് കൈമാറ്റം ചെയ്യണമെന്ന് നമ്മുടെ ദേശീയ പ്രസ്ഥാനത്തിനും ഭരണഘടനാ ശില്പികൾക്കും ഇടതുപക്ഷമടക്കമുള്ള ആദ്യകാല രാഷ്ട്രീയ നേതൃത്വത്തിനും വിദ്യാഭ്യാസവിചക്ഷണന്മാർക്കും അറിയാമായിരുന്നു. എന്നാൽ അത് നടന്നില്ലെന്ന് മാത്രമല്ല സമ്പൂർണ്ണമായി അട്ടിമറിക്കപ്പെട്ട ദശാബ്ദങ്ങളാണ് കടന്നുപോയത്. ഹിന്ദിവൽക്കരണത്തിന്റെ ഭീഷണി കൂടി വരുമ്പോൾ ആ തിരിച്ചടി സമ്പൂർണ്ണമാവുകയാണ്. പരിമിതമായ നിയമനിർമാണങ്ങളും കോടതി ഉത്തരവുകളും ചില ദിനാചരണങ്ങളുമൊക്കെയുണ്ടെങ്കിലും അത്രയ്ക്ക് ആശാവഹമൊന്നുമല്ല മാതൃഭാഷകളുടെ നിലനിൽപ്പും വികാസവും.

മാതൃഭാഷകൾക്കു വേണ്ടി സംസാരിക്കുക എന്നാൽ ഇംഗ്ലീഷ് എതിരെ പറയുകയാണ് എന്നൊരു പൊതുബോധം എങ്ങനെയോ ഉറച്ചു പോയിട്ടുണ്ട് . ഇംഗ്ലീഷ് ഒരു അധികാരത്തിന്റെ ഭാഷയായി പെരുമാറിയ സന്ദർഭങ്ങളിൽ ചിലപ്പോൾ അത്തരമൊരു അതിവാദം ആവശ്യമായി വന്നേക്കാം. സ്വന്തം മാതൃഭാഷകളെ പൂർണമായി നിരോധിക്കുകയും ഒഴിവാക്കുകയും ചെയ്തു ഇംഗ്ലീഷ് അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ഇടങ്ങളിൽ ഇംഗ്ലീഷ് ബഹിഷ്കരണത്തിന് ഒരു രാഷ്ട്രീയ മൂല്യമുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിന്റെയെങ്കിലും ലോകാനുഭവത്തിൽ ഒരു ഇണക്കു ഭാഷ എന്ന നിലയിൽ ഇംഗ്ലീഷിന്റെ ആധികാരികതയും അസ്തിത്വവും ആരും നിഷേധിക്കുകയില്ല. ഈ നിലയിൽ ഇംഗ്ലീഷ് സ്വയമേവ വളർന്നതല്ല.

ലോകമെമ്പാടുമുള്ള അറിവുകളെയും അനുഭവങ്ങളെയും സ്വാംശീകരിക്കുകയും അതനുസരിച്ച് പദാവലിയും പ്രയോഗങ്ങളും വികസിപ്പിക്കുകയും ചെയ്താണ് അതങ്ങനെ വളർന്നത്. പക്ഷേ അതിനപ്പുറം ഒരു ജനതയുടെ അന്തസ്സിന്റെയും മനുഷ്യാവകാശങ്ങളുടേയും ഭാഗമാണ് അവരെ അവരുടെ ഭാഷയിൽ ഭരിക്കുക എന്നത് . പ്രപഞ്ച ജീവിതത്തിന്റെ നിഗൂഢതകൾ മുഴുവൻ ശാസ്ത്രീയമായും വസ്തുനിഷ്ഠമായും പൊളിക്കുക എന്നതാണ് ശാസ്ത്രമടക്കമുള്ള വിജ്ഞാനങ്ങളുടെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്ന്. എന്നാൽ ജനതയുടെ ഭാഷയിലല്ലാത്ത വിജ്ഞാന വിനിമയങ്ങളും വിദ്യാഭ്യാസവും അറിവിനെ ഒന്നുകൂടെ നിഗൂഢമാക്കുകയും അധികാരമാക്കുകയും ചെയ്യുന്നു. ഈ രാഷ്ട്ര നിർമ്മാണത്തിന്റെ പുറമ്പോക്കിലാണ് എന്റെ ഇടം എന്ന് അത് നിരന്തരം സാമാന്യ മനുഷ്യരെ ഓർമ്മിപ്പിക്കുന്നു. വീണ്ടും വീണ്ടും പുറത്തു നിർത്തുന്നു. അതുകൊണ്ട് ഒരു നാടിന്റെ ഭരണഭാഷയും കോടതി വ്യവഹാരങ്ങളും വികസന പ്രവർത്തനങ്ങളും ജനങ്ങളുടെ ഭാഷയിലായിരിക്കണമെന്ന് ഈ മാതൃഭാഷാദിനത്തിലും ആഗ്രഹിക്കുന്നു.

(അധ്യാപകനും മലയാള ഐക്യവേദി സംസ്ഥാന സമിതി അംഗവുമാണ് ലേഖകൻ)
Tags:    
News Summary - International Mother Language Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 07:39 GMT
access_time 2025-01-05 07:34 GMT