ആലപ്പുഴ: മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ പല്ലനയാറിലെ ബോട്ട് അപകടം നടന്നിട്ട് 98 വർഷം. 1924 ജനുവരി 17 ന് പുലർച്ച ആയിരുന്നു മഹാകവിയെ മലയാളസാഹിത്യത്തിന് നഷ്ടമാക്കിയ റെഡീമർ ബോട്ട് ദുരന്തം. ആലുവയിലേക്ക് പോകാനായി കൊല്ലത്തെത്തിയ കുമാരനാശാൻ തുടർയാത്രക്കാണ് 16ന് രാത്രി 10 ന് പുറപ്പെട്ട റെഡീമർ ബോട്ടിൽ കയറിയത്. 95 യാത്രക്കാരെ മാത്രം കയറ്റാൻ ശേഷിയുണ്ടായിരുന്ന ബോട്ടിൽ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്ന് മുറജപം കഴിഞ്ഞു മടങ്ങിയവരും കോട്ടയത്തു വിവാഹത്തിൽ പങ്കെടുക്കാൻ പോയ ചിലരും ഉൾപ്പെടെ 136 പേരാണ് കയറിയത്.
വഴിയിൽനിന്ന് പിന്നെയും യാത്രക്കാർ കയറി. ബോട്ടിന്റെ രണ്ടാം നിലയിലായിരുന്നു കുമാരനാശാൻ. രാത്രി സഹൃദയരായ ചിലർക്കൊപ്പം തന്റെ കൈവശമുണ്ടായിരുന്ന 'കരുണ' കാവ്യത്തെപ്പറ്റി ചർച്ച നടത്തി മഹാകവി ഉറങ്ങാൻ കിടന്ന ശേഷമായിരുന്നു അപകടം. പുലർച്ച അഞ്ചോടെയാണ് പല്ലനയിൽ കൊടുംവളവിൽ തിരിയുന്നതിനിടെ ബോട്ട് നിയന്ത്രണംവിട്ട് മറിഞ്ഞത്. 24 പേരാണ് അപകടത്തിൽ മരിച്ചത്. ഒരു ദിവസത്തിനു ശേഷമാണ് കുമാരനാശാന്റെ മൃതദേഹം കണ്ടെത്താനായത്. പിറ്റേന്നായിരുന്നു സംസ്കാരം.
'കരുണ' കാവ്യത്തിന്റെ പെൻസിൽ കൊണ്ടെഴുതിയ കൈയെഴുത്ത് പ്രതി കേടുകൂടാതെ കിട്ടി. സ്നേഹഗായകൻ കുമാരനാശാന്റെ മൃതദേഹം സംസ്കരിച്ച പല്ലനയാറിൻ തീരത്താണ് സാംസ്കാരിക കേന്ദ്രമായ 'കുമാരകോടി'. കൊല്ലം മുതൽ എറണാകുളം വരെ ഒന്നിടവിട്ട ദിവസങ്ങളിൽ സർവിസ് നടത്തിയിരുന്ന ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടോർ സർവിസിന്റെ ബോട്ടായിരുന്നു റെഡീമർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.