വീരാന്‍കുട്ടിയുടെ പാരിസ്ഥിതിക നിലപാടുകളോടുള്ള പ്രതികരണമാണ് 'മണ്‍വീറ്'കത്തിക്കലെന്ന് കെ. സഹദേവൻ

കോഴിക്കോട് : വീരാന്‍കുട്ടി മാഷിന്റെ 'മണ്‍വീറ്' എന്ന പുസ്തകം കത്തിച്ച്, അത് പ്രൊഫൈല്‍ ചിത്രമാക്കി പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് വീരാന്‍കുട്ടിയുടെ പാരിസ്ഥിതിക നിലപാടുകളോടുള്ള പ്രതികരണമാണെന്ന് സാമൂഹിക ശാസ്ത്രഗവേഷകനായ കെ.സഹദേവൻ. സമാനബോധം സൂക്ഷിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്. പൊളിറ്റിക്കല്‍ ഫ്രിന്‍ജുകളുടെ പ്രവര്‍ത്തന വഴികളെക്കുറിച്ച് ധാരണയുള്ളവര്‍ക്ക് ഇത്തരം പ്രതികരണങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് എളുപ്പം പിടികിട്ടും.

മൂലധന ഫാസിസത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ തയാറായി നില്‍ക്കുന്ന ഭരണകൂടങ്ങള്‍ക്ക് ഇത്തരം പൊളിറ്റിക്കല്‍ ഫ്രിന്‍ജുകള്‍ ഒരു അനിവാര്യതയാണ്. അപരനിര്‍മ്മിതി, വ്യക്തിഹത്യ, കൂട്ടായ ആക്രമണം എന്നിവ, സാമാന്യ അധികാര ചട്ടക്കൂടിന് പുറത്ത്, ഭരണവർഗ പ്രത്യയശാസ്ത്രത്തിന്റെ അനുഗ്രഹാശിസുകളോടെ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിർവഹിക്കുക എന്നതാണ് അവയുടെ ദൗത്യം. ഇന്ത്യയില്‍ ഹിന്ദുത്വ ഫാസിസം ശക്തിയാര്‍ജ്ജിച്ചതിന് പിന്നില്‍ ഇത്തരം ഫ്രിന്‍ജ് എലമെന്റ്‌സുകളുടെ സ്വാധീനം പ്രത്യേകം പഠനവിഷയമാണ്.

കേരളത്തില്‍ അതിശക്തമായി വളര്‍ന്നുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക അവബോധത്തെ, ഭരണകൂടത്തിന്റെ ആശിസുകളോടെ നേരിട്ടുകൊണ്ടിരിക്കുന്നതെങ്ങിനെയെന്നത് കെ-റെയില്‍, അദാനിപോര്‍ട്ട് സംവാദങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയില്‍ നാം കണ്ടതാണ്. അതിന്റെ വികസിത രൂപം മാത്രമാണ് വീരാന്‍കുട്ടി മാഷിന്റെ പുസ്തകം അഗ്നിക്കിരയാക്കുന്നത്. കെ-റെയില്‍ വിഷയത്തിലെ സാംസ്‌കാരിക മൗനം ഈ വിഷയത്തിലും തുടരും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

വ്യക്തികളെ ഉന്നംവെച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള വിദ്വേഷ പ്രതികരണങ്ങളുടെ ലക്ഷ്യം പൊതുമണ്ഡലത്തില്‍ നിന്ന് ഒരു ടാര്‍ഗെറ്റഡ് കമ്മ്യൂണിറ്റിയെ ഒറ്റപ്പെടുത്തുക എന്നതാണ്. അതോടൊപ്പം സാധ്യമായ എല്ലാ സംഭാഷണ മാര്‍ഗങ്ങളെയും ഇല്ലാതാക്കുക എന്ന ദൗത്യവും അത് നിർവഹിക്കുന്നു. വീരാന്‍കുട്ടി മാഷ് തന്റെ ഫേസ്ബുക് പോസ്റ്റുകള്‍ പിന്‍വലിക്കുന്നുവെന്ന് ഒരു വ്യക്തിപരമായ കാര്യമല്ലെന്ന് കാണാം.

വ്യക്തികളെ ഇരകളാക്കിക്കൊണ്ടുള്ള വിദ്വേഷ പ്രചരണങ്ങള്‍ പൊതു സംവാദത്തെ ഇല്ലാതാക്കുകയും ഏകാധിപത്യ ലോകവീക്ഷണത്തെ മുഖ്യധാരാ ബോധ്യമായി അവതരിപ്പിക്കുകയും ചെയ്യുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര സംവാദത്തിന്റെ അഭാവം സമൂഹത്തെ അനിവാര്യമായും കൊണ്ടുചെന്നെത്തിക്കുക ഫാസിസ്റ്റ് കൈപ്പിടികളിലേക്കായിരിക്കും. ''കത്തിയേറുകാരനെപ്പോലെ രക്തവും പുരണ്ടായിരിക്കില്ല'' ഫാസിസം കടന്നുവരുന്നത്; അത് ചിലപ്പോള്‍ ''കാളപ്പോരുകാരനെപ്പോല ഇറുകിയ കാലുറയും ചുവന്ന തൂവാലയു ''മായിട്ടായിരിക്കാം.... ''മൗനത്തിന്റെ ശമ്പളം മരണ''മാണെന്ന് മുന്നെ കടന്നുപോയവര്‍ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് കെ.സഹദേവന്‍ കുറിച്ചു. 

Tags:    
News Summary - K Sahadevan said that the burning of 'Munveer' is a response to Veerankutty's environmental stance.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT