അച്ഛന് ഒരെഴുത്തുകാരനാകണമെന്ന വലിയ മോഹമുണ്ടായിരുന്നു. അതെനിക്ക് ഉറപ്പിച്ചു പറയാനാവും. ഞാനെന്തെങ്കിലും കുത്തിക്കുറിക്കുന്ന നേരത്ത് മൂപ്പരുടെ ഒരൊളിഞ്ഞു നോട്ടമുണ്ടായിരുന്നു. അതുതന്നെയാണ് സൂപ്പർ തെളിവ്.
ഇന്നത്തെ കുട്ടികളെത്ര ഭാഗ്യവാന്മാരാണ്. ഞങ്ങൾക്ക് അന്നൊക്കെ ഒന്നിനും സമയമുണ്ടായിരുന്നില്ല. അധ്വാനമായിരുന്നു മുഖ്യം. അതിനിടയിൽ പഠിക്കണം. കൃഷി, കന്നുകാലികൾ, കടയിലെ സഹായപ്പണികൾ. ഇക്കാലത്ത് കുട്ടികൾക്ക് മുതിർന്നാലും അവർക്കൊന്നിലും ഇടപെടേണ്ടതില്ല. അച്ഛന്റെ മനോഗതം എനിക്ക് വായിക്കാം.
പെട്ടെന്നായിരുന്നു അച്ഛൻ മരണപ്പെട്ടത്. ആസ്തി ബാധ്യതകളുടെ കണക്കുകൾ നോക്കുന്നതിന്നിടയിൽ അച്ഛന്റെ അലമാരയിൽനിന്നും ഒരു കെട്ടു മാസികകൾ കിട്ടി. ഞാനത് സംശയത്തോടെ അഴിച്ചുനിരത്തി. പത്തുപതിനഞ്ചുവർഷങ്ങളിലെ പലതരത്തിലുള്ള വാരികകൾ, മാസികകൾ.
തന്റെ ബാക്കിപത്രംപോലെ ഒരു എഴുത്തുകാരൻ സൂക്ഷിച്ചവയാണെല്ലാം. ഞങ്ങളറിയാതെ അച്ഛൻ എഴുതിയിരുന്നോ? എനിക്ക് സംശയമായി.
അതെല്ലാം മലയാളത്തിലെ സുവർണകഥകൾ അടിച്ച മാസികകളുടെ ലക്കങ്ങളാണ്.
'ഷെർലക്ക്' എന്ന കഥവന്ന മാസികയിലെ എഴുത്തുകാരന്റെ പേര് ഒറ്റവെട്ടിൽ മാറ്റി കെ. സുകുമാരൻ എന്നെഴുതി ചേർത്തിരിക്കുന്നു. അടുത്തൊരെണ്ണത്തിൽ 'ദൂത്' എന്ന കഥയുണ്ട്. ആ പേജിലെ ചുവന്ന മഷിക്കുറിപ്പ് ദൂതിന്റെ കർത്താവാക്കി കെ. സുകുമാരനെ മാറ്റിയിരുന്നു.
മൂന്നാമതൊരാൾ, 'ആർക്കും വേണ്ടാത്ത കണ്ണ്...' ഒന്നിെന്റയും കർത്താക്കൾ വലിയ എഴുതിത്തെളിഞ്ഞ എഴുത്തുകാരല്ല.
അതെല്ലാം രചിച്ചത് 'കെ. സുകുമാരൻ' എന്ന എന്റച്ഛനാണ്. മാസികകളിലെ വെട്ടും തിരുത്തിക്കുറിയും അങ്ങനെ പറഞ്ഞു...
l
(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.