കടമ്മനിട്ട രാമകൃഷ്ണൻ

''കടമ്മനിട്ട എനിക്കു പ്രിയപ്പെട്ട കവിതയാകുന്നു''

ലയാള കവിതയ്ക്കു തീപിടിച്ച കാലത്തിന്‍റെ പ്രതിനിധിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. അക്കാലം കവിതയ്ക്കു മാത്രമല്ല, എല്ലാ കലകൾക്കും തീപിടിച്ചിരുന്നു. അത്രമാത്രം കലുഷിതമായ രാഷ്ട്രീയമായിരുന്നു. അങ്ങനെയൊരുകാലത്ത് അകംപൊള്ളാത്ത കലാകാരൻമാർ ചുരുക്കം. കടമ്മനിട്ടയെപോലൊരാൾക്ക് മാറി നിൽക്കുക അസാധ്യം. മാർച്ച് 31ന് വീണ്ടുമൊരു ഓർമദിനം കടന്നുവരുമ്പോൾ 2022ലും കടമ്മനിട്ട കവിതകളിലെ അഗ്നി കെടുന്നില്ലെന്ന് നാം തിരിച്ചറിയുന്നു. പുതിയ കാലത്തെ നെറികേടിനോടും അത്, കലഹിച്ചുകൊണ്ടിരിക്കുന്നു.

`കടമ്മനിട്ട' എന്ന കവിതയെ കുറിച്ച് കവി എഴുതിയ ലേഖനം ആരംഭിക്കുന്നതിങ്ങനെയാണ്; `കടമ്മനിട്ട എന്‍റെ ഗ്രാമമാകുന്നു. ഇന്നും ഞാൻ ചുരുണ്ടു കിടക്കുന്നത് ആ ഗ്രാമത്തിലാണ്. ആ നാടിന്‍റെ ഭൂമിശാസ്ത്രവും പുരാണവും പച്ചപ്പും പരാധീനതയും പാവത്തവും അഹങ്കാരവും താളവും താളപ്പിഴകളും സ്നേഹവും എല്ലാമെന്നെ ഉത്തേജിപ്പിക്കുന്നു. അവിടുത്തെ പാറപ്പുറങ്ങളിൽ നിന്നുകൊണ്ട് ഞാൻ ഈ ലോകം മുഴുവൻ കാണുന്നു. അവിടുത്തെ കുമ്പൻ കുഴികളിൽ നിന്നും ഉരുളൻ കല്ലുരുട്ടി മലമുകളിലെത്താൻ വെമ്പുന്നു. അതെ കടമ്മനിട്ടയിലെ കണ്ണുനീരും ചിരിയും കാരുണ്യവും എന്നെ പ്രപഞ്ചത്തിലെ പ്രകാശബിന്ദുക്കളിലേക്കും കറുത്ത ദ്വാരങ്ങളിലേക്കും വലിച്ചെറിയുന്നു. കടമ്മനിട്ട എനിക്ക് പ്രിയപ്പെട്ട കവിതയാകുന്നു'. ഈ കുറിപ്പ് വായിച്ചു കഴിയുേമ്പാൾ കടമ്മനിട്ട കവിതയുടെ ചൂടേറ്റ ഓരോ മലയാളിയും സ്വയം പറയും കടമ്മനിട്ട പ്രിയപ്പെട്ട കവിയാണെന്ന്...

ആർത്തലച്ച കവിതകൾ

കടമ്മനിട്ട കവിതകൾക്ക് മുൻപിൽ നിശബ്ദതയ്ക്ക് ഇടമില്ല. ശബ്ദമുഖരിതമാണ്. അത്, ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കും. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാണ്, കടമ്മനിട്ട കവിയരങ്ങുകളിൽ ആർത്തലച്ച്കൊണ്ടിരുന്നത്. ചൊൽ കവിതകളുടെ മൂർച്ചയും താളവും സമൃദ്ധമായിരുന്നു ആ കവിതകൾ. കവിക്കൊപ്പം ഏറ്റുപാടിയവരും അതിന്‍റെ മുഴക്കം കുറച്ചില്ല. കടമ്മനിട്ടക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാടും ഡി. വിനയചന്ദ്രനും മറ്റും കവിയരങ്ങുകളിൽ തീപിടിപ്പിച്ചു. കേരളത്തിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ കവിയരങ്ങുകൾ നടന്ന കാലം. അങ്ങനെ, നാടോടികലകളുടെ താളം കവിതയിൽ കൊണ്ടുവന്ന കവി ആധുനിക രചനാശൈലിയുടെ വക്താവായി അറിയപ്പെട്ടു. കുറത്തി എന്ന കവിതയിലെ ചോദ്യം ഇപ്പോഴും എത്രമാത്രം പ്രസക്തമാണെന്ന് ഈ വരികൾ ബോധ്യപ്പെടുത്തുന്നു.

``കരിങ്കണ്ണിന്‍ കടചുകന്ന്

കരിഞ്ചായല്‍ കെട്ടഴിഞ്ഞ്

കാരിരുമ്പിന്‍ ഉടല്‍ വിറച്ച്

കുറത്തിയുറയുന്നു

അരങ്ങത്തു മുന്നിരയില്‍

മുറുക്കിത്തുപ്പിയും ചുമ്മാ-

ചിരിച്ചും കൊണ്ടിടം കണ്ണാല്‍

കുറത്തിയെ കടാക്ഷിക്കും

കരനാഥന്മാര്‍ക്കു നേരേ

വിരല്‍ ചൂണ്ടിപ്പറയുന്നു

നിങ്ങളെന്‍റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?

നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ?

നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!''

1960കളിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം കടമ്മനിട്ടയുടെ രചനകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. കുറത്തി, ശാന്ത, കടിഞ്ഞൂൽ പൊട്ടൻ എന്നിങ്ങനെയുള്ള കവിതകൾ ആസ്വാദകരെ ആവേശം കൊളളിച്ചു.

1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ അധ്യക്ഷനായിരുന്നു. 1965ൽ `ഞാൻ' എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്.




 

എം. ഗോവിന്ദൻ തെളിച്ച വഴി

കടമ്മനിട്ട കവിത പുറംലോകം കാണാൻ വഴിതെളിച്ചത് എം. ഗോവിന്ദനുമായുളള കണ്ടുമുട്ടലാണ്. അതൊരു ചർച്ചാ വേദിയിൽ വെച്ചായിരുന്നു. ആധുനികതാവാദം കത്തിപ്പടർന്ന കാലമാണത്. കടമ്മനിട്ടയുടെ, സ്വന്തം കാലത്തോട് സജീവമായി പ്രതികരിക്കുന്നതാവണം കലയെന്ന വാദം ഗോവിന്ദന്‍റെ ശ്രദ്ധയിൽപ്പെട്ടു. വല്ലതും എഴുതാറുണ്ടോയെന്ന് ഗോവിന്ദൻ അന്വേഷിച്ചു. പിന്നെ, ആരും അറിയാതെ എഴുതിവെച്ച കുറച്ച് കവിതകളുമായി ഗോവിന്ദനെ കാണാൻ പോയി. മികച്ച കവിയായി മാറാനുള്ള പ്രതിഭ കടമ്മനിട്ടയിലുണ്ടെന്ന് ഗോവിന്ദൻ തിരിച്ചറിഞ്ഞു. വീണ്ടും എഴുതാൻ ഉപദേശിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇന്നലെ വരെ എഴുതിയതിൽ നിന്നുമാറി `ഞാൻ' എന്ന കവിതയുമായി കടമ്മനിട്ടയെത്തി. 1965 ഡിസംബറിലെ സമീക്ഷയിലാണ് 'ഞാൻ' എന്ന കവിത പ്രസിദ്ധീകരിക്കുന്നത്. അതൊരുതുടക്കമായിരുന്നു, കടമ്മനിട്ടയെന്ന കവിക്കും മലയാള കവിതക്കും. പിന്നെ, തന്‍റെ ജീവിതം തന്നെ കവിതയാക്കി. പക്ഷേ, എല്ലാ കവിതകളും കാലത്തിന്‍റെ പൊള്ളത്തരത്തോട് പ്രതികരിച്ചുകൊണ്ടിരുന്നു. കവിയില്ലാത്ത ഈ 14ാം വർഷത്തിലും കടമ്മനിട്ട കവിത മലയാളത്തിന്‍റെ രാഷ്ട്രീയ കവിതകളുടെ മുകളിൽ തന്നെ കിടക്കുന്നത് ആ കവിതകൾ ഏറ്റെടുത്ത വിഷയം പുതിയ കാലത്തും തുടരുന്നത് കൊണ്ടാണ്. അങ്ങനെ, കാലത്തെ അതിജീവിച്ച് കടമ്മനിട്ട കവിത സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. 

|

Tags:    
News Summary - Kadammanitta is my favorite poem -article by anoop ananathan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.