‘സായ്പിനെ കെട്ടിയിട്ട വീട്ടുമുറ്റത്തെ
പനയിൽ കായ്ച്ച കുരുവില്ലാത്ത
ഈന്തപ്പഴമോ
ഒരമേരിക്കൻ തലയോ വേണ്ടതെന്ന്
ബസറക്കാരൻ ക്യാഷർ ഇമാദ് കുലുങ്ങിച്ചിരിക്കുന്നു’
മലയാള കവിതയുടെ പരമ്പരാഗത വാക്കുകൾക്കിടയിലൂടെ നടക്കാൻ കൂട്ടാക്കാതെ സ്വന്തം ചിന്തകൾക്കയി സ്വന്തമായി വാക്കുകൾ തീർത്ത കവിയാണ് കമറുദ്ദീൻ ആമയം എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. അതിനാലാണ് അതിന് ആമയത്ത് നിന്ന് ഒറ്റയടിക്ക് ഗസ്സയുടെ തെരുവിലേക്ക് പാഞ്ഞെത്താനും മുറിവേറ്റവാക്കുകളെ കുഫിയ പുതപ്പിച്ച് കവിതയിലേക്ക് കയറ്റാനും ചോരവറ്റി പ്രാണൻ നിലക്കുന്നതിന് മുമ്പ് മലയാളത്തിലേക്ക് കൊണ്ടുവരാനും സാധിക്കുന്നത്. വാക്കും മനസ്സും തമ്മിൽ ലയിക്കുമ്പോൾ ഇതിന്റെ രണ്ടിന്റെയും രീതിയിൽ നിന്നുമാറി പുതിയ ചില ചിന്തകളുണ്ടാക്കുന്ന മാന്ത്രികത ആമയം കവിതകളിൽ നിന്ന് പറിച്ചെടുക്കാനാകും. അതിനാലാണ് കണ്ണൂർ സർവകലാശാലയുടെ ബിരുദാനന്തര ബിരുദത്തിന്റെ പാഠപുസ്തകത്തിലേക്ക് കമറുവിന്റെ കുഫിയ എന്ന കവിത തെരഞ്ഞെടുക്കപ്പെട്ടതും. കേരള സർവകലാശാലയുടെ ജനറൽ വിഭാഗത്തിലും ഇദ്ദേഹത്തിന്റെ കവിതകൾ ഇടംപിടിച്ചിട്ടുണ്ട്.
അധിനിവേശങ്ങൾ വലിഞ്ഞുമുറുക്കിയ മിഡിലിസ്റ്റിന്റെ പ്രാണനിൽനിന്ന് ചിതറി തെറിച്ച ചോരയും മാംസവും കലർന്ന വാക്കുകൾ മലയാളത്തിൽ അടുക്കിവെച്ചവർ അധികമില്ല. അതിരുകൾ രാജ്യങ്ങളെയാണ് വേർതിരിക്കുന്നതന്നും എന്നാൽ വാക്കുകൾ മനുഷ്യനുവേണ്ടി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും, അത്തരം വാക്കുകൾ കവിതകളാകുമ്പോൾ അവക്ക് മൂർച്ച കൂടുതലാണെന്നും ആമയം കവിതകൾ സാക്ഷ്യപ്പെടുത്തുന്നു. കാൽനൂറ്റാണ്ടിലേറെയായി ദുബൈയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ അനവധി കവിതകളാണ് പ്രമുഖ പ്രസിദ്ദീകരണങ്ങളിൽ വന്നിട്ടുള്ളത്. വിവിധ ഭാഷകളിലേക്കും കമറുവിന്റെ കവിതകൾ ചേക്കേറിയിട്ടുണ്ട്. മിഡിലിസ്റ്റിലെ തീപ്പിടിച്ച കവിതകളെ മലയാളത്തിലേക്ക് നിരന്തരം കൊണ്ടുവരുന്ന കവിയാണ് ആമയം. പിറന്ന മണ്ണിനുവേണ്ടിയുള്ള പോരാട്ടത്തിനിടയിൽ വെച്ച് പരിക്കുപറ്റിയ വാക്കുകളുമായി ആംബുലൻസുകൾ ആമയത്തിന്റെ കവിതയിലേക്ക് നിരന്തരം പാഞ്ഞുവരുന്നത് വേറിട്ട വഴികളുടെ വൈവിധ്യം കൊണ്ടാണ്.
ലോകം ഒരു വൃക്ഷമാണെങ്കിൽ അതിന്റെ പേരാണ് യു.എ.ഇ. ആ മരത്തിൽ വിവിധ രാജ്യങ്ങളുടെ കൂടുകൾ. ആ കൂട്ടിൽനിന്ന് സ്വന്തം നാട്ടിലേക്ക് ദേശാടനത്തിന് പോകുന്ന പക്ഷികൾ. അവർ തിരിച്ച് വരുമ്പോൾ കൊണ്ടുവരുന്ന സ്നേഹത്തിന്റെ മധുരവും ദേശത്തിന്റെ ചോരയും മാംസവും കൊണ്ട് തീർത്ത കവിതയാണ് ആമയത്തിന്റെ കുഫിയ. അധിനിവേശം നിരന്തരം കട്ടെടുത്ത്, ചുട്ടെരിച്ച്, കൊന്നൊടുക്കി കൊണ്ടിരിക്കുന്ന സ്വന്തം നാട്ടിലേക്ക് പോകുന്ന ഒരാൾ തിരിച്ചുവരുമ്പോൾ കൊണ്ടുവരുന്നത് അവന്റെ പ്രാണനെ അടക്കിയ കുഫിയയാണ്. അധിനിവേശങ്ങൾക്ക് പലമുഖമാണെന്നും അത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ സമൂഹത്തിൽ അഴിഞ്ഞാടി കൊണ്ടിരിക്കുകയാണെന്നും ഓർമിപ്പിക്കുന്നുണ്ട് കമറുദ്ദീന്റെ ‘പത്ത് ടാബ്ലറ്റുകളിലെ’ ഈ കവിത.
‘പയ്പ്പ് സഹിക്കാതെ
ആമയെ ചുട്ടുതിന്നതിന്
ഒറ്റരാത്രികൊണ്ട് കുടിയൊഴിപ്പിച്ച
പണ്ടത്തെ നായാടി കോളനിയില്‍
അല്‍ഫാം കടകൾ
പുകയൂതി രസിച്ചു നിൽക്കുന്നു’.
എന്ന് വെറുതയങ്ങ് എഴുതുകയല്ല, ചില ധിക്കാരങ്ങളുടെ കരണക്കുറ്റിക്ക് നോക്കി എണ്ണം പറഞ്ഞ ഒരു പെട കൊടുക്കുകയാണ് കവി ചെയ്യുന്നത്. നിലവിലെ കേരള രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെല്ലാം തന്നെ ഇത്തരം അടികളുടെ കുറവ് ധാരാളമുണ്ട്. പ്രാദേശിക തലത്തിൽവെച്ചുതന്നെ ഇതിന് പരിഹാരം ഉണ്ടായിട്ടില്ലെങ്കിൽ, തക്ക സമയത്ത് വേണ്ടത് ചെയ്യാതെ കണ്ണടച്ച് ഇരുട്ടാക്കാനാണ് ഭാവമെങ്കിൽ ഫാസിസത്തിന് കടന്നുവരവ് എളുപ്പമാണെന്നാണ് കഴിഞ്ഞുപോയ തെരഞ്ഞെടുപ്പുകൾ അടിവരയിടുന്നത്. ഇത്തരം വൃത്തിക്കെട്ട മൗനങ്ങൾ ഉടക്കാൻ വാക്കുകൾക്കുള്ള ഉൾക്കരുത്ത് മറ്റൊന്നിനുമില്ല.
‘സ്വേച്ഛാധിപതികളെ
വെറുതെ മീശ പിരിക്കല്ലേ
ചിരിപ്പിക്കല്ലേ
പറത്തിക്കളയുമെന്ന് വീമ്പടിക്കല്ലേ
ഒട്ടൊന്ന് മുന്നോട്ട് പോയി
പിന്തിരിഞ്ഞു നോക്കിയാല്‍
നിങ്ങള്‍ ഞങ്ങള്‍ക്ക്
വെറുമൊരു ട്രാവല്‍ ഏജന്റ്’.
ആമയത്തിന്റെ കവിതകളിൽ എല്ലാം തന്നെ സമകാലിക വിഷയങ്ങളോട് മുഖത്തോട് മുഖം നോക്കിയുള്ള ചോദ്യം ചെയ്യലുകൾ വായിച്ചെടുക്കാനാകും. ഭക്ഷണത്തിലും വസ്ത്രത്തിലും വോട്ടുകൾ നേടാനുള്ള വെറുപ്പുകൾ തുന്നിച്ചേർക്കുന്ന കെട്ടകാലത്തെ നോക്കി നിൽക്കെ ഇങ്ങനെയെല്ലാതെ പിന്നെ എങ്ങനെയാണ് കവി പറയേണ്ടത്.
‘വല്ലാത്തൊരു
തീറ്റ ഭ്രാന്തന് കുട്ടിതന്നെ.
കാലന്റെ വാഹനം
പോത്തെന്ന് പറഞ്ഞതും
ബീഫ് ഫ്രൈ ചോദിച്ച് കരച്ചിലായി
ശ്രദ്ധയൊന്ന് മാറ്റാന്‍
മാനത്തെ ചന്ദ്രനെ കാട്ടിയതും
പത്തിരിക്ക് കൂടിയായി അലറിക്കരച്ചില്‍’.
പൊന്നാനി താലൂക്കിലെ ആമയത്താണ് ജനനം. മതാപിതാക്കൾ: എം.എ മുഹമ്മദ്, പി ഫാത്തിമ്മ. ഭാര്യ: റസീന. മക്കൾ: ദിയ, റയാൻ, ഇഹാൻ. അധ്യാപകനായും, പത്രപ്രവർത്തകനായും കുറച്ചുകാലം നാട്ടിൽ ജോലി ചെയ്തു. 1996 മുതൽ യു.എ.ഇയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.