ആയിശുമ്മക്ക് അസുഖം കലശലായി. മേലോട്ടും കീഴോട്ടുമെടുക്കുന്ന ശ്വാസത്തെ സ്വാഗതം ചെയ്യാനെന്നവണ്ണം ബന്ധുക്കൾ ആശുപത്രിക്കിടക്കക്ക് നാലുഭാഗവും കൂടിനിന്നു.
'ന്റെ പടച്ചോനേ.'
'അല്ലാഹ്...' എന്നൊക്കെ ദീർഘശ്വാസം വിട്ടു. ചുണ്ടുകൾ ചലിക്കുന്ന കുശുകുശു ശബ്ദം അവിടെയാകെ പരന്നൊഴുകി.
വന്നവർ വന്നവർ തുണി നനച്ചു സംസം ചുണ്ടിൽ കൊടുക്കുന്നു...
'മതി, ന്റെ തൊള്ള നെറഞ്ഞു' എന്ന് പറയണമെന്നുണ്ടെങ്കിലും നാവൊന്നനക്കാൻ പറ്റണ്ടേ.'
'ഗതികേട്...' ആയിശുമ്മ ഉള്ളിൽ മന്ത്രിച്ചു.
മുഴുവൻ ദുഃഖങ്ങളും ചാലിച്ച കലിമ കാതുകളിലേക്ക് ചൊരിഞ്ഞുകൊടുക്കുന്ന മൂത്തമകൾ സൈനു. ഇടക്കിടക്ക്, 'മ്മാ... മ്മ... ഇങ്ങള് കണ്ണൊന്നു തൊറക്കി' എന്ന് ഇളയ മകൾ ആത്തിക്ക.
''കണ്ണുതുറന്ന് ഇവിടെനിന്ന് ചാടിയെണീക്കാൻ പൂതിയില്ലാഞ്ഞിട്ടെല്ലന്റെ ആത്തൂ. പറ്റണ്ടേ...'' -ഹൃദയം വിങ്ങി ആയിശുമ്മ.
കാലിൽ തടവിത്തരുന്നത് മരുമകൾ സുലൈഖയാണെന്ന് ആ തേങ്ങലിൽ മനസ്സിലാക്കാം. അന്നൊക്കെ കുഴമ്പുകൊണ്ട് മെനക്കെട്ട് കാലുഴിയുമ്പോ ആരെങ്കിലും 'ഞാനുഴിഞ്ഞു തരട്ടെമ്മാ'ന്ന് ചോദിക്കാൻ എത്ര കൊതിച്ചതാ. ഇപ്പോഴെങ്കിലും എല്ലാരൂണ്ടല്ലോ.
ആയിശുമ്മ ആശ്വാസത്തോടെ നെടുവീർപ്പിട്ടതും 'ന്റെ റബ്ബേ, ന്റുമ്മാ'ന്ന് ആത്തിക്കയുടെ നിലവിളി. എല്ലാരും യാസീനും കലിമയുംകൊണ്ട് ആശുപത്രി വാർഡിനെ ഓത്തുപള്ളിയാക്കി.
എല്ലാംകൂടെി ആയപ്പോൾ ആയിഷുമ്മത്ത ഉറപ്പിച്ചു, 'ഞാനിതാ മരിക്കാൻ പോകുന്നു...'
ചുറ്റും നിന്നവരെ മാറ്റിയെങ്കിൽ സ്വസ്ഥമായി മരിക്കാർന്നു... ഇതിപ്പോ കേട്ടുപരിചയം പോലുമില്ലാത്ത ബന്ധുക്കളുടെ നെടുവീർപ്പും തേങ്ങലും മൂക്കുചീറ്റലും.
ഡോക്ടർ വന്നു. സ്റ്റെതസ്കോപ് ഹൃദയത്തിനു മുകളിൽ വെച്ചു.
ടിപ് ടപ് ടിപ് ടപ്...
ഹൃദയം ഓക്കെ.
ഒന്നുകൂടി ഉള്ളിലുള്ള നെടുവീർപ്പ് കേൾക്കാനെന്നവണ്ണം പരിശോധന നടത്തി. ഒടുവിൽ ഡോക്ടർ ഒരു വിധിപ്രസ്താവന നടത്തി.
''ഉമ്മാക്ക് തലക്ക് ഒരു എം.ആർ.ഐ എടുക്കേണ്ടിവരും. അസുഖം തലച്ചോറിലേക്ക് ബാധിച്ചിട്ടുണ്ടോ എന്ന് നോക്കണം. അതിനിവിടെ പറ്റൂല. അടുത്തുള്ള സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചാൽ ഒന്നുകൂടെ നല്ല ട്രീറ്റ്മെന്റ് കിട്ടും...''
''ദാ കെടക്കണ്.... അതെന്ത് കുന്താവോ ഇനി...'' -ആയിശുമ്മക്ക് ആധി കൂടി.
''ഇനിപ്പോ ഇവിടന്ന് വേറെ എവിടേക്കെങ്കിലും മാറ്റണോ?'' മരുമകൻ സുലൈമാൻ.
'മാറ്റേണ്ടിവന്നാ മാറ്റെന്നെ' എന്ന് മൂത്തമകൻ അബ്ദുൽ ഖാദർ.
''ഇനി ന്റെ മ്മാനെ എങ്ങോട്ടും കൊണ്ടുപോണ്ട. വല്യ ആശുപത്രീല് കൊണ്ടുപോയാ പിന്നൊന്ന് കാണാങ്കിട്ടോ? ഓലവടെ വെന്റിലേറ്ററിലിടും. ഒരു കലിമകൂടി ചൊല്ലിക്കൊടുക്കാനാർക്കും പറ്റൂല...'' -ആത്തിക്കയുടെ സങ്കടം...
കൂടിനിന്നവർ എല്ലാരും അത് ശരിവെച്ചു.
'എന്നാ വേറെ എവിടേക്കും മാറ്റണ്ട. വയസ്സ് പത്തെഴുപതായില്ലേ, ഇനിപ്പോ എങ്ങോട്ടാ...'
ആരൊക്കെയോ പിറുപിറുത്തു.
''ന്റെ ആയുസ്സിന്റെ സൂചി ഓലങ്ങട്ട് പിടിച്ചുവെക്കന്നെ. പറഞ്ഞിട്ടെന്തിനാ, ഓരോരുത്തർക്കും അവനവന്റെ ജീവിതത്തിന്റെ നെട്ടോട്ടല്ലേ, അതിനിടക്ക് ഈ മരണത്തെ കാത്തിരിക്കാൻ ആർക്കാ ഒരൊഴിവ്.''
ആയിശുമ്മയുടെ മസ്തിഷ്കത്തിലൂടെ കഴിഞ്ഞ കാലം ഇരമ്പിക്കയറി... കുട്ടിക്കാലത്തെ ഓത്തുപള്ളിയും കൂട്ടുകാരും 12 വയസ്സിൽ മൊയ്തൂക്ക പെണ്ണ് കാണാൻ വഴിയിൽ നിന്നതും മണവാട്ടിയായതും മൂത്തമകൻ അബ്ദുൽ ഖാദറിനെ നെല്ല് കുത്തിക്കൊണ്ടിരിക്കുമ്പോ വേദന വന്ന് പ്രസവിച്ചതും...
അങ്ങനെയങ്ങനെ ഓരോന്ന്.
'മൊയ്തുനീം ആയിശൂനീം പോലെ'ന്നു നാട്ടിൽ ചൊല്ലായിരുന്നു.
ഈ കഥകളൊന്നും പറഞ്ഞാലും പറഞ്ഞാലും ഇന്ക് മടുപ്പില്ലാത്ത ഒന്നായി...
കഴിഞ്ഞാഴ്ചകൂടി കുട്ട്യോളോട് ഇത് പറഞ്ഞു തുടങ്ങുന്നേനു മുന്നേ ആത്തിക്ക, 'ഇതൊക്കെ എത്ര കേട്ടതാ ന്റെ മ്മാ'ന്ന്
''ഓല്ക്കൊക്കെ അതൊക്കെ കേട്ടുമടുത്ത പഴങ്കഥ. പറയുമ്പോക്കെ ഞാനക്കാലത്തിലൂടെ പിന്നെയും പിന്നെയും പോയി വരാന്ന് ഓല്ക്ക് തിരിച്ചറിയാനുള്ള വക തിരിവ് കൊടുക്കരുതോ പടച്ചോനേ...!''
എല്ലാം എത്ര പെട്ടെന്നാ തീർന്നത്.
എഴുപതു വയസ്സ് എഴുപതു മിടിപ്പുപോലെയല്ലേ കടന്നുപോയത്.
ഒന്നു കൂടെ വന്ന നിശ്വാസം കൊറച്ചു കനപ്പത്തിലായി.
അതാകെ നിലവിളിയായി.
ഡോക്ടർ വന്നു.
കണ്ണു മുകളിലേക്കു മറയുമ്പോൾ സ്വർഗത്തിന്റെ പടവുമായി വന്ന മലക്കിനെ കണ്ടു. അതും നോക്കി അന്തിച്ചുനിൽക്കുന്ന നേരം ആരോ കണ്ണുകൾ വന്നു മൂടി.
''കഴിഞ്ഞു...''
ഡോക്ടറുടെ ശബ്ദം.
അലർച്ചകളും തേങ്ങലുകളും ആശ്വാസവാക്കുകളും.
തല വലതുവശത്തേക്ക് ചരിച്ചുവെക്കുന്നതും താടി പിടിച്ചു തലയിൽ കെട്ടിയതും അബ്ദുൽ ഖാദറാണ്. കൈകൾ വയറിൽ വെച്ചു തന്നത് സൈനു.
കാലിലെ തള്ളവിരൽ കൂട്ടിക്കെട്ടുന്നത് ആത്തിക്ക. ഒടുവിൽ വെള്ളത്തുണികൊണ്ട് മുഖമടക്കം മൂടി. ഇതിനെല്ലാം നിർദേശങ്ങൾ നൽകിക്കൊണ്ട് മരുമകൻ സുലൈമാൻ അടുത്തുതന്നെ ഉണ്ട്.
മൗനമായി വീടിന്റ പൂമുഖത്തു കട്ടിലിൽ കിടക്കുമ്പോൾ.
മയ്യിത്ത് എടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ.
ഇന്നലെവരെ ഞാൻ ഓല്ക്ക് ഉമ്മയായിരുന്നു. ഇന്ന് മയ്യിത്തായി. എന്നെപ്പറ്റി മാത്രമുള്ള ചർച്ചകൾ...
ആയിഷുമ്മ കല്യാണദിവസത്തെ കുറിച്ചോർത്തു...
അന്ന് നാത്തൂൻ പാത്തുമ്മയാണ് പുടവ അണിയിച്ചത്. ഇന്നും അവൾ തന്നെ. അന്നവൾ ഒടുവിൽ മേലിലേക്ക് പൂശിയ അത്തറിന്റെ സുഗന്ധമാണെങ്കിൽ ഇന്ന് പക്ഷേ, എന്നും എന്നെ അലോസരപ്പെടുത്തിയിരുന്ന കുന്തിരിക്കവും കർപ്പൂരവും.
ആളുകളും ആരവവുമായി ആദ്യമായി ഞാൻ പള്ളിയിലേക്ക് കയറി.
അവിടെനിന്ന് ഖബറിലേക്ക്.
അപ്പോൾ...
'ആയിശൂ'ന്നൊരു വിളി കേട്ടോ...
ഒന്നുകൂടി ആയിശുമ്മ ആ വിളിക്ക് ചെവിയോർത്തു.
'ആയിശൂ...'
അതെ മൊയ്തൂക്ക...
'ന്റെ മൊയ്തൂക്കാ...'
അപ്പോഴേക്കും ഹുരുഡീസ് മണിയറ മൂടിക്കഴിഞ്ഞിരുന്നു...
ചിത്രീകരണം: എം. കുഞ്ഞാപ്പ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.