മൂവാറ്റുപുഴ: പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിൽക്കുകയും സഹായിക്കുകയും ചെയ്തവർക്ക് അവാർഡ് സമർപ്പിക്കുന്നതായി ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രഫ. ടി.ജെ. ജോസഫ്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. തന്റെ മോശം കാലത്ത് കൂടെനിൽക്കുമെന്ന് കരുതിയവർ പലരും തള്ളിപ്പറഞ്ഞു. ജോലി മാത്രമല്ല, ഭാര്യയെയും നഷ്ടപ്പെട്ടു. ചികിത്സ തുടരാൻ കഴിയാതെവന്നു. എന്നാൽ, ഇരയായല്ല പോരാളിയായാണ് തന്നെ താൻ കാണുന്നതെന്നും ജോസഫ് പ്രതികരിച്ചു.
പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് എഴുതാൻ പ്രേരിപ്പിച്ചത്. അത് ഒട്ടേറെ പാഠങ്ങൾ പഠിപ്പിച്ചു. സമകാലിക സാഹചര്യത്തിൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ജനങ്ങളെ ബോധവത്കരിക്കാനാണ് എഴുതിത്തുടങ്ങിയത്.
2010ലാണ് ചോദ്യ പേപ്പർ തയാറാക്കിയതിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ജോസഫിന്റെ വലത് കൈപ്പത്തി വെട്ടിമാറ്റിയത്. ഇടത് കൈകൊണ്ടാണ് ഇപ്പോൾ അവാർഡ് ലഭിച്ച 'അറ്റുപോകാത്ത ഓർമകൾ' ആത്മകഥ രചിച്ചത്.
മകൾ ആമി, മരുമകൻ ബാലകൃഷ്ണ, കൊച്ചുമകൻ എന്നിവർക്കൊപ്പം അയർലൻഡിലാണ് ഇപ്പോൾ പ്രഫ. ജോസഫ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.