ആശയഗംഭീരൻ മലയാളത്തോടും ലോകത്തോടും വിടപറഞ്ഞിട്ട് 100 വർഷം പിന്നിടുന്നു. 1924 ജനുവരി 16നായിരുന്നു കുമാരനാശാന്റെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തം.
എന്തു ചെയ്യേണ്ടതെങ്ങോട്ടു പോകേണ്ടതീ–
യന്ധകൂപത്തിലടിഞ്ഞഹോ ഞാൻ,
അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ
ഹന്ത താഴുന്നു താഴുന്നു കഷ്‌ടം!
ആശാന്റെ ‘ദുരവസ്ഥ’യിലെ, ഒരു കാലത്തെ ചിന്തിപ്പിച്ച വരികൾ...
കേരളത്തിന്റെ സംസ്കാരഭൂമികയിൽ കുമാരനാശാൻ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് ആഴത്തിൽ നിരീക്ഷിച്ച ഒരാൾ ബംഗാളി കവി ശംഖാ ഘോഷ് ആണ്. ‘മൂന്ന് ചണ്ഡാള ദാസികൾ’ എന്ന ലേഖനത്തിൽ അദ്ദേഹം ഏതാണ്ട് ഇങ്ങനെ എഴുതി: ‘‘കുമാരനാശാൻ ‘നളിനി’ എഴുതുംവരെ ആ പേര് മലയാളികൾക്കിടയിൽ അപൂർവമായിരുന്നു. എന്നാൽ, കുമാരനാശാനന്തര കാലത്ത് കേരളത്തിൽ ഓരോ വീട്ടിലും നളിനിമാർ ഉണ്ടായി.’’ ‘നളിനി’യുടെ ആകർഷണവലയത്തിൽ എന്നെന്നേക്കുമായി വീണുപോയ ഒരു തലമുറ, അതുവരെ ബംഗാളിൽ മാത്രം സുപരിചിതമായ ആ നാമത്തെ തങ്ങളുടെ പെൺമക്കൾക്ക് നൽകാൻ ഉത്സാഹം കാണിച്ചു. കവിത മാത്രമല്ല, അതിന്റെ പാർശ്വഫലത്തെയും മലയാളി സമൂഹം ഏറ്റെടുത്തതിന്റെ ആഴം ചെറുതല്ല.
ഇത് അക്കാലത്തിൽ മാത്രം ആരോപിക്കാവുന്ന ഒരു പ്രതിഭാസം അല്ല. ഇക്കഴിഞ്ഞ വർഷങ്ങളിൽ നാം എത്ര ഉത്സാഹത്തോടുകൂടിയാണ് ആശാന്റെ പ്രധാനപ്പെട്ട കൃതികളുടെ നൂറാം വർഷം കൊണ്ടാടിയത്. കേരളത്തിൽ, ഭാഷ പഠിപ്പിക്കുന്ന മിക്കവാറും കോളജുകളിലും പ്രധാന വായനശാലകളിലും സാഹിത്യസമിതികളിലും ചിന്താവിഷ്ടയായ സീതയും ചണ്ഡാലഭിക്ഷുകിയും മറ്റും വീണ്ടും വീണ്ടും ചർച്ചചെയ്യപ്പെട്ടു; ഇപ്പോൾ ഉണ്ടായ കൃതികൾ എന്നപോലെ.
1924ൽ ലോകം വിട്ടുപോയ മറ്റു മനുഷ്യരും വസ്തുക്കളും ചരിത്രവുമെല്ലാം മിക്കവാറും മ്യൂസിയത്തിലെ കാഴ്ചവസ്തുക്കളായപ്പോഴും ആശാൻ തത്സമയ സാന്നിധ്യമായിതന്നെ നിലകൊണ്ടു. നിയമസഭയിൽ സാമാജികർ തങ്ങളുന്നയിക്കുന്ന കാര്യങ്ങൾക്ക് ബലം പകരാൻ ആശാനെ ഉദ്ധരിച്ചു. യുവജനോത്സവ മത്സരവേദികളിൽ ആശാൻ മുഴങ്ങി. കോടതിവിധികളിൽ പോലും ആശാൻ കയറിപ്പറ്റി. ആശാന്റെ പ്രതിമകൾ ഉണ്ടായെങ്കിലും ആശാൻകൃതികൾ പ്രതിമകളായില്ല.
തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജിൽ ബി.എക്ക് കോൾറിഡ്ജിനെയും വേഡ്സ് വർത്തിനെയും ഷെല്ലിയെയും കീറ്റ്സിനെയും പോലുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കാൽപനികരെ പഠിക്കുമ്പോഴാണ് ജോസഫ് മുണ്ടശ്ശേരിക്ക് ആശാന്റെ കാൽപനികതയുടെ അഗാധത മനസ്സിലാക്കാനായത്. വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്നും അദ്ദേഹം ആശാനെ പ്രതിഷ്ഠിച്ചു. സംഗീതാത്മകമായ ചെറുശ്ശേരി രീതിയേക്കാൾ എഴുത്തച്ഛന്റെ ആശയഗരിമയുടെ തുടർച്ചയായി ജി. കുമാരപിള്ള ആശാനെ വായിച്ചു. കാൽപനിക ഭാവഗീതാത്മകതയുടെ ഒഴുക്കിൽ ‘തടശ്ശില’പോലെ നിൽക്കുന്ന ആശാന്റെ യഥാതഥത്വം കാണാനും അദ്ദേഹം മറന്നില്ല.
ജാതിവിരുദ്ധ പോരാട്ടത്തിന്റെ ഉയർന്ന രാഷ്ട്രീയ കവിത്വം പി.കെ. ബാലകൃഷ്ണൻ ആശാനിൽ കണ്ടു. കൃഷ്ണചൈതന്യക്ക് ആശാൻ ദാർശനിക കവിയായിരുന്നു. കേരളക്കാർ മാത്രമല്ല ആശാൻകവിതയെ വട്ടംചുറ്റിയത്. നേരത്തേ നാം പരാമർശിച്ച ശംഖാ ഘോഷ് ചണ്ഡാലഭിക്ഷുകിയെ ടാഗോറിന്റെ ചണ്ഡാലികയുമായും അകാലത്തിൽ പൊലിഞ്ഞുപോയ സതീശ് ചന്ദ്രബോസിന്റെ ചണ്ഡാലിയുമായും താരതമ്യം ചെയ്തു. മറ്റൊരു ബംഗാളി, അമിയ ദേവ് ടാഗോറിന്റെ അഭിസാറിനോട് കരുണയെ ചേർത്തുവെച്ചു പഠിച്ചു.
അലി സർദാർ ജാഫ്രി സൂഫി കവികളോടും മിർസ ഗാലിബിനോടും ആശാനെ കൂട്ടിക്കെട്ടി. തമിഴ് കവി കാനാ സുബ്രഹ്മണ്യം, സുബ്രഹ്മണ്യ ഭാരതിയുടെയും ആശാന്റെയും ക്ഷണികതീക്ഷ്ണ പ്രതിഭാസത്തിലേക്ക് ഉറ്റുനോക്കി. അതായത്, ആശാന്റെ കാലത്തിനുശേഷം വന്ന ആധുനികതയുടെ കാലഘട്ടം ആശാനെ തങ്ങളുടേതാക്കി. അതിനുശേഷം വന്ന ഉത്തരാധുനികമായ കാവ്യാപഗ്രഥനോപകരണങ്ങളും തങ്ങളുടെ പ്രയോഗശേഷി ആശാനിൽ നടപ്പാക്കി. പെട്ടെന്ന് ഓർമവരുന്ന ഉദാഹരണം ലകാന്റെ സങ്കൽപനങ്ങൾ ഉപയോഗിച്ച് ബി. ഉണ്ണികൃഷ്ണൻ ലീലയെ വായിച്ചതാണ്.
ഈ പഠനങ്ങളും ആശാനെപ്പറ്റിയെഴുതിയ നിരവധി ഗ്രന്ഥങ്ങളും സുകുമാർ അഴീക്കോടും എം.കെ. സാനുവും സുനിൽ പി. ഇളയിടവും പോലുള്ള പ്രഭാഷകർ നിർമിച്ച വാഗ് ഗോപുരങ്ങളും ജീവചരിത്രഗ്രന്ഥങ്ങളും എല്ലാം ചേർന്ന് സംസ്കാരത്തിൽ ഒരു ‘ആശാൻ എടുപ്പ്’ സൃഷ്ടിച്ചിട്ടുണ്ട്. ആശാൻ എഴുതിത്തുടങ്ങിയ കാലം മുതൽ ഈ എടുപ്പിന്റെ മൂലക്കല്ല് വീണു എന്ന തെറ്റിദ്ധാരണയിലേക്ക് ഇക്കാര്യം പുതിയ മലയാളിയെ നയിക്കാൻ ഇടയുണ്ട്. ആശാൻ ജീവൻ വെടിഞ്ഞ 1924ൽപോലും തിരുവിതാംകൂറിൽ ഈഴവർക്ക് ക്ഷേത്രപ്രവേശനം ലഭിച്ചിരുന്നില്ല. ഒരു ഹിന്ദു രാജ്യമായിരുന്ന തിരുവിതാംകൂറിൽ ആശാന്റെ അസാമാന്യമായ കവിത്വം തന്റെ കീഴാള സ്വത്വത്തിൽ പിടയുകയായിരുന്നു എന്ന സത്യം മനസ്സിലാകാതെ ഒരു ആശാൻ പഠനവും പൂർത്തിയാകില്ല എന്നതാണ് വാസ്തവം.
തിരുവിതാംകൂറിലെ അതിക്രൂരമായ ജാതിവ്യവസ്ഥയെ അടുത്തു കാണാൻ ഉപകരിക്കുന്ന ഒരു പുസ്തകമാണ് സി. കേശവന്റെ ‘ജീവിതസമരം’. സർ സി.പിക്കെതിരെ പ്രക്ഷോഭം നയിച്ച് തിരു-കൊച്ചിയുടെ ‘പ്രധാനമന്ത്രി’ ആയ ആളാണ് കേശവൻ. കേശവന്റെ ആത്മകഥനത്തിൽ ഒരു കവിയെന്ന നിലയിലും സാഹിത്യപ്രവർത്തകനെന്ന നിലയിലും ആശാനെ അന്നത്തെ സവർണ ‘സാംസ്കാരിക നായകർ’ എങ്ങനെയായിരുന്നു കണ്ടിരുന്നത് എന്ന് മനസ്സിലാക്കാം.
കേശവൻ വിവരിക്കുന്ന ഒരു പ്രധാനപ്പെട്ട സംഭവം ടാഗോറിന്റെ തിരുവനന്തപുരം സന്ദർശനമാണ്. 1922ലായിരുന്നു ഇത്. 1913ൽ നൊബേൽ സമ്മാനിതനായതോടെ ടാഗോർ ലോകപ്രശസ്തനായി മാറിയിരുന്നു. ആശാനാകട്ടെ, 1898 മുതൽ 1900 വരെ സംസ്കൃതപഠനത്തിനായി കൊൽക്കത്തയിൽ കഴിഞ്ഞ ആളാണ്. ടാഗോറിനെ അക്കാലത്ത് ആശാൻ നേരിട്ടുകണ്ടിട്ടുണ്ടോ എന്ന കാര്യത്തിൽ തെളിവുകൾ ഇല്ലെങ്കിലും ടാഗോർ സാഹിത്യവുമായി ആശാന് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്.
നാം നേരത്തേ പരാമർശിച്ച ടാഗോറിന്റെ ചണ്ഡാലികയും അഭിസാറും, ചണ്ഡാലഭിക്ഷുകിയും കരുണയും നിർമിച്ചെടുക്കുന്നതിൽ പരോക്ഷമായെങ്കിലും സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. തിരുവിതാംകൂറിലെ ജാതിസമവാക്യങ്ങൾ നിർമിച്ച സാംസ്കാരിക ഘടനയെ മറികടന്ന് ആശാന്റെ കവിതയുടെ മഹത്ത്വം മനസ്സിലാക്കിയ അപൂർവം മേൽജാതിക്കാരിൽ പ്രഥമഗണനീയനായ എ.ആർ. രാജ രാജവർമയുടെ അകാല മരണത്തിൽ നൊന്ത് ആശാനെഴുതിയ ഖണ്ഡകാവ്യത്തിന്റെ, പ്രരോദനത്തിന്റെ എഴുപത്തി ഏഴാം ശ്ലോകം ഇതാണ്:
‘അംഗച്ഛേദനതുല്യമാണ് ഭവതി-
ക്കേതാദൃശ്യന്മാർ നിജോ-
ത്സംഗം വിട്ടുപിരിഞ്ഞുപോവതു, വിധി-
ക്കിമ്മട്ടു കീഴ്പ്പെട്ടിനി,
തുംഗപ്രാഭവമാർന്നിടും ത്രിപഥഗാ-
സംഗത്തിനാൽ സ്തുത്യമാം
‘വംഗ’ ദ്യോവിലുദിച്ചുയർന്ന ‘രവി’യെ
സ്നേഹിക്ക വിശ്വംഭരേ!’
1919ൽ പ്രകാശിതമായ ഈ കവിതയിൽ പറയുന്ന വംഗദ്യോവിലുദിച്ചുയർന്ന രവി, ടാഗോറാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ടാഗോർ തിരുവനന്തപുരത്ത് ആദ്യമായെത്തുന്നതിന് മൂന്നുകൊല്ലം മുമ്പേ ഈ കവിത പ്രകാശിപ്പിക്കപ്പെട്ടതിൽനിന്നും ടാഗോർ കവിതയോടും ടാഗോറിനോടും ആശാന് മുമ്പേതന്നെയുണ്ടായിരുന്ന ആദരവാണ് ആ വാക്യത്തിലുള്ളത് എന്നതും വ്യക്തമാകുന്നു. ഒരുപക്ഷേ, ടാഗോറിനോടുള്ള ആദരവ് കവിതയിലൂടെ പ്രഖ്യാപിച്ച ആദ്യത്തെ മലയാള കവിപോലുമാകാം, ആശാൻ. അങ്ങനെയുള്ള ആശാനെ, തിരുവനന്തപുരത്തെ ടാഗോറിന്റെ സ്വീകരണസമ്മേളനത്തിലേക്ക് ആദ്യം ക്ഷണിച്ചിരുന്നില്ല. സി. കേശവൻ ജീവിതസമരത്തിൽ എഴുതുന്നു:
‘‘ഞാൻ തിരുവനന്തപുരത്തെത്തുമ്പോൾ, എന്റെ ചില ഈഴവസുഹൃത്തുക്കൾ എന്നെ സമീപിച്ചു, ഒരു പരാതിയുമായി. ടാഗോറിനെ സ്വീകരിക്കുന്ന മഹായോഗത്തിൽ ടി. ലക്ഷ്മണൻ പിള്ള തമിഴിലും ഉള്ളൂരും മള്ളൂരും മലയാളത്തിലും എഴുതിയ സ്വാഗതഗാനങ്ങൾ ഉണ്ടെന്നും ആഘോഷ ഭാരവാഹികൾ മഹാകവി കുമാരനാശാനെ -അദ്ദേഹം തിരുവനന്തപുരത്ത് സ്ഥിരതാമസമായിരുന്നുവെങ്കിലും -അവഗണിച്ചുകളഞ്ഞെന്നും അത് അദ്ദേഹം ഈഴവനായതുകൊണ്ടാണെന്നുമായിരുന്നു അവരുടെ പരാതി.’’
അക്കാലത്ത് കേശവനും കുമാരനാശാനും തമ്മിൽ നല്ല ‘രസ’ത്തിലായിരുന്നില്ല. തന്റെ വിദ്യാഭ്യാസ കാര്യത്തിൽ എസ്.എൻ.ഡി.പി യോഗം, പ്രത്യേകിച്ച് ആശാൻ സഹായിച്ചില്ലെന്ന തോന്നൽ കലശലായി കേശവനുണ്ടായിരുന്നു. കേശവൻ തുടരുന്നു:
‘‘രാഷ്ട്രീയകാര്യങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ ഈഴവ യുവാക്കന്മാർക്ക് ആശാനുമായുണ്ടായിരുന്ന അഭിപ്രായഭിന്നത, എന്തായിരുന്നെങ്കിലും, അദ്ദേഹത്തെപ്പോലെ ഒരു മഹാകവിക്ക് ഈ തലമുറ ജന്മമരുളിയിട്ടില്ലെന്നതിൽ ഞങ്ങൾക്ക് സംശയമില്ലായിരുന്നു. ആശാനെ കേവലം ഒരു ഈഴവ കവിയായി കാണാനുള്ള പുകഞ്ഞ കണ്ണട മാത്രമേ മറ്റു സമുദായത്തിലെ സാഹിത്യകാരന്മാർക്ക് അന്നുണ്ടായിരുന്നുള്ളൂ.’’
ചണ്ഡാലഭിക്ഷുകിയും കരുണയുമൊഴിച്ച് പ്രധാനകൃതികളെല്ലാം ആശാൻ അക്കാലത്ത് എഴുതിയിരുന്നു. വീണപൂവ്, നളിനി, ലീല, പ്രരോദനം, ദുരവസ്ഥ ഇതെല്ലാം പുറത്തുവന്നിരുന്നു. എന്നിട്ടായിരുന്നു ഈ അവഗണന. ഉള്ളൂരിനെ പരിഗണിച്ചത് മനസ്സിലാക്കാം. എന്നാൽ മള്ളൂർ? അഭിഭാഷകൻ എന്ന നിലയിൽ മികവ് പ്രകടിപ്പിച്ചിരുന്നെങ്കിലും കവിയെന്ന മികവ് മള്ളൂരിനുണ്ടായിരുന്നില്ല. കേശവനും കൂട്ടരും ഭാരവാഹികളിൽ പ്രധാനിയായിരുന്ന മള്ളൂരിനെ ചെന്നു കണ്ട് ആശാനെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടു.
സമ്മർദത്തിന് അടിപ്പെട്ട മള്ളൂർ സമ്മതിച്ചു. കേശവനും കൂട്ടരും നേരെ ആശാനടുത്തേക്ക് വെച്ചുപിടിച്ചു. അങ്ങനെ ഉണ്ടായ കവിതയാണ് ‘ടാഗോർ അഥവാ ദിവ്യകോകിലം’. കവിത കേട്ട മള്ളൂർ അത് ഉത്കൃഷ്ട കവിതയാണെന്ന് സമ്മതിച്ചു. ‘ഞങ്ങൾ തന്നിന്ദ്രിയങ്ങൾക്ക്’ എന്ന പ്രയോഗത്തിൽ അസ്വാരസ്യം ദർശിച്ചെങ്കിലും. എന്നാൽ, ആശാൻ അതിൽ ‘ഒരു പിശകുമില്ല, അഭംഗിയുമില്ല’ എന്ന് ഖണ്ഡിതമായിതന്നെ പറഞ്ഞു.
സമ്മേളനത്തിൽ ആ കവിത ആശാനുവേണ്ടി കേശവൻതന്നെയാണ് ആലപിച്ചത്. ‘ദിവ്യകോകിലം ആ മഹാസദസ്സിനെ അത്ഭുത സ്തബ്ധമാക്കി’യെന്നാണ് കേശവൻ കുറിക്കുന്നത്. ആശാന്റെ കവിതയെ നിരൂപണംചെയ്ത മള്ളൂരിന്റെ കവിതയോ ‘മംഗളം തേ രവീന്ദ്രാ- ടാഗോർ കവീന്ദ്രാ’ എന്നു തുടങ്ങുന്ന അക്കാലത്ത് പ്രചാരത്തിലിരുന്ന ഒരു ഈണത്തെ ആസ്പദിച്ചായിരുന്നു. തന്റെ സ്വതഃസിദ്ധമായ നർമബോധത്തോടെ കേശവൻ എഴുതുന്നു. ‘‘ആ ‘തേ’ ഇന്നും എനിക്ക് സുഖിക്കുന്നില്ല.’’
കവിതയിൽ ഇത്തരത്തിലുള്ള ‘തേ’കളോട് പടവെട്ടിയാണ് വീണപൂവ് മുതൽ ആശാൻ നിലനിന്നത്. അതോടൊപ്പം പൗരജീവിതത്തിലും പിന്നാക്ക ജാതിയുടെ വലയിതങ്ങളിൽ ആശാനെ ചവിട്ടിത്താഴ്ത്തിയത് കുറച്ചൊന്നുമായിരുന്നില്ല. കേരളത്തിലെ ആദ്യ സാമൂഹിക സംഘടനയെന്നു വിളിക്കാവുന്ന എസ്.എൻ.ഡി.പിയുടെ സെക്രട്ടറിയായിരുന്നു ആശാൻ. ജനാധിപത്യവും ജാതിഘടനയും തമ്മിലുള്ള മൂല്യസംഘർഷങ്ങൾക്കിടയിൽ പരിക്കുപറ്റിയ ഒരാൾകൂടിയായിരുന്നു ആശാൻ. ജീവിതസമരത്തിൽ അക്കാര്യംകൂടി കേശവൻ അനുസ്മരിക്കുന്നുണ്ട്. ജനസംഖ്യയിൽ തിരുവിതാംകൂറിൽ പ്രഥമസ്ഥാനം വഹിച്ചിരുന്ന ‘സമുദായം’ ഈഴവരുടേതാണെങ്കിലും ആദ്യത്തെ നാലു നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒറ്റ സീറ്റുപോലും ഈഴവർക്ക് ലഭിച്ചിരുന്നില്ല.
പിന്നീടുണ്ടായ ഒരു തെരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്ന് കുമാരനാശാനും മത്സരിച്ചു. കേശവന്റെ വാക്കുകൾ ഉപയോഗിച്ചാൽ ‘‘ആശാന്റെ യശഃപരിമളം അന്ന് കേരളക്കര ഒട്ടുക്ക് വ്യാപിച്ചിട്ടുണ്ട്. സർവാദരണീയനായിരുന്നു അദ്ദേഹം.’’ പക്ഷേ, തെരഞ്ഞെടുപ്പിൽ അദ്ദേഹം തോറ്റു. ‘‘ഇന്നെനിക്ക് ഓർമപോലും വരാത്ത ഏതോ ഒരു ഗംഭീരനെ കൊല്ലം അന്ന് വരിച്ചു’’ എന്ന് കേശവൻ. ഈ തോൽവിയോട് ചേർത്തുവെക്കാൻ മറ്റൊരു സംഭവം മാത്രമേ ഇന്ത്യയിൽ കാണാൻ കഴിയൂ. അത് ഇന്ത്യ റിപ്പബ്ലിക്കായതിനുശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പിലെ അംബേദ്കറുടെ തോൽവിയാണ്. അന്ന് ജയിച്ച നാരായൺ കെജ്റോൾക്കറെ ആരോർക്കുന്നു?
1924ൽ, നൂറു വർഷങ്ങൾക്കുമുമ്പ് ജലത്തിനടിയിലേക്ക് ആശാൻ ആണ്ടുപോയെങ്കിലും ആ കവിത മലയാളിയുടെ സാംസ്കാരിക ഔന്നത്യമായി. ആ ഔന്നത്യം ചുറ്റുമുണ്ടായിരുന്ന സംസ്കൃതിയുടെ സംഭാവനയല്ലായിരുന്നു. ആശാൻ പൊരുതിയത് ആഴംകൊണ്ടായിരുന്നു. കവിതയുടെ ആഴവും ആധുനിക പൗരത്വത്തിന്റെ ആഴവും. ഏതു വലിയ കവികളെയുംപോലെ കവിതയുടെ സങ്കീർണതകളിൽനിന്ന് മാറിനിൽക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. മലയാളിക്കുവേണ്ടി മലയാളംകൊണ്ട് മഹത്തായ ഒരു ഭൂപടം സംസ്കാരത്തിൽ അദ്ദേഹം വിരചിച്ചു.
ആധുനികതക്കും തുല്യതക്കും പുതിയ ആത്മീയതക്കുംവേണ്ടി ഇന്ത്യയുടെ മനസ്സ് ദാഹിക്കുന്നത് തന്റെ കാലത്തെ ഏറ്റവും വലിയ വ്യക്തിത്വങ്ങളെപ്പോലെ ആശാനും കണ്ടു. അവയുടെ സങ്കീർണതകളോട് അദ്ദേഹം നേർക്കു നേർ നിന്നു. അതിനാൽ വ്യാജ ലാളിത്യത്തിന്റെ മൂശയിലേക്ക് അദ്ദേഹത്തിന് ഒന്നും ഒതുക്കേണ്ടിവന്നില്ല.
ആശാൻ ആശയഗംഭീരൻ. ആധുനിക കവിത്രയത്തിൽ മഹാകാവ്യമെഴുതാത്ത മഹാകവി. കാളിയമ്മ-നാരായണൻ ദമ്പതിമാരുടെ മകനായി ചിറയിൻകീഴ് താലൂക്കിലെ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിൽ 1873 ഏപ്രിൽ 12ന് കുമാരനാശാന്റെ ജനനം. നെടുങ്ങണ്ടയിലെ കുടിപ്പള്ളിക്കൂടത്തിൽ വിദ്യാഭ്യാസാരംഭം. പ്രഥമഗുരു തുണ്ടത്തിൽ പെരുമാളാശാൻ. തുടർപഠനം സംസ്കൃതപണ്ഡിതനായ മണമ്പൂർ ഗോവിന്ദനാശാന്റെ വിജ്ഞാനസന്ദായിനി പാഠശാലയിൽ. 1891ൽ ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. സംസ്കൃതം, ഇംഗ്ലീഷ് എന്നിവ പഠിക്കുന്നതിനൊപ്പം സാമുദായിക സേവനത്തിലേക്കും ആധ്യാത്മികതയിലേക്കും സഞ്ചരിച്ചു. ഡോ. പൽപ്പുവിനൊപ്പം ബംഗളൂരുവിലും കൊൽക്കത്തയിലും താമസിച്ച് പഠിച്ചു. 1898-1900 കാലഘട്ടം ആശാന്റെ കാവ്യജീവിതത്തിൽ വഴിത്തിരിവായി.
1903ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി. 1909 മുതൽ 13 വർഷത്തിലധികം വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു. 1913ൽ ശ്രീമൂലം പ്രജാസഭ അംഗം. 1918ൽ കെ. ഭാനുമതിയമ്മയെ വിവാഹം ചെയ്തു. 1920ൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് നിയമസഭാംഗമായി.
1924 ജനുവരി 17ന് (കൊല്ലവർഷം1099 മകരം 3) പുലർച്ചെയായിരുന്നു ആശാൻ ഉൾപ്പെടെ 24 പേരുടെ മരണത്തിനിടയാക്കിയ റെഡീമർ ബോട്ട് ദുരന്തം. ജന്മനാടായ കായിക്കരയിലെ കടവിൽ അക്കരയിക്കരെ നീന്തി പരിചയമുള്ളയാളായിരുന്നു ആശാൻ. മാത്രമല്ല, അരുവിപ്പുറത്തെ താമസത്തിനിടെ ഏറെനേരം പുഴയിലെ വെള്ളത്തിൽ മുങ്ങിക്കിടന്ന് മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയിരുന്ന അദ്ദേഹം ബോട്ട് മുങ്ങി മരിച്ചെന്ന് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
1924 ജനുവരി 16ന് രാത്രി 10 മണിയോടെ കൊല്ലം ബോട്ട് കടവിൽനിന്ന് ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടോർ സർവിസിന്റെ റെഡീമർ ബോട്ട് യാത്ര ആരംഭിച്ചു. ആലപ്പുഴ വഴി എറണാകുളം വരെയാണ് സർവിസ്. ആലപ്പുഴ വഴിയുള്ള അവസാന ബോട്ട്. 95 പേരെ കയറ്റാവുന്ന ബോട്ടിൽ കൊല്ലത്തുനിന്ന് കുമാരനാശാൻ ഉൾപ്പെടെ നൂറിലധികം പേർ കയറി. ജനുവരി 17ന് പുലർച്ച ബോട്ട് പല്ലനയിലെത്തി. അവിടത്തെ കൊടുംവളവിൽ ബോട്ട് തിരിക്കുന്നതിനിടെ മറിഞ്ഞു.
സ്നേഹിതന്മാർക്കൊപ്പമായിരുന്നു ആശാന്റെ യാത്ര. ആദ്യം പുറപ്പെടുന്ന റെഡീമർ ബോട്ടിൽ അദ്ദേഹവും സുഹൃത്തുക്കളും കയറി. സ്‌നേഹിതന്മാരായ കടപ്പാതയിൽ നാണു, പി.സി. പത്മനാഭൻ എന്നിവർ ബോട്ടിന്റെ മുകൾതട്ടിലായിരുന്നു. ആശാൻ രണ്ടാം ക്ലാസിലും. പുലർച്ചെ പല്ലനയാറ്റിൽ ബോട്ടു മുങ്ങി. നീന്തൽ അറിയാത്ത ആശാന്റെ രണ്ടു സുഹൃത്തുക്കളും രക്ഷപ്പെട്ടു. നന്നായി നീന്താൻ അറിയാവുന്ന ആശാൻ മരണത്തിനു കീഴടങ്ങി. അപകടം നടന്ന് 26 മണിക്കൂറിനുശേഷമാണ് ആശാന്റെ മൃതദേഹം കണ്ടെത്തുന്നത്. ആശാന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. സ്നേഹഗായകന്റെ അന്ത്യവിശ്രമം പല്ലനയിലാകണമെന്ന് അവർ ആവശ്യപ്പെട്ടു. പല്ലന കുമാരകോടി കുമാരനാശാൻ സ്മാരകമായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.