ലക്കിടി: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ കൂട്ട അവധിയിലേക്ക് കടന്നതോടെ കുഞ്ചൻ നമ്പ്യാർ സ്മാരകം അടച്ചു. സാംസ്കാരിക വകുപ്പിനു കീഴിൽ കിള്ളിക്കുറുശ്ശിമംഗലത്തു പ്രവർത്തിക്കുന്ന കുഞ്ചൻ നമ്പ്യാർ സ്‌മാരകമാണ് പൂട്ടിയത്. ഇതോടെ, കലക്കത്ത് ഭവനം കാണാനെത്തുന്ന സന്ദർശകർ പ്രയാസത്തിലായി. കുഞ്ചൻ സ്മാരകത്തിൽ രണ്ട് സ്ഥിരം ജീവനക്കാരും കലാ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കുഞ്ചൻ സ്മാരക കലാപീഠത്തിൽ ഏഴ് താൽക്കാലിക ജീവനക്കാരുമാണുള്ളത്. ഇതിൽ കലാഅധ്യാപകർക്കു ഒരു വർഷത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ല. സ്‌ഥിരം ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് 10 മാസം കഴിഞ്ഞു. ഇതോടൊപ്പം, തുള്ളൽ പഠിക്കുന്ന കുട്ടികൾക്കു നൽകുന്ന സാമ്പത്തിക സഹായവും മുടങ്ങി.
അധ്യാപകരും ജീവനക്കാരും ശമ്പളമില്ലാതെ സേവനം തുടർന്നു വരികയായിരുന്നു. എന്നാൽ യാത്രാ ചെലവിനു പോലും പണമില്ലെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ചൂണ്ടികാണിച്ചാണിപ്പോൾ ഭരണസമിതിക്ക് അവധി അപേക്ഷ നൽകിയത്.
കഴിഞ്ഞ ദിവസം നടന്ന ഭരണസമിതി യോഗത്തിലും ശമ്പളം പ്രതിസന്ധിക്ക് പരിഹാരം കാണാത്ത അവസ്ഥയിലാണ കഴിഞ്ഞ ദിവസം മുതൽ അധ്യാപകരും ജീവ നക്കാരും കൂട്ട അവധിയെടുത്തത്. 200 ഓളം കുട്ടികൾ പഠിക്കുന്ന കലാപീഠവും സ്മാരകവും പൂട്ടി ക്കിടക്കുന്നതിനാൽ സന്ദർശനവും മുടങ്ങിയിരിക്കുകയാണ്. എല്ലാ വർഷവും മെയ് അഞ്ചിന് സ്മാരകത്തിൽ കുഞ്ചൻ ദിനമായി ആചരിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.